താലിബാന്‍ അധികാരത്തില്‍ പണി കിട്ടിയത് പാകിസ്ഥാന് ! സമ്പദ് വ്യവസ്ഥ താറുമാറായി, പാക് കറന്‍സിയും കീഴ്‌പ്പോട്ട്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയില്‍. ഇപ്പോഴത്തെ വിനിമയ നിരക്കില്‍ ഒരു ഡോളറിന് തുല്യമാവണമെങ്കില്‍ 169.6 പാക് രൂപ വേണ്ടിവരും. 2021 മേയ് 14 ശേഷം മൂല്യത്തില്‍ ഏകദേശം 10.21 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

കറന്റ് അക്കൗണ്ട് കമ്മി മുന്‍ മാസത്തെ 0.8 ബില്യണ്‍ ഡോളറില്‍ നിന്ന് 2021 ഓഗസ്റ്റില്‍ 1.5 ബില്യണ്‍ ഡോളറായിട്ടാണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കറന്റ് അക്കൗണ്ട് കമ്മി 838 മില്യണ്‍ ഡോളറായിരുന്നത് ഇപ്പോള്‍ 2.29 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തിലുണ്ടായ ഇടിവാണ് പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടം സംഭവിക്കാനുള്ള മറ്റൊരു കാരണം.

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക പിന്മാറിയതാണ് പാകിസ്ഥാന്റെ വിദേശ നാണ്യ ശേഖരത്തില്‍ പൊടുന്നനെ ഇടിവുണ്ടാക്കിയതെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്. അമേരിക്കയും സഖ്യസേനയും പിന്‍വാങ്ങുകയും ഓഗസ്റ്റ് 15 ന് അഫ്ഗാനിലെ ഭരണം താലിബാന്‍ ഏറ്റെടുക്കുകയും ചെയ്തതോടെ അവിടത്തെ ബാങ്കിംഗ് സംവിധാനം താറുമാറായിരുന്നു. അഫ്ഗാനിലേക്കുള്ള യു എസ് ഡോളറിന്റെ ഒഴുക്ക് തടയാനും ഇത് കാരണമായി.

കാബൂള്‍ താലിബാന്‍ ഏറ്റെടുക്കുന്നതിന് മുമ്പ് അഫ്ഗാനിസ്ഥാനിലെ ചിലവുകള്‍ക്കായി 500 മില്യണ്‍ ഡോളര്‍ വീതം അമേരിക്ക എത്തിച്ചിരുന്നു. ഇതിന്റെ നല്ലൊരു പങ്കും പാകിസ്ഥാന്‍ വിപണിയിലേക്കാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഒഴുകിയിരുന്നത്. കരിഞ്ചന്തയിലൂടെ പാകിസ്ഥാനില്‍ നിന്നും ഡോളര്‍ പുറത്തേയ്ക്ക് കടത്തുന്നതും പാകിസ്ഥാന്‍ രൂപയെ ഇത് സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഇനിയും ഡോളര്‍ നിരക്ക് ഉയരുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഒഫ് പാകിസ്ഥാന്‍ നല്‍കുന്ന സൂചന.