Kerala (Page 1,373)

സംസ്ഥാനത്ത് ഇന്ന് 5691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, കൊല്ലം 496, തൃശൂര്‍ 479, കോഴിക്കോട് 448, ആലപ്പുഴ 338, ഇടുക്കി 301, പത്തനംതിട്ട 293, മലപ്പുറം 264, പാലക്കാട് 247, വയനാട് 222, കണ്ണൂര്‍ 206, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,851 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,465 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,42,228 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3237 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 491 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 53,597 കോവിഡ് കേസുകളില്‍, 6.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 81 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 39 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 64,403 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5211 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 417 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,896 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2578, കൊല്ലം 501, പത്തനംതിട്ട 387, ആലപ്പുഴ 545, കോട്ടയം 710, ഇടുക്കി 619, എറണാകുളം 2048, തൃശൂര്‍ 595, പാലക്കാട് 376, മലപ്പുറം 636, കോഴിക്കോട് 996, വയനാട് 204, കണ്ണൂര്‍ 514, കാസര്‍ഗോഡ് 187 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 53,597 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 63,59,953 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് പോലെയുള്ള പകർച്ചവ്യാധികളെ നേരിടാൻ സംസ്ഥാനത്തെ 35 നിയോജക മണ്ഡലങ്ങളിലെ ഐസൊലേഷൻ വാർഡുകളുടെ നിർമാണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 90 ആശുപത്രികളിൽ വാർഡിന് ആവശ്യമായ സൈറ്റുകൾ തയ്യാറാക്കിയിട്ടുണ്ട്. പകർച്ചവ്യാധി പ്രതിരോധത്തിന് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കുന്നതാണ്.

ഇനിയൊരു പകർച്ചവ്യാധിയുണ്ടായാൽ നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതൽ സജ്ജമാക്കുകയാണ് ലക്ഷ്യം. ഓരോ നിയോജക മണ്ഡലത്തിലും പ്രവർത്തിക്കുന്ന ഒരാശുപത്രിയിൽ 10 കിടക്കകളുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ഐസൊലേഷൻ കെട്ടിടമാണ് നിർമ്മിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എംഎൽഎ ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ച് നടത്തുന്ന 250 കോടി രൂപയുടേതാണ് പദ്ധതി. ഈ പദ്ധതിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി കെ.എം.എസ്.സി.എൽനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 2,400 ചതുരശ്ര അടി വിസ്ത്രീർണത്തിലുള്ളതാണ് കെട്ടിടം.

ചുരുങ്ങിയ സമയത്തിനുള്ളിൽ അടിയന്തിരമായി നിർമാണം പൂർത്തിയാക്കുന്ന പ്രീ എഞ്ചിനീയറിംഗ് സാങ്കേതികവിദ്യയാണ് ഇതിന് ഉപയോഗിക്കുന്നത്. ഫാക്ടറിയിൽ വെച്ച് തന്നെ ഡിസൈൻ ചെയ്തതനുസരിച്ചു നിർമിച്ച സ്ട്രക്ചറുകൾ കൊണ്ടുവന്നു സ്ഥാപിക്കുന്ന സാങ്കേതിക വിദ്യയാണിത്. നാലര മാസത്തിനുള്ളിൽ കെട്ടിടം പൂർത്തിയാക്കാൻ സാധിക്കും.

തിരുവനന്തപുരം ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രത്തിന് അനുബന്ധമായി തയ്യാറാക്കുന്ന ഐസൊലേഷൻ വാർഡിന്റെ സ്ഥലം മന്ത്രി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ ഡോ. ജോയ് എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മാര്‍ച്ച് ഒന്നിന് പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അതേസമയം, 20 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും, തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍, ഈ കേസില്‍ മാത്രം എന്താണ് ഇത്ര പ്രത്യേകത? ഒരു സാക്ഷിയുടെ വെളിപ്പെടുത്തലില്‍ എന്താണ് ഇത്രമാത്രം അന്വേഷിക്കാനുള്ളത്? നിലവില്‍ രണ്ട് മാസം പൂര്‍ത്തിയായി. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര സമയം കൂടി വേണമെന്നും കോടതി ചോദിച്ചു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നാല് തവണ സമയം നീട്ടി നല്‍കിയതും കോടതി ചൂണ്ടിക്കാട്ടി. ബാലചന്ദ്രകുമാര്‍ ഈ 4 വര്‍ഷം എവിടെ ആയിരുന്നു എന്നും കോടതി ചോദിച്ചു.

