ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പ്രതിരോധം, കണക്ടിവിറ്റി, ഭീകരവിരുദ്ധ മേഖലകളിലെ സഹകരണത്തിലൂന്നിയുള്ള ചർച്ചകളാണ് ഇരുവരും നടത്തിയത്. ബംഗ്ലദേശിൽ നിന്ന് ചികിത്സ ആവശ്യത്തിനായി ഇന്ത്യയിലെത്തുന്നവർക്ക് ഇ മെഡിക്കൽ വിസ നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
സമഗ്ര സാമ്പത്തിക സഹകരണ കരാറുമായി ബന്ധപ്പെട്ട് ചർച്ച തുടങ്ങാൻ സന്നദ്ധരാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംയുക്ത വാർത്താസമ്മേളനത്തിൽ ഇരുനേതാക്കളും പറഞ്ഞു. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ പ്രതിരോധരംഗത്തെ ആധുനികവത്ക്കരണവും ഭീകര, തീവ്രവാദ വിരുദ്ധ നടപടികളും ചർച്ചയായതായി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
തീസ്ത നദീ സംരക്ഷണവുമായി ബന്ധപ്പെട്ട് സാങ്കേതിക വിദഗ്ധ സംഘത്തെ ബംഗ്ലാദേശിലേക്ക് അയയ്ക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അതേസമയം, തീസ്ത നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലദേശ് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും ബംഗാളിൽ മമത ബാനർജിയുടെ എതിർപ്പിനെത്തുടർന്ന് ഇന്ത്യ ഇതിൽ ഒപ്പുവച്ചിരുന്നില്ല. 2026ൽ കാലഹരണപ്പെടുന്ന ഗംഗാനദീജല കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും സാങ്കേതിക വിദഗ്ധതല ചർച്ച നടത്താൻ മുൻകൈയെടുക്കാനും തീരുമാനമായിട്ടുണ്ട്.

