‘ഫാ. തോമസ് കോട്ടൂരിനെ രക്ഷിക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ശ്രമിച്ചു’; ആരോപണങ്ങളുമായി കെ.ടി ജലീല്‍

തിരുവനന്തപുരം: ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ ടി ജലീല്‍. അഭയ കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനെ രക്ഷിക്കാന്‍ ബന്ധു കൂടിയായ ജസ്റ്റിസ് സിറിയക് ജോസഫ് ശ്രമിച്ചുവെന്നും, അതിന് കൃത്യമായ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും ജലീല്‍ ആരോപിച്ചു. ഫാ. തോമസ് കോട്ടൂരുമായുള്ള ബന്ധം വെളിപ്പെടുത്തണമെന്നും, 13 വര്‍ഷമായി ജസ്റ്റിസ് സിറിയക് ജോസഫ് ഈ വിഷയത്തില്‍ തുടരുന്ന മൗനം ഇനിയെങ്കിലും വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫാദര്‍ തോമസ് കോട്ടൂരിന്റെ സഹോദരന്‍ വിവാഹം കഴിച്ചിരിക്കുന്നത് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ ഭാര്യയുടെ സഹോദരിയെയാണ്. ഈ ബന്ധം മറച്ചുവച്ചുകൊണ്ട് സിറിയക് ജോസഫ്, 2008-ല്‍ ബംഗളുരുവിലെ ഫോറന്‍സിക് ലാബില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി, വിവരങ്ങള്‍ തേടിയെന്നാണ് ആരോപണം. അന്ന് കര്‍ണാടക ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്.
‘കര്‍ണാടക ഹൈക്കോടതിയിലെ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് സിറിയക് ജോസഫല്ലാതെ മറ്റാരുമല്ല ബാഗ്ലൂര്‍ എഫ്എസ്എല്ലില്‍ ഞങ്ങളെ സന്ദര്‍ശിച്ചത്. കുറ്റക്കാരെന്ന് സംശയിക്കപ്പെട്ട മൂന്ന് പേര്‍ ഉള്‍പ്പടെയുള്ളവരില്‍ ഞാന്‍ നടത്തിയ നാര്‍കോ അനാലിസിസിന്റെ വിവരങ്ങള്‍ അദ്ദേഹത്തിന് ഞാനന്ന് വിശദീകരിച്ചു കൊടുത്തിരുന്നു’ എന്നാണ് ഇതുമായി ബന്ധപ്പെട്ട് അന്ന് അവിടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഡോ. എസ് മാലിനി, സിബിഐ അഡീഷണല്‍ എസ്പി നന്ദകുമാര്‍ നായര്‍ക്ക് നല്‍കിയ മൊഴി. ഇത് ജലീല്‍ നേരത്തേ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തു വിട്ടിരുന്നു.

ഇതിന് പിന്നാലെ ആരോപണങ്ങള്‍ കടുപ്പിക്കുകയാണ് ജലീല്‍. ഇത്രയധികം ആരോപണങ്ങള്‍ നേരിട്ട ന്യായാധിപനെയാണോ ലോകായുക്തയായി ഇടതുസര്‍ക്കാര്‍ നിലനിര്‍ത്തിയിരിക്കുന്നത് എന്ന ചോദ്യത്തിന് ഒരാളെ ചൂഴ്ന്ന് നോക്കാനൊന്നും കഴിയില്ലല്ലോ എന്നായിരുന്നു ജലീലിന്റെ മറുപടി. ഒന്നുകില്‍ രാജി വയ്ക്കുക, അല്ലെങ്കില്‍ തനിക്കെതിരെ നിയമനടപടിയെടുക്കുക, ഇതിലേതെങ്കിലുമൊന്ന് ചെയ്യണമെന്നും ജലീല്‍ ജസ്റ്റിസ് സിറിയക് ജോസഫിനെ വെല്ലുവിളിക്കുന്നു.