ജോർജ്ജ് ഫ്ളോയിഡിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുറ്റക്കാരൻ എന്ന്‌ കോടതി

മിനിയാപോളിസ്: ആഫ്രോ-അമേരിക്കൻ വംശജനായ ജോർജ്ജ് ഫ്ളോയിഡിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുറ്റക്കാരൻ എന്ന്‌ കോടതി. യു.എസ്. പോലീസുദ്യോഗസ്ഥനായ ഡെറക് ചൗവിനെയാണ് കേസിൽ ശിക്ഷിച്ചിരിക്കുന്നത്. 2020 മേയ് 25-നാണ് ഫ്ളോയിഡ് കൊല്ലപ്പെട്ടത്. വ്യാജരേഖകളുപയോഗിച്ചു എന്നാരോപിച്ചായിരുന്നു അന്ന് ഡെറക് ചൗവിൻ കഴുത്തിൽ കാലുകൊണ്ട് ഞെരിച്ച് ഫ്ലോയിഡിനെ കൊലപ്പെടുത്തിയത്.

സംഭവത്തെ തുടർന്ന് ഡെറക് ചൗവിനെയും മറ്റ് മൂന്ന് പോലീസുകാരേയും സേനയിൽ നിന്ന് പുറത്താക്കിയിരുന്നു. ഫെഡൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനായിരുന്നു അന്വേഷണം നടത്തിയത്.ജീവന് വേണ്ടി പിടയുന്ന ഫ്ലോയിഡിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അമേരിക്കയിൽ വൻ പ്രതിഷേധം നടക്കുകയും ചെയ്തു. വിധികേൾക്കാൻ കോടതിക്ക് പുറത്ത് വലിയ ജനകൂട്ടം തടിച്ചുകൂടുകയും മുദ്രാവാക്യം ഉയർത്തുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തില്‍ ഫ്ലോയിഡിന്‍റെ ഇളയ സഹോദരന്‍ പറഞ്ഞത്, ‘ഇതാ ഒടുവിൽ ഇന്ന് നമുക്ക് വീണ്ടും ശ്വാസമെടുക്കാന്‍ സാധിച്ചിരിക്കുന്നു’ എന്നാണ്. വിചാരണ വേളകളിലെല്ലാം ഫ്ലോയിഡിന്റെ കുടുംബക്കാർ അത്യന്തികം വൈകാരികമായും രോഷത്തോടെയും തങ്ങൾക്ക് നേരിട്ട അനീതിയെ കുറിച്ച് സംസാരിക്കുകയുണ്ടായി. സഹോദരനെ കുറിച്ചോർത്ത് ശബ്ദമിടറിയും കണ്ണീരോടെയുമാണ് അവർ സംസാരിച്ചിരുന്നത്.

‘വിധിയില്‍ സന്തോഷമുണ്ട്. എന്നാല്‍, ഇനിയും ഒരുപാട് പോരാടാനുണ്ട്’ എന്നാണ് മുന്‍ പ്രസിഡണ്ട് ബരാക് ഒബാമയും മുന്‍ ഫസ്റ്റ് ലേഡി മിഷേല്‍ ഒബാമയും പ്രതികരിച്ചത്. ‘ഞങ്ങളുടെ കുടുംബവും സുഹൃത്തുക്കളും പൗരന്മാരും അടക്കം മില്ല്യണ്‍ കണക്കിന് കറുത്ത വര്‍ഗക്കാര്‍ എപ്പോള്‍ വേണമെങ്കിലും നിയമപാലകരാല്‍ കൊല്ലപ്പെട്ടേക്കാം എന്ന ഭീതിയിലാണ് കഴിയുന്നത്. ആ അവസ്ഥ മാറേണ്ടതുണ്ട്’ എന്നും അവര്‍ പറഞ്ഞു. ‘ഞങ്ങള്‍ക്ക് വിശ്രമിക്കാനായിട്ടില്ല. ക്രിമിനല്‍ നീതി ന്യായ വ്യവസ്ഥയിലെ കറുത്ത വര്‍ഗക്കാരോടുള്ള പക്ഷഭേദത്തിനെതിരെ ഇനിയും ഒരുപാട് പോരാടാനുണ്ട്. കാലങ്ങളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് കിടക്കുന്ന ഒരു സമുദായത്തിന് സാമ്പത്തിക അവസരം വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ഞങ്ങൾ ഇരട്ടിയാക്കേണ്ടതുണ്ട്’ എന്നും ഇരുവരും പറഞ്ഞു.