അതേസമയം, സമയപരിധി നിശ്ചയിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ നിന്ന് 81 പോയിന്റുകള്‍ കിട്ടിയെന്നും ഇത് സംബന്ധിച്ച തെളിവും ലഭിച്ചുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഗൂഢാലോചനക്കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കാരണത്തില്‍ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍ പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ അറിയിച്ചു. ക്രൈംബ്രാഞ്ചിന്റെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത് നിയമവിരുദ്ധമായ നടപടിയാണെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, താന്‍ ഈ കേസുമായി ബന്ധപ്പെട്ട പ്രതിയുടെ അഭിഭാഷകനാണ്. കേസില്‍ സ്വാഭാവികമായി ആളുകളുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷെ ഈ കേസിലെ സാക്ഷിയുമായി ഒരുഘട്ടത്തില്‍ പോലും യാതൊരു തരത്തിലുള്ള ബന്ധവും സ്ഥാപിച്ചിട്ടില്ല. ഈ പരാതി പറയുന്ന വ്യക്തിയുടെ പക്കല്‍ ഇക്കാര്യത്തില്‍ കൃത്യമായ തെളിവുകള്‍പോലും ഇല്ല. അതിനാല്‍ തന്നെ ഈ ആരോപണത്തില്‍ തനിക്ക് ഹാജരാകാനോ വിശദീകരണം നല്‍കാനോ കഴയില്ലെന്ന് അഡ്വ. ബി രാമന്‍ പിള്ള ക്രൈം ബ്രാഞ്ചിന് നല്‍കിയ മറുപടിയില്‍ വിശദീകരിച്ചു.

അതേസമയം, തുടരന്വേഷണത്തിനെതിരെ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ മൂന്നാം എതിര്‍ കക്ഷിയാക്കി വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ‘എ’ ഗ്രേഡ് ഇന്റര്‍വ്യൂവിന് അപേക്ഷിച്ചവര്‍ക്ക് (2019 ജൂലൈ വരെ ലഭിച്ച അപേക്ഷകള്‍) ഫെബ്രുവരി 25, 26, 28, മാര്‍ച്ച് 7 തീയതികളില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന് കീഴില്‍ തിരുവനന്തപുരത്തുള്ള മീറ്റര്‍ ടെസ്റ്റിംഗ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ലബോറട്ടറി കാര്യാലയത്തില്‍ വച്ച് ഇന്റര്‍വ്യൂ നടത്തും.

ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 0471-2339233.

തിരുവനന്തപുരം: ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ ടി ജലീല്‍. അഭയ കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനെ രക്ഷിക്കാന്‍ ബന്ധു കൂടിയായ ജസ്റ്റിസ് സിറിയക് ജോസഫ് ശ്രമിച്ചുവെന്നും, അതിന് കൃത്യമായ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും ജലീല്‍ ആരോപിച്ചു. ഫാ. തോമസ് കോട്ടൂരുമായുള്ള ബന്ധം വെളിപ്പെടുത്തണമെന്നും, 13 വര്‍ഷമായി ജസ്റ്റിസ് സിറിയക് ജോസഫ് ഈ വിഷയത്തില്‍ തുടരുന്ന മൗനം ഇനിയെങ്കിലും വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫാദര്‍ തോമസ് കോട്ടൂരിന്റെ സഹോദരന്‍ വിവാഹം കഴിച്ചിരിക്കുന്നത് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ ഭാര്യയുടെ സഹോദരിയെയാണ്. ഈ ബന്ധം മറച്ചുവച്ചുകൊണ്ട് സിറിയക് ജോസഫ്, 2008-ല്‍ ബംഗളുരുവിലെ ഫോറന്‍സിക് ലാബില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി, വിവരങ്ങള്‍ തേടിയെന്നാണ് ആരോപണം. അന്ന് കര്‍ണാടക ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്.
‘കര്‍ണാടക ഹൈക്കോടതിയിലെ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് സിറിയക് ജോസഫല്ലാതെ മറ്റാരുമല്ല ബാഗ്ലൂര്‍ എഫ്എസ്എല്ലില്‍ ഞങ്ങളെ സന്ദര്‍ശിച്ചത്. കുറ്റക്കാരെന്ന് സംശയിക്കപ്പെട്ട മൂന്ന് പേര്‍ ഉള്‍പ്പടെയുള്ളവരില്‍ ഞാന്‍ നടത്തിയ നാര്‍കോ അനാലിസിസിന്റെ വിവരങ്ങള്‍ അദ്ദേഹത്തിന് ഞാനന്ന് വിശദീകരിച്ചു കൊടുത്തിരുന്നു’ എന്നാണ് ഇതുമായി ബന്ധപ്പെട്ട് അന്ന് അവിടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഡോ. എസ് മാലിനി, സിബിഐ അഡീഷണല്‍ എസ്പി നന്ദകുമാര്‍ നായര്‍ക്ക് നല്‍കിയ മൊഴി. ഇത് ജലീല്‍ നേരത്തേ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തു വിട്ടിരുന്നു.

