General (Page 186)

തിരുവനന്തപുരം: അതിദയനീയമായ ഒരു തെരെഞ്ഞെടുപ്പ് തോൽവി അഭീമുഖീകരിച്ചിട്ടും അതിൽ നിന്ന് ഒന്നും പഠിക്കാൻ തയ്യാറല്ല എന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുകയും ജനവിധിയെ വെല്ലുവിളിക്കുകയുമാണ് കേരളത്തിലെ സി.പി.എമ്മെന്ന് കെ കെ രമ. ടി.പി. കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് ചെയ്തുകൊടുക്കാനുള്ള ശ്രമത്തിനെതിരെയാണ് കെ കെ രമയുടെ വിമർശനം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രമയുടെ പ്രതികരണം.

പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുന്നിലായാണ് ടി പി കേസിലെ വിചാരണ അവസാനിപ്പിച്ചത്. മാറാട് കോടതിയുടെ വിധി ശരിവെക്കുക മാത്രമല്ല സിപിഎം നേതാക്കളായ കെ.കെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും കൂടി ശിക്ഷിക്കുകയും ചെയ്തു ബഹു:കേരള ഹൈക്കോടതി. ഭരണസ്വാധീനമുപയോഗിച്ച് ജയിലിൽ പ്രതികൾക്കൊരുക്കുന്ന സുഖവാസവും അന്യായ പരോളും രൂക്ഷമായി വിധിയിൽ വിമർശിക്കപ്പെട്ടു. ശിക്ഷ വർധിപ്പിക്കുകയും ചെയ്തുവെന്ന് കെ കെ രമ പറഞ്ഞു.

പാനൂരിൽ സിപിഎം പാർട്ടിഗ്രാമത്തിൽ നിർമ്മാണത്തിനിടയിൽ ബോംബ് സ്‌ഫോടനം നടന്ന് പാർട്ടി പ്രവർത്തകൻ ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവവും, ടി.പികേസിലെ വിധിയും വീണ്ടും അക്രമരാഷ്ട്രീയവും ടിപി വധവും വടകരയുടെ തെരഞ്ഞെടുപ്പ് ചർച്ചകളിൽ സജീവ വിഷയങ്ങൾ ആക്കി നിലനിർത്തി.

ടിപി ചന്ദ്രശേഖരന്റെ മണ്ണായതുകൊണ്ട് കൂടിയാണ് വടകര ഷാഫി പറമ്പിലിന് അത്യുജ്ജ്വലവിജയം സമ്മാനിച്ചത്. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിൽ പാർട്ടിക്കുവേണ്ടി വീടുകയറി പ്രചരണം നടത്തുകയും ചുവരെഴുതുകയും ചെയ്ത സഖാക്കൾ പലരും കയ്യറപ്പില്ലാതെ സിപിഎമ്മിന് എതിരെ വോട്ട് ചെയ്തു തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. രക്തസാക്ഷി സ്വപ്നങ്ങളെയും കമ്മ്യൂണിസ്റ്റ് നന്മകളെയും കമ്പോളത്തിൽ വിലപേശി വിൽക്കുന്ന നേതൃത്വത്തിനെതിരെ ചന്ദ്രശേഖരൻ ആരംഭിച്ച കലാപത്തിന്റെ തുടർച്ചക്ക് അവർ അടിയൊപ്പ് ചാർത്തുകയായിരുന്നു.

സ്വന്തം പാർട്ടി അണികളുടെ ഹൃദയ വികാരത്തിന് അല്പമെങ്കിലും മാന്യതയും വിലയും സിപിഎം നേതൃത്വം കൽപ്പിക്കുന്നുണ്ടായിരുന്നെങ്കിൽ വോട്ടെണ്ണലിന്റെ ചൂടാറും മുമ്പ്, ജനവിധി നേടിയവർ സത്യപ്രതിജ്ഞ ചെയ്യും മുൻപ് ടി.പി. കേസിലെ പ്രതികളെ ഇങ്ങനെ കയറൂരി വിടാൻ നോക്കുമായിരുന്നില്ല.

