General (Page 86)

തിരുവനന്തപുരം: ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപാത നിർമ്മാണ പദ്ധതിയ്ക്ക് 2043.75 കോടി രൂപയുടെ ഭരണാനുമതിയും 2134.50 കോടി രൂപയുടെ സാമ്പത്തികാനുമതിയും നൽകി. മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിയുടെ നിർവ്വഹണ ഏജൻസി കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (KRCL) ആണ് . പദ്ധതിക്ക്ഈ പദ്ധതിക്കായി 17.263 ഹെക്ടർ വനഭൂമി ഏറ്റെടുക്കുന്നതിനായുള്ള വനം വകുപ്പിന്റെ സ്റ്റേജ്-1 ക്ലിയറൻസ് 31.03.2023-ന് ലഭ്യമായിട്ടുണ്ട്. സ്റ്റേജ്-2 ക്ലിയറൻസിനായി 17.263 ഹെക്ടർ സ്വകാര്യഭൂമി വനഭൂമിയായി പരിപവർത്തനം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇതിന്റെ പോക്കുവരവ് സർട്ടിഫിക്കറ്റ് റവന്യൂ വകുപ്പിൽ ലഭിച്ചത് വയനാട് ഡിഎഫ്ഒ നൽകി പരിവേഷ് പോർട്ടലിൽ അപ്ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പദ്ധതിക്കായി കോഴിക്കോട് ജില്ലയിലെ 8.0525 ഹെക്ടർ സ്വകാര്യഭൂമിയും വയനാട് ജില്ലയിലെ 8.1225 ഹെക്ടർ സ്വകാര്യഭൂമിയും പൊതുമരാമത്ത് ഏറ്റെടുത്ത് KRCL-ന് കൈമാറി. കോഴിക്കോട് ജില്ലയിൽ 1.8545 ഹെക്ടർ ഭൂമി കൂടി ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിച്ചുവരുന്നു. പദ്ധതിക്കായി ആകെ ഏറ്റെടുക്കേണ്ടതിന്റെ 90 ശതമാനം ഭൂമിയും നിലവിൽ ഏറ്റെടുത്തിട്ടുണ്ട്. പദ്ധതിക്ക് അന്തിമ പാരിസ്ഥിതിക അനുമതി ലഭ്യമാക്കുന്നതിനുള്ള അപേക്ഷ നിലവിൽ സ്റ്റേറ്റ് ലെവൽ എക്‌സ്‌പെർട്ട് കമ്മിറ്റിയുടെ (SEAC) പരിഗണനയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ടണൽ പാതയുടെ പ്രവൃത്തി 2 പാക്കേജുകളിലായി Engineering,Procurement, and Construction (EPC) മോഡലിൽ ടെണ്ടർ ചെയ്തിട്ടുണ്ട്. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണൽപാത നിർമ്മാണം രണ്ടാമത്തെ പാക്കേജിലും ഉൾപ്പെടുത്തിയിരിക്കുന്നു. പാക്കേജ് 1 ന്റെ ഫിനാൻഷ്യൽ ബിഡ് 08.07.2024-നും പാക്കേജ് 2 ന്റെ ഫിനാൻഷ്യൽ ബിഡ് 04.09.2024-നും തുറന്നിട്ടുണ്ട്. അന്തിമ പാരിസ്ഥിതിക അനുമതി ലഭിക്കുന്ന മുറക്ക് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്ത് പോലീസ്. ചോദ്യം ചെയ്യലിന് ശേഷം താരത്തെ പോലീസ് വിട്ടയച്ചു. രേഖകൾ ഇന്നും സിദ്ദിഖ് ഹാജരാക്കിയില്ല. 2016- 17 കാലത്ത് ഉപയോഗിച്ചിരുന്ന ക്യാമറ, ഐ പാഡ്,ഫോൺ എന്നിവ കൈവശമില്ലെന്നാണ് സിദ്ദിഖ് പോലീസിനെ അറിയിച്ചത്. എസ്പി മെറിൻ ജോസഫ് പ്രാഥമികമായ വിവരങ്ങൾ ചോദിച്ചു. വീണ്ടും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുന്ന കാര്യം തീരുമാനിച്ചിട്ടില്ലന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.

