രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ ഹാക്കിങ് അല്ല; വീഡിയോ അപ്‌ലോഡ് ചെയ്തത് അഡ്മിൻമാരിൽ ഒരാൾ തന്നെയാണെന്ന് കണ്ടെത്തി

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജിൽ വന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവം ഹാക്കിങ് അല്ലെന്ന് കണ്ടെത്തു. വീഡിയോ അപ്‌ലോഡ് ചെയ്തത് അഡ്മിൻമാരിൽ ഒരാൾ തന്നെയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതോടെ പേജ് ഹാക്ക് ചെയ്തതാണെന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ വാദം തെറ്റായിരുന്നുവെന്ന് തെളിഞ്ഞു. വീഡിയോ എഫ്ബി പേജിൽ വന്നതിന് പിന്നാലെ അഡ്മിൻ പാനലിലും അഴിച്ചുപണി നടന്നു. അഡ്മിൻ പാനലിലുള്ളവരെ മാറ്റികൊണ്ടാണ് അഴിച്ചുപണി.

അതേസമയം, പത്തനംതിട്ട സിപിഎം ഫേസ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിൻറെ പ്രചാരണ വിഡിയോ വന്നതിൽ പാർട്ടി ഇനിയും പരാതി നൽകിയില്ല. പരാതി നൽകുമെന്നാണ് പാർട്ടി ജില്ലാ നേതൃത്വം ആവർത്തിക്കുന്നത്.

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തലിന്റെ വീഡിയോ എഫ്ബി പേജിൽ വന്ന സംഭവത്തിൽ വിശദീകരണവുമായി കഴിഞ്ഞ ദിവസം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു രംഗത്തെത്തിയിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എസ്പിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ വന്നത് ഔദ്യോഗിക എഫ്ബി പേജിൽ തന്നെയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചിരുന്നു.

പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന് അടിക്കുറിപ്പുള്ള വീഡിയോ കഴിഞ്ഞ ദിവസം രാത്രിയാണ് സിപിഎമ്മിന്റെ പേജിൽ പ്രത്യക്ഷപ്പെട്ടത്. 63,000 ഫോളോവേഴ്സ് ഉള്ള പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.