General (Page 68)

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ വിജയത്തിൽ പല രാജ്യങ്ങളും ആശങ്കയിലാണെങ്കിലും, അതൊരിക്കലും ഇന്ത്യയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന വിഷയമല്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. മുംബൈയിൽ ആദിത്യ ബിർളയുടെ സിൽവർ ജൂബിലി സ്‌കോർഷിപ്പ് പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പല യുഎസ് പ്രസിഡന്റുമാരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച ബന്ധം സ്ഥാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി വാഷിംഗ്ടണിൽ എത്തുന്ന സമയത്ത് ബരാക് ഒബാമയായിരുന്നു പ്രസിഡന്റ്. പിന്നീട് അത് ഡോണൾഡ് ട്രംപായി. അതിന് ശേഷം ജോ ബൈഡൻ ആ സ്ഥാനത്തെത്തി. ഇവർ എല്ലാവരുമായും പ്രധാനമന്ത്രി നല്ലൊരു ബന്ധമാണ് സ്ഥാപിച്ചിട്ടുള്ളത്. ഇന്ന് പല രാജ്യങ്ങളും അമേരിക്കയുടെ പ്രസിഡന്റായി ഡോണൾഡ് ട്രംപ് എത്തുന്നതിൽ ആശങ്കയുള്ളവരാണെന്ന് തനിക്കറിയാം. എന്നാൽ ഇന്ത്യ ഒരിക്കലും ആ കൂട്ടത്തിലില്ല. ഇന്ത്യയെ അതൊരിക്കലും പ്രതികൂലമായി ബാധിക്കുന്ന കാര്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡോണൾഡ് ട്രംപിനെ അഭിനന്ദനം അറിയിച്ച ആദ്യ മൂന്ന് ലോക നേതാക്കളിൽ ഒരാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജിൽ വന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവം ഹാക്കിങ് അല്ലെന്ന് കണ്ടെത്തു. വീഡിയോ അപ്‌ലോഡ് ചെയ്തത് അഡ്മിൻമാരിൽ ഒരാൾ തന്നെയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതോടെ പേജ് ഹാക്ക് ചെയ്തതാണെന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ വാദം തെറ്റായിരുന്നുവെന്ന് തെളിഞ്ഞു. വീഡിയോ എഫ്ബി പേജിൽ വന്നതിന് പിന്നാലെ അഡ്മിൻ പാനലിലും അഴിച്ചുപണി നടന്നു. അഡ്മിൻ പാനലിലുള്ളവരെ മാറ്റികൊണ്ടാണ് അഴിച്ചുപണി.

അതേസമയം, പത്തനംതിട്ട സിപിഎം ഫേസ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിൻറെ പ്രചാരണ വിഡിയോ വന്നതിൽ പാർട്ടി ഇനിയും പരാതി നൽകിയില്ല. പരാതി നൽകുമെന്നാണ് പാർട്ടി ജില്ലാ നേതൃത്വം ആവർത്തിക്കുന്നത്.

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തലിന്റെ വീഡിയോ എഫ്ബി പേജിൽ വന്ന സംഭവത്തിൽ വിശദീകരണവുമായി കഴിഞ്ഞ ദിവസം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു രംഗത്തെത്തിയിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എസ്പിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ വന്നത് ഔദ്യോഗിക എഫ്ബി പേജിൽ തന്നെയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചിരുന്നു.

പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന് അടിക്കുറിപ്പുള്ള വീഡിയോ കഴിഞ്ഞ ദിവസം രാത്രിയാണ് സിപിഎമ്മിന്റെ പേജിൽ പ്രത്യക്ഷപ്പെട്ടത്. 63,000 ഫോളോവേഴ്സ് ഉള്ള പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. കിഷ്ത്വാർ ജില്ലയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു.

മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കരസേനയുടെ വൈറ്റ് നൈറ്റ് കോർപ്പ് പങ്കുവച്ച പ്രസ്താവനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാര സ്‌പെഷ്യൽ ഫോഴ്സിലുള്ള ജൂനിയർ കമ്മീഷൻഡ് ഓഫീസർ നായിബ് സുബേദാർ രാകേഷ് കുമാറാണ് ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ചത്.

കഴിഞ്ഞ ദിവസം പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സൈനികനാണ് വീരമൃത്യു വരിച്ചത്. ഇന്നലെയും ഇന്നുമായി പരിക്കേറ്റ മൂന്ന് സൈനികരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.

