General (Page 185)

അയർലൻഡിൽ മേയറായി മലയാളി. സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്റെ പുതിയ മേയറായാണ് മലയാളി തെരഞ്ഞെടുക്കപ്പെട്ടത്. അങ്കമാലി സ്വദേശിയായ ബേബി പെരേപ്പാടനാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ അയർലൻഡിൽ മേയർ സ്ഥാനത്തേക്ക് എത്തുന്നത്. കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിൽ താല സൗത്ത് മണ്ഡലത്തിൽ നിന്നാണ് ഭരണകക്ഷിയായ ഫിന ഗേലിന്റെ സ്ഥാനാർഥിയായ ബേബി പെരേപ്പാടൻ വിജയിച്ചത്.

ഇന്നലെ ചേർന്ന കൗണ്ടി കൗൺസിലിന്റെ ആദ്യ യോഗത്തിൽ മേയറുടെ അധികാര ചിഹ്നങ്ങൾ സ്വീകരിച്ചു. മുൻ മേയർ അലൻ എഡ്ജിൽ നിന്നുമാണ് ബേബി പെരേപ്പാടൻ മേയറുടെ അധികാര ചിഹ്നങ്ങൾ സ്വീകരിച്ചത്. വിജയിച്ച കൗൺസിൽ അംഗങ്ങൾ വ്യാഴാഴ്ച യോഗം ചേർന്ന് ബേബി പെരേപ്പാടനെ ഏകകണ്ഠമായി മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. അങ്കമാലിയിലെ പുളിയനത്താണ് ബേബി പെരേപ്പാടൻ ജനിച്ചത്.

20 വർഷങ്ങൾക്ക് മുൻപാണ് അദ്ദേഹം അയർലാൻഡിലേക്ക് എത്തിയത്. വിവിധ സാമൂഹിക, സാംസ്‌കാരിക രംഗത്ത് സജീവമാണ് അദ്ദേഹം. ജിൻസി മാത്യു ആണ് ബേബി പെരേപ്പാടന്റെ ഭാര്യ. ബ്യൂമോണ്ട് ആശുപത്രിയിൽ അഡ്വാൻസ്ഡ് നഴ്സ് പ്രാക്ടീഷണറാണ് ജിൻസി. ഡെന്റൽ മെഡിസിൻ വിദ്യാർഥിയായ ബ്രോണയും താലാ സെൻട്രലിൽ നിന്നും വിജയിച്ച കൗൺസിലർ ഡോ. ബ്രിട്ടോ പെരേപ്പാടനുമാണ് ബേബി പെരേപ്പാടൻ-ജിൻസി ദമ്പതികളുടെ മകൾ.

ചെന്നൈ: കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്ത ബാധിതരെ ആശുപത്രിയിലെത്തി സന്ദർശിച്ച് നടനും മക്കൾ നീതി മയ്യം പാർട്ടിയുടെ അധ്യക്ഷനുമായ കമൽഹാസൻ. ദുരന്തബാധിതരെ അദ്ദേഹം ആശ്വസിപ്പിച്ചു. വിഷമദ്യ ദുരന്തത്തിൽ ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്ന കള്ളക്കുറിച്ചിയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കമൽഹാസൻ എത്തിയത്.

അതേസമയം നടനും തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് നേരത്തെ കള്ളക്കുറിച്ചിയിലെത്തിയിരുന്നു. വിവിധ ആശുപത്രികളിൽ കഴിയുന്ന ആളുകൾക്കാണ് ആശ്വാസവുമായി വിജയ് എത്തിയത്. ചികിത്സയിൽ കഴിയുന്ന ഓരോരുത്തരുടെയും അടുത്തെത്തി വിജയ് സുഖവിവരം അന്വേഷിച്ചു.

ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കാൻ കാരണം സർക്കാറിന്റെ തികഞ്ഞ അനാസ്ഥയാണെന്ന് വിജയ് പ്രതികരിച്ചു. എക്സ് മാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കള്ളക്കുറിച്ചി ജില്ലയിലെ വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് നടൻ സൂര്യയും സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തരമായി ദീർഘകാലപദ്ധതികൾ നടപ്പാക്കണമെന്ന് സൂര്യ ആവശ്യപ്പെട്ടു. സംസ്ഥാനത്തു മദ്യാസക്തി തുടരുന്നതിൽ ഇതുവരെയുള്ള സർക്കാരുകളെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. 54 പേരാണ് വ്യാജമദ്യ ദുരന്തത്തെ തുടർന്ന് മരണപ്പെട്ടത്.

