International (Page 23)

പ്യോങ്യാങ്: ദക്ഷിണ കൊറിയൻ സിനിമകളും മ്യൂസിക് വീഡിയോകളും കണ്ടതിന് രണ്ട് കൗമാരക്കാർക്ക് ശിക്ഷ വിധിച്ച് ഉത്തരകൊറിയൻ അധികാരികൾ. 12 വർഷത്തെ ശിക്ഷയാണ് കൗമാരക്കാർക്ക് വിധിച്ചത്. ഇതുസംബന്ധിച്ച വീഡിയോ ദൃശ്യങ്ങൾ സൗത്ത് ആൻഡ് നോർത്ത് ഡെവലപ്‌മെന്റ് (സാൻഡ്) ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടിട്ടുണ്ട്. 12 വർഷം കഠിനാധ്വാനമാണ് ശിക്ഷ വിധിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

ദക്ഷിണ കൊറിയൻ സിനിമകൾ, സംഗീതം, മ്യൂസിക് വീഡിയോകൾ എന്നിവ മൂന്ന് മാസത്തിലേറെയായി കാണുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ വിദ്യാർത്ഥികൾക്കാണ് ശിക്ഷ നൽകിയത്. 2020-ൽ പുതിയ നിയമം വന്നതുമുതൽ, ദക്ഷിണ കൊറിയൻ വിനോദം ആസ്വദിക്കുന്നതിന് പിടിക്കപ്പെടുന്നവർക്ക് കഠിനമായ ശിക്ഷകൾ ഉത്തരകൊറിയ നൽകാറുണ്ട്. ഉത്തര കൊറിയയിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനാണ് ഇത്തരത്തിലുള്ള കടുത്ത ശിക്ഷ നൽകുന്നതെന്നാണ് റിപ്പോർട്ട്.

രാജ്യത്തെ യുവാക്കൾ ജീവിതശൈലിയും ചിന്താഗതികളും മാറ്റുന്നുവെന്ന ആശങ്ക ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിനെ അസ്വസ്ഥനാക്കുന്നുവെന്ന വിവരവും പുറത്തു വരുന്നുണ്ട്.

മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വേർപിരിയൽ അഭ്യൂഹങ്ങൾക്കിടയിൽ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായി. വധു,പാക് ടെലിവിഷൻ താരം സന ജാവേദാണ്.സമൂഹ മാധ്യമങ്ങളിലൂടെ ഷോയ്‌ബ് മാലിക്ക് തന്നെയാണ് വിവാഹ ചിത്രം പങ്കുവെച്ചത്. സാനിയയും മാലിക്കും വേർപിരിഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യം ഇരുവരും സ്ഥിരീകരിച്ചിരുന്നില്ല.

ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ ദിവസം സാനിയ പങ്കുവെച്ച പോസ്റ്റ് വേർപിരിയല്‍ അഭ്യൂഹങ്ങള്‍ ശക്തമാക്കി. “വിവാഹം ബുദ്ധിമുട്ടേറിയ ഒന്നാണ്. വേർപിരിയല്‍ കഠിനവും. അമിതവണ്ണം ബുദ്ധിമുട്ടേറിയ ഒന്നാണ്. ഫിറ്റായിരിക്കുക എന്നത് കഠിനവും. ആശയവിനിമയം ബുദ്ധിമുട്ടേറിയ ഒന്നാണ്, ആശയവിനിമയം ഇല്ലാതിരിക്കുക എന്നത് കഠിനവും. ജീവിതം ഒരിക്കലും എളുപ്പമുള്ള ഒന്നല്ല, എപ്പോഴും കഠിനമായിരിക്കും…വിവേകത്തോടെ വേണം തെരഞ്ഞെടുപ്പ് നടത്താന്‍,” സാനിയ കുറിച്ചു.

സന ജാവേദും ഷൊയ്ബ് മാലിക്കും ഡേറ്റിംഗിലാണെന്ന് കിംവദന്തികൾ പ്രചരിച്ചിരുന്നു. മാലിക്ക് കഴിഞ്ഞ വര്‍ഷം സന ജാവേദിന്റെ ജന്മദിനത്തിന് ആശംസകള്‍ നേര്‍ന്നതോടെയാണ് ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിച്ചത്. താരത്തിന്റെ മൂന്നാം വിവാഹമാണിത്. ആയിഷ സിദ്ദിഖിയിൽ നിന്ന് 2010 ൽ വിവാഹമോചനം നേടിയ ശേഷമാണ് ഷോയിബ് സാനിയ മിർസയെ വിവാഹം കഴിക്കുന്നത്. ഗായകൻ ഉമർ ജസ്വാൾ ആണ് സനയുടെ ആദ്യ ഭർത്താവ്. 2020 ൽ വിവാഹിതരായ ഇവർ 2023 ൽ പിരിഞ്ഞു.