തിരുവനന്തപുരം: മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഓഫീസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപകൃഷ്ണനെതിരെ നടപടിക്ക് ശുപാർശ. ഗോപാലകൃഷ്ണന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. പൊലീസ് അന്വേഷണ റിപോർട്ട് ഗോപാകൃഷ്ണന്റെ വിശദീകരണം തള്ളുന്നതാണെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

ഉചിതമായ നടപടി വേണമെന്നാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ശുപാർശ ചെയ്യുന്നത്. മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ അഡ്മിനായി ഗ്രൂപ്പ് ഉണ്ടാക്കിയതും മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റാക്കിയതും സംബന്ധിച്ച വാർത്ത നേരത്തെ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

തന്റെ ഫോൺ ഹാക്ക് ചെയ്തുവെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. എന്നാൽ, ഇതുവരെ നടന്ന അന്വേഷണത്തിൽ ഹാക്കിംഗ് സ്ഥിരീകരിക്കാനായില്ല. പൊലീസ് ആവശ്യപ്പെട്ട പ്രകാരം മെറ്റ നൽകിയ വിശദീകരണത്തിൽ ഹാക്കിംഗ് സ്ഥിരീകരിച്ചിട്ടില്ല.

കൊച്ചി: ബോൾഗാട്ടി കായലിൽ സീപ്ലെയിൻ പറന്നിറങ്ങി. ചരിത്രത്തിലാദ്യമായാണ് കൊച്ചിയുടെ ജലപ്പരപ്പിലേക്ക് വിമാനമിറങ്ങിയത്. വിമാനത്തിന്റെ പൈലറ്റുമാർക്ക് ബോൾഗാട്ടി പാലസിൽ സ്വീകരണമൊരുക്കും. വിനോദസഞ്ചാരികൾക്കായി തുടങ്ങുന്ന സി പ്ലെയിൻ കൊച്ചി ബോൾഗാട്ടി മറീനക്ക് സമീപമാണ് ഇറങ്ങിയത്. നാളെയാണ് പദ്ധതിയുടെ ഉദ്ഘാടനം. നവംബർ 11 രാവിലെ 9.30ന് വിമാനത്തിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങ് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

10 ന് ബോൾഗാട്ടി മറീനയിൽ പാർക്ക് ചെയ്യുന്ന എയർക്രാഫ്റ്റ് മറൈൻ ഡ്രൈവിലെ മഴവിൽപാലത്തിൽ നിന്നും അബ്ദുൾ കലാം മാർഗിൽ നിന്നും കാണാനാകും. നേവി, കൊച്ചിൻ പോ4ട്ട് ട്രസ്റ്റ്, സിയാൽ, കെടിഡിസി, ഹൈഡ്രോഗ്രാഫിക് സ4വേ തുടങ്ങി 15 ലധികം വിഭാഗങ്ങളാണ് സീപ്ലെയ്‌ന്റെ പരീക്ഷണപ്പറക്കലുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നത്. മാട്ടുപ്പെട്ടി ഡാമിലും സുരക്ഷാ പരിശോധന പൂ4ത്തിയായിട്ടുണ്ട്.

രണ്ട് മീറ്റർ ആഴം (ഡ്രാഫ്റ്റ് ) മാത്രമാണ് സീപ്ലെയ്ൻ ലാൻഡ് ചെയ്യുന്നതിനാവശ്യം. എന്നാൽ 35 മീറ്ററാണ് മാട്ടുപ്പെട്ടി ജലാശയത്തിന്റെ ആഴം. അതിനാൽ തികച്ചും സുരക്ഷിതമായിരിക്കും പറക്കൽ. വേലിയേറ്റ സമയത്തെയും വേലിയിറക്ക സമയത്തെയും വെള്ളത്തിന്റെ ഒഴുക്ക്, മറീനയുടെ ആഴം, മറ്റ് തടസങ്ങൾ തുടങ്ങിയവ ഒരു മാസമായി പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയ ശേഷമാണ് സീപ്ലെയ്ൻ ലാൻഡ് ചെയ്യുന്നത്.

rain

തിരുവനന്തപുരം: നവംബർ 10 മുതൽ 14 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
  • മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
  • പട്ടം പറത്തുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
  • വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
  • അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
  • ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
  • മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.
    ഭിന്നശേഷി സുഹൃത്തുക്കൾക്കുള്ള പ്രത്യേക സന്ദേശം – https://www.youtube.com/watch?v=So1uMkDyzd4 ദൃശ്യമാധ്യമങ്ങൾ ഈ ആംഗ്യ സന്ദേശം പ്രദർശിപ്പിയ്ക്കണം എന്ന് അഭ്യർത്ഥിയ്ക്കുന്നു.
    ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈൽ ആപ്പ്‌ളിക്കേഷൻ
    ഉപയോഗിക്കാവുന്നതാണ്. https://play.google.com/store/apps/details… എന്ന ലിങ്കിൽ നിന്ന് Damini App ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
    റേഡിയോ, ദൃശ്യമാധ്യമങ്ങൾ ഇടിമിന്നൽ സുരക്ഷാ സന്ദേശം പ്രത്യേകമായി അടുത്ത ദിവസങ്ങളിൽ പരാമർശിയ്ക്കണം എന്ന് അഭ്യർത്ഥിയ്ക്കുന്നു.

മുംബൈ: ആപ്പിൾ ഉത്പ്പന്നങ്ങൾക്കായുളള റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗം ഇന്ത്യയിൽ ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ആപ്പിൾ ഓപ്പറേഷൻസ് ഇന്ത്യ എന്ന പേരിൽ ഉപകമ്പനി സ്ഥാപിച്ചായിരിക്കും ഈ പ്രവർത്തനങ്ങൾ നടത്തുകയെന്നാണ് പുറത്തു വരുന്ന വിവരം.

