‘
നാട്ടിലെ ജനങ്ങളെ വിവിധ ഗ്രേഡുകളിൽ ആയി തരംതിരിക്കുന്ന ‘സോഷ്യൽ ക്രെഡിറ്റ് സിസ്റ്റ’വുമായി ചൈനീസ് ഗവൺമെന്റ്. പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന തരത്തിലുള്ള പല നിരീക്ഷണ സംവിധാനങ്ങളിലൂടെയുമാണ് ഈ റേറ്റിങ് സംവിധാനം ഗവൺമെന്റ് നടപ്പിൽ വരുത്തുക. ഇതിൽ ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങളിൽ പൗരന്മാർ നടത്തുന്ന ഇടപാടുകളുടെ വിവരങ്ങൾ മുതൽ, അയൽക്കാരോട് ‘നല്ല പെരുമാറ്റം’ ആണോ എന്നതിന്റെ അടിസ്ഥാനത്തിൽ വരെയുള്ള സ്കോറിങ് ഉണ്ടായിരിക്കും. സ്‌കോർ മോശമായിട്ടുള്ളവരെ വിമാനത്തിൽ സഞ്ചരിക്കുന്നതിൽ നിന്നും, അതിവേഗ തീവണ്ടികളിൽ സഞ്ചരിക്കുന്നതിൽ നിന്നുമൊക്കെ വിലക്കുന്നത് അടക്കമുള്ള നടപടികൾക്ക് വിധേയനാക്കും. ഒരർത്ഥത്തിൽ ഗ്രേഡ് കുറഞ്ഞവർ രണ്ടാംകിട പൗരന്മാരായി രാജ്യത്ത് ജീവിക്കേണ്ടി വരുമെന്നർത്ഥം.
2014 -ൽ പൈലറ്റ് അടിസ്ഥാനത്തിൽ തുടങ്ങിയ ഈ പദ്ധതി, സർക്കാർ ഇടപാടുകളിലെ സത്യസന്ധത, സാമ്പത്തിക കാര്യങ്ങളിലെ സുതാര്യത, സാമൂഹിക ഇടപെടലുകളിൽ നേരും നെറിയും, നീതിന്യായ വ്യവഹാരങ്ങളിൽ പുലർത്തുന്ന വിശ്വാസ്യത എന്നിവയെ അളക്കാൻ വേണ്ടി വിഭാവനം ചെയ്യപ്പെട്ട ഒന്നാണ്. A+++ മുതൽ D വരെ സ്‌കോറുകൾ ഉണ്ട്. ചില കുറ്റകൃത്യങ്ങൾ ക്രെഡിറ്റ് റേറ്റിങ്ങിൽ ഒറ്റയടിക്ക് ഇടിവുണ്ടാക്കും. ഉദാഹരണത്തിന് മദ്യപിച്ചു വണ്ടിയോടിച്ചതിനു പിടിക്കപ്പെട്ടാൽ നിങ്ങൾ നേരെ C റേറ്റിങ്ങിലേക്ക് വീഴും. A+++ റേറ്റിങ് ഉള്ളവർക്ക് പൊതു ബൈക്കുകൾ നിക്ഷേപം കൂടാതെ വാടകയ്‌ക്കെടുക്കാനും, മഞ്ഞുകാലത്ത് ഹീറ്റിങ് ഡിസ്‌കൗണ്ട് നേടാനും, നല്ല നിരക്കുകളിൽ ബാങ്ക് വായ്പകൾ നേടാനും എല്ലാം കഴിയും.
ഉയർന്ന ക്രെഡിറ്റ് റേറ്റിങ് ഉള്ളവർക്ക് വളരെ എളുപ്പത്തിൽ വായ്പകൾ കിട്ടും, വൈദ്യുതി ബില്ലിൽ ഇളവുകൾ കിട്ടും. ഈ പുതുസങ്കല്പത്തെപ്പറ്റി സ്റ്റേറ്റ് കൗൺസിൽ പറയുന്നത് ഇത്, ‘ഉയർന്ന റേറ്റിങ് ഉള്ള മാന്യന്മാരെ ആകാശത്തിനു കീഴിലുള്ള എവിടെയും അനായാസം സഞ്ചരിക്കാൻ സഹായിക്കുകയും, ക്രെഡിറ്റ് റേറ്റിങ് മോശമായവരെ ഒരടി പോലും വെക്കാൻ സമ്മതിക്കാതിരിക്കുകയും ചെയ്യുന്ന’ ഒന്നാണ് എന്നാണ്. ഇതിന്റെ ആദ്യഘട്ടം 2020 ആയപ്പോഴേക്കും രാജ്യവ്യാപകമായി തന്നെ വിജയപൂർവ്വം നടപ്പിൽ വരുത്തിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.ഒരാളുടെ ക്രെഡിറ്റ് റേറ്റിങ്ങിന് അയാളുടെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കുന്ന രീതിയിലായിരിക്കും പൂർണമായും സർക്കാർ നിയന്ത്രണത്തിലുള്ള സാമ്പത്തിക, സാമൂഹിക സംവിധാനങ്ങൾ ക്രമപ്പെടുത്തുക.
