ബംഗ്ലാദേശ് എം പി അൻവാറുൽ അസീം അനാറിന്റെ കൊലപാതകം; പിന്നിൽ സ്വർണ്ണക്കടത്ത് സംഘമോ?

കൊൽക്കത്ത: ബംഗ്ലാദേശ് എം പി അൻവാറുൽ അസീം അനാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ബിസിനസ് വൈരമാണ് കൊലപതാകത്തിന് കാരണമെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

കൊല്ലപ്പെട്ട അസീം അനാറും കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനും ബംഗ്ലാദേശി വംശജനുമായ അഖ്തറുസ്സമാൻ ഷഹീനും സ്വർണക്കടത്തിൽ പങ്കാളികൾ ആയിരുന്നതായും ലാഭ വിഹിതം പങ്കിടുന്നതിനെ ചൊല്ലി ഇരുവരും തർക്കമുണ്ടായെന്നും പോലീസ് വ്യക്തമാക്കിയതായാണ് വിവരം. ദീർഘകാലമായി ഇവർ സ്വർണക്കടത്ത് നടത്തി വരികയായിരുന്നു. ലാഭം പങ്കിടുന്ന കാര്യത്തിൽ അസീമും ഷഹീനും തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി ചോദ്യം ചെയ്യലിൽ കസ്റ്റഡിയിലുള്ള മറ്റുപ്രതികൾ വെളിപ്പെടുത്തിയതായാണ് സൂചന.

അഖ്തറുസ്സമാൻ ഷഹീൻ ദുബായിൽ നിന്ന് ബംഗ്ലാദേശിലേക്ക് സ്വർണം കടത്തുമ്പോൾ അൻവാറുൽ അസീം ആയിരുന്നു അത് സുരക്ഷിതമായി എത്തേണ്ടിടത്ത് എത്തിക്കുന്നത്. എന്നാൽ അടുത്തിടെ ഇരുവരും തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായി. അസീം ചതിക്കുമെന്ന തോന്നൽ ഷഹീമിന് ഉണ്ടായിരുന്നു. കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു.