ബിജെപി നേതാവ് ശങ്കു ടി. ദാസിന് വാഹനാപകടത്തില്‍ പരിക്ക്‌

മലപ്പുറം: വാഹനാപകടത്തെ തുടര്‍ന്ന് ബിജെപി നേതാവ് അഡ്വ ശങ്കു ടി.ദാസിന് ഗുരുതര പരിക്ക്. ഇന്നലെ രാത്രി ഓഫീസില്‍ നിന്ന് മടങ്ങുമ്പോള്‍ ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരില്‍ വെച്ച് ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ആദ്യം കോട്ടക്കല്‍ ഉള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരളിനാണ് പരിക്കേറ്റതെന്നും ശസ്ത്രക്രിയക്ക് വിധേയനാക്കിക്കൊണ്ടിരിക്കുകയാണ് എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ശങ്കു ടി. ദാസിനെ ഇടിച്ചത് അജ്ഞാത വാഹനമല്ല. ഇടിച്ച ബൈക്കില്‍ ഉള്ള യുവാക്കള്‍ക്കും പരുക്കേറ്റു. നിസാര പരിക്കേറ്റ യുവാക്കള്‍ പൊന്നാനിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാര്‍ കൗണ്‍സില്‍ അംഗമായ ശങ്കു ടി ദാസ്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃത്താലയിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു.

അതേസമയം, അപകടത്തില്‍ ദുരൂഹതയില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘ശങ്കുവിന് അപകടം പറ്റി എന്നത് യാഥാര്‍ഥ്യമാണ്. നിലവില്‍ ഒരു ദുരൂഹതയും അതില്‍ ആരോപിക്കാനില്ല. വാഹനം നിയന്ത്രണം വിട്ട് മുന്നിലുള്ള ബൈക്കില്‍ ഇടിക്കുന്നതായാണ് മനസിലാകുന്നത്. അതിനപ്പുറം ഒന്നും കാണാനില്ല. മറിച്ചൊരു നിഗമനത്തില്‍ എത്തണമെങ്കില്‍ ശങ്കുവിന് ബോധം തെളിയണം. അതുവരെ ക്ഷമിക്കുക’- അദ്ദേഹം കുറിച്ചു.