ഏഷ്യയിൽ നിന്ന് മറ്റൊരു രാജ്യം കൂടി ചന്ദ്രനിലിറങ്ങാൻ ഒരുങ്ങുന്നു. വെള്ളിയാഴ്ച ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങിന് തയ്യാറെടുക്കുന്നത് ജപ്പാന്റെ ​ബഹിരാകാശ ഗവേഷണ ഏജൻസിയായ ജക്സയുടെ സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റി​ഗേറ്റിങ് മൂൺ എന്ന സ്‌ലിം ആണ്. എച്ച്-2 റോക്കറ്റിൽ ജപ്പാൻ സ്‌ലിം 2023 സെപ്റ്റംബർ‌ ആറിനാണ് വിക്ഷേപിച്ചത്.

ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഡിസംബർ 25നാണ് സ്‌ലിം പ്രവേശിച്ചത്. ചന്ദ്ര ഭൂപ്രദേശത്തിന്റെ പുതിയ ചിത്രങ്ങൾ SLIM അതിന്റെ ഓൺബോർഡ് നാവിഗേഷൻ ക്യാമറ ഉപയോഗിച്ച് പകർത്തി. ലാൻഡറിന്റെ ഇറക്കം നാവിഗേറ്റ് ചെയ്യുന്നതിലും ഭാവി ദൗത്യങ്ങൾക്കായി വിലപ്പെട്ട ഡാറ്റ നൽകുന്നതിലും ഈ ഫോട്ടോഗ്രാഫുകൾ നിർണായക പങ്ക് വഹിക്കുന്നു. ഈ മിഷൻ വിജയകരമായാൽ ചന്ദ്രനിൽ ഇറങ്ങുന്ന അഞ്ചാമത്തെ രാജ്യമായി മാറാൻ ജപ്പാന് കഴിയും. ചന്ദ്രനിൽ ലാൻഡിങ് നടത്തിയ മറ്റു രാജ്യങ്ങൾ സോവിയറ്റ് യൂണിയൻ, ചൈന, അമേരിക്ക, ഇന്ത്യ എന്നിവരാണ്.

മണം കൊണ്ട് ബോംബുകൾ കണ്ടു പിടിക്കുന്ന എലികൾ. അവരിലെ മിടുക്കനാ യിരുന്നു മഗാവ.ആഫ്രിക്കൻ ജയന്റ് പൗച്ച്ഡ് എന്ന വിഭാഗത്തിൽ പെടുന്ന എലികളാണ് ഹീറോ റാറ്റ്സ്. ഇവ ധാരാളമായി സബ്സഹാറൻ ആഫ്രിക്കയിലാണ് കാണാൻ കഴിയുന്നത്. എന്നാൽ ഈ എലികൾക്ക് മണത്തുകൊണ്ട് ബോംബുകളെ തിരിച്ചറിയാൻ സാധിക്കും. APOPO എന്ന സന്നദ്ധ സംഘടനയാണ് എലികൾക്ക് കുഴിബോംബുകൾ മണത്തറിയാൻ പരിശീലനം നൽകുന്നത്.

മികച്ച പരിശീലനത്തിലൂടെ ഈ എലികൾ കൃത്യമായി അവരുടെ ജോലി നിർവഹിക്കുന്നു. മഗാവ എന്ന എലി നാലു വർഷം കൊണ്ട് ഏകദേശം 2.4 ദശലക്ഷം ചതുരശ്രയടി സ്ഥലമാണ് പരിശോധിച്ച് തീർത്തത്. ഒപ്പം 71 കുഴിബോംബുകളും 38 തരം മറ്റു സ്ഫോടകവസ്തുക്കളും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. മഗാവക്ക് പിഡിഎസ്എ എന്ന സേവന സംഘടന ധീരതയുടെ സ്വർണമെഡൽ നൽകിയിട്ടുമുണ്ട്. ഓമനമൃഗങ്ങളെ ആദരിക്കുന്നതിൽ 77 വർഷത്തെ പാരമ്പര്യമുള്ളവരാണ് പിഡിഎസ്എ. ആദ്യമായാണ് അവർ ഒരു എലിയെ ആദരിച്ചത്. 2022 ലാണ് മഗാവ ഈ ലോകത്തോട് വിട പറഞ്ഞത്.