ചുഴലിക്കാറ്റിലോ മഴക്കെടുതിയിലോ പ്രളയത്തിലോ പോലും ഇത്രയും മരണങ്ങൾ സങ്കൽപിക്കാനാവല്ല. ദുരന്തബാധിതരുടെ നിലവിളി നട്ടെല്ലിനെ മരവിപ്പിക്കുന്നു. വിഷമദ്യം മൂലം പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ സങ്കടത്തെ എങ്ങനെ വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാനാകുമെന്ന് അദ്ദേഹം ചോദിക്കുന്നു. അതേസമയം സംഭവത്തിൽ ഇന്ത്യ സഖ്യത്തിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. പിന്നാക്ക വിഭാഗക്കാർ കൂടുതൽ താമസിക്കുന്ന സ്ഥലത്താണ് വിഷമദ്യ ദുരന്തമുണ്ടായതെന്നും എന്തുകൊണ്ടാണ് ഇന്ത്യ സഖ്യത്തിലെ നേതാക്കൾ ഇതിനെതിരെ സംസാരിക്കാത്തതെന്നും ബിജെപി നേതാവ് സംബിത് പാത്ര ചോദിച്ചു.

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. സംഭവവുമായി ബന്ധപ്പെട്ട് വിദേശ ദമ്പതികളെ അറസ്റ്റ് ചെയ്തു. രാജ്യാന്തര മാർക്കറ്റിൽ മുപ്പതുകോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് വിഴുങ്ങിയെത്തിയ വിദേശ ദമ്പതിമാരെയാണ് അറസ്റ്റ് ചെയ്തത്. ഡിആർഐ സംഘമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒമാനിൽ നിന്നുള്ള വിമാനത്തിൽ വ്യാഴാഴ്ചയാണ് ഇരുവരും കൊച്ചിയിലെത്തിയത്. തുടർന്ന് രണ്ട് പേരെയും ഡിആർഐ സംഘം കസ്റ്റഡിയിലെടുത്തു. ആലുവ താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിലാണ് കൊക്കെയ്ൻ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഏകദേശം രണ്ടുകിലോയോളം കൊക്കെയ്‌നാണ് യുവാവിന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത്. ഇത് പുറത്തെടുത്ത ശേഷം യുവാവിനെ കേസിൽ റിമാൻഡ് ചെയ്തു.

യുവതിയുടെ ശരീരത്തിനുള്ളിലും സമാനമായ അളവിൽ ലഹരിമരുന്നുണ്ടെന്നാണ് കരുതുന്നത്. ഇത് പുറത്തെടുക്കാനായി യുവതി ആശുപത്രിയിൽ തുടരുന്നുണ്ടെന്നാണ് വിവരം. ദഹിക്കാത്ത തരത്തിലുള്ള ടേപ്പിൽ പൊതിഞ്ഞ് കാപ്‌സ്യൂൾ രൂപത്തിലാക്കിയാണ് ദമ്പതിമാർ ലഹരിമരുന്ന് വിഴുങ്ങിയിരുന്നതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒ ആർ കേളു. രാജ്ഭവനിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. വൈകിട്ട് നാലു മണിക്കായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. കേളുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും വയനാട്ടിൽ നിന്ന് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരെല്ലാം ചടങ്ങിൽ പങ്കെടുത്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണനു പകരമാണ് കേളു മന്ത്രിസഭയിലെത്തുന്നത്. മാനന്തവാടി എംഎൽഎയാണ് കേളു. പട്ടികജാതി പട്ടിക വർഗ വികസനം വകുപ്പാകും കേളു കൈകാര്യം ചെയ്യുന്നത്. കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയർമാൻ കൂടിയാണ്. രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയിൽ കേളു സജീവ സാന്നിധ്യമാണ്. പി കെ ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തിൽ നിന്നു സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന ജനപ്രതിനിധിയാണ് കേളു.

പിണറായി സർക്കാരിൽ വയനാട്ടിൽ നിന്നുള്ള ഏക ക്യാബിനറ്റ് അംഗം കൂടിയാണ് ഒ.ആർ കേളു.

