General (Page 87)

തിരുവനന്തപുരം: 2025 വർഷത്തെ പൊതു അവധികളും നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് പ്രകാരമുള്ള അവധികളും അംഗീകരിച്ച് മന്ത്രിസഭാ യോഗം. തൊഴിൽ നിയമം-ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്‌സ് ആക്ട്സ്, കേരള ഷോപ്പ്‌സ് & കൊമേഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്‌മെന്റ് (നാഷണൽ & ഫെസ്റ്റിവൽ ഹോളിഡേയ്സ്) നിയമം 1958 -ന്റെ കീഴിൽ വരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുളളൂ.

14.03.2025 (വെള്ളിയാഴ്ച) ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിയ്ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുളള സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് പ്രാദേശികാവധി അനുവദിക്കുമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ:

ചെറുകിട നാമമാത്ര കർഷക പെൻഷൻ

ചെറുകിട നാമമാത്ര കർഷക പെൻഷൻ പദ്ധതിയിൽ അർഹരായ 6201 പുതിയ ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തും. മറ്റേതെങ്കിലും പെൻഷൻ വാങ്ങുന്നവർക്ക് അർഹതയുണ്ടാവില്ല.

തസ്തിക

കണ്ണൂർ, പിണറായി പോലീസ് സ്റ്റേഷൻറെ അധിക ജോലിഭാരവും സ്റ്റേഷൻ പരിധിയുടെ വ്യാപ്തി വർധിപ്പിച്ചതും കണക്കിലെടുത്ത് ഒരു ഇൻസ്‌പെക്ടർ ഓഫ് പോലീസ്, അഞ്ച് സിവിൽ പോലീസ് ഓഫീസർ എന്നീ തസ്തികകൾ കൂടി സൃഷ്ടിക്കും.

11 -ാം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം

അനർട്ടിലെ 28 അംഗീകൃത തസ്തികകളിൽ ജോലി ചെയ്യുന്ന 96 റഗുലർ ജീവനക്കാർക്ക് കൂടി 11 -ാം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യങ്ങൾ അനുവദിക്കും. മനേജിങ് ഡയറക്ടർ എന്ന പദത്തിന് പകരം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്ന് ഭേദഗതി വരുത്തും.

കാലാവധി ദീർഘിപ്പിച്ചു

കേരള റബ്ബർ ലിമിറ്റഡിൻറെ ചെയർപേഴ്‌സൺ & മാനേജിങ് ഡയറക്ടറായ ഷീല തോമസ് ഐ എ എസിൻറെ സേവന കാലാവധി ഒരു വർത്തേക്ക് കൂടി ദീർഘിപ്പിച്ചു.

കെ എസ് ഐ ടി എൽ മനേജിങ് ഡയറക്ടർ തസ്തികയിൽ കാരാർ വ്യവസ്ഥയിലും കെഫോൺ എം ഡി, ഐ കെ എം എക്‌സിക്യൂട്ടീവ് ഡയറക്ടർ എന്നീ തസ്തികകളുടെ അധിക ചുമതലയും വഹിക്കുന്ന ഡോ. സന്തോഷ് ബാബു ഐ എ എസിന് ഒരു വർഷത്തേക്ക് കരാർ നിയമനം ദീർഘിപ്പിച്ചു നൽകും.

രജിസ്‌ട്രേഷൻ ഫീസ് ഇളവ്

ബി ഇ എം എൽ ലിമിറ്റഡിന്റെ നോൺ കോർ സർപ്ലസ് അസറ്റ്, ബി ഇ എം എൽ ലാൻറ് അസറ്റ് ലിമിറ്റഡിൻറെ പേരിലേക്ക് മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് രജിസ്‌ട്രേഷൻ ഫീസ് ഇനത്തിൽ ഇളവ് നൽകും. തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നത് പോലെ പരമാവധി 30,000 രൂപ എന്നതിന് വിധേയമായി 2% രജിസ്‌ട്രേഷൻ ഫീസായി നിശ്ചയിക്കും.

