General (Page 67)

തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തെ സർവകലാശാലകളിൽ സർക്കാർ വിസിമാരെ നിയമിക്കാത്തതിനെതിരെയാണ് അദ്ദേഹത്തിന്റെ വിമർശനം. വിസി നിയമന ബില്ല് രാഷ്ട്രപതി അംഗീകരിച്ചിട്ടില്ല. അതിനാൽ തന്നെ ബില്ലിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ല. സർക്കാർ എന്തുകൊണ്ടാണ് വിസിമാരെ നിയമിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.

വിസിമാരെ നിയമിച്ചുകഴിയുമ്പോൾ അത് നിയമപരമാണോയെന്ന് അറിയാമല്ലോ. കേരളത്തിലെ സർവകലാശാലകളിൽ വൈസ് ചാൻസലർമാർ ഇല്ലാത്തതിനുള്ള കാരണം സർക്കാർ ഉണ്ടാക്കിയ തടസങ്ങളാണ്. രാഷ്ട്രീയ കാരണങ്ങളാൽ കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുനമ്പം വഖഫ് ഭൂ പ്രശ്‌നത്തിൽ പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്‌ക്രീനിംഗിന്റെ രണ്ടാം ഘട്ടത്തിൽ 50 ലക്ഷത്തോളം പേരുടെ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആദ്യഘട്ടത്തിൽ 30 വയസിന് മുകളിൽ പ്രായമുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂർത്തിയാക്കി രോഗസാധ്യത കണ്ടെത്തിയവർക്ക് തുടർ ചികിത്സ ഉറപ്പാക്കിയ ശേഷമാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. ഒന്നാം ഘട്ട സ്‌ക്രീനിംഗിൽ പങ്കെടുത്തവരെ ഉൾപ്പെടെ ഉൾക്കൊള്ളിച്ചാണ് രണ്ടാം ഘട്ട സ്‌ക്രീനിംഗ് നടത്തുന്നത്. ശൈലി ഒന്നാം ഘട്ടത്തിൽ രക്താതിമർദം, പ്രമേഹം, കാൻസർ, ടിബി, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിയപ്പോൾ രണ്ടാം ഘട്ടത്തിൽ ഇതോടൊപ്പം കുഷ്ഠ രോഗം, മാനസികാരോഗ്യം, കാഴ്ചാ പ്രശ്‌നം, കേൾവി പ്രശ്‌നം, വയോജന ആരോഗ്യം എന്നിവയ്ക്കും പ്രാധാന്യം നൽകുന്നു. സ്‌ക്രീനിംഗിൽ രോഗസാധ്യതയുണ്ടെന്ന് കണ്ടെത്തുന്നവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ശൈലി രണ്ട് വാർഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായി 50 ലക്ഷം പേരുടെ സ്‌ക്രീനിംഗ് നടത്തിയതിൽ 23,21,315 പേർക്ക് (46.7 ശതമാനം) ജീവിതശൈലീ രോഗ സാധ്യതയുള്ളതായി കണ്ടെത്തി. നിലവിൽ രക്താതിമർദം മാത്രമുള്ള 6,53,541 (13.15 ശതമാനം) പേരുടേയും പ്രമേഹം മാത്രമുള്ള 4,31,448 (8.68 ശതമാനം) പേരുടേയും ഇവ രണ്ടുമുള്ള 2,71,144 പേരുടേയും ആരോഗ്യ സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്തി. കാൻസർ സാധ്യതയുള്ള 1,10,781 പേരെ കണ്ടെത്തി തുടർ പരിശോധനയ്ക്കായി റഫർ ചെയ്തു. 1,45,867 പേരെ ടിബി പരിശോധനയ്ക്കായും 2,10,641 പേരെ ശ്വാസകോശ സംബന്ധമായ പരിശോധനയ്ക്കായും റഫർ ചെയ്തു. 54,772 കിടപ്പ് രോഗികളേയും പരസഹായം ആവശ്യമുള്ള 85,551 പേരേയും 16,31,932 വയോജനങ്ങളേയും സന്ദർശിച്ച് ആരോഗ്യ സംബന്ധമായ വിവരങ്ങൾ ശേഖരിച്ച് തുടർ സേവനങ്ങൾ നൽകുന്നുണ്ട്.

പുതുതായി ഉൾപ്പെടുത്തിയവയിൽ 1,45,622 പേരെ കുഷ്ഠ രോഗ പരിശോധനയ്ക്കായും 15,94,587 പേരെ കാഴ്ച പരിശോധനയ്ക്കായും 2,29,936 പേരെ കേൾവി പരിശോധനയ്ക്കായും റഫർ ചെയ്തു. 1,24,138 വയോജനങ്ങൾക്ക് ആരോഗ്യ പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തി. 71,759 പേരെ മാനസികാരോഗ്യ പരിശോധനയ്ക്ക് റഫർ ചെയ്തു. ഇവരിൽ ആവശ്യമായവർക്ക് പരിചരണവും ചികിത്സയും നൽകുന്നുണ്ട്.

നവകേരളം കർമ്മപദ്ധതി ആർദ്രം രണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ 30 വയസിന് മുകളിൽ പ്രായമുള്ള എല്ലാ വ്യക്തികളേയും സ്‌ക്രീൻ ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇ ഹെൽത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. വീടുകളിലെത്തി സ്‌ക്രീനിംഗ് നടത്തി രോഗസാധ്യത കണ്ടെത്തിയ വ്യക്തികളെ പരിശോധിച്ച് രോഗനിർണയം നടത്തി തുടർചികിത്സ ഉറപ്പാക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ജീവിതശൈലീ രോഗങ്ങൾ നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീർണമാകാതെ നിയന്ത്രിക്കാൻ സാധിക്കും. അതോടൊപ്പം രോഗസാധ്യത കണ്ടെത്തിയവരിൽ ജീവിതശൈലിയിൽ മാറ്റം വരുത്തിയും വ്യായാമത്തിലൂടെയും ജീവിതശൈലീ രോഗങ്ങൾ വരാതെ നോക്കാനും സാധിക്കുന്നു.

sabarimala

തിരുവനന്തപുരം: ശബരിമലയിൽ താമസത്തിനും അന്നദാനത്തിനും ആരോഗ്യ സേവനങ്ങൾക്കും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു.1994 ൽ പണിത സന്നിധാനത്തെ ശബരി ഗസ്റ്റ്ഹൗസ് പൂർണമായും പുനർ നവീകരിക്കുകയാണ്. 54 മുറികളാണ് ശബരി ഗസ്റ്റ് ഹൗസിൽ നിലവിലുള്ളത്. സന്നിധാനത്തെ ദേവസ്വം ജീവനക്കാർക്ക് താമസിക്കുവാനുള്ള സ്റ്റാഫ് ക്വാർട്ടേഴ്സ് പൂർണ്ണമായും നവീകരിച്ചു. പമ്പയിലെ ഗസ്റ്റ് ഹൗസിലും നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

പമ്പയിലും അപ്പാച്ചിമേട്ടിലും സന്നിധാനത്തും ആരോഗ്യവകുപ്പ് മികച്ച സേവനങ്ങൾ ഭക്തർക്കായി നൽകുന്നുണ്ട്.ഇവയ്ക്ക് പുറമേ ലോകപ്രശസ്തനായ ന്യൂറോസർജൻ രാംനാരായണന്റെ നേതൃത്വത്തിൽ വിദഗ്ധരായ നൂറിലേറെ ഡോക്ടർമാർ ഡിവോട്ടീസ് ഓഫ് ഡോക്ടേഴ്‌സ് എന്ന പേരിൽ സേവന സന്നദ്ധത അറിയിച്ചു. മണ്ഡല മകരവിളക്ക് കാലം മുഴുവൻ എക്കോ കാർഡിയോഗ്രാം ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങൾ ഉൾപ്പെടെ ലഭ്യമാക്കി പമ്പയിലും സന്നിധാനത്തും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും.

കഴിഞ്ഞവർഷം 15 ലക്ഷത്തിലേറെ പേർക്കാണ് അന്നദാനം നൽകിയത്. ഇത്തവണ 20 ലക്ഷത്തിലേറെ അയ്യപ്പഭക്തർക്ക് സന്നിധാനത്ത് അന്നദാനം നൽകുവാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതായും ദേവസ്വം ബോർഡ് അറിയിച്ചു.

തിരുവനന്തപുരം: വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന പരസ്യങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വളരെയേറെ കാണാം. ഇത് മിക്കപ്പോഴും വ്യാജമായിരിക്കും. ഇത്തരം വ്യാജജോലിവാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പോലീസ്.

മൊബൈൽ ഫോണിലേയ്ക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകുമെന്നു പറയുകയും അതനുസരിച്ച് പണം നൽകുകയും ചെയ്യുന്നു. പറഞ്ഞ പണം യഥാസമയം കിട്ടിയതിൽ ആകൃഷ്ടനായ ഇര കൂടുതൽ പണം മുടക്കാൻ തയ്യാറാകുന്നു. ഇര വലയിൽ വീണെന്ന് മനസ്സിലാക്കുന്ന തട്ടിപ്പുകാർ, ടാസ്‌കിൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുന്നു. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളിൽ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് അധികൃതർ വിശദീകരിച്ചു.

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്‍മാര്‍. അത്‌ലറ്റിക്‌സില്‍ മലപ്പുറം ഒന്നാം സ്ഥാനത്തെത്തി. ഇതാദ്യമായാണ് മലപ്പുറം അത്‌ലറ്റിക്‌സില്‍ കിരീടം നേടുന്നത്. 1935 പോയിന്റുമായാണ് തിരുവന്തപുരം ഓവറോള്‍ ചാമ്പ്യന്‍മാരായത്. 848 പോയിന്റുമായി തൃശൂരും 803 പോയിന്റുമായി മലപ്പുറവുമാണ് മൂന്നാമത്.

അത്‌ലറ്റിക്‌സില്‍ നാലുമത്സരം ബാക്കി നില്‍ക്കെയാണ് മലപ്പുറം കിരീടം ഉറപ്പിച്ചത്. 233 പോയിന്റാണ് മലപ്പുറം നേടിയത്. 189 പോയിന്റുമായി പാലക്കാട് ആണ് രണ്ടാമത്. അവശേഷിക്കുന്ന മത്സരങ്ങളില്‍ ഒന്നാമത് എത്തിയാലും പാലക്കാടിന് കിരീടം നേടാന്‍ കഴിയില്ല.

സ്‌കൂള്‍ വിഭാഗത്തില്‍ മലപ്പുറം കടകശ്ശേരി ഐഡിയല്‍ സ്‌കൂളാണ് ഒന്നാമത്. നാവാമുകുന്ദ എച്ച്എസ്എസ് തിരുനാവായ ആണ് രണ്ടാമത്. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ തവണ പാലക്കാടിനായിരുന്നു അത്‌ലറ്റ്ക്‌സില്‍ കിരീട നേട്ടം. മലപ്പുറം രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. കായികമേള ഇന്ന് സമാപിക്കും.

ന്യൂഡൽഹി: ബലാത്സംഗ കേസിൽ തനിക്ക് ജാമ്യം ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കില്ലന്ന് സിദ്ദിഖ് സുപ്രീം കോടതിയിൽ. യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചാണ് സർക്കാരിന്റെ റിപ്പോർട്ടെന്നും പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പൊലീസ് പറയുന്നുവെന്നും സിദ്ദിഖ് വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന് എതിരെ സുപ്രീം കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് സിദ്ദിഖിന്റെ പരാമർശം.

താൻ മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല. പ്രധാന കഥാപാത്രമായി താൻ ചുരുക്കം സിനിമകളിലാണ് അഭിനയിച്ചത്. ചെയ്തതിൽ അധികവും സഹ വേഷങ്ങളാണെന്നും സിദ്ദിഖ് പറയുന്നു.

കേസിൽ സിദ്ദിഖിൻ്റെ ഹർജി നാളെ ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. നേരത്തെ, കേസിൽ മറുപടി സത്യവാങ്മൂലം നല്‍കാനായി കൂടുതല്‍ സമയം വേണമെന്ന് സിദ്ദിഖ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതംഗീകരിച്ച് കോടതി വാദം മാറ്റിവെക്കുകയായിരുന്നു. എന്നാൽ നടൻ്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഇപ്പോഴും നിലനിൽക്കുകയാണ്.

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് ജസ്റ്റിസ് ഖന്നയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസാണ് സഞ്ജീവ് ഖന്ന. കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന ഡി വൈ ചന്ദ്രചൂഡ് സ്ഥാനമൊഴിഞ്ഞത്. തുടർന്ന് സഞ്ജീവ് ഖന്ന നിയമിതനാവുകയായിരുന്നു.

തിരുവനന്തപുരം: ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം  വാഹനങ്ങൾക്ക് പാർക്കിംഗ്  സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ എണ്ണായിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ  കഴിയുന്നിടത്ത് അധികമായി  2500 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിലെ പാർക്കിംഗ് പൂർണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം  ഉപയോഗിച്ചുള്ളതായിരിക്കും. വാഹനങ്ങളുടെ സുഗമവും വേഗത്തിലുമുള്ള സഞ്ചാരത്തിന് ഫാസ്റ്റ് ടാഗ് സൗകര്യം ഉപകരിക്കുമെന്നും ഭക്തജനങ്ങൾ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

പമ്പ ഹിൽടോപ്പ് ,ചക്കുപാലം എന്നിവിടങ്ങളിൽ മാസപൂജ സമയത്ത് പാർക്കിങ്ങിനുള്ള അനുമതി കോടതി നൽകിയിരുന്നു. ഇവിടങ്ങളിലായി 2000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. മണ്ഡല മകരവിളക്ക് മഹോത്സവകാലത്തും ഇവിടങ്ങളിൽ പാർക്കിംഗ് കോടതിയുടെ അനുവാദത്തോടെ  ഏർപ്പെടുത്താൻ  ശ്രമിക്കും. എരുമേലിയിൽ ഹൗസിംഗ് ബോർഡിന്റെ കൈവശമുള്ള ആറര ഏക്കർ സ്ഥലം പാർക്കിങ്ങിനായി വിനിയോഗിക്കും. നിലയ്ക്കലിൽ 17 പാർക്കിങ്ങ് ഗ്രൗണ്ടുകളിലായി ഒരു ഗ്രൗണ്ടിൽ മൂന്ന് വിമുക്ത ഭടൻമാർ വീതം 100  ലേറെ പേരെ ട്രാഫിക് ക്രമീകരണങ്ങൾക്കായി ഉറപ്പാക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

കൊച്ചി: സീ പ്ലെയിൻ പദ്ധതിയിൽ ആശങ്ക അറിയിച്ച് വനം വകുപ്പ്. ഉദ്ഘാടനത്തിന് പിന്നാലെയാണ് പദ്ധതിയിൽ വനംവകുപ്പ് ആശങ്ക അറിയിച്ചത്. മാട്ടുപെട്ടി ഡാം പദ്ധതിയുടെ ഭാഗമാക്കുന്നതിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചിരിക്കുന്നത്. ഡാം ആനത്താരയുടെ ഭാഗമാണ്. വിമാനം ഇറങ്ങുന്നത് ആനകളിൽ പ്രകോപനം സൃഷ്ടിക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കി.

നേരത്തെ നടന്ന സംയുക്ത പരിശോധനയിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചത്. നിലവിലെ പരീക്ഷണ ലാൻഡിങിന് എതിർപ്പില്ലെന്നും വനംവകുപ്പ് അറിയിച്ചു. റൂട്ട് അന്തിമമായിട്ടില്ലെന്നും ആവശ്യമായ ചർച്ച നടത്തി ആശങ്കകൾ പരിഹരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

പരിസ്ഥിതി പ്രശ്‌നങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിലൂടെയായിരിക്കും സീ പ്ലെയിൻ പദ്ധതി നടപ്പാക്കുക. ഇന്ന് ട്രയൽ റണ്ണിൻറെ ഭാഗമായിട്ടാണ് കൊച്ചിയിൽ നിന്ന് മാട്ടുപെട്ടി ഡാമിലേക്ക് സീ പ്ലെയിൻ ഓടിച്ചതെന്നും അദ്ദേഹം വിശദമാക്കി.

കൊച്ചി: സംസ്ഥാനത്തെ ടൂറിസം സ്വപ്നങ്ങൾക്ക് പുതിയ കരുത്തായി സീപ്ലെയ്ൻ സർവ്വീസ്. ബോൾഗാട്ടിയിൽ നിന്ന് പറയുന്നയർന്ന സീപ്ലെയിൻ മാട്ടുപ്പെട്ടി ഡാമിൽ ലാൻഡ് ചെയ്തു. സീപ്ലെയ്‌നിന്റെ പരീക്ഷണപ്പറക്കൽ വിജയകരമായി. മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി രാജീവ്, വി ശിവൻകുട്ടി എന്നിവർ ഫള്ാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് മന്ത്രിമാർ സീപ്ലെയിനിൽ യാത്ര ചെയ്യുകയും ചെയ്തു.

സീപ്ലെയിൻ ജനകീയ പദ്ധതിയാക്കാനാണ് സർക്കാർ നീക്കം. സാധാരണക്കാർക്കും ഉപയോഗപ്രദമാകുന്ന രീതിയിൽ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സീപ്ലെയിൻ വിനോദ സഞ്ചാരവകുപ്പിന്റെ കുതിപ്പിന് വേഗത വർധിപ്പിക്കും. പദ്ധതി കൂടുതലിടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടൂറിസത്തിനു പുറമേ മെഡിക്കൽ ആവശ്യങ്ങൾക്കും വിഐപികൾക്കും ഉദ്യോഗസ്ഥ4ക്കും അവശ്യഘട്ടങ്ങളിൽ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും സീ പ്ലെയിൻ പ്രയോജനപ്പെടുത്താം. ടൂറിസം ഓപ്പറേറ്റ4മാരെയും ജനങ്ങളെയും പദ്ധതിയുടെ സാധ്യത ബോധ്യപ്പെടുത്തുന്ന ഡെമോ സർവീസ് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. റീജിയണൽ കണക്ടിവിറ്റി സ്‌കീമിന്റെ ഭാഗമായാണ് പദ്ധതി. ആന്ധ്രപ്രദേശിലെ പ്രകാശം ബാരേജിൽ ശനിയാഴ്ച (നവംബർ 9) ഉദ്ഘാടനം ചെയ്യപ്പെട്ട ആംഫീബിയസ് എയർക്രാഫ്റ്റാണ് (കരയിലും വെള്ളത്തിലും ഇറങ്ങുന്ന വിമാനം) കേരളത്തിലെത്തിയത്.