തിരുവനന്തപുരം: വിഴിഞ്ഞം ട്രയൽ റണ്ണിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് ശശി തരൂർ. താൻ തുറമുഖ പദ്ധതിയുടെ ശക്തമായ പിന്തുണക്കാരനാണെന്ന് പറഞ്ഞ ശേഷമാണ് ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളിൽ പുരോഗതിയുണ്ടായില്ലെന്ന് ശശി തരൂർ വ്യക്തമാക്കിയത്.
നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള ജനങ്ങളുടെ ആവശ്യങ്ങളിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. യുഡിഎഫ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നിലവിലെ എൽഡിഎഫ് സർക്കാർ പാലിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് ജൂലൈ 12-നാണ് എത്തിച്ചേരുന്നത്. മഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കും. ബഹു കേന്ദ്ര തുറമുഖ, ഷിപ്പിംഗ് & വാട്ടർവേയ്സ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
വിഴിഞ്ഞം തുറമുഖത്ത് ചരക്ക് കണ്ടെയ്നറുകളുമായി ആദ്യമെത്തുന്നത് സാൻഫെർണാണ്ടോ എന്ന പടുകൂറ്റൻ മദർഷിപ്പാണ്. 110ലേറെ രാജ്യങ്ങളിൽ കാർഗോ സർവീസ് നടത്തുന്ന ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ ( Maersk) കപ്പലാണിത്. ജൂൺ 22ന് ഹോങ്കോംഗിൽ നിന്ന് പുറപ്പെട്ട് ചൈനയിലെ ഷാങ്ഹായി, സിയാമെൻ തുറമുഖങ്ങൾ വഴിയാണ് സാൻ ഫെർണാണ്ടൊ വിഴിഞ്ഞത്തേക്കെത്തുന്നത്. 10ന് രാത്രി വിഴിഞ്ഞം പുറംകടലിലെത്തുന്ന കപ്പൽ 11ന് രാവിലെ തുറമുഖത്തേക്ക് അടുപ്പിക്കും. 12ന് നടക്കുന്ന വിപുലമായ പരിപാടികൾക്ക് ശേഷം വൈകുന്നേരം വിഴിഞ്ഞം വിടുന്ന കപ്പൽ പിറ്റേന്ന് ഉച്ചയോടെ കൊളംബോയിലെത്തും.
വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്യും മുൻപ് ഓട്ടോമേറ്റഡ് ക്രെയിനുകളടക്കം സർവ സംവിധാനങ്ങളും പരിശോധിച്ച് ഉറപ്പിക്കാനാണ് മദർഷിപ്പ് എത്തിക്കുന്നത്. 23ക്രെയിനുകൾ കപ്പലിൽ നിന്ന് കണ്ടെയ്നറുകൾ ഇറക്കും. മദ്രാസ് ഐ.ഐ.ടി വികസിപ്പിച്ച സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന നാവിഗേഷൻ സെന്റർ ഇത് നിയന്ത്രിക്കും. വിമാനത്താവളങ്ങളിലെ എയർട്രാഫിക് കൺട്രോളിന് സമാനമാണിത്. കപ്പൽ നങ്കൂരമിടുന്നതും കാർഗോ ഇറക്കുന്നതുമെല്ലാം നിയന്ത്രിക്കുന്നത് ഈ സെന്ററാണ്. സാൻഫെർണാണ്ടോയിൽ നിന്ന് ഇറക്കുന്ന കണ്ടെയ്നറുകൾ ചെറിയ ഫീഡർ കപ്പലുകളിലേക്ക് രാജ്യത്തെ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോവും.
ഇലക്ട്രോണിക് ഡേറ്റ ഇന്റർചേഞ്ച് അംഗീകാരം, കസ്റ്റോഡിയൻ കോഡ് അംഗീകാരം, ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് ക്ലിയറൻസ് എന്നിവ ലഭിച്ചാലുടൻ തുറമുഖം കമ്മിഷൻ ചെയ്യാം.