ജയ്ദീപ് പ്രഭു എഴുതി, പ്രൊഫൈൽ ബുക്സ് പുറത്തിറക്കിയ ‘How Should A Government Be?‘ എന്ന പുസ്തകത്തിൽ ഈ സംവിധാനത്തെക്കുറിച്ചുള്ള വിശദമായ പരാമർശങ്ങൾ ഉണ്ട്.ഒരു ട്രാഫിക് നിയമ ലംഘനം അതിൽ നിന്ന് അഞ്ചു പോയന്റ് കുറയ്ക്കും. ഏതെങ്കിലും മഹദ് കൃത്യം ചെയ്യുകയോ, നല്ല രീതിയിൽ വ്യാപാരം നടത്തുകയോ, നിങ്ങളുടെ കുടുംബത്തെ ദുർഘട സന്ധിയിൽ സഹായിക്കുകയോ ഒക്കെ ചെയ്തതിന് ഒരു സിറ്റി ലെവൽ അംഗീകാരം നിങ്ങൾക്ക് കിട്ടുകയാണെങ്കിൽ നിങ്ങൾക്ക് 30 പോയിന്റ് ലഭിക്കും. വകുപ്പുതലത്തിൽ കിട്ടുന്ന അംഗീകാരം അഞ്ചു പോയിന്റ് കൂട്ടിച്ചേർക്കും.
ചാരിറ്റി പ്രവർത്തനങ്ങൾക്ക് സ്വമേധയാ പങ്കെടുക്കുക വഴിയും അഞ്ചു പോയിന്റ് കൂട്ടിച്ചേർക്കാം. ഇങ്ങനെ പലതരത്തിൽ നേടുകയും നഷ്ടപ്പെടുത്തുകയും ചെയ്ത ശേഷം ബാക്കിവരുന്ന നിങ്ങളുടെ ക്രെഡിറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് ഫൈനൽ അക്രഡിറ്റേഷൻ നിങ്ങൾക്ക് അനുവദിക്കുക. വ്യക്തികൾക്ക് എന്ന പോലെ സ്ഥാപനങ്ങൾക്കും സമാനമായ ക്രെഡിറ്റ് റേറ്റിങ് സംവിധാനം നഗരത്തിൽ നിലവിലുണ്ട്. നികുതികൾ യഥാസമയം അടച്ചാൽ കമ്പനികളുടെ റേറ്റിങ് മെച്ചപ്പെടും. അതേസമയം, ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ വിറ്റഴിച്ചാൽ ക്രെഡിറ്റ് റേറ്റിംഗുകൾ കുത്തനെ ഇടിയുകയും ചെയ്യും. മികച്ച റേറ്റിങ് ഉള്ള സ്ഥാപനങ്ങൾക്ക് എളുപ്പത്തിൽ വായ്പകൾ ലഭിക്കുമ്പോൾ മോശം റേറ്റിങ് ഉള്ളവയ്ക്ക് ടെണ്ടർ പ്രക്രിയയിൽ പോലും പ്രവേശനം നിഷേധിക്കപ്പെട്ടെന്നു വരാം.
ഈ സംവിധാനം ഇതിനകം ജനങ്ങൾക്കിടയിൽ കടുത്ത മുറുമുറുപ്പിനും കാരണമായിട്ടുണ്ട്. ഇങ്ങനെ ക്രെഡിറ്റ് റേറ്റിങ് നൽകി തരം തിരിച്ച് 2018 വരെ തന്നെ ഏകദേശം 55 ലക്ഷം പേർക്ക് വിമാനടിക്കറ്റ് നിഷേധിച്ച സാഹചര്യം ഉണ്ടായിക്കഴിഞ്ഞു. ഇങ്ങനെ പൗരന്മാരെ നിരീക്ഷിച്ച് ശേഖരിക്കപ്പെടുന്ന ഡാറ്റയും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്ന അഭിപ്രായം പല കേന്ദ്രങ്ങളിൽ നിന്നും വന്നു കഴിഞ്ഞു. വിമർശനങ്ങൾ എമ്പാടും ഉയർന്നുകഴിഞ്ഞു എങ്കിലും, മുന്നോട്ടു തന്നെ പോകാൻ ഉറപ്പിച്ചാണ് ചൈനീസ് ഗവണ്മെന്റിന്റെ നിലപാട്. ഇത് പൂർണമായും നടപ്പിൽ വന്നാൽ അധികം താമസിയാതെ അത് ആഗോളതലത്തിൽ തന്നെ പുത്തൻ ഭരണ ട്രെൻഡുകൾക്ക് തുടക്കമാകും എന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും, ഭരണസിരാകേന്ദ്രങ്ങളും കരുതുന്നത്.
പലരെയും മക്കളെ ചില നല്ല സ്‌കൂളുകളിൽ പ്രവേശിപ്പിക്കുന്നതിൽ നിന്നും ഹോട്ടലിൽ മുറിയെടുക്കുന്നതിൽ നിന്നും എന്തിന് തൊഴിൽ നേടുന്നതിൽ നിന്നുപോലും, ഇങ്ങനെ മോശം റേറ്റിങ് വന്നത് കാരണം വിലക്കിയിട്ടുണ്ട് ഗവൺമെന്റ്. ഈ ക്രെഡിറ്റ് റേറ്റിങ് സംവിധാനം ഞെട്ടിക്കുന്നതാണ് എന്നും, സർക്കാർ അധികാരികൾ ഇതിനെ വല്ലാതെ ദുരുപയോഗം ചെയ്യുന്നുണ്ട് എന്നുമാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് അഭിപ്രായപ്പെട്ടത്. ഇതിനു സമാനമായ സംവിധാനങ്ങൾ പാശ്ചാത്യ രാജ്യങ്ങളിലും സാമ്പത്തിക രംഗത്ത് നിലവിലുണ്ട് എങ്കിലും, പൗരന്മാരുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുന്ന, എല്ലാറ്റിനെയും നിയന്ത്രിക്കുന്ന ഒന്നാണ് ചൈനയിലെ റേറ്റിങ് എന്നതാണ് അതിനെ വിവാദാസ്പദമാക്കുന്നത്.