ആമസോണ്‍ മഴക്കാടുകളിലെ വനനശീകരണ തോതില്‍ കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞവർഷത്തെ കണക്കു അനുസരിച്ചാണ് ഈ റിപ്പോർട്ട്. റിപ്പോർട് തയ്യാറാക്കിയിരിക്കുന്നത് ബ്രസീല്‍ പരിസ്ഥിതി മന്ത്രാലയമാണ്. 2022-ലെ അപേക്ഷിച്ച് 2023-ല്‍ വനനശീകരണ തോത് 50 ശതമാനത്തോളം കുറഞ്ഞുവെന്ന് മാത്രമല്ല, അഞ്ചുവര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വനനശീകരണ തോതിനും ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളിലൊന്ന് കൂടിയായ ആമസോൺ സാക്ഷിയായി എന്നാണ് റിപ്പോർട്ടുകളിൽ ഉള്ളത്.

സീറോ ഡെഫോറസ്റ്റേഷൻ എന്നതിലെ ആദ്യ പടിയായാണ് ഇത് വിലയിരുത്തപ്പെടുന്നുവെന്ന് ബ്രസീല്‍ പരിസ്ഥിതികാര്യ മന്ത്രാലയം സമൂഹമാധ്യമത്തിൽ പറഞ്ഞു. 2030-ഓടെ അനധികൃതമായി വനം നശിപ്പിക്കുന്നത് പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് ബ്രസീലിന്റെ പ്രസിഡന്റായി ലുല ഡ സില്‍വ അധികാരമേറ്റപ്പോള്‍ പറഞ്ഞിരുന്നു. വനം നശിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു.

യുഎസിലേക്ക് പുറപ്പെട്ട ജാപ്പനീസ് വിമാനം ടോക്കിയോയിൽ അടിയന്തരമായി തിരിച്ചിറക്കി.ക്യാബിൻ അറ്റൻഡന്റിനെ മദ്യ ലഹരിയിൽ യാത്രക്കാരൻ കടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കിയത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. ജാപ്പനീസ് എയർലൈൻ ആയ ഓൾ നിപ്പോൺ എയർവേസിൽ ആണ് സംഭവം.

ജീവനക്കാരിയെ ആക്രമിച്ചത് 55 കാരനായ അമേരിക്കൻ യാത്രക്കാരനാണ് എന്നാണ് വിവരം. ജീവനക്കാരിയുടെ കൈയിൽ മദ്യ ലഹരിയിലായിരുന്ന ഇയാൾ കടിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിന് പിന്നാലെ വിമാനം ഹനേഡ വിമാനത്താവളത്തിൽ തിരിച്ചിറക്കി. വിമാനത്തിൽ 159 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരൻ അന്വേഷണ ഉദ്യോഗസ്ഥരോട് തൻ്റെ പെരുമാറ്റത്തെക്കുറിച്ച് ഓർമയില്ലെന്ന് പറഞ്ഞതായി റിപ്പോർട്ട് ചെയ്തു. രണ്ടാഴ്ചയ്ക്കിടെ ഇത് നാലാമത്തെ സംഭവമാണ്.

തായ്‌ലൻഡിലെ പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ 18 മരണം. ഉച്ചകഴിഞ്ഞ് 3:00 മണിയോടെയാണ് സെൻട്രൽ സുഫാൻ ബുരി പ്രവിശ്യയിലെ സലാ ഖാവോ ടൗൺഷിപ്പിന് സമീപം സ്ഫോടനം ഉണ്ടായത്. മരണനിരക്ക് ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. വിലയിരുത്തൽ പ്രകാരം സ്‌ഫോടനത്തിൽ അടുത്തുള്ള മറ്റ് വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ്.

സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. തായ്‌ലൻഡിൽ പടക്കശാലകളിൽ പൊട്ടിത്തെറികൾ അസാധാരണമല്ല. വർഷം തെക്കൻ നാരാതിവാട്ട് പ്രവിശ്യയിലെ സുംഗൈ കോലോക് പട്ടണത്തിലെ ഒരു പടക്ക സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തിൽ കഴിഞ്ഞ 10 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