കാൽക്കീഴിലെ മണ്ണ് ഒലിച്ചു പോവുന്നതറിഞ്ഞിട്ടും സാമാന്യ ബുദ്ധിയുള്ള ഒരാളും അംഗീകരിക്കില്ല എന്ന് അറിഞ്ഞിട്ടും ഇത്രയും നഗ്‌നമായ നീതികേട് നിർവ്വഹിക്കണമെങ്കിൽ കാരണമൊന്നേയുള്ളൂ. ഈ വഴിവിട്ട ആനുകൂല്യങ്ങൾ കൊണ്ട് താഴിട്ടു പൂട്ടാൻ നോക്കുന്ന ടി.പി. കേസ് പ്രതികളുടെ നാവിൻ തുമ്പിലെ രഹസ്യങ്ങൾ നേതൃനിരയിൽ പലരുടെയും ഉറക്കം നഷ്ടപ്പെടുത്തുന്നുണ്ട്. എല്ലാ കാലവും ഒരു പോലെയാവില്ല. ടി.പി. കേസ് ഗൂഢാലോചനയുടെ സത്യങ്ങൾ നിങ്ങളുടെ അധികാരത്തിന്റെ അന്ധകാരം നീക്കി പുറത്ത് വരിക തന്നെ ചെയ്യുമെന്നും രമ കട്ടിച്ചേർത്തു.

തിരുവനന്തപുരം: മിൽമയിൽ എല്ലാ ട്രേഡ് യൂണിയനുകളുടെയും ആഭിമുഖ്യത്തിൽ സംയുക്ത സമരം പ്രഖ്യാപിച്ചു. ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ജൂൺ 24ന് രാത്രി 12 മണി മുതലാണ് സമരം ആരംഭിക്കുക.

ശമ്പള പരിഷ്‌കരണ വിഷയത്തിൽ മിൽമ മാനേജ്‌മെന്റിന് നോട്ടീസ് നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടർ ബോർഡ് ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ വിമർശിച്ചു. ഐഎൻടിയുസി നേതാവ് ചന്ദ്രശേഖരൻ, എഐടിയുസി നേതാവ് മോഹൻദാസ്, സിഐടിയു നേതാവ് എ ബി സാബു എന്നിവരാണ് സംയുക്ത സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ന്യൂഡൽഹി: സംസ്ഥാനം മുന്നോട്ടുവച്ചിട്ടുള്ള സെമി ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് (സിൽവർലൈൻ) എത്രയും പെട്ടെന്ന് എല്ലാ അനുമതികളും ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ പ്രീ ബജറ്റ് ചർച്ചകളുടെ ഭാഗമായി വിളിച്ചുചേർത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് കേരളം ഈ ആവശ്യം ഉന്നയിച്ചത്.

വർധിച്ചു വരുന്ന റെയിൽ ഗതാഗത ആവശ്യങ്ങൾ കുറ്റമറ്റ നിലയിൽ നിറവേറ്റാൻ നിലവിലെ റെയിൽ സംവിധാനങ്ങൾക്ക് കഴിയുന്നില്ലെന്നത് അർദ്ധ അതിവേഗ പാതയുടെ നിർമ്മാണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നുവെന്നതും പരിഗണിക്കണം. നിലിവിലുള്ള റെയിൽ സംവിധാനങ്ങളുടെ മെച്ചപ്പെടുത്തലിനായുള്ള പദ്ധതികളും വേണം. കൂടുതൽ എകസ്പ്രസ്, പാസഞ്ചർ ട്രയിനുകൾ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. ഇത് അടുത്ത കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കണം. മനുഷ്യവിഭവ വികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, സ്റ്റാർട്ടപ്പ്, നൂതനത്വം തുടങ്ങിയ മേഖലയിൽ രാജ്യത്തിന് അഭിമാനകരമായ നിലയിലുള്ള നേട്ടങ്ങൾ കേരളത്തിനുണ്ട്. അവ നിലനിർത്തുന്നതിനും കൂടുതൽ മുന്നേറുന്നതിനും സഹായകമായ നിലയിലുള്ള സാമ്പത്തിക സഹായം ആവശ്യമാണ്. നിലവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങളും മറികടക്കാൻ ഉതകുന്ന നിലയിൽ രണ്ട് വർഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളം തേടിയത്. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ പ്രീ ബജറ്റ് ചർച്ചകളുടെ ഭാഗമായി വിളിച്ചുചേർത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിണ് ആവശ്യം ഉന്നയിച്ചത്.

