Kerala (Page 1,173)

പാലക്കാട്: സംസ്ഥാനത്തെ പുതിയ വൈദ്യുതി നിരക്ക് നാളെ ഉച്ചയ്ക്ക് റെഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. ‘വര്‍ധനയുടെ തോത് അറിയില്ല. വരവും ചെലവും കണക്കാക്കിയുള്ള വര്‍ധനയാണ് ആവശ്യപ്പെട്ടത്. നിരക്ക് തീരുമാനിക്കാനുള്ള അധികാരം വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ്. വലിയ വര്‍ധനയുണ്ടാകില്ല. പരമാവധി കുറഞ്ഞ തോതിലുള്ള നിരക്ക് വര്‍ധനയാണ് ആഗ്രഹിക്കുന്നത്’- മന്ത്രി വ്യക്തമാക്കി. 2019 ജൂലായ് 19ന് അംഗീകരിച്ച വൈദ്യുതി നിരക്കാണ് കേരളത്തില്‍ നിലവിലുള്ളത്.

അതേസമയം, ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18 ശതമാനം വര്‍ധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാനാണ് റഗുലേറ്ററി കമ്മീഷന് വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ചിട്ടുള്ളത്. യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ദ്ധന വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. 2022-23 സാമ്ബത്തിക വര്‍ഷത്തിലെ നിരക്ക് വര്‍ദ്ധനക്കുള്ള താരിഫ് പ്ലാനാണ് കെഎസ്ഇബി റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്നത്. ഈ സാമ്ബത്തിക വര്‍ഷം 2,852 കോടിയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. യൂണിറ്റിന് 92 പൈസ നിരക്ക് വര്‍ദ്ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ശരാശരി 18.14 ശതമാനം നിരക്ക് കൂട്ടണം. ചെറുകിട വ്യവസായിക ഉപഭോക്താക്കള്‍ക്ക് 11.88 ശതമാനവും വന്‍കിട വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 11.47 ശതമാനം വര്‍ദ്ധനയും വേണമെന്നാണ് കെഎസ്ഇബിയുടെ ശുപാര്‍ശ. ചെറുകിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് നിലവില്‍ യൂണിറ്റിന് 2.75 രൂപയെന്നത് 3.64 രൂപയാക്കണം. വന്‍കിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 5.67 രൂപയെന്നത് 6.86 രൂപയാക്കി ഉയര്‍ത്തണം. കൊച്ചി മെട്രോയ്ക്കുള്ള നിരക്ക് യൂണിറ്റിന് 6.46 രൂപയെന്നത് 7.18 ആക്കി ഉയര്‍ത്തണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം: സരിത എസ് നായർക്കെതിരെ ആരോപണവുമായി അന്തരിച്ച സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ അച്ഛൻ ഉണ്ണി. ബാലഭാസ്‌കറിന്റെ അപകടമരണത്തിൽ ദുരൂഹതയില്ലെന്ന സിബിഐ അന്വേഷണ റിപ്പോർട്ടിനെതിരെ അച്ഛൻ സമർപ്പിച്ച ഹർജിയിൽ വിധി വരാനിരിക്കെ പുതിയ വിവാദം ആരംഭിച്ചത്. ഹർജി തള്ളുമെന്ന് സരിത എസ് നായർ തന്നെ വിളിച്ചുപറഞ്ഞുവെന്നാണ് ഉണ്ണിയുടെ ആരോപണം.

മേൽക്കോടതിയിൽ പോകാൻ സഹായം നൽകാമെന്നും വാഗ്ദാനം ചെയ്തു. കേസിൽ അട്ടിമറി സംശയിക്കുന്നു. സരിതയുമായി തനിക്ക് ഒരു പരിചയവുമില്ല. ഈ സാഹചര്യത്തിൽ അവരെന്തിനാണ് തന്നെ വിളിച്ചതെന്ന് വ്യക്തമല്ല. സുപ്രീം കോടതി അഭിഭാഷകന്റെ അപേക്ഷ ഹൈക്കോടതി ചീഫ് ജസ്റ്റിന് നൽകാമെന്ന് പറഞ്ഞു. കേസിൽ സഹായിക്കാമെന്ന് പറഞ്ഞു. സരിതയുടെ അഭിഭാഷകനും എന്റെ അഭിഭാഷകനും ഒന്നല്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

ബാലഭാസ്‌കറിന്റെ അച്ഛനെ വിളിച്ചിരുന്നതായി സരിത വ്യക്തമാക്കി. സൗഹാർദ പരമായി കേസിന്റെ കാര്യങ്ങൾ സംസാരിക്കാനാണ് വിളിച്ചത്. ഇത്തരം കേസുകളുടെ ഭാവി സംബന്ധിച്ച് തനിക്കുള്ള അറിവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വിളിച്ചതെന്നും സരിത പറഞ്ഞു.

2018 സെപ്റ്റംബർ 25ന് തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് കഴക്കൂട്ടത്തിനു സമീപം പള്ളിപ്പുറത്ത് വച്ച് വാഹനാപകടത്തിലാണ് ബാലഭാസ്‌കറും മകൾ തേജസ്വിനിയും മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ബാലുവിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജുനും പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ഹൈക്കോടതി ഉത്തരവില്‍ സ്വീകരിക്കേണ്ട നടപടികളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ എം.ഡിക്ക് നിര്‍ദ്ദേശം നല്‍കി ഗതാഗതമന്ത്രി ആന്റണി രാജു. യൂണിയനുകളുടെ അസൗകര്യത്തെ തുടര്‍ന്ന് മന്ത്രിതല ചര്‍ച്ച തിങ്കളാഴ്ചത്തേക്ക് മാറ്റി.

അതേസമയം, ഡ്രൈവര്‍. കണ്ടക്ടര്‍. മെക്കാനിക്ക് തത്സ്തികയ്ക്ക് പുറമേയുള്ളവര്‍ക്ക് മെയ് മാസത്തിലെ ശമ്പളം ഇതേവരെ നല്‍കിയിട്ടില്ല. മെയ് മാസത്തിലെ ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ 35 കോടി രൂപ കൂടി വേണമെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്.

എന്നാല്‍, ശമ്പളം കൃത്യമായി ലഭിക്കാത്ത പക്ഷം കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് സിഐടിയു നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അങ്ങനെ വന്നാല്‍ സര്‍വീസുകളെ ഇത് സാരമായി ബാധിക്കും.

തിരുവനന്തപുരം: കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയെ താത്ക്കാലികമായി നിയമിക്കുന്നു. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ആണ് യോഗ്യത. വനയാത്രയിലും പാരിസ്ഥിതിക പഠനത്തിലും ഉള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.2022 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 30 ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

തിരുവനന്തപുരം: കേരളത്തിൽ എം.എൽ.എമാർ ആരും വിൽപനച്ചരക്കുകളായിട്ടില്ലെന്നത് നമുക്ക് അഭിമാനിക്കാവുന്ന ഒരു ജനാധിപത്യ പാരമ്പര്യമാണെന്ന് സ്പീക്കർ എംബി രാജേഷ്. ഫോർമർ എംഎൽഎ ഫോറം നിയമസഭയിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യമായി പാർലമെന്റിൽ എത്തിയപ്പോഴുള്ള അനുഭവവും അദ്ദേഹം പങ്കുവെച്ചു. ആദ്യമായി പാർലമെന്റിലെത്തിയപ്പോൾ ശതകോടീശ്വരന്മാരെ കണ്ട് അന്ധാളിച്ചുപോയെന്ന് സ്പീക്കർ പറഞ്ഞു. താൻ ആദ്യമായി പാർലമെന്റിലേക്ക് ജയിച്ചുപോയപ്പോൾ ആദ്യത്തെ പ്രസംഗം കഴിഞ്ഞ ശേഷം ഒരു എം.പി വന്ന് തന്നെ അഭിനന്ദിച്ചു. പരിചയപ്പെടലും കുശലാന്വേഷണവുമെല്ലാം കഴിഞ്ഞ് തെരഞ്ഞെടുപ്പിന് എന്തു ചെലവായെന്നു ചോദിച്ചു അദ്ദേഹം. അങ്ങനെ ചെലവൊന്നും വന്നിട്ടില്ലെന്ന് ഞാൻ പ്രതികരിച്ചപ്പോൾ തനിക്ക് 30 കോടിയാണ് ചെലവായതെന്നാണ് അദ്ദേഹം പറഞ്ഞു. ഇത്രയും പൈസ എങ്ങനെയാണ് പോക്കറ്റിൽ നിന്ന് ചെലവാക്കുന്നതെന്ന് താൻ ചോദിച്ചു. 60,000 കോടി രൂപ മാത്രം വാർഷിക വിറ്റുവരവുള്ള എം.പിയാണ് താനെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