ഉത്തരവിൽ ഭേദഗതി

തിരുവനന്തപുരം കിഴക്കേകോട്ട റോഡ് വികസനത്തിൻറെ ഭാഗമായി കുടിയൊഴിക്കപ്പെട്ട 20 തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തും. കമ്പോളവിലയുടെ 5% നിരക്കിൽ എന്നത് കമ്പോളവിലയുടെ 2% എന്നാക്കി മാറ്റും. ഉത്തരവ് തീയതി മുതൽ ഒരു വർഷത്തിനകം നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന വ്യവസ്ഥയിൽ മാറ്റം വരുത്തും. ബന്ധപ്പെട്ട വ്യക്തികൾക്ക് ഭൂമി കൈമാറിയ 05.10.2023 മുതൽ ഒന്നര വർഷം എന്ന മാറ്റം വരുത്തും. 29.12.2020 ലെ ഉത്തരവ് പ്രകാരമാണ് റോഡ് വികസനത്തിൻറെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് വഞ്ചിയൂർ വില്ലേജിൽ 1.18 ആർ ഭൂമി വീതിച്ചു നൽകി കമ്പോള വിലയുടെ 5 % നിരക്കിൽ ഈടാക്കി പട്ടത്തിന് അനുവദിച്ചത്.

പരിഭാഷ സെൽ

ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പിൽ പരിഭാഷ സെൽ രൂപീകരിക്കും.

കരട് അംഗീകരിച്ചു

കേരള ഇൻറസ്ട്രിയിൽ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്പ്‌മെൻറ് (ഭേദഗതി) ബിൽ 2024ൻറെ കരട് അംഗീകരിച്ചു.

പട്ടിക വർഗ്ഗ ലിസ്റ്റിൽ ഉൾപ്പെടുത്തും

കേരളത്തിലെ പട്ടിക വർഗ്ഗ ലിസ്റ്റിൽ കളനാടി സമുദായത്തെ ഉൾപ്പെടുത്തുന്നതിനുള്ള നിർദ്ദേശം കേന്ദ്ര സർക്കാരിന് കൈമാറി.

കെയർഹോം സ്ഥാപിക്കുന്നതിന് അനുമതി

2008ലെ കേരള നെൽവയൽ – തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ജലസംരക്ഷണ നടപടികൾക്ക് മാറ്റിവെച്ച ഭൂമിയുടെ സ്ഥാനം മറ്റൊരു ഭാഗത്തേക്ക് മാറ്റി നൽകണമെന്ന പത്തനംതിട്ട, തിരുവല്ല സ്വദേശികളായ വർക്കി എബ്രഹാം, ബിജു മാത്യു എന്നിവരുടെ അപേക്ഷ അംഗീകരിച്ചു. മൂന്ന് വ്യത്യസ്ത നടപടികൾക്കായി ഉത്തരവുകളിലൂടെ ജലസംരക്ഷണ നടപടികൾക്കായി മാറ്റിവെച്ച 19.06 ആർ ഭൂമിയുടെ സ്ഥാനം, തങ്ങളുടെ കൈവശമുള്ള ആകെ ഭൂമിയുടെ ഏതെങ്കിലും ഭാഗത്തേയ്ക്ക് ഒരുമിച്ചാക്കി നൽകണമെന്നായിരുന്നു അപേക്ഷ. ഇത് പ്രത്യേക കേസായി പരിഗണിച്ച് ഭൂമി മുതിർന്ന പൗരന്മാർക്കുള്ള കെയർഹോം സ്ഥാപിക്കുന്നതിന് അനുവദിക്കാൻ അനുമതി നൽകി.

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആർടിസിയുടെ എസി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസ് യാത്രയ്ക്ക് തയ്യാറാകുന്നു. സർവീസുകൾ അടുത്ത ആഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ആദ്യഘട്ടത്തിൽ 10 ബസുകളാണ് സർവീസ് നടത്തുക. സൂപ്പർഫാസ്റ്റിനും എക്സ്പ്രസിനും ഇടയിലായിരിക്കും ടിക്കറ്റ് നിരക്ക്. വൈഫൈ കണക്ഷൻ, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് എന്നീ സൗകര്യങ്ങൾ ഉണ്ടാകും. 40- സീറ്റുകളാണ് ബസിൽ ഉള്ളത്.

യാത്രക്കാർക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാം. ഇടയ്ക്ക് യാത്രക്കാർക്ക് ഭക്ഷണം കഴിക്കാൻ ഗുണനിലവാരമുള്ള ഹോട്ടലുകളിൽ സൗകര്യം ഒരുക്കും. തിരുവനന്തപുരം-കോഴിക്കോട്, കോഴിക്കോട്-തിരുവനന്തപുരം, തിരുവനന്തപുരം-പാലക്കാട്, പാലക്കാട്-തൃശൂർ റൂട്ടുകളിലാണ് എസി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസ് പരിഗണിക്കുന്നത്. ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ തുടക്കത്തിൽ എംസി റോഡിനാണ് മുൻഗണന നൽകുന്നത്.

കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായ യാത്രയാണ് അത്യാധുനിക സൗകര്യങ്ങളുമായി എത്തുന്ന എസി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസിലൂടെ കെഎസ്ആർടിസി ലക്ഷ്യം വെക്കുന്നത്.

തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങളുടെ വേഗതയും സുതാര്യതയും ഉറപ്പാക്കാൻ കഴിയുമെന്നതിനാൽ സമ്പൂർണ ഡിജിറ്റൽ സേവനം റവന്യു വകുപ്പിൽ ഉറപ്പു വരുത്തുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ റവന്യൂ വകുപ്പ് നടപ്പിലാക്കുന്ന പുതിയ 12 ഇ-സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന നയത്തിന്റെ ഭാഗമായി റവന്യു വകുപ്പും സ്മാർട്ട് ആവുകയാണ്. കേരളത്തിലേറ്റവും കൂടുതൽ പട്ടയങ്ങൾ നൽകിയ സർക്കാരാണിത്. മൂന്ന് വർഷത്തിനുള്ളിൽ 1,80,877 പട്ടയങ്ങളാണ് വിതരണം ചെയ്തത്.

ക്യു ആർ കോഡ് രേഖപ്പെടുത്തിയ ഇ-പട്ടയങ്ങളാണ് നിലവിൽ നൽകുന്നത്. ജന്മിത്തവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നിലവിൽ കേരളം നടത്തുന്നത്. 2022 നവംബർ 1 ന് ആരംഭിച്ച ഡിജിറ്റൽ റീസർവേ 4,85,000 ഹെക്ടറിൽ പൂർത്തിയാക്കാൻ സാധിച്ചത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.

വില്ലേജ് ഓഫീസുകൾ മുതൽ ഡയറക്ടറേറ്റ് വരെയുള്ള മുഴുവൻ സ്ഥാപനങ്ങളും സേവനങ്ങളും ഡിജിറ്റലാക്കി മാറ്റും. ലോക കേരള സഭയുടെ രണ്ടാമത്തെ എഡിഷനിൽ റവന്യു വകുപ്പ് പ്രഖ്യാപിച്ച പ്രവാസി മിത്രം പോർട്ടലിലൂടെ പ്രവാസികൾക്ക് റവന്യു അപേക്ഷയുടെ നിജസ്ഥിതി പരിശോധിക്കുന്നതിനുള്ള അവസരം ഇ-സേവനങ്ങളിലൂടെ ലഭിക്കും. പ്രവാസികൾക്ക് ഭൂ നികുതി, കെട്ടിട നികുതി, തരം മാറ്റമടക്കമുള്ള സേവനങ്ങൾ ഓൺലൈനായി നടത്താം എന്നത് കേരളത്തിന്റെ ചരിത്ര നേട്ടമാന്നെന്ന് മന്ത്രി പറഞ്ഞു.

ഭൂമിയിൻമേൽ ബാങ്കുകളിൽ നിന്നുള്ള വായ്പയുടെ വിശദാംശങ്ങൾ അറിയുന്ന ഇലക്ട്രോണിക് മോർട്ട്‌ഗേജ് റിക്കോർഡർ മറ്റൊരു പ്രധാന സേവനമാണ്. ഭൂമിയേറ്റെടുക്കൽ നടപടി ക്രമങ്ങൾ സുതാര്യമാക്കുക എന്നതാണ് ലാൻഡ് അക്വിസിഷൻ മാനേജ്‌മെന്റ് സിസ്റ്റം എന്ന സേവനത്തിന്റെ ലക്ഷ്യം. റവന്യു ഇ-സർവീസുകൾ മൊബൈൽ ആപ്പിലൂടെ ഉടൻ തന്നെ ലഭ്യമാകുന്നതിനുള്ള നടപടി അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.

