തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് പോക്കറ്റ് മണിയുമായി സൈബർ ഫ്രോഡുകൾ രംഗത്തെത്തിയിട്ടുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. പതിനായിരങ്ങൾ പോക്കറ്റ് മണി ആയി നൽകുമ്പോൾ വിദ്യാർത്ഥികൾ പകരം നൽകേണ്ടത് അവരുടെ ബാങ്ക് ഡീറ്റെയിൽസ് മാത്രമായിരിക്കും. തങ്ങളുടെ പണമില്ലാത്ത ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് നൽകിയാൽ എന്താണ് നഷ്ടപെടാനുള്ളത് എന്നോർത്ത് ധൈര്യസമേതമാണ് അവർ അക്കൗണ്ട് ഡീറ്റെയിൽസ് സൈബർ ഫ്രോഡുകൾക്ക് കൈമാറുന്നത്. പകരം കിട്ടുന്ന പോക്കറ്റ് മണിയെ മാത്രം ലക്ഷ്യം വച്ചപ്പോൾ വരാൻ പോകുന്ന ഭവിഷത്തിനെകുറിച്ച് അവർ ചിന്തിക്കുന്നില്ല. നോർത്ത് ഇൻഡ്യയിൽ ഇത്തരത്തിൽ പോക്കറ്റ് മണിക്കു പകരം വിദ്യാർത്ഥികളുടെ അക്കൗണ്ട് ഡീറ്റെയിൽസ് വാങ്ങി സൈബർ തട്ടിപ്പുക്കാർ അവർ തട്ടിയെടുത്ത തുകകൾ ഇത്തരം അക്കൗണ്ടുകൾ വഴി കൈമാറപ്പെടുന്നു. തട്ടിപ്പുകാർക്ക് സൈബർ പോലീസിന്റെ പിടിയിൽ നിന്നും രക്ഷനേടാനായി കണ്ടെത്തുന്ന പുതിയ വഴികൾ ആണ് ഇത്. ഇത് മൂലം പോലീസ് പിടിയിൽ ആകുന്നത് വിദ്യാർത്ഥകളാണ്.
തങ്ങളുടെ അക്കൗണ്ടിൽ വരുന്ന ലക്ഷങ്ങളേയും കോടികളേയും കുറിച്ച് അവർ യാതൊരു അറിവും ഉണ്ടാകില്ല. അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ വരെ ഇവർ മാറ്റുന്നതിനാൽ അക്കൗണ്ട് വഴി നടക്കുന്ന പണമിടപാടുകളുടെ നോട്ടിഫിക്കേഷനോ മെസ്സേജോ വിദ്യാർത്ഥികൾക്ക് വരുകയും ഇല്ല. സൈബർ പോലീസുദ്യോഗസ്ഥരുടെ അന്വേഷണത്തിൽ ഇവരെ അറസ്റ്റ് ചെയ്തതോടെയാണ് ഇവർക്ക് പറ്റിയ അബദ്ധവും സൈബർ തട്ടിപ്പുകാരുടെ കെണിയെകുറിച്ചും വിദ്യാർഥികൾക്ക് മനസ്സിലായത്.
വിദ്യാർത്ഥികൾ കരുതിയിരിക്കുക. പോക്കറ്റ് മണി എന്ന പുതിയ കെണിയിൽ വീണ് സൈബർ കുറ്റകൃത്യത്തിൽ പങ്കാളികളാകാതിരിക്കുക. ഇത്തരം സൈബർ തട്ടിപ്പുസംഘത്തിന്റെ വലയിൽ നമ്മുടെ മക്കളും യുവതലമുറയും അകപ്പെടാതിരിക്കാൻ രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും അതീവജാഗ്രത പുലർത്തേണ്ടതാണ്. നമ്മുടെ അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്തുന്നതിന് അപരിചിതരായ ആരെയും അനുവദിക്കരുത്. ഇത്തരം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ നിങ്ങളുടെ ശ്രദ്ധയിപ്പെട്ടാൽ ഉടൻ തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