തങ്ങൾ സാധാരണ പറയും, തങ്ങളെല്ലാവരും ഐ.പി.എൽ എം.പിമാരും മറ്റെല്ലാവരും ബി.പി.എൽ എം.പിമാരുമാണെന്ന്. അവർ പ്രീമിയർ ലീഗിൽപെട്ടവരും തങ്ങൾ ദാരിദ്യരേഖയ്ക്കു താഴെയുള്ളവരുമെന്നും സ്പീക്കർ വ്യക്തമാക്കി.

മലപ്പുറം: വാഹനാപകടത്തെ തുടര്‍ന്ന് ബിജെപി നേതാവ് അഡ്വ ശങ്കു ടി.ദാസിന് ഗുരുതര പരിക്ക്. ഇന്നലെ രാത്രി ഓഫീസില്‍ നിന്ന് മടങ്ങുമ്പോള്‍ ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരില്‍ വെച്ച് ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ആദ്യം കോട്ടക്കല്‍ ഉള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരളിനാണ് പരിക്കേറ്റതെന്നും ശസ്ത്രക്രിയക്ക് വിധേയനാക്കിക്കൊണ്ടിരിക്കുകയാണ് എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ശങ്കു ടി. ദാസിനെ ഇടിച്ചത് അജ്ഞാത വാഹനമല്ല. ഇടിച്ച ബൈക്കില്‍ ഉള്ള യുവാക്കള്‍ക്കും പരുക്കേറ്റു. നിസാര പരിക്കേറ്റ യുവാക്കള്‍ പൊന്നാനിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാര്‍ കൗണ്‍സില്‍ അംഗമായ ശങ്കു ടി ദാസ്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃത്താലയിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു.

അതേസമയം, അപകടത്തില്‍ ദുരൂഹതയില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘ശങ്കുവിന് അപകടം പറ്റി എന്നത് യാഥാര്‍ഥ്യമാണ്. നിലവില്‍ ഒരു ദുരൂഹതയും അതില്‍ ആരോപിക്കാനില്ല. വാഹനം നിയന്ത്രണം വിട്ട് മുന്നിലുള്ള ബൈക്കില്‍ ഇടിക്കുന്നതായാണ് മനസിലാകുന്നത്. അതിനപ്പുറം ഒന്നും കാണാനില്ല. മറിച്ചൊരു നിഗമനത്തില്‍ എത്തണമെങ്കില്‍ ശങ്കുവിന് ബോധം തെളിയണം. അതുവരെ ക്ഷമിക്കുക’- അദ്ദേഹം കുറിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി, നികുതി ഇതര വരുമാനം പൂർണമായി പിരിച്ചെടുക്കാൻ നിർദ്ദേശം. വസ്തു നികുതി പരിഷ്‌കരണം ഓരോ വർഷവും നടത്താനും നിർദ്ദേശമുണ്ട്. കെട്ടിട നികുതി വർധിപ്പിക്കാനും തീരുമാനമായി. 50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും വസ്തു നികുതിയുടെ പരിധിയിലേക്ക് വരും. നേരത്തെ ഇത് 60 ചതുരശ്ര മീറ്ററായിരുന്നു. വലിയ വീടുകൾക്ക് (3000 ചതുരശ്ര അടിക്ക് മുകളിൽ കൂടുതലുള്ള വീടുകൾക്ക്) അടിസ്ഥാന നികുതിയുടെ 15 ശതമാനം അധികം നൽകേണ്ടി വരും. വിനോദ നികുതിയുടെ വ്യാപ്തി വർധിപ്പിക്കാനും, പത്ത് ശതമാനം നികുതി ബാധകമാക്കാനും സർക്കാർ തീരുമാനിച്ചു. മന്ത്രിസഭ യോഗത്തിലാണ് സർക്കാർ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ആറാം ധനകാര്യ കമ്മീഷനിലെ രണ്ടാം റിപ്പോർട്ട് അംഗീകരിച്ചാണ് മന്ത്രിസഭാ നടപടികൾ. 50 ചതുരശ്രമീറ്റർ അഥവാ 538 ചതുരശ്ര അടിക്ക് മുകളിലുള്ള ചെറിയ വീടുകളും നികുതി പരിധിയിലേക്ക് വരും. നേരത്തെ ഇത് 60 ചതുരശ്ര മീറ്ററായിരുന്നു. 538-645 ചതുരശ്ര അടിയ്ക്ക് ഇടയിലുള്ള വീടുകൾക്ക് സാധാരണ നിരക്കിന്റെ പകുതി നിരക്കിൽ വസ്തു നികുതി ഈടാക്കും. ഓരോ വർഷവും വസ്തു നികുതി പരിഷ്‌കരിക്കുന്നതോടെ വർധിച്ച നികുതിയായിരിക്കും ഓരോ വർഷവും അടയ്‌ക്കേണ്ടി വരുന്നത്. നിലവിലെ വസ്തു നികുതിയിൽ പരിഷ്‌കരണം അടിയന്തിരമായി പൂർത്തിയാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