10 വിദേശ രാജ്യങ്ങളിൽ ലഭ്യമാകുന്ന ഭൂസംബന്ധമായ സേവനങ്ങൾ, ഇലക്ട്രോണിക് മോർട്ട്ഗേജ് റിക്കോർഡറായ www.emr.kerala.gov.in, ഏത് ഭൂമിയും തിരയുന്നതിനുള്ള സൗകര്യം ലഭ്യമാക്കുന്ന www.revenue.kerala.gov.in, കെ ബി ടി അപ്പീൽ-ഓൺലൈൻ സംവിധാനം, റവന്യൂ റിക്കവറി ഡിജിറ്റൽ പെയ് മെന്റ്, ബിസിനസ് യൂസർ -PAN ഉപയോഗിച്ചുള്ള ലോഗിൻ സൗകര്യം, റവന്യൂ ഇ – സർവ്വീസ് മൊബൈൽ ആപ്പ്, ലാൻഡ് അക്വിസിഷൻ മാനേജ്‌മെന്റ് സിസ്റ്റമായ www.lams.revenue.kerala.gov.in, വില്ലേജ് ഡാഷ്‌ബോർഡ് VOMIS, ഗ്രീവെൻസ് & ഇന്നോവേഷൻസ്, സാമൂഹ്യ സുരക്ഷാ പെൻഷൻ, റവന്യൂ ഇ-കോടതി എന്നിവയാണ് പുതിയതായി നടപ്പിലാക്കുന്ന ഇ-സേവനങ്ങൾ.

ആന്റണി രാജു എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യൂ കമ്മിഷണർ ഡോ. എ കൗശിഗൻ, ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത, തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി, വാർഡ് കൗൺസിലർ പാളയം രാജൻ എന്നിവർ സംബന്ധിച്ചു.

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം അടിയന്തരമായി ലഭ്യമാക്കണമെന്നും ജി എസ് ടി യുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനം വേഗത്തിൽ എടുക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനുമായി ചർച്ച നടത്തി. കേന്ദ്ര ധനമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

വയനാട് സഹായം ലഭ്യമാക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് എത്രയും വേഗം തീരുമാനം എടുക്കുമെന്ന് കെ.വി തോമസിന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. കേരളത്തിന് ശേഷം പ്രകൃതി ദുരന്തം ഉണ്ടായ പല സംസ്ഥാനങ്ങൾക്കും കേന്ദ്ര സഹായം ലഭ്യമായിട്ടും കേരളത്തിന് ഇപ്പോഴും സഹായം ലഭിച്ചിട്ടില്ലെന്ന് കെ.വി തോമസ് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേന്ദ്ര- കേരള മാനദണ്ഡങ്ങളിൽ ചില വ്യത്യാസങ്ങൾ ഉള്ളതുകൊണ്ടാണ് ഈ കാലതാമസം എന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

ജി എസ് ടി യു മായി ബന്ധപ്പെട്ട് സംസ്ഥാന ധനമന്ത്രിയുമായി പലതവണ സംസാരിച്ചുണ്ടെന്നും ഇനിയുള്ള കാര്യങ്ങളിൽ വേണ്ടിവന്നാൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഇപ്പോഴുള്ള കേന്ദ്ര-സംസ്ഥാന റേഷ്യോ 60-40 എന്നത് 50-50 എന്ന് ആക്കണമെന്നും സെസുകളും സർചാർജുകളും സാവധാനത്തിൽ ഒഴിവാക്കി എല്ലാ വരുമാനങ്ങളുടെയും ഒരു നിശ്ചിത ശതമാനം സംസ്ഥാനങ്ങൾക്കും ലഭ്യമാക്കണമെന്നതാണ് കേരളത്തിന്റെ നിലപാട്. സംസ്ഥാന വികസനത്തിനും മറ്റ് സാമ്പത്തിക ആവശ്യങ്ങൾക്കുമായി കടമെടുക്കുന്ന കാര്യത്തിൽ കേന്ദ്രത്തിൽനിന്ന് കുറച്ചുകൂടി ഉദാര സമീപനം ഉണ്ടാകണമെന്നും കേരളം ആവശ്യപ്പെട്ടു. ഇതെല്ലാം താമസിക്കാതെ പരിഹരിക്കാമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി കെവി തോമസിന് ഉറപ്പുനൽകി.

