ന്യൂഡൽഹി: പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുകേഷ് അംബാനി. രത്തൻ ടാറ്റയുടെ വിയോഗം ടാറ്റ ഗ്രൂപ്പിന് മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും ഏറ്റവും വലിയ നഷ്ടമാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്റ്ററുമായ മുകേഷ് അംബാനി പറഞ്ഞു. ഇന്ത്യക്കും ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തിനും വളരെ ദു:ഖകരമായ ദിനമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യക്തിപരമായി വളരെ ദുഖകരമായ ദിനമാണിന്ന്. പ്രിയപ്പെട്ട സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹവുമായുള്ള ഓരോ ഇടപെടലും തന്നെ വളരയെധികം പ്രചോദിപ്പിക്കുകയും ഊർജസ്വലനാക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വഭാവത്തിലെ എളിമയും മാനുഷിക മൂല്യങ്ങളും വളരെ മഹത്തരമായിരുന്നു. രത്തൻ ടാറ്റ ദീർഘവീക്ഷണമുള്ള ഒരു വ്യവസായിയും മനുഷ്യസ്‌നേഹിയുമായിരുന്നു, അദ്ദേഹം സമൂഹത്തിന്റെ മഹത്തായ നന്മയ്ക്കായി എപ്പോഴും പരിശ്രമിച്ചു. രത്തൻ ടാറ്റയുടെ വിയോഗത്തോടെ, ഇന്ത്യക്ക് ഏറ്റവും പ്രഗത്ഭനും കാരുണ്യവാനുമായ ഒരു മകനെയാണ് നഷ്ടമായത്ര്. ടാറ്റ ഇന്ത്യയെ ലോകത്തിലേക്ക് കൊണ്ടുപോയി, ലോകത്തിലെ ഏറ്റവും മികച്ചത് ഭാരതത്തിലേക്കും കൊണ്ടുവന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അദ്ദേഹം ഹൗസ് ഓഫ് ടാറ്റയെ സ്ഥാപനവൽക്കരിക്കുകയും 1991 ൽ ചെയർമാനായി ചുമതലയേറ്റ ശേഷം ടാറ്റയെ ഒരു അന്താരാഷ്ട്ര ബിസിനസ് ഗ്രൂപ്പാക്കി മാറ്റുകയും ചെയ്തു. രത്തൻ ചുമതലയേറ്റ ശേഷം 70 മടങ്ങ് വളർച്ചയാണ് ടാറ്റയ്ക്കുണ്ടായത്. റിലയൻസിനും നിതയ്ക്കും അംബാനി കുടുംബത്തിനും വേണ്ടി, ടാറ്റ കുടുംബത്തിലെയും മുഴുവൻ ടാറ്റ ഗ്രൂപ്പിലെയും അംഗങ്ങൾക്ക് ഞാൻ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. രത്തൻ, അങ്ങ് എന്നും തന്റെ ഹൃദയത്തിൽ നിലനിൽക്കുമെന്നും മുകേഷ് അംബാനി കൂട്ടിച്ചേർത്തു.