കോവിഡ് ആഘാതത്തിൽനിന്ന് കരകയറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പല നയങ്ങളും നടപടികളും തടസ്സമാകുന്നു. കേരളത്തിന് നിയമപ്രകാരം അർഹതപ്പെട്ട പരിധയിലുള്ള വായ്പ പോലും എടുക്കാൻ അനുവാദം ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്ന് ധനമന്ത്രി വ്യക്തമാക്കി. പബ്ലിക് അക്കൗണ്ടിലെ തുകയും, സർക്കാർ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പയും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽപ്പെടുത്തി, വായ്പാനുവാദത്തിൽ വെട്ടിക്കുറവ് വരുത്തുന്നു. ഇതുമൂലം ഈവർഷവും അടുത്തവർഷവും 5710 കോടി രൂപ വീതമാണ് വായ്പയിൽ കുറയുന്നത്. കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും മുൻകാല കടങ്ങളെ ഈവർഷത്തെയും അടുത്തവർഷത്തെയും വായ്പാനുവാദത്തിൽനിന്ന് കുറയ്ക്കുകയെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, ദേശീയപാതാ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലിന്റെ ചെലവിന്റെ 25 ശതമാനമായ ഏതാണ്ട് 6000 കോടി രൂപ നൽകേണ്ടിവന്ന ഏക സംസ്ഥാനവും കേരളമാണെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി. ഇതിന് തുല്യമായ തുക ഈവർഷം ഉപാധിരഹിതമായി കടം എടുക്കാൻ അനുവദിക്കണം.

പത്താം ധനകാര്യ കമീഷൻ ശുപാർശ ചെയ്ത 3.875 ശതമാനം കേന്ദ്ര നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമീഷൻ 1.92 ശതമാനമായി വെട്ടിച്ചുരുക്കിയതിലൂടെ സംസ്ഥാനത്തിന്റെ വരുമാനത്തിൽ വലിയ കുറവുണ്ടായി. ജിഎസ്ടി നഷ്ടപരിഹാരം വെട്ടിക്കുറച്ചതും, റവന്യു കമ്മി ഗ്രാന്റ് അവസാനിക്കുന്നതും കടം എടുക്കുന്നത് വലിയതോതിൽ വെട്ടിക്കുറച്ചതും സംസ്ഥാനത്തിന് വലിയ സാമ്പത്തിക പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. പ്രത്യേക പാക്കേജ് തീരുമാനത്തിനായി ഇവയെല്ലാം പരിഗണിക്കണം.
ഒപ്പം, ഈവർഷത്തെ കടമെടുപ്പ് പരിധി ജിഎസ്ഡിപിയുടെ മൂന്നര ശതമാനമായി ഉയർത്തണം. ഉപാധിരഹിത കടമെടുപ്പ് അനുവാദവും ഉറപ്പാക്കണം. കിഫ്ബി, പെൻഷൻ കമ്പനി എന്നിവ മുൻവർഷങ്ങളിൽ എടുത്ത വായ്പ ഈവർഷത്തെയും അടുത്തവർഷത്തെയും കടപരിധിയിൽ കുറയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം. ജിഎസ്ടിയിലെ കേന്ദ്ര – സംസ്ഥാന നികുതി പങ്ക് വയ്ക്കൽ അനുപാതം നിലവിലെ 60:40 എന്നത് 50:50 ആയി പുനർനിർണയിക്കണം.

5000 കോടിയുടെ വിസിൽ പാക്കേജ് വേണം

മുലധന നിക്ഷേപ മേഖലയിൽ കേരളം ഗണ്യമായ മുന്നേറ്റമാണ് നടത്തുന്നത്. രാജ്യത്തിന്റെ വികസനത്തിൽ നിർണായ പങ്ക് വഹിക്കാൻ ഉതകുമെന്ന് പ്രതീക്ഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെയും തുറമുഖ മേഖലയുടെയും വികസനത്തിന് സംസ്ഥാനത്തിന്റെ ഭാഗമായി വലിയ തുക മുടക്കേണ്ടതുണ്ട്. അതിനാൽ കേന്ദ്ര ബജറ്റിൽ 5000 കോടി രൂപയുടെ ‘വിസൽ പാക്കേജ്’ പ്രഖ്യാപിക്കണം.

കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്ക പാതയുടെ നിർമ്മാണം ഉൾപ്പെടെ പദ്ധതികൾക്കായും അടിയന്തിരമായി 5000 കോടി രൂപ വേണം. കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം ബജറ്റിൽ പ്രഖ്യാപിച്ച മൂലധന നിക്ഷേപ വായ്പാ പദ്ധതിയിൽനിന്ന് കേരളത്തിന് സഹായമൊന്നും ലഭിച്ചിട്ടുമില്ല എന്നതും പരിഗണിക്കണം.

ഓണറേറിയങ്ങൾ ഉയർത്തണം

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം നിലവിലെ 60 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്തണം. കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പിലും മാനദണ്ഡ രൂപീകരണത്തിലും സംസ്ഥാനങ്ങൾക്ക് അധികാരം ഉറപ്പാക്കണം. ഭക്ഷ്യസുരക്ഷാ പദ്ധതിക്കുകീഴിലെ ഭക്ഷ്യധാന്യങ്ങളുടെ സംസ്ഥാനാന്തര ചരക്കുകൂലിയും കൈകാര്യച്ചെലവും റേഷൻ വ്യാപരികളുടെ കമീഷനും വർധിപ്പിക്കണം. ആശ, അങ്കണവാടി ഉൾപ്പെടെ വിവിധ സ്‌കീം തൊഴിലാളികളുടെയും പ്രവർത്തകരുടെയും ഓണറേറിയം ഉയർത്തണം. എൻഎസ്എപിയിലെ ക്ഷേമ പെൻഷൻ തുകകൾ, സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകച്ചെലവ്, ഭവന നിർമ്മാണ പദ്ധതികളിലെ കേന്ദ്ര സർക്കാർ വിഹിതം തുടങ്ങിയവയും ഉയർത്തണം.

കേന്ദ്ര സർക്കാർ നടപ്പാക്കിയ സ്‌ക്രാപ്പ് പോളിസിയുടെ ഭാഗമായി സംസ്ഥാനത്ത് ഫയർ സർവീസിലെ 220 വാഹനങ്ങൾ, ആരോഗ്യ വകുപ്പിലെ ആംബുലൻസുകൾ അടക്കം 800 വാഹനങ്ങൾ, പൊലീസ് സേനയുടെ നിരവധി വാഹനങ്ങൾ ഉൾപ്പെടെ കാലഹരണപ്പെട്ടിരിക്കുകയാണ്. ഇവയ്ക്ക് പകരം വാഹനങ്ങൾ വാങ്ങാൻ കേന്ദ്ര സഹായം വേണം.

കേരളം കാലകാലങ്ങളായി ആവശ്യപ്പെടുന്ന എയിംസ്, കണ്ണൂർ ഇന്റർനാഷണൽ ആയൂർവേദ റിസർച്ച് ഇൻസിറ്റിറ്റിയൂട്ട് തുടങ്ങിയ ഈ ബജറ്റിൽ പ്രഖ്യാപിക്കണം. റബറിന്റെ താങ്ങുവില 250 രൂപയായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണം. തലശേരി – മൈസുരു, നിലമ്പൂർ – നഞ്ചൻഗോഡ് റെയിൽ പാതകളുടെ സർവെയും വിശദ പദ്ധതിരേഖ തയ്യാറാക്കലും നടപടികൾ ആരംഭിക്കണം.

കേന്ദ്ര ബജറ്റിൽ വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്രം, സാമ്പത്തിക രംഗത്ത് മൊത്തത്തിൽ ഡിമാണ്ടിൽ അടക്കമുണ്ടായിട്ടുള്ള മരവിപ്പ്, അടിസ്ഥാന സൗകര്യങ്ങളിലെ കുറവ് തുടങ്ങിയവ നേരിടാനുള്ള ഊന്നലുകൾ ബജറ്റിലുണ്ടാകണമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.

ന്യൂഡൽഹി:കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. ഇത് അടുത്ത കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കണം. മനുഷ്യവിഭവ വികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, സ്റ്റാർട്ടപ്പ്, നൂതനത്വം തുടങ്ങിയ മേഖലയിൽ രാജ്യത്തിന് അഭിമാനകരമായ നിലയിലുള്ള നേട്ടങ്ങൾ കേരളത്തിനുണ്ട്. അവ നിലനിർത്തുന്നതിനും കൂടുതൽ മുന്നേറുന്നതിനും സഹായകമായ നിലയിലുള്ള സാമ്പത്തിക സഹായം ആവശ്യമാണ്. നിലവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങളും മറികടക്കാൻ ഉതകുന്ന നിലയിൽ രണ്ട് വർഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളം തേടിയത്. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ പ്രീ ബജറ്റ് ചർച്ചകളുടെ ഭാഗമായി വിളിച്ചുചേർത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിണ് ആവശ്യം ഉന്നയിച്ചത്.

കോവിഡ് ആഘാതത്തിൽനിന്ന് കരകയറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പല നയങ്ങളും നടപടികളും തടസ്സമാകുന്നു. കേരളത്തിന് നിയമപ്രകാരം അർഹതപ്പെട്ട പരിധയിലുള്ള വായ്പ പോലും എടുക്കാൻ അനുവാദം ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്ന് ധനമന്ത്രി വ്യക്തമാക്കി. പബ്ലിക് അക്കൗണ്ടിലെ തുകയും, സർക്കാർ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പയും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽപ്പെടുത്തി, വായ്പാനുവാദത്തിൽ വെട്ടിക്കുറവ് വരുത്തുന്നു. ഇതുമൂലം ഈവർഷവും അടുത്തവർഷവും 5710 കോടി രൂപ വീതമാണ് വായ്പയിൽ കുറയുന്നത്. കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും മുൻകാല കടങ്ങളെ ഈവർഷത്തെയും അടുത്തവർഷത്തെയും വായ്പാനുവാദത്തിൽനിന്ന് കുറയ്ക്കുകയെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, ദേശീയപാതാ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലിന്റെ ചെലവിന്റെ 25 ശതമാനമായ ഏതാണ്ട് 6000 കോടി രൂപ നൽകേണ്ടിവന്ന ഏക സംസ്ഥാനവും കേരളമാണെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി. ഇതിന് തുല്യമായ തുക ഈവർഷം ഉപാധിരഹിതമായി കടം എടുക്കാൻ അനുവദിക്കണം.