ചെന്നൈ: തമിഴ്‌നാട് സർക്കാരിനെതിരെ വിമർശനവുമായി നടൻ സൂര്യ. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ വിമർശനം. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തരമായി ദീർഘകാലപദ്ധതികൾ നടപ്പാക്കണമെന്ന് സൂര്യ ആവശ്യപ്പെട്ടു. സംസ്ഥാനത്തു മദ്യാസക്തി തുടരുന്നതിൽ ഇതുവരെയുള്ള സർക്കാരുകളെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. 54 പേരാണ് വ്യാജമദ്യ ദുരന്തത്തെ തുടർന്ന് മരണപ്പെട്ടത്.

ചുഴലിക്കാറ്റിലോ മഴക്കെടുതിയിലോ പ്രളയത്തിലോ പോലും ഇത്രയും മരണങ്ങൾ സങ്കൽപിക്കാനാവല്ല. ദുരന്തബാധിതരുടെ നിലവിളി നട്ടെല്ലിനെ മരവിപ്പിക്കുന്നു. വിഷമദ്യം മൂലം പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ സങ്കടത്തെ എങ്ങനെ വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാനാവും. വില്ലുപുരത്ത് കഴിഞ്ഞ വർഷം 22 പേർ വ്യാജമദ്യം ഉപയോഗിച്ചതിനെ തുടർന്ന് മരിച്ചിരുന്നു. അന്ന് നടപടി സ്വീകരിക്കുമെന്നാണ് സർക്കാർ അറിയിച്ചതെങ്കിലും ഇന്നും അതേ കാരണത്താൽ മരണങ്ങൾ ആവർത്തിക്കുന്നു. ഒരു മാറ്റവുമില്ലാതെ ഇതാവർത്തിക്കുന്നതിൽ ദുഃഖമുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മാറി മാറി വരുന്ന സർക്കാരുകൾ ജീവിതനിലവാരം ഉയർത്തുമെന്ന് തമിഴ്നാട്ടിലെ ജനങ്ങളെ വിശ്വസിപ്പിച്ചു. എന്നാൽ സർക്കാർ നടത്തുന്ന മദ്യഷാപ്പുകൾ വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സാമൂഹ്യ മാദ്ധ്യമത്തിലെഴുതിയ തുറന്ന കത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

രാഷ്ട്രീയ പാർട്ടികളുടെ മദ്യനിരോധന പ്രഖ്യാപനങ്ങൾ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അവസാനിപ്പിക്കും. മദ്യദുരന്തത്തിൽ സ്റ്റാലിൻ സർക്കാരിന്റെ അടിയന്തര നടപടികൾ ആശ്വാസകരമാണ്. പക്ഷേ ദീർഘകാലമായുള്ള ഒരു പ്രശ്നത്തിന് പതിവു ഹ്രസ്വകാല നടപടികൾ ശാശ്വതമായ പരിഹാരമല്ല. സർക്കാരും രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ ദീർഘ വീക്ഷണത്തോടെ പ്രവർത്തിക്കണമെന്നും സൂര്യ ആവശ്യപ്പെടുന്നു.

താജിക്കിസ്ഥാനിൽ ഹിജാബും കുട്ടികളുടെ ഇസ്ലാമിക ആഘോഷങ്ങളും നിരോധിച്ചു. പാർലമെന്റിന്റെ ഉപരിസഭയായ മജ്‌ലിസി മില്ലിയാണ് നേരത്തെ അധോസഭ അംഗീകരിച്ച നിയമഭേദഗതിക്ക് അംഗീകാരം നൽകിയത്. തുടർന്ന്, താജിക് പ്രസിഡന്റ് ഇമോമാലി റഹ്മോനോവ് ഹിജാബ് നിരോധനം ഉൾപ്പെടെ 35 നിയമങ്ങൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

‘അന്യഗ്രഹ വസ്ത്രങ്ങൾ’ എന്നു വിശേഷിപ്പിച്ചാണ് നിർദ്ദിഷ്ട ബിൽ ഹിജാബ് നിരോധിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനെതിരെ രാജ്യത്ത് ഇസ്ലാമിക സംഘടനകൾ വലിയ പ്രതിഷേധം ഉയർത്തുന്നുണ്ടെന്ന വിവരവും പുറത്തു വരുന്നു. താജിക് വിദ്യാഭ്യാസ വകുപ്പിന്റെ ഹിജാബ് നിരോധനം അധോസഭ ഇക്കഴിഞ്ഞ മെയ് എട്ടിന് ശരിവെച്ചിരുന്നു. തുടർന്നാണ് ഹിജാബ് നിരോധിച്ചു കൊണ്ടുള്ള നിയമഭേദഗതി പാസ്സാക്കിയത്. രണ്ട് പെരുന്നാളുകളുടെയും ഭാഗമായി കുട്ടികൾക്കിടയിലുണ്ടായിരുന്ന ‘ഇദി’ ആഘോഷവും നിരോധിച്ചു. കുട്ടികൾ അടുത്തുള്ള വീടുകൾ സന്ദർശിച്ച് മുതിർന്നവരെ ആശീർവദിക്കുകയും പകരമായി ചെറിയ സമ്മാനങ്ങൾ കൈപ്പറ്റുകയും ചെയ്യുന്നതാണ് ഈ ആഘോഷം.