ആപ്പിളിന്റെ ഐഫോൺ ഉൾപ്പെടെയുളള പുതിയ പ്രൊഡക്ടറുകൾ ഇന്ത്യയിൽ തന്നെ രൂപകൽപന ചെയ്യാനും അതിന്റെ ടെസ്റ്റിംഗ് ഉൾപ്പെടെ ഇന്ത്യയിൽ തന്നെ നടത്താനും കമ്പനിയ്ക്ക് പുതിയ പ്രവർത്തനങ്ങളിലൂടെ കഴിയുക. ഇന്ത്യയിലെ ഉൽപാദനം ഉയരുന്നതോടെ പുതിയ പ്രൊഡക്ടുകൾ ഡിസൈൻ ചെയ്ത് വിപണിയിലെത്തിക്കുന്ന കാലതാമസം ഒഴിവാക്കാൻ കമ്പനിയ്ക്ക് കഴി.ും. .

അമേരിക്ക, ചൈന, ജർമനി, ഇസ്രായേൽ എന്നിവിടങ്ങളിലാണ് ആപ്പിളിന് R & D വിഭാഗം ഉളളത്. സാങ്കേതിക വിദ്യകളിൽ അത്രയേറെ മുന്നേറിയ രാജ്യങ്ങളിലും ടെക്നോളജിയെ ആ രാജ്യങ്ങൾ എങ്ങനെ പിന്തുണയ്ക്കുന്നുവെന്നും ഉൾപ്പെടെ സൂക്ഷ്മതയോടെ വിലയിരുത്തിയാണ് ആപ്പിൾ ആർ ആൻഡ് ഡി വിഭാഗം ആരംഭിക്കുന്നത്.

പാലക്കാട്: പാലക്കാട് വഖഫ് ഭൂമിയല്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. മറിച്ചുള്ള പ്രചാരണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി നടത്തിയത് ഒരു കേന്ദ്രമന്ത്രിയ്ക്ക് ചേരാത്ത പ്രസ്താവനയാണ്. മുനമ്പം പ്രശ്‌നത്തിൽ സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. അവിടെ കുടിയൊഴിപ്പിക്കൽ ഒരിക്കലും ഉണ്ടാകില്ല. അത്തരം ആരോപണങ്ങൾ തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തു. നികുതി സ്വീകരിക്കുന്നതിൽ വിലക്കേർപ്പെടുത്തിയത് സർക്കാരല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, വഖഫിലെ വിവാദ പ്രസ്താവനയിൽ സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി ലഭിച്ചിരുന്നു. കമ്പളക്കാട് നടത്തിയ പ്രസംഗത്തിൽ വർഗീയ പരാമർശമുണ്ടെന്നാണ് പരാതി. കോൺഗ്രസ് നേതാവ് അനൂപ് വി ആർ ആണ് പരാതി നൽകിയത്. നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.

തിരുവനന്തപുരം: കേരളത്തിന്റെ വികസനചരിത്രത്തിൽ പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന് മന്ത്രി വി എൻ വാസവൻ. ട്രയൽ റൺ ആരംഭിച്ച് 4 മാസങ്ങൾ പിന്നിട്ടതോടെ ഒന്നിനു പിന്നാലെ ഒന്നായി ലോകത്തിലെ വമ്പൻ ചരക്ക് കപ്പലുകൾ കേരളത്തിന്റെ തീരത്തെത്തിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രിയോടെ ഒരു ലക്ഷം TEU കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ് വിഴിഞ്ഞമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നവംബർ ഒൻപത് വരെയുള്ള കണക്ക് അനുസരിച്ച് 46 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. 1,00807 TEU വാണ് ഇവിടെ കൈകാര്യം ചെയ്തത്. ജൂലൈ മാസത്തിൽ 3, സെപ്റ്റംബറിൽ 12 ,ഒക്ടോബറിൽ 23 ,നവംബർ മാസത്തിൽ ഇതുവരെ 8 എന്നിങ്ങനെയാണ് തുറമുഖത്ത് എത്തിച്ചേർന്ന കപ്പലുകളുടെ എണ്ണം. 7.4 കോടി രൂപയുടെ വരുമാനമാണ് ജി.എസ്. ടി. ഇനത്തിൽ സർക്കാർ ഖജനാവിലേക്ക് എത്തിയത്.

ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയിൽപ്പെടുന്ന എം.എസ്.സി ക്ലോഡ് ഗിരാർഡെറ്റ്, അന്ന, വിവിയാന, എന്നീ കപ്പലുകൾ എത്തിച്ചേർന്നു. ഇവയ്ക്ക് പിന്നാലെ മറ്റ് അതിഥികളും എത്തിച്ചേരും. അങ്ങനെ വിഴിഞ്ഞം ഇന്ത്യയുടെ സുവർണ്ണതീരമായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.