പത്താം ധനകാര്യ കമീഷൻ ശുപാർശ ചെയ്ത 3.875 ശതമാനം കേന്ദ്ര നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമീഷൻ 1.92 ശതമാനമായി വെട്ടിച്ചുരുക്കിയതിലൂടെ സംസ്ഥാനത്തിന്റെ വരുമാനത്തിൽ വലിയ കുറവുണ്ടായി. ജിഎസ്ടി നഷ്ടപരിഹാരം വെട്ടിക്കുറച്ചതും, റവന്യു കമ്മി ഗ്രാന്റ് അവസാനിക്കുന്നതും കടം എടുക്കുന്നത് വലിയതോതിൽ വെട്ടിക്കുറച്ചതും സംസ്ഥാനത്തിന് വലിയ സാമ്പത്തിക പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. പ്രത്യേക പാക്കേജ് തീരുമാനത്തിനായി ഇവയെല്ലാം പരിഗണിക്കണം.

ഒപ്പം, ഈവർഷത്തെ കടമെടുപ്പ് പരിധി ജിഎസ്ഡിപിയുടെ മൂന്നര ശതമാനമായി ഉയർത്തണം. ഉപാധിരഹിത കടമെടുപ്പ് അനുവാദവും ഉറപ്പാക്കണം. കിഫ്ബി, പെൻഷൻ കമ്പനി എന്നിവ മുൻവർഷങ്ങളിൽ എടുത്ത വായ്പ ഈവർഷത്തെയും അടുത്തവർഷത്തെയും കടപരിധിയിൽ കുറയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം. ജിഎസ്ടിയിലെ കേന്ദ്ര – സംസ്ഥാന നികുതി പങ്ക് വയ്ക്കൽ അനുപാതം നിലവിലെ 60:40 എന്നത് 50:50 ആയി പുനർനിർണയിക്കണമെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു.

കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എൻഎസ്എസ്. ഇരു സർക്കാരുകളും മുന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.

ഇരു സർക്കാരുകളും മുന്നോക്ക സമുദായങ്ങൾക്ക് നീതി നൽകാതെ അകറ്റി നിർത്തുകയാണ്. വർഗീയ സ്പർദ്ധ പടർത്തുന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാടുകളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഇനിയും തിരിച്ചടികൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ചേർന്ന എൻഎസ്എസ് ബജറ്റ് സമ്മേളനത്തിലായിരുന്നു ജി സുകുമാരൻ നായർ ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

തൃശ്ശൂർ: ലാബ് പരിശോധനയ്ക്കു ശേഷംമാത്രം ആന്റിബയോട്ടിക്കുകൾ എഴുതിയാൽ മതിയെന്ന് ഡോക്ടർമാരോട് നിർദേശിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻ. യുക്തിപരമല്ലാത്ത ഉപയോഗംമൂലം ഔഷധങ്ങൾക്ക് ഗുണം ലഭിക്കാത്ത സ്ഥിതി ഒഴിവാക്കാനാണ് പുതിയ നിർദ്ദേശം. കഫ പരിശോധന, അണുബാധ കണ്ടെത്തുന്നതിനുള്ള കൾച്ചർ ടെസ്റ്റുകൾ എന്നിവയാണ് വേണ്ടതെന്നാണ് നിർദ്ദേശം.

ലാബ് പരിശോധനകളുടെ ഫലം വിലയിരുത്തിയ ശേഷം മാത്രമേ മരുന്നുകൾ നിർദേശിക്കാവൂ. മരുന്നുകൾ നിർദേശിക്കുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡം വിവരിക്കുന്ന ടൂൾ കിറ്റും കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്.

ഗുരുതര രോഗബാധയുള്ളവർക്ക് ആന്റിബയോട്ടിക്കുകൾ പരിമിതപ്പെടുത്തണമെന്നതാണ് പ്രധാന നിർദ്ദേശമായി മുന്നോട്ടുവെച്ചിരിക്കുന്നത്. ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ആശുപത്രി അധികാരികൾ എന്നിവരൊക്കെ ജാഗ്രത പുലർത്തണം.