വാഷിങ്ടൺ: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിനായുള്ള മത്സരത്തിൽ നിന്നും പിന്മാറി ഇന്ത്യൻ വംശജനും മലയാളിയുമായി വിവേക് രാമസ്വാമി. അയോവ കോക്കസിൽ നടന്ന തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് വിവേക് പിന്മാറുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപ് വിജയിച്ചാൽ നിർണായക റോളിൽ വിവേക് ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം. ഫ്ളോറിഡ ഗവർണർ റോൺ ഡിസാന്റിസ്, മുൻ യുഎൻ അംബാസിഡർ നിക്കി ഹേലി എന്നിവരെ പിന്തള്ളിയാണ് അയോവ കോക്കസിൽ ട്രംപ് വിജയം നേടിയത്. വിവേക് രാമസ്വാമിക്കെതിരെ അധിക്ഷേപ പരാമർശവുമായി കഴിഞ്ഞ ദിവസം ഡോണൾഡ് ട്രംപ് രംഗത്തുവന്നിരുന്നു. വിവേക് വഞ്ചകനും ഇടനിലക്കാരനും ആണെന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. വിവേകിന് വോട്ടു ചെയ്താൽ അത് മറുവശത്താണ് ഉപകരിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി കേരളത്തിലെ പാലക്കാട് ജില്ലയിൽ കുടുംബ വേരുകളുള്ള വ്യക്തിയാണ്. യേൽ സർവകലാശാലകളിൽ നിന്നാണ് അദ്ദേഹം വിദ്യാഭ്യാസം നേടിയത്. 1970കളിലാണ് വിവേകിന്റെ മാതാപിതാക്കാൾ അമേരിക്കയിലേയ്ക്ക് കുടിയേറിയത്. പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയിലുള്ള ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലെ അംഗമാണ് വിവേക് രാമസ്വാമിയുടെ അച്ഛൻ വി ജി രാമസ്വാമി. കോഴിക്കോട് റീജിയണൽ എൻജീനിയറിങ് കോളേജിൽ നിന്ന് ബിരുദം നേടിയ ഇദ്ദേഹം പഠനത്തിന് ശേഷം അമേരിക്കയിലേക്ക് പോകുകയായിരുന്നു.

മികച്ച ഫുട്ബോൾ താരത്തിനുള്ള 2023ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിക്ക്. കിലിയൻ എംബാപ്പെ, എർലിംഗ് ഹാലാൻഡി എന്നിവരെ പിന്നലാക്കിയാണ് മെസ്സിയുടെ നേട്ടം. മികച്ച വനിതാ ഫുട്ബോളർ സ്പാനിഷ് താരം ഐറ്റാന ബോൺമാറ്റിയാണ്. മികച്ച പരിശീലകൻ, മാഞ്ചസ്റ്റർ സിറ്റി എഫ്‌സിയുടെ പെപ് ഗാർഡിയോളയാണ്.

മെസ്സി ഈ നേട്ടം കരസ്ഥമാക്കുന്നത് ഇത് നാലാം തവണയാണ്. നാല് തവണ ഫിഫ ബാലൺ ഡി ഓറും മൂന്നുതവണ ഫിഫ ദി ബെസ്റ്റുമായും ഇതിനു മുന്നേ മെസി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരു വർഷക്കാലയളവിലെ 2022 ഡിസംബർ 19 മുതൽ ഉള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. തുടർച്ചയായ രണ്ടാം വർഷവും മികച്ച വനിതാ പരിശീലകനായി സറീന വെയ്ഗ്മാൻ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വനിതാ ഗോൾകീപ്പർ മേരി ഇയർപ്സാണ്. മാർട്ടയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചു.

റെയ്കവിക്: ഐസ്‌ലാൻഡിൽ അഗ്നിപർവത സ്ഫോടനങ്ങൾ. രണ്ട് അഗ്നിപർവ്വത സ്‌ഫോടനങ്ങൾ ഉണ്ടായതിനെ തുടർന്ന് ഗ്രിൻഡാവിക് നഗരത്തിലേക്ക് ലാവ ഒഴുകി. ഇതേത്തുടർന്ന് നഗരത്തിൽ നിരവധി വീടുകൾക്ക് തീപിടിച്ചു. ഞായറാഴ്ച പുലർച്ചെയാണ് റെയ്ക്ജാൻസ് ഉപദ്വീപിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് നഗരത്തിലേക്ക് ലാവ ഒഴുകിയത്.

ഏറ്റവും മോശം സാഹചര്യമാണ് നിലനിൽക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നഗരത്തിലെ മുഴുവൻ ആളുകളേയും ഒഴിപ്പിച്ചുവെന്നും അധികൃതർ വിശദമാക്കി. നഗരത്തിലേക്കുള്ള ഒരു പ്രധാന റോഡ് ലാവ ഒഴുകിയതിനെത്തുടർന്ന് തകർന്നു. ഒരുമിച്ചു നിൽക്കണമെന്നും അവരുടെ വീടുകളിൽ കഴിയാൻ കഴിയാത്തവരോട് കരുണ കാണിക്കണമെന്നും ഐസ്‌ലാൻഡ് പ്രസിഡന്റ് വ്യക്തമാക്കി.

എന്തും സംഭവിക്കാമെന്നും സ്ഥിതിഗതികൾ ശാന്തമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.