2016ന് ശേഷം പരാതിക്കാരിയുമായി നിരന്തരമായി ഫോൺ വിളിയോ ചാറ്റോ ഉണ്ടായിമുന്നില്ലെന്ന് സിദ്ദിഖ് വ്യക്തമാക്കി. ഹോട്ടലിൽ വച്ച് പരാതിക്കാരിയെ കണ്ടിട്ടില്ലെന്നും താരം പറഞ്ഞു.

അതേസമയം, സിദ്ദിഖ് ഇന്ന് ബാങ്ക് അക്കൗണ്ട് രേഖകൾ പോലീസിന് കൈമാറി. നാല് അക്കൗണ്ട് വിവരങ്ങളാണ് പോലിസ് ആവശ്യപ്പെട്ട പ്രകാരം ഇന്ന് സിദ്ദിഖ് കൈമാറിയത്.

കൊച്ചി: മൂന്ന് സിനിമാ, സീരിയൽ താരങ്ങൾക്കെതിരെ കേസെടുത്ത് പോലീസ്. ബലാത്സംഗ കേസിലെ പരാതിക്കാരിയെ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിനിമാ സീരിയൽ താരങ്ങളായ സ്വാസിക, ബീന ആന്റണി, ഭർത്താവ് മനോജ് തുടങ്ങിയവർക്കെതിരെയാണ് കേസ്.

നെടുമ്പാശ്ശേരി പൊലീസാണ് താരങ്ങൾക്കെതിരെ കേസെടുത്തത്. ബീന ആന്റണി ഒന്നാംപ്രതിയും, ഭർത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തിൽ യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുളള പരാമർശം നടത്തിയെന്നാണ് നടി ഇവർക്കെതിരെ നൽകിയ പരാതി.

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ ചേർത്തു നിർത്തുന്ന തരം വികസനപ്രവർത്തനങ്ങളാണ് നാടിന് ആവശ്യം എന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. നിർമാണം പൂർത്തിയാക്കിയ കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനകളുടെ പുനരധിവാസത്തിന് ഇത്തരത്തിൽ ഒരു ആശയം മറ്റെവിടെയും നടപ്പാക്കപ്പെട്ടിട്ടില്ല. പ്രകൃതി സംരക്ഷണത്തിന്റെ ദ്വിമുഖ ദൗത്യമാണ് കാപ്പുകാട് പദ്ധതിയിലൂടെ നടപ്പാവുന്നത്. ഇവിടത്തെ വനാശ്രിത സമൂഹമാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ഭാഗമായി ഈ പ്രദേശത്തേക്ക് 25 വർഷത്തെ ഗ്യാരണ്ടിയിൽ 1.7 കിലോമീറ്റർ കോൺക്രീറ്റ് റോഡ് നിർമിച്ചിട്ടുണ്ട്.

ഇത്തരത്തിൽ വനാശ്രിത സമൂഹത്തെയും വനാതിർത്തിയിൽ താമസിക്കുന്ന ജനവിഭാഗങ്ങളെയും ചേർത്തു നിർത്തുന്ന പദ്ധതികൾ നടപ്പാക്കുക എന്നത് രണ്ടാം പിണറായി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് എന്നും മന്ത്രി അറിയിച്ചു.

കേരള വനം വകുപ്പിന്റെ കീഴിൽ KIIFB ധനസഹായത്തോടെ പൂർത്തിയാക്കിയതാണ് ആന പുനരധിവാസ കേന്ദ്രം, 176 ഹെക്ടറിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. 50 ആനകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ പാർപ്പിക്കാനുള്ള സൗകര്യങ്ങൾ, കുട്ടിയാനകൾക്കുള്ള പ്രത്യേക പരിചരണ കേന്ദ്രം, വെറ്റിനറി ആശുപത്രി, സന്ദർശകർക്കായി പാർക്കിംഗ്, കഫെറ്റീരിയ, ആനയൂട്ട് ഗ്യാലറി, ലോകത്തിലെ ആദ്യത്തെ ആന മ്യൂസിയം, പഠന ഗവേഷണ പരിശീലന കേന്ദ്രം എന്നിവയും ഉൾക്കൊള്ളുന്നതാണ് പദ്ധതി.

വിവിധ വകുപ്പുകളുടെയും പ്രദേശത്തെ ജനങ്ങളുടെയും സഹകരണം പദ്ധതിക്ക് ലഭിച്ചു. ഒരു നാടിന്റെ ആകെ ഒരുമയുടെ നേട്ടമാണ് പദ്ധതിയുടെ പൂർത്തീകരണം എന്നും മന്ത്രി പറഞ്ഞു.

105 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പദ്ധതി കോട്ടൂരിനെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കുകയും വനാശ്രിത സമൂഹത്തിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് എന്ന് അരുവിക്കര എംഎൽഎ ജെ സ്റ്റീഫൻ പറഞ്ഞു.

രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കിയ പദ്ധതി ടൂറിസ്റ്റുകൾക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരു പ്രധാന ആകർഷണ കേന്ദ്രമായി മാറിയെന്ന് സി കെ ഹരീന്ദ്രൻ എം എൽ എ അഭിപ്രായപ്പെട്ടു.

സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. എംഎൽഎ ജെ സ്റ്റീഫൻ അധ്യക്ഷനായ ചടങ്ങിൽ എംഎൽഎ സി കെ ഹരീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഡി സുരേഷ്‌കുമാർ, വനം വകുപ്പ് മേധാവി ഗംഗാസിംഗ് ഐഎഫ്എസ്, വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, പ്രദേശത്തെ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: നിയമസഭയിൽ കെഎസ്ആർടിസിയുടെ ലാഭക്കണക്കുകൾ വിശദമാക്കി മന്ത്രി കെ ബി ഗണേഷ് കുമാർ. സംസ്ഥാനത്ത് 85 ശതമാനം ഡിപ്പോകളും പ്രവർത്തന ലാഭത്തിലെത്തിയെന്ന് മന്ത്രി പറഞ്ഞു. ഒൻപത് കോടി രൂപയാണ് ഡിപ്പോകളുടെ ടാർജറ്റ്. ലാഭത്തിലേക്ക് എത്തിക്കാൻ ജീവനക്കാർ പരമാവധി ശ്രമിക്കുന്നുണ്ട്. ബസുകൾ ഘട്ടം ഘട്ടമായി സിഎൻജിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലേക്ക് ചെറിയ ബസുകൾ വാങ്ങാനുള്ള ടെൻഡർ വിളിച്ചു. ധനവകുപ്പ് 93 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.

പെരുമ്പാവൂരിൽ കെഎസ്ആർടിസിയുടെ പെട്രോൾ പമ്പ് ഉടൻ ഉദ്ഘാടനം ചെയ്യും. പുതിയ 10 പെട്രോൾ പമ്പുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കും. ജീവനക്കാരുടെ ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും നൽകാൻ സാധിച്ചു. പിഎഫ് ക്ലോഷർ, എൻപിഎസ്, പെൻഷൻ ഫണ്ട്, സഹകരണ സൊസൈറ്റിക്ക് നൽകാനുള്ള പണം എല്ലാം ചേർത്ത് ഡിസംബർ മുതൽ ഇതുവരെ 883 കോടി രൂപ അടച്ചുതീർത്തു. നേട്ടങ്ങൾ കൈവരിക്കുന്ന ജീവനക്കാർക്ക് ഇൻസെന്റീവ് അടക്കം നൽകുമെന്നും അദ്ദേഹം വിശദമാക്കി.

കൊറിയർ സർവീസ് വീട്ടുപടിക്കൽ എത്തിക്കുന്നതിന് കെഎസ്ആർടിസിയുമായി ചേർന്ന് പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ച് ഒരു സ്റ്റാർട്അപ്പ് സമീപിച്ചിട്ടണ്ട്. വീടുകളിൽ നിന്ന് കൊറിയർ ശേഖരിക്കുകയും വീടുകളിൽ നേരിട്ട് കൊറിയർ എത്തിക്കുകയും ചെയ്യുന്ന സംവിധാനം യാഥാർത്ഥ്യമാക്കാനാണ് ശ്രമം നടക്കുന്നത്. അതിൽ ചർച്ച നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നാസിക്ക്: പരിശീലനത്തിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. വിശ്വരാജ് സിംഗ്, സൈഫത്ത് ഷിത്ത് എന്നിവരാണ് മരിച്ചത്. ദേവലാലി ക്യാമ്പിലെ ആർട്ടിലറി ഫയറിംഗ് റേഞ്ചിൽ ‘ഐ എഫ് ജി ഇന്ത്യൻ ഫീൽഡ് ഗൺ’ ഉപയോഗിച്ച് ഫയറിംഗ് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

പരിശീലനത്തിനിടെ ഷെല്ലുകൾ പൊട്ടിത്തെറിച്ച് ചില്ലുകൾ ശരീരത്തിൽ കുത്തികയറിയാണ് മരണം സംഭവിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ഹൈദരാബാദ് സ്വദേശികളായ അഗ്നിവീറുകൾ പരിശീലനത്തിന് വേണ്ടിയാണ് നാസിക്കിലെ ദിയോലാളിയിലുള്ള ആർട്ടിലെറി സ്‌കൂളിലെത്തിയത്. സംഭവത്തിൽ ഹവിൽദാർ അജിത് കുമാറിന്റെ പരാതിപ്രകാരം അപകടത്തിന്റെ കാരണം കണ്ടെത്താൻ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴക്കും ഒക്ടോബർ 15 വരെ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപം ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചാരിച്ചു ഒക്ടോബർ 13 രാവിലെയോടെ മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. മഹാരാഷ്ട്ര തീരത്തെ മധ്യ കിഴക്കൻ അറബിക്കടൽ മുതൽ തെക്കൻ കേരള തീരത്തിനു സമീപം തെക്ക് കിഴക്കൻ അറബിക്കടൽ വരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതചുഴി (Cyclonic circulation) സ്ഥിതി ചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തായി രൂപപ്പെട്ടിരിക്കുന്നു. കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ/ഇടത്തരം മഴ പെയ്യാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.

പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രമേ ഉണ്ടാകൂവെന്ന് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തരുടെ സുരക്ഷ പ്രധാനമാണെന്നും വെർച്വൽ ക്യൂ സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മാലയിട്ട് എത്തുന്ന ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം സർക്കാരുമായി ആലോചിച്ചു ഉറപ്പാക്കും. മണ്ഡലം മകരവിളക്ക് മഹോത്സവത്തിനുളള 90 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. രാവിലെ 3 മണി മുതൽ 1 മണി വരെയും ഉച്ചക്ക് 3 മണി മുതൽ 11 മണി വരെയുമാണ് ദർശനത്തിനുളള സമയം ഒരുക്കിയിരിക്കുന്നത്. വിശ്വാസികൾക്ക് പരമാവധി സൗകര്യം ഒരുക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മാലയിട്ട് എത്തുന്ന ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം ഉറപ്പിക്കാനുള്ള ഉചിതമായ തീരുമാനം ഉണ്ടാക്കും. വെർച്വൽ ക്യൂ ആധികാരികമായ രേഖയാണ്. സപ്പോർട്ട് ബുക്കിംഗ് കൂടി വരുന്നത് ആശാസ്യമായ കാര്യമല്ല. സ്‌പോട്ട് ബുക്കിംഗ് ഉണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വെർച്ചൽ ക്യൂവിലേക്ക് വരുമോയെന്ന് അദ്ദേഹം ചോദിക്കുന്നു.

മുംബൈ: ടാറ്റ ട്രസ്റ്റ് ചെയർമാനായി നോയൽ ടാറ്റ ചുമതലയേൽക്കും. ടാറ്റ ഗ്രൂപ്പിന്റെ പിന്തുടർച്ച സംബന്ധിച്ച് ചർച്ച ചെയ്യാൻ മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. രത്തൻ ടാറ്റയുടെ അർധസഹോദരനാണ് 67 കാരനായ നോയൽ ടാറ്റ.

നിലവിൽ ടാറ്റ ട്രസ്റ്റിന്റേയും ദോറാബ്ദി ടാറ്റ ട്രസ്റ്റിന്റേും ട്രസ്റ്റിയാണ്. ടാറ്റാ ട്രസ്റ്റിന്റെ കീഴിലുള്ളതാണ് ഈ രണ്ട് സ്ഥാപനങ്ങളും. സർ ദോരാബ്ജി ട്രസ്റ്റിനും രത്തൻ ടാറ്റ ട്രസ്റ്റിനുമായി 66 ശതമാനം ഓഹരി പങ്കാളിത്തമാണ് ടാറ്റ സൺസിനുള്ളത്. വളരെ നല്ലവനും വിവേകിയുമായ മനുഷ്യൻ എന്നാണ് നോയൽ ടാറ്റയെ ടാറ്റ സൺസിന്റെ മുൻ ബോർഡ് അംഗം ആർ ഗോപാലകൃഷ്ണൻ വിശേഷിപ്പിച്ചത്.

