ഇസ്ലാമാബാദ്: മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന് തിരിച്ചടി. തോഷഖാന കേസിൽ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും കോടതി തടവു ശിക്ഷ വിധിച്ചു. 14 വർഷം വീതം തടവുശിക്ഷയാണ് ഇരുവർക്കും ലഭിച്ചിരിക്കുന്നത്. 787 ദശലക്ഷം രൂപ വീതം ഇരുവർക്കും പിഴയും കോടതി വിധിച്ചു.
പൊതുപദവി വഹിക്കുന്നതിൽ നിന്ന് ഇമ്രാന് 10 വർഷം കോടതി വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇമ്രാന്റെ തെരഞ്ഞെടുപ്പു സ്വപ്നങ്ങൾക്ക് മേൽ ഇത് കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. പാക്കിസ്ഥാനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാൻ എട്ട് ദിവസം മാത്രം ശേഷിക്കെയാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
തോഷഖാന അഴിമതി കേസിൽ അഴിമതിക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്നു വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന റാവൽപിണ്ടിയിലെ അഡിയാല ജയിലിൽവച്ചാണ് ജഡ്ജി മുഹമ്മദ് ബഷീർ വാദം കേട്ടത്. ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബി ഇന്ന് കോടതിയിൽ ഹാജരായിരുന്നില്ല. സമ്മാനമായി ലഭിക്കുന്ന വില കൂടിയ വസ്തുക്കൾ സ്റ്റേറ്റ് ഗിഫ്റ്റ് ഡെപ്പോസിറ്ററിയിൽ (തോഷഖാന) സമർപ്പിക്കണമെന്നാണ് ചട്ടം. ഇമ്രാൻ അധികാരത്തിലിരിക്കെ അറബ് രാഷ്ട്രങ്ങളിൽ സന്ദർശിച്ചപ്പോൾ ലഭിച്ച വിലയേറിയ സമ്മാനങ്ങൾ തോഷഖാനയിൽ അടച്ചു. പിന്നീട് ഇവിടെ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങി വൻ ലാഭത്തിൽ മറിച്ചുവിൽക്കുകയായിരുന്നുവെന്നാണ് ആരോപണം.

