ചികിത്സയ്ക്കായി ഇന്ത്യൻ ഡോർണിയർ വിമാനം ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ചു; മാലദ്വീപ് പ്രസിഡന്റിനെതിരെ പ്രതിഷേധം

ന്യൂഡൽഹി: ചികിത്സയ്ക്കായി ഇന്ത്യൻ ഡോർണിയർ വിമാനം ഉപയോഗിക്കുന്നതിന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചതിന് പിന്നാലെ മാലിദ്വീപ് സ്വദേശിയായ 14കാരൻ മരണപ്പെട്ടതായി റിപ്പോർട്ട്. മാലിദ്വീപിൽ എയർ ആംബുലൻസായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമിച്ച്, ഇന്ത്യ നൽകിയ ഡോർണിയർ വിമാനം ഉപയോഗിക്കുന്നുണ്ട്. ചികിത്സ ഉൾപ്പെടെയുള്ള അടിയന്തര ഘട്ടങ്ങളിൽ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഈ വിമാനം ഉപയോഗിച്ചിരുന്നത്.

ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വിദൂര ദ്വീപായ വിൽമിങ്ടനിൽ താമസിക്കുന്ന 14 വയസ്സുകാരനാണ് മരണപ്പെട്ടതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബ്രെയിൻ ട്യൂമർ ബാധിതനായിരുന്നു കുട്ടി. കഴിഞ്ഞ ബുധനാഴ്ച രാത്രി കുട്ടിയ്ക്ക് മസ്തിഷ്‌കാഘാതം ഉണ്ടായി. ഗുരുതരാവസ്ഥയിലായ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മാലദ്വീപ് തലസ്ഥാനമായ മാലെയിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടി കുടുംബം എയർ ആംബുലൻസ് ആവശ്യപ്പെട്ടിരുന്നു. എയർ ആംബുലൻസിന് അനുമതി തേടി 16 മണിക്കൂർ കഴിഞ്ഞിട്ടും മറുപടി നൽകാൻ വ്യോമയാന അധികൃതർ തയ്യാറായില്ല.

പിന്നീട് മണിക്കൂറുകൾക്ക് ശേഷം കുട്ടിയെ മാലെയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുട്ടിയുടെ മരണത്തിന് പിന്നാലെ വലിയ പ്രതിഷേധം നടന്നുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, അപേക്ഷ ലഭിച്ചയുടൻ നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നെന്നും അവസാനനിമിഷമുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് കാലതാമസം ഉണ്ടായതെന്നും മെഡിക്കൽ ഇവാക്കുവേഷന്റെ ചുമതലയുള്ള കമ്പനി അറിയിച്ചിരിക്കുന്നത്.