നോയൽ ടാറ്റ തലപ്പത്ത് എത്തുന്നത് ടാറ്റ ട്രസ്റ്റിന് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സാമൂഹിക പുരോഗതിയും ജനജീവിതനിലവാര വർദ്ധനവും ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നൂതന ശാസ്ത്ര സാങ്കേതിക വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു. ഓരോ ചുവടുവയ്പ്പും സാധാരണക്കാരായ മനുഷ്യർക്കും പ്രയോജനമാകണമെന്ന കാഴ്ചപ്പാടോടെയാണ് സർക്കാർ മുന്നേറുന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ നാലാം നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി എപിജെ അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ആരംഭിക്കുന്ന സോഫ്റ്റ്വെയർ ഡെവലപ്‌മെന്റ് സെന്ററിന്റേയും പഠന വകുപ്പുകളുടേയും സെക്ഷൻ 8 കമ്പനിയുടേയും ഉദ്ഘാടനം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററിന്റെ ശിലാഫലകവും മന്ത്രി അനാച്ഛാദനം ചെയ്തു.

ഉന്നതവിദ്യാഭ്യാസമേഖലയിലൂടെ അക്കാദമിക മികവിനോടൊപ്പം നൈപുണ്യത്തിനും പ്രാധാന്യം നൽകി വിദ്യാർഥികളെ തൊഴിൽമേഖലക്ക് അനുയോജ്യരാക്കുകയാണ്. അഭിമാനകരമായ സ്ഥാപനങ്ങളിൽ തൊഴിൽ നേടാൻ പ്രാപ്തരാക്കുന്നതൊടൊപ്പം ഗവേഷണ കണ്ടെത്തലുകളിലേക്ക് നയിക്കുന്നതിനും സർക്കാർ പ്രോത്സാഹനം നൽകുന്നുണ്ട്. ഗവേഷണ കണ്ടുപിടുത്തങ്ങൾക്ക് പേറ്റന്റുകൾ നൽകുന്ന കേന്ദ്രവും ആരംഭിച്ചു കഴിഞ്ഞു. വിദ്യാർഥികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യങ് ഇന്നൊവേറ്റേഴ്‌സ് പരിപാടിയിലൂടെ അഞ്ചു ലക്ഷം മുതൽ 25 ലക്ഷം രൂപവരെ സർക്കാർ ധനസഹായം നൽകുന്നുണ്ട്.

സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് നൂതന പ്രതിവിധികളും സേവനങ്ങളും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടു വർഷം മുൻപ് ബജറ്റിൽ ട്രാൻസ്ലേഷണൽ റിസർച്ച് സെന്റർ പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായാണ് സാങ്കേതിക സർവ്വകലാശാലയിൽ ട്രാൻസ്ലേഷണൽ റിസർച്ച് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. അടിസ്ഥാന മേഖലകളായ വ്യവസായം, ആരോഗ്യം, കാർഷിക രംഗങ്ങളിൽ അനുയോജ്യമായ ഉൽപ്പന്നങ്ങളും ഉപകരണങ്ങളും വികസിപ്പിക്കാനും തൊഴിൽസാധ്യത വർദ്ധിപ്പിക്കാനും കഴിയും. പ്രാദേശിക സാമ്പത്തിക വികസനത്തിനും കേരളത്തിലെ സാമ്പത്തിക അടിത്തറയുടെ വിപുലീകരണത്തിനും ജനജീവിത നിലവാര വർദ്ധനവിനും ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ പദ്ധതികൾ പ്രയോജനപ്പെടും. അതിന് സർക്കാരും സമൂഹവും ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.