ധനകാര്യ കമ്മീഷൻ ശിപാർശ അംഗീകരിച്ചു

ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ രണ്ടാം റിപ്പോർട്ടിലുള്ള ശിപാർശകൾ ഭേദഗതിയോടെ അംഗീകരിച്ചു. പ്രാദേശിക സർക്കാരുകളുടെ വിഭവസമാഹരണം, വായ്പ എടുക്കൽ, സ്വമേധയാ നൽകുന്ന സംഭാവനകൾ ശേഖരിക്കൽ, പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികൾ, വികസന ഫണ്ടിന്റെയും പൊതു അവശ്യ ഫണ്ടിന്റെയും വിന്യാസവും ബന്ധപ്പെട്ട കാര്യങ്ങളും മുതലയാവയാണ് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്.

ശമ്പളപരിഷ്‌കരണം

കേരള കെട്ടിട നിർമ്മാണത്തൊഴിലാളി ക്ഷേമ ബോർഡിന്റെ ചീഫ് ഓഫീസിലും 14 ജില്ലാ ഓഫീസുകളിലും സേവനമനുഷ്ഠിക്കുന്ന സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിതരായ 4 എൽ.ഡി. ക്ലർക്ക്, 4 പ്യൂൺ/ആഫീസ് അറ്റൻഡന്റ്, 2 പ്യൂൺ-കം പ്രോസസ്സ് സെർവർ എന്നിവർക്കും ബോർഡിലെ സർക്കാർ അംഗീകൃത തസ്തികയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിതരായ 8 പാർട്ട് ടൈം സ്വീപ്പർമാർക്കും 10.02.2021 ലെ ഉത്തരവ് പ്രകാരമുള്ള ശമ്പളപരിഷ്‌ക്കരണ ആനുകൂല്യങ്ങൾ നൽകാൻ തീരുമാനിച്ചു.

കമ്മീഷൻ പുനഃസംഘടിപ്പിച്ചു

2022 മാർച്ച് 13 ന് കാലാവധി അവസാനിച്ച മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംസ്ഥാന കമ്മീഷൻ പുനഃസംഘടിപ്പിച്ചു. ജസ്റ്റിസ് (റിട്ട.) സി. എൻ. രാമചന്ദ്രൻ നായർ ചെയർമാനും അഡ്വ. മാണി വിതയത്തിൽ (എറണാകുളം), ജി. രതികുമാർ (കൊട്ടാരക്കര) എന്നിവർ അംഗങ്ങളുമാണ്.