ഇതിന് പിന്നാലെ ആരോപണങ്ങള്‍ കടുപ്പിക്കുകയാണ് ജലീല്‍. ഇത്രയധികം ആരോപണങ്ങള്‍ നേരിട്ട ന്യായാധിപനെയാണോ ലോകായുക്തയായി ഇടതുസര്‍ക്കാര്‍ നിലനിര്‍ത്തിയിരിക്കുന്നത് എന്ന ചോദ്യത്തിന് ഒരാളെ ചൂഴ്ന്ന് നോക്കാനൊന്നും കഴിയില്ലല്ലോ എന്നായിരുന്നു ജലീലിന്റെ മറുപടി. ഒന്നുകില്‍ രാജി വയ്ക്കുക, അല്ലെങ്കില്‍ തനിക്കെതിരെ നിയമനടപടിയെടുക്കുക, ഇതിലേതെങ്കിലുമൊന്ന് ചെയ്യണമെന്നും ജലീല്‍ ജസ്റ്റിസ് സിറിയക് ജോസഫിനെ വെല്ലുവിളിക്കുന്നു.

തിരുവനന്തപുരം: എം. ശിവശങ്കറിന്റെ പുസ്തകമിറങ്ങിയതോടെയാണ് സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ചകള്‍ വീണ്ടും സൈബറിടങ്ങളില്‍ സജീവമായത്. ശിവശങ്കര്‍ പുസ്തകമെഴുതാനായി സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയില്ലന്ന് നജീബ് കാന്തപുരം എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വിശദീകരിച്ചു.

അതേസമയം, സ്വപ്‌ന സുരേഷിന്റെ ഭര്‍ത്താവിന് കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായി ജോലി നല്‍കിയിട്ടില്ലെന്നും കോണ്‍ഗ്രസ് എംഎല്‍എ എം. വിന്‍സെന്റ് ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമാക്കി. വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ശിവശങ്കറിന് പണം ലഭിച്ചിട്ടുണ്ടെന്ന സ്വപ്‌നയുടെ ആരോപണത്തിനും മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയിട്ടുണ്ട്. ലൈഫ് ഭവന നിര്‍മ്മാണം പൂര്‍ണമായും റെഡ്ക്രസന്റിന്റെ ചുമതലയിലാണെന്നും, ക്രമക്കേടുകളെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, സ്‌പേസ്പാര്‍ക്കില്‍ നിയമിതയായ സ്വപ്‌ന സുരേഷിന് നല്‍കിയ ശമ്പളം തിരികെ നല്‍കാന്‍ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന് കത്തെഴുതി. തുക ഈടാക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


സഹകരണ മേഖലയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യോജിച്ച് ഗ്രാമീണ അന്തരീക്ഷത്തിന്റെ പുരോഗതിക്കുള്ള പ്രവർത്തനങ്ങൾ നടത്താൻ പോകുകയാണെന്ന് സഹകരണം, രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. നിക്ഷേപ സമാഹരണ യജ്ഞവും സഹകരണ സമാശ്വാസ ധനസഹായത്തിന്റെ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗ്രാമീണ മേഖലയിലെ നാനാതുറകളിലുള്ള പദ്ധതികൾ ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്. ബജറ്റ് വിഹിതം ലഭിച്ചില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകി പദ്ധതികൾ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. കാർഷിക മേഖലയിൽ ഉൽപ്പന്നങ്ങൾ ഏറ്റെടുത്ത് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റി വിപണി കണ്ടെത്തുകയും പ്രാദേശികമായ ഉന്നമനം ഉറപ്പാക്കുകയും ചെയ്യും. ഏതു പ്രതിസന്ധി ഘട്ടത്തിലും ആദ്യം സഹായവുമായി എത്തുന്നത് സഹകരണ മേഖലയാണ്. അതുകൊണ്ടു തന്നെ ആർക്കും തകർക്കാൻ കഴിയാത്ത ജനകീയ അടിത്തറ സഹകരണ മേഖലയ്ക്കുണ്ട്.