പുതിയ നിയമഭേദഗതി പ്രകാരം ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത പിഴ ശിക്ഷ ലഭിക്കുന്നതാണ്. വ്യക്തികൾ നിയമം ലംഘിച്ചാൽ 7,920 സോമോനി (62,398 രൂപ) പിഴ നൽകണം. കമ്പനികളാണ് നിയമം ലംഘിക്കുന്നതെങ്കിൽ 39,500 സോമോനി ( 3,11,206 രൂപ) വരെ പിഴ ചുമത്തുന്നതാണ്. സർക്കാർ ഉദ്യോഗസ്ഥരും മതനേതാക്കളും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അതിലും കൂടുതലായിരിക്കും പിഴയായി നൽകേണ്ടി വരുന്നത്.

നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥർക്ക് 54,000 സോമോനിയും (4,25,446 രൂപയും) മതനേതാക്കന്മാർക്ക് 57,600 സോമോനിയും (4,53,809) പിഴ നൽകേണ്ടിവരും. കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും മതപരമായ ആഘോഷവേളകളിൽ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് കുട്ടികളുടെ ആഘോഷം നിരോധിച്ചതെന്ന് റേഡിയോ ലിബർട്ടിയുടെ താജിക് സർവീസായ റേഡിയോ ഓസോഡിയിൽ താജിക് മതകാര്യസമിതി മേധാവി സുലൈമാൻ ദവ്‌ലത്സോഡ അറിയിച്ചിരുന്നു.

ബംഗളൂരു: ഐഎസ്ആർഒയ്ക്ക് മറ്റൊരു നേട്ടം കൂടി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുനരുപയോഗം സാധ്യമായ ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ മൂന്നാമത്തെ ലാൻഡിംഗ് പരീക്ഷണവും വിജയകരം. എക്‌സ് പ്ലാറ്റ് ഫോമിലൂടെ ഐഎസ്ആർഒയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ ബഹികാശ ചരിത്രത്തിലെ മറ്റൊരു പൊൻതൂവലാണിത്. പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ (റീയൂസബിൾ ലോഞ്ച് വെഹിക്കിൾ, ആർഎൽവി) ആദ്യ രണ്ടു പരീക്ഷണങ്ങളും വിജയകരമായിരുന്നു. കർണാടയിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം നടന്നത്.

‘പുഷ്പക്’ എന്നാണ് ആർഎൽവിയ്ക്ക് പേര് നൽകിയിരുന്നത്. വ്യോമസേനയുടെ ചിനുക് ഹെലികോപ്ടറിലാണ് പുഷ്പകിനെ അന്തരീക്ഷത്തിലേക്ക് ഉയർത്തിയത്. തറനിരപ്പിൽ നിന്ന് നാലര കിലോമീറ്റർ ഉയരത്തിലും ഇറങ്ങേണ്ട റൺവേയിൽ നിന്ന് നാലു കിലോമീറ്റർ അകലെവച്ചും ആർഎൽവിയെ സ്വതന്ത്രമാക്കി. തുടർന്ന് കൃത്യമായി ദിശ കണ്ടെത്തുകയും സുരക്ഷിതമായി റൺവേയ്ക്ക് സമീപമെത്തി റൺവേ സെൻട്രൽ ലൈനിൽ കൃത്യമായ തിരശ്ചീന ലാൻഡിംഗ് നടത്തുകയുമായിരുന്നുവെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.

320 കിലോമീറ്റർ ആയിരുന്നു ലാൻഡിംഗ് വേഗത. എന്നാൽ, ബ്രേക്ക് പാരച്യൂട്ട് ഉപയോഗിച്ച് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 100 കിലോമീറ്ററായി കുറച്ചു. തുടന്ന് ലാൻഡിംഗ് ഗിയർ ബ്രേക്കുകൾ ഉപയോഗിച്ച് വീണ്ടും വേഗത കുറയ്ക്കുകയായിരുന്നു. സ്വന്തമായി ദിശ കണ്ടെത്താനുള്ള സംവിധാന ഐഎസ്ആർഒ തന്നെ വികസിപ്പിച്ചെടുക്കുകയായിരുന്നു.