അധിക ധനസഹായം

കൊല്ലം അഴീക്കലിന് സമീപം 02.09.2021 ന് മത്സ്യബന്ധന വള്ളം മറിഞ്ഞ് മരണപ്പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അധിക ധനസഹായം നൽകാൻ തീരുമാനിച്ചു. 3,90,000 രൂപ വീതമാണ് ഓരോ കുടുംബത്തിനും നൽകുക. തങ്കപ്പൻ, സുദേവൻ, സുനിൽ ദത്ത് എന്നിവരുടെ കുടുംബങ്ങൾക്ക് 1,10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 15,000 രൂപ ഫിഷറീസ് വകുപ്പിൽ നിന്നും നേരത്തെ അനുവദിച്ചിരുന്നു.

ഭൂമി കൈമാറ്റം

കിൻഫ്രയ്ക്ക് വേണ്ടി അക്വയർ ചെയ്ത ഭൂമിയിൽ ഉൾപ്പെട്ട എറണാകുളം കാക്കനാട് വില്ലേജിൽ ബ്ലോക്ക് 9 റീസർവ്വെ 570/2 ൽ പ്പെട്ട 02.1550 ഹെക്ടർ പുറമ്പോക്ക് ഭൂമി ഏക്കറിന് 1.169 കോടി രൂപ നിരക്കിൽ വ്യവസായ പാർക്ക് വികസനത്തിന് കിൻഫ്രയ്ക്ക് കൈമാറാൻ ജില്ലാ കളക്ടർക്ക് അനുമതി നൽകി.

പൊതുമരാമത്ത് വകുപ്പിന്റെ കൈവശം കാക്കനാട്ടുള്ള 14 ഏക്കർ ഭൂമി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് വ്യവസ്ഥകൾക്ക് വിധേയമായി പതിച്ചു നൽകാൻ തീരുമാനിച്ചു. 17.4 ഏക്കർ ഭൂമി നേരത്തെ കൈമാറിയിരുന്നു.

പാട്ടത്തിന് നൽകും

മലപ്പുറം ജില്ലയൽ നടുവട്ടം വില്ലേജിലെ എട്ട് ഏക്കർ ഭൂമി ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മിക്കുന്നതിന് കെ.എസ്.ഐ..ഡി.സിക്ക് 30 വർഷത്തേക്ക് വ്യവസ്ഥകളോടെ പാട്ടത്തിന് നൽകാൻ തീരുമാനിച്ചു.

കെ.പി.പി.എൽ പ്രവർത്തനം സുഗമമാക്കാൻ നടപടി

മൂന്ന് വർഷത്തിലധികമായി അടഞ്ഞു കിടന്നിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് കമ്പനി സർക്കാർ ഏറ്റെടുത്തതിനെത്തുടർന്ന് പുതുതായി ആരംഭിച്ച കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും പരീക്ഷണാടിസ്ഥാനത്തിലുള്ള ഉല്പാദന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും നടപടിയെടുക്കും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ വനം വകുപ്പിന്റെ അധീനതിയിലുള്ള തോട്ടങ്ങളിൽ കെ.പി.പി.എൽ പേപ്പർ പൾപ്പ് നിർമ്മാണത്തിനാവശ്യമായി കണ്ടെത്തിയ 24000 എം.റ്റി വനാധിഷ്ഠിത അസംസ്‌കൃത വസ്തുക്കൾ കെ.പി.പി.എൽ ന് അനുവദിക്കും. ഇതിനുള്ള നിരക്ക് സംബന്ധിച്ച നിർദ്ദേശം നൽകാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി.

മുദ്ര വില ഒഴിവാക്കി

കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസ് സർവ്വകലാശാലയുടെ ഭാഗമായി തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ബയോ സയൻസ് റിസർച്ച് & ട്രെയിനിംഗ് സെന്ററിന് പാട്ടത്തിനെടുക്കുന്ന കെ.എസ്.ഐ.ഡി.സിയുടെ കീഴിലുള്ള വെയിലൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 3 ൽ റീസർവ്വെ 187/1 ൽപ്പെട്ട 80.93 ആർ വസ്തുവിന്റെ ലീസ് ആധാരം രജിസ്റ്റർ ചെയ്യുന്നതിന് മുദ്രവില, രജിസ്ട്രേഷൻ ഫീസ് ഇനങ്ങളിൽ ആവശ്യമായി വരുന്ന 50,00,470 രൂപ ഒഴിവാക്കി നൽകും.

ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ പേരിൽ ദുരന്ത ലഘൂകരണ പദ്ധതിപ്രകാരം ദുരന്ത പ്രതികരണ നിധി ഉപയോഗിച്ച് വാങ്ങുന്ന ഭൂമിയുടെ രജിസ്ട്രേഷന് ആവശ്യമായ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഇളവ് ചെയ്യാൻ തീരുമാനിച്ചു.

പുനരധിവസിപ്പിക്കും

കോന്തുരുത്തി പുഴ കൈയ്യേറി താമസിച്ചുവരുന്നവരെ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പുനരധിവസിപ്പിക്കും. സർവ്വേയിൽ അർഹരായി കണ്ടെത്തിയ 122 പേരിൽ ലൈഫ് ഭൂരഹിത, ഭവനരഹിത ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട 56 കുടുംബങ്ങൾ ഒഴികെയുള്ളവരെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തും. പള്ളുരുത്തി വില്ലേജിൽ ജി.സി.ഡി.എ കൊച്ചി നഗരസഭയ്ക്കു കൈമാറിയ 1 ഏക്കർ 38 സെന്റ് 200 സ്‌ക്വയർ ലിങ്ക്സ് സ്ഥലത്ത് ലൈഫ് ഭവനസമുച്ചയം കൊച്ചി നഗരസഭ മുഖേന നിർമ്മിക്കാൻ തത്വത്തിൽ അനുമതി നൽകി. പുഴ കയ്യേറി താമസിച്ചുവരുന്നവരെ പുനരധിവസിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് സജ്ജീകരിക്കും

കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് സർക്കാർ സ്പോൺസർ ചെയ്യുന്ന വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് സജ്ജീകരിക്കും. 2021-22 വാർഷിക ബജറ്റിന്റെ അടിസ്ഥാനത്തിലാണിത്. ചെറുകിട സംരംഭങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും വളർച്ചയ്ക്കാണ് വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് ആരംഭിക്കുന്നത്. പ്രാരംഭ ചെലവിനായി 1 കോടി രൂപ വകയിരുത്തിയിരുന്നു. 250 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാനുള്ള നിർദ്ദേശമാണ് മുന്നോട്ടുവെക്കുന്നത്.

കേരള സർക്കാരിനുവേണ്ടി കെ.എഫ്.സി, കെ.എസ്.എഫ്.ഇ, കെ.എസ്.ഐ.ഡി.സി എന്നീ ഏജൻസികൾ അല്ലെങ്കിൽ കേരള സർക്കാർ ഉടമസ്ഥതയിലുള്ള / നിയന്ത്രണത്തിലുള്ള മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും സംയുക്തമായി സ്പോൺസർ ചെയ്യുന്ന ട്രസ്റ്റായാണ് ഫണ്ട് രൂപീകരിക്കുക. കേരളത്തിൽ പ്രവർത്തിക്കുന്നതോ പ്രവർത്തനത്തിന്റെ ഏറിയ പങ്കും കേരളത്തിലായതോ ആയ സ്റ്റാർട്ടപ്പുകൾക്ക് ഗുണം ലഭിക്കും.

തസ്തിക

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്റ്റേറ്റ് സർവ്വീസിന്റെയും സബോർഡിനേറ്റ് സർവ്വീസിന്റെയും കരട് വിശേഷാൽ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയ തസ്തിക സൃഷ്ടിക്കലും തസ്തികകളുടെ അപ്ഗ്രഡേഷനും അംഗീകരിച്ചു.