തൃശ്ശൂർ: ഇടമലയാർ ജലസേചന പദ്ധതിയുടെ ഭാഗമായ ചാലക്കുടി വലതുകര കനാൽ പുനരുദ്ധാരണ അഴിമതിയിൽ ശിക്ഷ വിധിച്ച് കോടതി. കേസിലെ 44 പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. തൃശൂർ വിജിലൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മൂന്നുവർഷം തടവും രണ്ട് ലക്ഷം വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്.

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ മുതൽ കരാറുകാരൻ വരെയുള്ളവർക്കാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. രണ്ടുപതിറ്റാണ്ട് മുമ്പു നടന്ന അഴിമതിക്കേസിലാണ് ശിക്ഷാ വിധി ഉണ്ടായിരിക്കുന്നത്.

എട്ടുകിലോമീറ്റർ ദൂരമുണ്ടായിരുന്ന ചാലക്കുടി വലതുകര കനാൽ പുനരുദ്ധാരണത്തിൽ അഴിമതിയുണ്ടെന്ന വിജിലൻസ് വാദം അംഗീകരിച്ചാണ് വിജിലൻസ് ജഡ്ജി ജി. അനിൽ ശിക്ഷ വിധിച്ചത്. കനാൽ നിർമാണം നിശ്ചിത ദൂരത്തിൽ മുറിച്ച് കോൺട്രാക്ടർമാർക്ക് വീതം വച്ചു. ചാലക്കുടി സ്വദേശി പി എൽ ജേക്കബായിരുന്നു പരാതിക്കാരൻ.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പ്രതിരോധം, കണക്ടിവിറ്റി, ഭീകരവിരുദ്ധ മേഖലകളിലെ സഹകരണത്തിലൂന്നിയുള്ള ചർച്ചകളാണ് ഇരുവരും നടത്തിയത്. ബംഗ്ലദേശിൽ നിന്ന് ചികിത്സ ആവശ്യത്തിനായി ഇന്ത്യയിലെത്തുന്നവർക്ക് ഇ മെഡിക്കൽ വിസ നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

സമഗ്ര സാമ്പത്തിക സഹകരണ കരാറുമായി ബന്ധപ്പെട്ട് ചർച്ച തുടങ്ങാൻ സന്നദ്ധരാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംയുക്ത വാർത്താസമ്മേളനത്തിൽ ഇരുനേതാക്കളും പറഞ്ഞു. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ പ്രതിരോധരംഗത്തെ ആധുനികവത്ക്കരണവും ഭീകര, തീവ്രവാദ വിരുദ്ധ നടപടികളും ചർച്ചയായതായി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

തീസ്ത നദീ സംരക്ഷണവുമായി ബന്ധപ്പെട്ട് സാങ്കേതിക വിദഗ്ധ സംഘത്തെ ബംഗ്ലാദേശിലേക്ക് അയയ്ക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അതേസമയം, തീസ്ത നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലദേശ് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും ബംഗാളിൽ മമത ബാനർജിയുടെ എതിർപ്പിനെത്തുടർന്ന് ഇന്ത്യ ഇതിൽ ഒപ്പുവച്ചിരുന്നില്ല. 2026ൽ കാലഹരണപ്പെടുന്ന ഗംഗാനദീജല കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും സാങ്കേതിക വിദഗ്ധതല ചർച്ച നടത്താൻ മുൻകൈയെടുക്കാനും തീരുമാനമായിട്ടുണ്ട്.

തിരുവനന്തപുരം: ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തേക്കുറിച്ച് പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇല്ല, ഇല്ല, ഒന്നും പറയാനില്ല എന്നായിരുന്നു വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകർക്ക് എം വി ഗോവിന്ദൻ നൽകിയ മറുപടി.

