ലോകായുക്ത നിയമത്തെ കഴുത്തു ഞെരിച്ച് കൊന്നത് മുഖ്യമന്ത്രിക്ക് വേണ്ടിയെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ലോകായുക്ത നിയമത്തെ കഴുത്തുഞെരിച്ച് കൊന്നത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍. പിണറായി വിജയനെ ഭരിക്കുന്നത് ഭയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകായുക്ത വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു സതീശന്‍.

ലോകായുക്ത നിയമം നിയമവിരുദ്ധമാണെന്ന് പറഞ്ഞത് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഒരു മന്ത്രിയാണ്. എന്നാല്‍, നിയമസഭ പാസാക്കിയ ഒരു നിയമത്തെ ഭരണഘടനാ വിരുദ്ധം എന്ന് പറയാനുള്ള അധികാരം ബന്ധപ്പെട്ട കോടതികള്‍ക്ക് മാത്രമാണ്. ഇതുവഴി നിയമങ്ങള്‍ അനുസരിക്കേണ്ട എന്ന സന്ദേശമാണ് നല്‍കുന്നത്. വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. 22 വര്‍ഷത്തിന് ശേഷം ഈ ഭേദഗതി എന്തിന് കൊണ്ടു വന്നുവെന്നതിന് സര്‍ക്കാരിന് മറുപടിയില്ല. ഭരണാധികാരികളെ നയിക്കുന്ന ഒരു അരക്ഷിതത്വ ബോധമുണ്ട്. ആ ഭയമാണ് മുഖ്യമന്ത്രിയെ ഭരിക്കുന്നത്. ജലീല്‍ വഴി ലോകായുക്തയെ അപമാനിക്കാന്‍ ശ്രമിച്ചു. സംസ്ഥാനത്തെ അഴിമതി വിരുദ്ധ സംവിധാനമാണ് ഗവര്‍ണറും മുഖ്യമന്ത്രിയും ഒരുമിച്ചപ്പോള്‍ തകര്‍ന്നത്- ഇത്തരം കാര്യങ്ങളാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിലൂടെ ഉന്നയിച്ചത്.

തലശ്ശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകം അപലപനീയമാണെന്നും, ആര്‍എസ്എസ്-സിപിഎം പോര്‍വിളി കണ്ണൂരിനെ നേരത്തെയും ചോരക്കളമാക്കിയതാണന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആഭ്യന്തര വകുപ്പില്‍ മുഖ്യമന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ലെന്നും വി.ഡി സതീശന്‍ ആരോപിച്ചു.