മഹാമാരിയും പ്രളയവും കോവിഡ് പ്രതിസന്ധിയുമൊക്കെ വന്നപ്പോൾ ആദ്യം സഹായഹസ്തവുമായി എത്തിയ സഹകരണ മേഖലയായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 236 കോടി രൂപ സംഭാവന നൽകിയത്. മറ്റൊരു മേഖലയ്ക്കും കഴിയാത്ത പ്രവർത്തനമായിരുന്നു ഇത്. കോവിഡ് കാലത്ത് വായ്പക്കാർക്കും പല വിധത്തിൽ ആശ്വാസം പകരാൻ സഹകരണ സംഘങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. സഹകരണ സംഘങ്ങൾ സഹായ കേന്ദ്രങ്ങളായി പ്രവർത്തിക്കുകയായിരുന്നു.നിക്ഷേപ സമാഹരണ യജ്ഞത്തിൽ ആറായിരം കോടി രൂപയാണ് ലക്ഷ്യം വയ്ക്കുന്നത്. മുൻ കാലങ്ങളിൽ പലപ്പോഴും ലക്ഷ്യത്തേക്കാൾ കൂടുതൽ നിക്ഷേപ സമാഹരണം നടത്തിയിട്ടുണ്ടെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്തെ ലോകായുക്ത നിയമത്തെ കഴുത്തുഞെരിച്ച് കൊന്നത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍. പിണറായി വിജയനെ ഭരിക്കുന്നത് ഭയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകായുക്ത വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു സതീശന്‍.

ലോകായുക്ത നിയമം നിയമവിരുദ്ധമാണെന്ന് പറഞ്ഞത് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഒരു മന്ത്രിയാണ്. എന്നാല്‍, നിയമസഭ പാസാക്കിയ ഒരു നിയമത്തെ ഭരണഘടനാ വിരുദ്ധം എന്ന് പറയാനുള്ള അധികാരം ബന്ധപ്പെട്ട കോടതികള്‍ക്ക് മാത്രമാണ്. ഇതുവഴി നിയമങ്ങള്‍ അനുസരിക്കേണ്ട എന്ന സന്ദേശമാണ് നല്‍കുന്നത്. വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. 22 വര്‍ഷത്തിന് ശേഷം ഈ ഭേദഗതി എന്തിന് കൊണ്ടു വന്നുവെന്നതിന് സര്‍ക്കാരിന് മറുപടിയില്ല. ഭരണാധികാരികളെ നയിക്കുന്ന ഒരു അരക്ഷിതത്വ ബോധമുണ്ട്. ആ ഭയമാണ് മുഖ്യമന്ത്രിയെ ഭരിക്കുന്നത്. ജലീല്‍ വഴി ലോകായുക്തയെ അപമാനിക്കാന്‍ ശ്രമിച്ചു. സംസ്ഥാനത്തെ അഴിമതി വിരുദ്ധ സംവിധാനമാണ് ഗവര്‍ണറും മുഖ്യമന്ത്രിയും ഒരുമിച്ചപ്പോള്‍ തകര്‍ന്നത്- ഇത്തരം കാര്യങ്ങളാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിലൂടെ ഉന്നയിച്ചത്.

തലശ്ശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകം അപലപനീയമാണെന്നും, ആര്‍എസ്എസ്-സിപിഎം പോര്‍വിളി കണ്ണൂരിനെ നേരത്തെയും ചോരക്കളമാക്കിയതാണന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആഭ്യന്തര വകുപ്പില്‍ മുഖ്യമന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ലെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

റവന്യൂ വകുപ്പിൽനിന്നു വിതരണം ചെയ്യുന്ന ബേസിക് ടാക്സ് രജിസ്റ്റർ, സ്ഥലത്തിന്റെ സ്‌കെച്ചിന്റെ പകർപ്പ്, സാറ്റലൈറ്റ് മാപ്പിങ്, രജിസ്ട്രേഷൻ വകുപ്പിൽനിന്നുള്ള എൻകംബ്രൻസ് സർട്ടിഫിക്കറ്റ്, തദ്ദേശ സ്വയംഭരണ, പൊതുമരാമത്ത് വകുപ്പുകളിൽനിന്നുള്ള വിവിധ രേഖകൾ, പി.എസ്.സി. ഒ.എം.ആർ. ഷീറ്റിന്റെ പകർപ്പ്, സർവകലാശാല ഉത്തരക്കടലാസിന്റെ പകർപ്പുകൾ തുടങ്ങി സർക്കാരിൽനിന്നു വിതരണം ചെയ്യുന്ന വിവിധ ഇനം രേഖകൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാലും സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് ഈടാക്കി മാത്രമേ വിതരണം ചെയ്യാൻ പാടുള്ളൂവെന്ന് പൊതുഭരണ വകുപ്പ് നിർദേശിച്ചു. ഇതു സംബന്ധിച്ച ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണു തീരുമാനം.