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ രംഗത്തെത്തി. ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ തീരുമാനം ആത്മഹത്യാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ കേരളം ഒന്നടങ്കം എതിർക്കുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സപ്ലൈകോയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഒരു വർഷത്തിനിടെ സപ്ലൈകോയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന 11 പദ്ധതികൾ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഫയൽ അദാലത്ത്, ഓഡിറ്റ്, അക്കൗണ്ട് ഫൈനലൈസേഷൻ, ഇ.ആർ.പി പൂർണമായും നടപ്പാക്കൽ, എൻ.എഫ്.എസ്.എ സയന്റിഫിക് ഗോഡൗണുകളുടെ എണ്ണം 36 ശതമാനത്തിൽ നിന്ന് 60 ശതമാനമാക്കൽ, ശബരി ബ്രാൻഡിൽ പുതിയ ഉത്പന്നങ്ങൾ, നെല്ല് സംഭരണം, സബ്‌സിഡി വിതരണം എന്നിവയ്ക്ക് ആധാർ ലിങ്ക്ഡ് ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തൽ, ആലപ്പുഴ സൂപ്പർ മാർക്കറ്റ് നിർമാണം, സുവനീർ കം കോഫീ ടേബിൾ ബുക്ക് പുറത്തിറക്കൽ, പുതിയ പെട്രോൾ പമ്പുകൾ തുടങ്ങലും പഴയവ നവീകരിക്കലും, ആധുനിക മെഡിക്കൽ സ്റ്റോറുകൾ തുടങ്ങൽ എന്നീ പദ്ധതികളാണ് മന്ത്രി പ്രഖ്യാപിച്ചത്.

സപ്ലൈകോയുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും കാര്യക്ഷമത കൂട്ടുന്നതിനും സപ്ലൈകോ ആസ്ഥാനത്തും സപ്ലൈക്കോയുമായി ബന്ധപ്പെട്ട് സർക്കാരിലും കെട്ടിക്കിടക്കുന്ന ഫയലുകൾ അദാലത്തു നടത്തി പരിഹാരം കാണാൻ ശ്രമിക്കും. മഹാപ്രളയം, കോവിഡ് തുടങ്ങിയ കാലയളവിൽ സപ്ലൈകോയുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ച് സൗജന്യ ഭക്ഷ്യകിറ്റുകളുടെ വിതരണത്തിൽ മാത്രമായി ശ്രദ്ധകേന്ദ്രീകരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ഇക്കാലയളവിൽ സപ്ലൈകോയുടെ ഓഡിറ്റ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. 50-ാം വർഷം ആഘോഷിക്കുന്ന കാലയളവിൽ 2022-23 വരെയുള്ള ഓഡിറ്റ് പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കും.

നിലവിൽ എല്ലാ സപ്ലൈകോ വിൽപനശാലകളിലും ഇആർപി മുഖേനയാണ് വിൽപന നടത്തി വരുന്നത്. കൂടാതെ സപ്ലൈകോയുടെ എല്ലാ ഡിപ്പോകളിലും നിലവിൽ ഇആർപി നടപ്പിലാക്കിയിട്ടുണ്ട്. ഇനിയും പൂർത്തീകരിക്കാത്ത മൊഡ്യൂളുകളും ഈ വർഷത്തിൽ തന്നെ പൂർണമായും പൂർത്തീകരിക്കും. നിലവിൽ 179 ഗോഡൗണുകളിലൂടെയാണ് സപ്ലൈകോ സർക്കാരിന്റെ അഭിമാന പദ്ധതിയായ റേഷൻ ഉൽപ്പന്നങ്ങളുടെ വാതിൽപ്പടി വിതരണം നടത്തുന്നത്. ഇതിൽ 64 ശതമാനം ഗോഡൗണുകൾ ആവശ്യമായ സയന്റിഫിക് നിലവാരത്തിലുള്ളതല്ല. റേഷൻ വിതരത്തിനായി ഉപയോഗിക്കുന്ന ഗോഡൗണുകളിൽ 60 ശതമാനവും ആധുനിക രീതിയിലുള്ള സയന്റിഫിക് ഗോഡൗണുകളായി മാറ്റും. കൂടാതെ സപ്ലൈകോ ഗോഡൗണുകളും പൂർണ്ണമായി സയന്റിഫിക് ഗോഡൗണുകളാക്കി മാറ്റും.

നിലവിൽ ശബരി ബ്രാൻഡിൽ ചായപ്പൊടി, മസാലകൾ, കറി പൗഡറുകൾ, ആട്ട, പുട്ടുപൊടി, അപ്പം പൊടി, സോപ്പ്, വെളിച്ചെണ്ണ എന്നിവയാണ് വിതരണത്തിനായി എത്തിക്കുന്നത്. അമ്പതാം വർഷം പ്രമാണിച്ച് കൂടുതൽ ശബരി ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കും. ഇതിന്റെ ഭാഗമായി ഗുണനിലവാരമുള്ള സൺഫ്‌ളവർ ഓയിൽ, പാമോലിൻ, ഉപ്പ്, പഞ്ചസാര, ക്ലീനിങ് ഉത്പന്നങ്ങൾ (ഡിറ്റർജന്റുകൾ, സർഫസ് ക്ലീനറുകൾ, ഡിഷ് വാഷ്, ഹാൻഡ് വാഷ്) എന്നീ ജനപ്രിയ ഉത്പന്നങ്ങൾ ശബരി ബ്രാന്റിൽ ന്യായമായ വിലയ്ക്ക് വിപണിയിൽ എത്തിക്കും.

