തിരുവനന്തപുരം: കേരളത്തിൽ എം.എൽ.എമാർ ആരും വിൽപനച്ചരക്കുകളായിട്ടില്ലെന്നത് നമുക്ക് അഭിമാനിക്കാവുന്ന ഒരു ജനാധിപത്യ പാരമ്പര്യമാണെന്ന് സ്പീക്കർ എംബി രാജേഷ്. ഫോർമർ എംഎൽഎ ഫോറം നിയമസഭയിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യമായി പാർലമെന്റിൽ എത്തിയപ്പോഴുള്ള അനുഭവവും അദ്ദേഹം പങ്കുവെച്ചു. ആദ്യമായി പാർലമെന്റിലെത്തിയപ്പോൾ ശതകോടീശ്വരന്മാരെ കണ്ട് അന്ധാളിച്ചുപോയെന്ന് സ്പീക്കർ പറഞ്ഞു. താൻ ആദ്യമായി പാർലമെന്റിലേക്ക് ജയിച്ചുപോയപ്പോൾ ആദ്യത്തെ പ്രസംഗം കഴിഞ്ഞ ശേഷം ഒരു എം.പി വന്ന് തന്നെ അഭിനന്ദിച്ചു. പരിചയപ്പെടലും കുശലാന്വേഷണവുമെല്ലാം കഴിഞ്ഞ് തെരഞ്ഞെടുപ്പിന് എന്തു ചെലവായെന്നു ചോദിച്ചു അദ്ദേഹം. അങ്ങനെ ചെലവൊന്നും വന്നിട്ടില്ലെന്ന് ഞാൻ പ്രതികരിച്ചപ്പോൾ തനിക്ക് 30 കോടിയാണ് ചെലവായതെന്നാണ് അദ്ദേഹം പറഞ്ഞു. ഇത്രയും പൈസ എങ്ങനെയാണ് പോക്കറ്റിൽ നിന്ന് ചെലവാക്കുന്നതെന്ന് താൻ ചോദിച്ചു. 60,000 കോടി രൂപ മാത്രം വാർഷിക വിറ്റുവരവുള്ള എം.പിയാണ് താനെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തങ്ങൾ സാധാരണ പറയും, തങ്ങളെല്ലാവരും ഐ.പി.എൽ എം.പിമാരും മറ്റെല്ലാവരും ബി.പി.എൽ എം.പിമാരുമാണെന്ന്. അവർ പ്രീമിയർ ലീഗിൽപെട്ടവരും തങ്ങൾ ദാരിദ്യരേഖയ്ക്കു താഴെയുള്ളവരുമെന്നും സ്പീക്കർ വ്യക്തമാക്കി.