കോഴിക്കോട് ജില്ലയിലെ വടകര, കൊടുവള്ളി, മുക്കം, കൊയിലാണ്ടി, ഫറോക്ക് നഗരസഭകളിലെ ആരോഗ്യ വിഭാഗത്തിൽ 17 ഹെൽത്ത് ഇൻസ്പെക്ടർമാരുടെ അധിക തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ ഡയറക്ടർ (ധനകാര്യം) തസ്തിക സൃഷ്ടിച്ച് ധനകാര്യ വകുപ്പിൽ ഡെപ്യൂട്ടി / ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കും.

എസ്.ഡി പ്രിൻസിനെ കേരള രാജ് ഭവനിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി നിയമിച്ച നടപടി സാധൂകരിച്ചു.

വ്യവസായ വകുപ്പിൽ സ്റ്റീൽ ആന്റ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡിൽ നാല് വർഷമായി ഒഴിഞ്ഞു കിടക്കുന്ന അസിസ്റ്റന്റ് മാനേജറുടെ തസ്തിക പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു.

ശമ്പള പരിഷ്‌കരണം

സംസ്ഥാന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും അനുവദിച്ച 11-ാം ശമ്പളപരിഷ്‌കരണ ആനുകൂല്യം സംസ്ഥാന മെഡിക്കൽ കൗൺസിൽ ജീവനക്കാർക്കും കേരള ഡന്റൽ കൗൺസിൽ ജീവനക്കാർക്കും അനുവദിക്കും.

കെ എം മാണിയുടെ പേര് നൽകും

പാലാ ജനറൽ ആശുപത്രിയെ ‘കെ എം മാണി സ്മാരക ഗവ. ജനറൽ ആശുപത്രി പാലാ’ എന്ന് പുനർനാമകരണം ചെയ്യും.

കാർ വാങ്ങാൻ അനുമതി

ഏഴ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാർക്ക് പ്രീമിയം ഹോണ്ട സിറ്റിയോ മാരുതി സിയാസ് കാറോ വാങ്ങാൻ അനുമതി നൽകി. ഇലക്ട്രിക് വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനുള്ള ഓപ്ഷനും നൽകും.

മലപ്പുറം: സമഗ്രശിക്ഷ കേരളം മലപ്പുറം ജില്ലാ പ്രൊജക്ട് ഓഫീസിന് കീഴിലെ വിവിധ ബി.ആർ.സികളിൽ എം.ഐ.എസ് കോർഡിനേറ്റർ, അക്കൗണ്ടന്റ് തസ്തികകളിൽ നിയമനം നടത്തുന്നു. എം.സി.എ/ ബി.ടെക് കമ്പ്യൂട്ടർ സയൻസാണ് എം.ഐ.എസ് കോർഡിനേറ്റർ നിയമന യോഗ്യത. അക്കൗണ്ടന്റ് നിയമനത്തിന് ബി.കോം-ടാലി, കമ്പ്യൂട്ടർ പരിജ്ഞാനം, രണ്ട് വർഷത്തെ മുൻ പരിചയം (അഭിലഷണീയം) എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകൾ ജൂൺ 30ന് വൈകിട്ട് അഞ്ചിനകം ജില്ലാ പ്രോജക്ട് കോർഡിനേറ്റർ, സമഗ്ര ശിക്ഷാ കേരളം, മലപ്പുറം, ജില്ലാ പ്രൊജക്ട് ഓഫീസ്, ഡൗൺഹിൽ പി.ഒ മലപ്പുറം-676519 എന്ന വിലാസത്തിൽ സമർപ്പിക്കണം.

അതേസമയം, മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച്.ഡി.എസിന് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ കാത്ത്ലാബ് സ്റ്റാഫ് നഴ്സ് നിയമനം നടത്തുന്നു. ഗവ. അംഗീകൃത ജി.എൻ.എം/ ബി.എസ്.സി. നഴ്സിങ് കോഴ്സ് വിജയിക്കണം. കേരള നഴ്സിങ് കൗൺസിലിന്റെ രജിസ്ട്രേഷനും കാത്ത്ലാബ് പ്രവൃത്തി പരിചയം നിർബന്ധം. അപേക്ഷകർക്ക് 45 വയസ്സ് കവിയരുത്. നിയമന അഭിമുഖം ജൂൺ 29ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും. ഫോൺ: 0483 2766425.

പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന പദ്ധതിയുടെ ജില്ലാതല മോണിറ്ററിങിനായി ജില്ലാ പ്രോഗ്രാം മാനേജറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. 12 മാസത്തേക്കാണ് നിയമനം. അപേക്ഷകർ ഫിഷറീസ് സയൻസ്/സുവോളജി/മറൈൻ ബയോളജി/ ഫിഷറീസ് എക്കണോമിക്സ്/ഇന്റസ്ട്രിയൽ ഫിഷറീസ്/ഫിഷറീസ് ബിസിനസ് മാനേജ്മെന്റ് എന്നിവയിൽ ഏതെങ്കിലുമുള്ള ബിരുദാനന്തര ബിരുദവും ഇൻഫർമേഷൻ ടെക്നോളജിയിലോ കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ ഡിപ്ലോമയുള്ളവരും ആയിരിക്കണം. ഫിഷറീസ് ആന്റ് അക്വാകൾച്ചർ മേഖലയിലെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം. മാനേജ്മെന്റിൽ ബിരുദം/അഗ്രികൾച്ചർ ബിസിനസ് മാനേജ്മെന്റിൽ ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി : 35 വയസ്സ്.

താൽപ്പര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ 30 ന് നിറമരുതൂരിലെ ഉണ്യാൽ ഫിഷറീസ് എക്സ്റ്റൻഷൻ സെന്ററിൽ രാവിലെ 10ന് അഭിമുഖത്തിന് എത്തണം. ഫോൺ: 0494 2666428.

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ കേസിലെ വിവാദ ഇടനിലക്കാരി അനിത പുല്ലയില്‍ ലോക കേരള സഭ സമ്മേളനത്തോടനുബന്ധിച്ച് നിയമസഭ മന്ദരിത്തില്‍ പ്രവേശിച്ച സംഭവത്തില്‍ 4 കരാര്‍ ജീവനക്കാരെ പുറത്താക്കും. ചീഫ് മാര്‍ഷലിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടിയെന്ന് സ്പീക്കര്‍ എം ബി രാജേഷ് വ്യക്തമാക്കി.

അതേസമയം, ഓപ്പണ്‍ ഫോറത്തിലേക്കുള്ള പാസ് വച്ച് അനിത പുല്ലയില്‍ എങ്ങനെ നിയമസഭാ മന്ദിരത്തിന് അകത്ത് കയറി എന്നതാണ് അന്വേഷിച്ചത്. സഭ ടിവിയുടെ സാങ്കേതിക സഹായം നല്‍കുന്ന ഏജന്‍സിയുടെ ജീവനക്കാരിക്കൊപ്പമാണ് അകത്ത് കയറിയത്. എന്നാല്‍, നിയമസഭ ജിവനക്കാര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ പങ്കില്ലെന്നും നിയമസഭാ സമ്മേളന വേദിയില്‍ കയറിയിട്ടില്ലെന്നും സ്പീക്കര്‍വ്യക്തമാക്കി.

സഭ ടിവിക്ക് സാങ്കേതിക സഹായം നല്‍കുന്ന ബിട്രൈയിറ്റ് സൊലൂഷന്‍സ് എന്ന ഏജന്‍സിയുടെ ജീവനക്കാരായ ഫസീല, വിപുരാജ്, പ്രവീണ്‍, വിഷ്ണു എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇടുക്കി: സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസ്സിംഗ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്കു ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രതിദിനം 650/രൂപ നിരക്കിൽ കാഷ്വൽ ലേബറായി നിയമിക്കുന്നതിന് പത്താം ക്ലാസ് പാസ്സായി ഏതെങ്കിലും ട്രേഡിലുള്ള ഐ.ടി.ഐ കോഴ്സ് വിജയിച്ച നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. സി-ഡിറ്റ് മെയിൻ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസിലാണ് വാക്-ഇൻ-ഇന്റർവ്യൂ.

പ്രായ പരിധി : 40 വയസ്സ്. താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ജൂൺ 28 ന് രാവിലെ 10.00 മണി മുതൽ 1.00 മണിവരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.