ന്യൂഡൽഹി: രാജ്യത്തെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ യോഗം ചേർന്ന് കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ആഭ്യന്തര മന്ത്രാലയത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ കേരളം, ബിഹാർ, അസം എന്നിവിടങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തും.

മഴക്കെടുതി തുടരുന്ന സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നിവടങ്ങളിലെ നിലവിലെ സാഹചര്യവും യോഗത്തിൽ വിലയിരുത്തും. അതേസമയം, കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് (ജൂൺ 22) മുതൽ ജൂൺ 26 വരെ അതി ശക്തമായ മഴയ്ക്കും, ഇന്നും നാളെയും (ജൂൺ 22 & 23) അതിതീവ്ര മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

തിരുവനന്തപുരം: വിദേശത്തെ കോൾ സെന്റർ ഉപയോഗിച്ച് സൈബർ തട്ടിപ്പ് നടത്തുന്ന ചൈനീസ് ഗ്രൂപ്പുകൾക്ക് സിം കാർഡുകളെത്തിക്കുന്ന സംഘം കേരളത്തിൽ സജീവമെന്ന് റിപ്പോർട്ട്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചെടുക്കുന്ന സിം കാർഡുകളുപയോഗിച്ചാണ് കോൾ സെന്ററുകൾ വഴി തട്ടിപ്പ് നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.

നവമാധ്യമങ്ങൾ വഴി ചങ്ങാത്തം കൂടാനോ, ഷെയർമാർക്കറ്റിൽ പങ്കാളിയാകനോ ക്ഷണിച്ചുകൊണ്ട് കേരളത്തിലെ ഒരു നമ്പറിൽ നിന്നും കോൾ വിളിച്ചുകൊണ്ടോ സന്ദേശം അയച്ചുകൊണ്ടോ ആണ് ഈ തട്ടിപ്പ് നടക്കുന്നത്. കമ്പോഡിയലും മ്യാൻമറിലും ലാവോസിലുമായി ചൈനീസ് സംഘം നടത്തുന്ന കോൾ സെന്ററുകളിൽ നിന്നാണ് ഈ കോളുകൾ എത്തുന്നത്. ഈ തട്ടിപ്പ് കേന്ദ്രത്തിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് സിമ്മെത്തിക്കുന്ന സംഘവും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

കേന്ദ്ര രഹസ്യന്വേഷണ ഏജൻസികൾ നൽകിയ വിവരമനുസരിച്ച് കേരള പൊലീസിന്റെ സൈബർ ഡിവിഷൻ നടത്തിയ പരിശോധനക്കിടെ തൃശൂരിൽ മൂന്നര ലക്ഷം ഓൺ ലൈൻ വഴി തട്ടിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മാള സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മാള സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പരാതിക്കാരനെ വിളിച്ച കോൾ പൊലിസ് പരിശോധിച്ചപ്പോൾ കൊല്ലത്തുള്ള ഒരാളുടെ പേരിലെടുത്ത സിമ്മിൽ നിന്നാണ് കോളെത്തിയതെന്ന് മനസിലായി. പക്ഷെ അയാൾക്ക് ഈ തട്ടിപ്പുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. അന്വേഷണം ചെന്നെത്തിയത് സിം വിൽപ്പന നടത്തുന്ന വർക്കല സ്വദേശി വിഷ്ണുവിലേക്കായിരുന്നു. പിന്നീട് വിഷ്ണവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചൈനീസ് തട്ടിപ്പു സംഘത്തൊടൊപ്പം ജോലി ചെയ്യുന്ന മുഫ്‌ളിക്കിനുവേണ്ടിയാണ് വ്യാജ വിലാസത്തിൽ സിമ്മുകളെടുത്ത നൽകുന്നതെന്ന് വിഷ്ണു പോലീസിനോട് സമ്മതിച്ചു. കേരളത്തിലെ പല ഭാഗങ്ങളിലായി 500 ലധികം സിമ്മുകൾ മഫ്‌ലിക്ക് ഇങ്ങനെ വാങ്ങിയിട്ടുണ്ട്.