സാങ്കേതിക സർവ്വകലാശാല ഈ വർഷം മുതൽ എം ടെക്കിൽ അരംഭിക്കുന്ന സ്‌കൂൾ ഓഫ് ഇലക്ട്രിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി, സ്‌കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ സയൻസസ് ആൻഡ് ടെക്‌നോളജി, സ്‌കൂൾ ഓഫ് ബിൽഡിംഗ് സയൻസസ് ആൻഡ് ടെക്‌നോളജി, സ്‌കൂൾ ഓഫ് മെക്കാനിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി എന്നിവയുടെ പ്രഖ്യാപനവും മന്ത്രി നടത്തി. ഇലക്ട്രിക്കൽ വെഹിക്കിൾ ടെക്‌നോളജി, എംബെഡഡ് സിസ്റ്റംസ് ടെക്‌നോളജീസ്, ഇൻഫ്രാസ്ട്രക്ചർ എൻജിനിയറിംഗ് ആൻഡ് മാനേജ്‌മെന്റ്, മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്‌നോളജി എന്നിവയിലാണ് ഈ വർഷം മുതൽ എൻജിനിയറിംഗ് വിദ്യാർഥികൾക്ക് സാങ്കേതിക സർവകലാശാലയിൽ എം ടെക് പഠനം സാധ്യമാക്കുന്നത്.

മികവിന്റെ കേന്ദ്രങ്ങളിൽ ഉരുത്തിരിയുന്ന കണ്ടെത്തലുകളും ആശയങ്ങളും പരിഹാരങ്ങളും ദൈനദിന ജീവിതത്തിൽ മാറ്റം വരുത്തുന്ന വ്യവസായ മേഖലക്ക് ഗുണകരമാകുന്ന ഉത്പന്നങ്ങളായും നിർമ്മിക്കുവാൻ സഹായിക്കുന്ന ട്രാൻസ്ലേഷണൽ റിസർച്ച് സെന്റർ വിളപ്പിൽശാലയിൽ സാങ്കേതിക സർവകലാശാല ആസ്ഥാനത്ത് പ്രവർത്തനമാരംഭിക്കും. ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ കിൻഫ്ര പാർക്കിൽ ഉടൻ ആരംഭിക്കുകയാണ്. സർവകലാശാലക്കാവശ്യമുള്ള തനത് സോഫ്റ്റ്വെയറുകൾ വികസിപ്പിക്കുക, വ്യവസായങ്ങൾക്കും കമ്പനികൾക്കും ആവശ്യമായ സോഫ്റ്റ്വെയറുകൾ നിർമ്മിച്ച് നൽകുക എന്നതാണ് സോഫ്റ്റ്വെയർ ഡെവലെപ്‌മെന്റ് സെന്ററിന്റെ രൂപീകരണംകൊണ്ടു ലക്ഷ്യമാക്കുന്നത്. സമൂഹത്തിൽ പരിവർത്തനപരമായ മാറ്റങ്ങൾ കൊണ്ടുവരാനായി ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററും സോഫ്റ്റ്വെയർ ഡെവലപ്‌മെന്റ് സെന്ററും നിർമ്മിക്കുന്ന ഉൽപന്നങ്ങൾക്കും സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പരിഹാര മാർഗ്ഗങ്ങൾക്കും വിപണന സാധ്യതകൾ കണ്ടെത്താൻ രൂപീകരിക്കുന്നതാണ് കമ്പനീസ് ആക്ട് പ്രകാരമുള്ള സെക്ഷൻ 8 കമ്പനി.

സർവ്വകലാശാല എൻഎസ്എസ് അവാർഡുകൾ മന്ത്രി വിതരണം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ വൈസ് ചാൻസലർ ഡോ സജി ഗോപിനാഥ് സ്വാഗതം ആശംസിച്ചു. ഉന്നതവിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി അജയ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി കെ ബിജു, അഡ്വ. ഐ സാജു, ഡോ.ജമുന ബിഎസ്, പ്രൊഫ.സഞ്ജീവ് ജി, ഡോ. വിനോദ്കുമാർ ജേക്കബ്, ആഷിക് ഇബ്രാഹിംകുട്ടി, അക്കാദമിക്‌സ് വിഭാഗം ഡീൻ ഡോ. വിനു തോമസ്, പരീക്ഷാ കൺട്രോളർ ഡോ അനന്ത രശ്മി എസ്, രജിട്രാർ ഡോ. പ്രവീൺ എ തുടങ്ങിയവർ സംബന്ധിച്ചു.