കൊച്ചി: വലിയ ദുരന്തത്തെ നേരിടുന്ന വയനാട് ചൂരൽമലയെ വീണ്ടെടുക്കാൻ എന്തെങ്കിലും ചെയ്യൂവെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. ഇക്കാര്യത്തിൽ വിശദീകരണത്തിന് കേന്ദ്രസർക്കാർ കൂടുതൽ സമയം തേടിയപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വയനാടുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് അടുത്ത വെളളിയാഴ്ച പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാർ സഹായം സംബന്ധിച്ച് കൃത്യമായ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു.

തങ്ങളെക്കൊണ്ടുമാത്രം വയനാട് പുനരധിവാസം പൂർത്താക്കാനാകില്ലെന്നും കേന്ദ്ര സർക്കാർ സഹായം അടിയന്തരമായി ഉറപ്പാക്കണമെന്നും സംസ്ഥാന സർക്കാർ നേരത്തെ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകിയെന്നും കോടതിയിടപെട്ട് നിയന്ത്രിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.

പുനരധിവാസത്തിന് സർക്കാർ തയാറാക്കിയ എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുകയായി മാധ്യമങ്ങൾ വ്യാഖ്യാനിച്ചത് പുനരധിവാസ പ്രവർത്തനങ്ങളെ പിന്നോട്ടടിച്ചെന്ന് എ.ജി അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തകരുടെ മനോവീര്യം തകരുന്ന സാഹചര്യമുണ്ടാക്കി. എന്നാൽ മാധ്യമങ്ങളെ നിയന്ത്രിക്കുന്നില്ലെന്നും കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ഒക്ടോബർ 11) പൊതു അവധി പ്രഖ്യാപിച്ചു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. നവരാത്രി പൂജ വയ്പ്പിന്റെ ഭാഗമായാണ് പൊതു അവധി.

അവധി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകമായിരിക്കും. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കുകൾക്കും അവധി ബാധകമാണ്. ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാൽ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക. 11, 12 തീയ്യതികളിൽ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്.

കൊച്ചി: നടൻ ശ്രീനാഥ് ഭാസി പൊലീസിന് മുമ്പാകെ ഹാജരായി. ഗുണ്ടാ തലവൻ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ടാണ് ശ്രീനാഥ് ഭാസി പോലീസിന് മുന്നിൽ ഹാജരായത്. കൊച്ചി മരട് പൊലീസ് സ്റ്റേഷനിലാണ് ശ്രീനാഥ് ഭാസി എത്തിയത്. കേസുമായി ബന്ധപ്പെട്ട് നടി പ്രയാഗ മാർട്ടിനോടും ശ്രീനാഥിനോടും മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് പോലീസ് നിർദ്ദേശിച്ചിരുന്നു. എന്നാൽ, പ്രയാഗ ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.

പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും കൊച്ചിയിലെ സെവൻ സ്റ്റാർ ഹോട്ടലിൽ ഓം പ്രകാശുണ്ടായിരുന്ന മുറിയിലെത്തിയെന്നാണ് പോലീസിൻറെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇവരെ കൂടാതെ ഇരുപത് പേർ വേറെയുമുണ്ടായിരുന്നു. മുറിയിൽ ലഹരിപാർട്ടി നടന്നെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള 20 പേരിൽ മറ്റ് ചിലരെയും അന്വേഷണസംഘം ബന്ധപ്പെട്ടിട്ടുണ്ട്.

കൊച്ചിയിൽ ബോൾഗാട്ടിയിൽ അലൻ വാക്കറുടെ ഡി ജെ ഷോയിൽ പങ്കെടുക്കാൻ എന്ന പേരിൽ സെവൻ സ്റ്റാർ ഹോട്ടലിൽ മുറി എടുത്താണ് ലഹരി ഉപയോഗമെന്നാണ് പൊലീസ് പറയുന്നത്. ബോബി ചലപതി എന്നയാളുടെ പേരിൽ ബുക്ക് ചെയ്ത മുറിയിൽ സംഘടിച്ച ആളുകൾ ലഹരി ഉപയോഗിച്ചു. എല്ലാത്തിനും ചുക്കാൻ പിടിച്ചതും പാർട്ടിയുടെ ഭാഗമായതും ഗുണ്ടാ തലവൻ ഓം പ്രകാശാണെന്നും എളമക്കരക്കാരനായ ബിനു തോമസ് വഴിയാണ് ശ്രീനാഥ് ഭാസിയും പ്രയാഗയും മുറിയിൽ എത്തിയതെന്നും പൊലീസ് പറയുന്നു.

ന്യൂഡൽഹി: പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുകേഷ് അംബാനി. രത്തൻ ടാറ്റയുടെ വിയോഗം ടാറ്റ ഗ്രൂപ്പിന് മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും ഏറ്റവും വലിയ നഷ്ടമാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്റ്ററുമായ മുകേഷ് അംബാനി പറഞ്ഞു. ഇന്ത്യക്കും ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തിനും വളരെ ദു:ഖകരമായ ദിനമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

വ്യക്തിപരമായി വളരെ ദുഖകരമായ ദിനമാണിന്ന്. പ്രിയപ്പെട്ട സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹവുമായുള്ള ഓരോ ഇടപെടലും തന്നെ വളരയെധികം പ്രചോദിപ്പിക്കുകയും ഊർജസ്വലനാക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വഭാവത്തിലെ എളിമയും മാനുഷിക മൂല്യങ്ങളും വളരെ മഹത്തരമായിരുന്നു. രത്തൻ ടാറ്റ ദീർഘവീക്ഷണമുള്ള ഒരു വ്യവസായിയും മനുഷ്യസ്‌നേഹിയുമായിരുന്നു, അദ്ദേഹം സമൂഹത്തിന്റെ മഹത്തായ നന്മയ്ക്കായി എപ്പോഴും പരിശ്രമിച്ചു. രത്തൻ ടാറ്റയുടെ വിയോഗത്തോടെ, ഇന്ത്യക്ക് ഏറ്റവും പ്രഗത്ഭനും കാരുണ്യവാനുമായ ഒരു മകനെയാണ് നഷ്ടമായത്ര്. ടാറ്റ ഇന്ത്യയെ ലോകത്തിലേക്ക് കൊണ്ടുപോയി, ലോകത്തിലെ ഏറ്റവും മികച്ചത് ഭാരതത്തിലേക്കും കൊണ്ടുവന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അദ്ദേഹം ഹൗസ് ഓഫ് ടാറ്റയെ സ്ഥാപനവൽക്കരിക്കുകയും 1991 ൽ ചെയർമാനായി ചുമതലയേറ്റ ശേഷം ടാറ്റയെ ഒരു അന്താരാഷ്ട്ര ബിസിനസ് ഗ്രൂപ്പാക്കി മാറ്റുകയും ചെയ്തു. രത്തൻ ചുമതലയേറ്റ ശേഷം 70 മടങ്ങ് വളർച്ചയാണ് ടാറ്റയ്ക്കുണ്ടായത്. റിലയൻസിനും നിതയ്ക്കും അംബാനി കുടുംബത്തിനും വേണ്ടി, ടാറ്റ കുടുംബത്തിലെയും മുഴുവൻ ടാറ്റ ഗ്രൂപ്പിലെയും അംഗങ്ങൾക്ക് ഞാൻ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. രത്തൻ, അങ്ങ് എന്നും തന്റെ ഹൃദയത്തിൽ നിലനിൽക്കുമെന്നും മുകേഷ് അംബാനി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 4 ദിവസമായി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. രക്ത സമ്മർദ്ദം കുറഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മൂന്നു ദിവസമായി വെൻറിലേറ്ററിന്റെ സഹായത്തോടെയായിരുന്നു രത്തൻ ടാറ്റ കഴിഞ്ഞിരുന്നത്.

1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു അദ്ദേഹം. പത്മഭൂഷൺ, പത്മവിഭൂഷൺ തുടങ്ങിയ പുരസ്‌കാരങ്ങൾ നൽകി രാജ്യം ആദരിച്ച വ്യക്തിയാണ് രത്തൻ ടാറ്റ. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ രത്തൻ ടാറ്റയുടെ മൃതദേഹം സംസ്‌കരിക്കും.

രത്തൻ ടാറ്റയുടെ നിര്യാണത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിലാപ സൂചകമായി മഹാരാഷ്ട്രയിലെ സർക്കാർ ഓഫീസുകളിൽ ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും ഉണ്ടാകില്ല. ഇന്ന് നടക്കാനിരുന്ന സംസ്ഥാന സർക്കാരിന്റെ എല്ലാ പരിപാടികളും റദ്ദാക്കിയതായി മഹാരാഷ്ട്ര മന്ത്രി ദീപക് കേസർകർ വ്യക്തമാക്കി.