വിഷ്ണു കൈമാറുന്ന ഒടിപി നമ്പറുപയോഗിച്ച് വിദേശത്തിരിക്കുന്ന മുഫ്‌ലിക്ക് വാടാസ് ആപ്പ് ഡൗൺലോഡ് ചെയ്താണ് ഈ നമ്പറുകൾ വഴി തട്ടിപ്പ് നടത്തുന്നത്. വിദേശത്തുനിന്നുമെത്തിയ മുഫ്‌ലിക്കിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പല നിർണായക വിവരങ്ങളും ഇയാളിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എക്‌സൈസ് നിരീക്ഷണവും പരിശോധനയും ശക്തമാക്കാനൊരുങ്ങി സർക്കാർ. അയൽസംസ്ഥാനത്ത് നടന്ന ദുരന്തത്തെ അതീവ ഗൗരവത്തോടെ പരിഗണിച്ച് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ ചെക്ക് പോസ്റ്റുകളിലും അതിർത്തി മേഖലയിലും വിപുലമായ നിരീക്ഷണവും പരിശോധനയും ഉറപ്പാക്കണമെന്ന നിർദ്ദേശവും അദ്ദേഹം നൽകിയിട്ടുണ്ട്. സംസ്ഥാനത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും നിരീക്ഷിക്കുകയും സംശയമുള്ളവ പരിശോധിക്കുകയും ചെയ്യും.

അതിർത്തി പ്രദേശത്തെ ഇടറോഡുകളിലേക്കും നിരീക്ഷണം വ്യാപിപ്പിക്കും. നാല് ജില്ലകളിലെ സംസ്ഥാന അതിർത്തികളിൽ കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റിന്റെ (കെമു) പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. ഇതിനു പുറമേ അതിർത്തി പ്രദേശത്ത് കൂടുതൽ പട്രോളിങ് യൂണിറ്റുകളെയും വിന്യസിക്കും. അതിർത്തി പ്രദേശത്തെ എല്ലാ എക്‌സൈസ് യൂണിറ്റുകളും ചെക്ക്‌പോസ്റ്റുകളുമായുള്ള ഏകോപനത്തോടെ പ്രവർത്തിക്കും. ഹൈവേ പട്രോളിങ് ടീമിന്റെ വാഹന പരിശോധനയും വിപുലമാക്കും. മന്ത്രിയുടെ നിർദേശപ്രകാരം എക്‌സൈസ് കമ്മിഷണർ മഹിപാൽ യാദവ് ജില്ലാ മേധാവിമാർ മുതൽ മുകളിലേക്കുള്ള എക്‌സൈസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

സ്പിരിറ്റ്, വ്യാജമദ്യ കേസുകളിൽ മുൻപു പ്രതിയായിട്ടുള്ളവരെ നിരീക്ഷിക്കും. മുൻപ് വ്യാജമദ്യ ദുരന്തങ്ങൾ നടന്നിട്ടുള്ള മലപ്പുറം, കൊല്ലം തുടങ്ങിയ ജില്ലകളിൽ പ്രത്യേക ജാഗ്രത പുലർത്തും. വ്യാജമദ്യ വിൽപന നടക്കുന്നില്ല എന്നും സ്പിരിറ്റോ മറ്റ് അനധികൃത വസ്തുക്കളോ കള്ളിൽ ചേർത്ത് വിൽപന നടത്തുന്നില്ല എന്നും ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണർമാരുടെ നേതൃത്വത്തിലുള്ള പരിശോധനകളിലൂടെ ഉറപ്പുവരുത്തും. സംശയമുള്ള സ്ഥാപനങ്ങളിൽനിന്നു സാംപിൾ ശേഖരിച്ച് മേഖലാ മൊബൈൽ ലാബിൽ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കും.

കൂടുതലായി ചെത്തുന്നയിടങ്ങളിൽനിന്നു പെർമിറ്റ് പ്രകാരം കൊണ്ടുവരുന്ന കള്ള് പ്രത്യേകം പരിശോധിക്കും. പെർമിറ്റ് പ്രകാരം മറ്റ് സംസ്ഥാനങ്ങളിൽനിന്ന് സ്പിരിറ്റും വിദേശമദ്യവും എത്തിക്കുന്ന വാഹനങ്ങൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തി മാത്രമേ സംസ്ഥാനത്ത് പ്രവേശിപ്പിക്കൂ. ഈ സ്പിരിറ്റിന്റെ ദുരുപയോഗം തടയാൻ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തും. പൊലീസ്, വനം വകുപ്പ്, മോട്ടർ വാഹനവകുപ്പ് തുടങ്ങിയവയുമായി ചേർന്നും അതിർത്തികളിൽ എക്‌സൈസ് പരിശോധന നടത്തും.