സപ്ലൈകോ 2.25 ലക്ഷം നെൽകർഷകരിൽ നിന്ന് ഓരോ സീസണിലും നെല്ല് സംഭരിക്കുന്നുണ്ട്. ഈ പദ്ധതി കുറ്റമറ്റതാക്കുന്നതിന് രജിസ്റ്റേർഡ് കർഷകരിൽ നിന്നും ബയോമെട്രിക് വിവരങ്ങൾ കൂടി ശേഖരിച്ച് ആധാർ ലിങ്ക് ബയോമെട്രിക് നെല്ല് സംഭരണമാക്കി മാറ്റും. ഇതുമൂലം നെല്ല് സംഭരണത്തിൽ ഉണ്ടായേക്കാവുന്ന ക്രമക്കേടുകൾ ഒഴിവാക്കാനാവും. 13 ഇനം സബ്‌സിഡി ഉൽപ്പന്നങ്ങൾ റേഷൻ കാർഡ് അടിസ്ഥാനമാക്കി സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകളിലൂടെ ഉപഭോക്താക്കൾക്ക് നൽകി വരുന്ന സംവിധാനം കുറ്റമറ്റതാക്കുന്നതിനായി ഉപഭോക്താക്കളുടെ ആധാർ, ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ച്, റേഷൻ വിതരണത്തിന് അവലംബിച്ച ഇ-പോസ് സംവിധാനം നടപ്പിലാക്കും. ഇതുവഴി സബ്‌സിഡി ഉൽപ്പന്നങ്ങൾ യഥാർത്ഥ ഉപഭോക്താവിന് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താനാവും.

ആലപ്പുഴ ജില്ലാ കോടതി വളപ്പിൽ സപ്ലൈകോയുടെ കൈവശമുള്ള ഭൂമിയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ 1500 ചതുരശ്ര അടിയിലുള്ള സൂപ്പർമാർക്കറ്റ് നിർമിക്കും. ഇതിന്റെ തറക്കല്ലിടൽ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് നടത്തും. ഒരു വർഷത്തിനുള്ളിൽ പണിപൂർത്തിയാക്കും. അമ്പത് വർഷത്തെ സപ്ലൈകോയുടെ ചരിത്രം സൂചിപ്പിക്കുന്ന ചിത്രങ്ങളും ലേഖനങ്ങളും അടങ്ങിയ സുവനീർ കം കോഫീ ടേബിൾ ബുക്ക് ഡിസംബർ മാസത്തോടെ പുറത്തിറക്കും.

മാനന്തവാടി, കൊല്ലം, വാഗമൺ എന്നിവിടങ്ങളിൽ പുതിയ പെട്രോൾ പമ്പുകൾ ആരംഭിക്കുന്നതിനും തിരുവനന്തപുരം ആൽത്തറ പെട്രോൾ പമ്പ് നവീകരണത്തിനും തുടക്കം കുറിക്കും. തിരുവനന്തപുരം ആൽത്തറ പെട്രോൾ പമ്പിനോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന അവശ്യ നിത്യോപയോഗ വസ്തുക്കൾ ലഭിക്കുന്ന സപ്ലൈകോ എക്‌സ്പ്രസ്സ് മാർട്ടും ആരംഭിക്കും. കൂടാതെ വെള്ളയമ്പലം, തിരുവനന്തപുരം സ്റ്റാച്യു, എറണാകുളം എം ജി റോഡ് എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകൾ നവീകരിക്കും.

സപ്ലൈകോ നിലവിൽ നടത്തിവരുന്ന മെഡിക്കൽ സ്റ്റോറുകൾക്കു പുറമെ 10 ഓളം മെഡിക്കൽ സ്റ്റോറുകൾ സപ്ലൈകോ മെഡി മാർട്ട്’ എന്ന പേരിൽ ആരംഭിക്കും. പൂർണമായും ശീതികരിച്ച സൂപ്പർമാർക്കറ്റ് രീതിയിലുള്ള ഈ സ്റ്റോറുകളിൽ മരുന്നുകൾക്ക് പുറമെ സർജിക്കൽ, മെഡിക്കൽ ഉപകരണങ്ങൾ, പ്രമുഖ ബ്രാൻഡുകളുടെ ഹെൽത്ത് കെയർ, വെൽനസ് ഉത്പന്നങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ മുതാലായവ വിൽപനക്ക് ലഭ്യമാക്കും. 1000 രൂപയിൽ കൂടുതൽ വിലയുള്ള മരുന്നുകളുടെ ഓർഡർ ഉപഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും.