General (Page 168)

തിരുവനന്തപുരം: വൈദ്യുതി അപകടങ്ങളുടെ മുഖ്യകാരണം അശ്രദ്ധ, അജ്ഞത, അലംഭാവം എന്നിവയാണെന്നും ഇത് മറികടക്കാൻ ബോധവത്ക്കരണം ഊർജ്ജിതമാക്കണമെന്നും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർക്ക് ഇതിൽ മുഖ്യ പങ്ക് വഹിക്കാനാകുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി അപകട രഹിത ഡിവിഷനുള്ള പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുജനങ്ങൾക്കുണ്ടാകുന്ന വൈദ്യുതി അപകടങ്ങളിൽ നല്ലൊരു പങ്ക് വൈദ്യുതി ലൈനുകൾക്കുസമീപം ലോഹത്തോട്ടി ഉപയോഗിക്കുമ്പോഴാണ് സംഭവിക്കുന്നത്. ലോഹത്തോട്ടി ഒഴിവാക്കുവാൻ ശക്തമായ പ്രചരണം ആവശ്യമാണ്. കൂടാതെ വീടുകൾക്കുള്ളിലുള്ള അപകടങ്ങളും കൂടി വരുന്നു. അപകടങ്ങൾ കുറക്കുന്നതിനായി നിശ്ചിത റേറ്റിംഗുള്ള ആർസിസിബി അഥവ ഇഎൽസിബി സ്ഥാപിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട് വാർഡ് അടിസ്ഥാനത്തിൽ അതത് ഇലക്ട്രിക്കൽ സെക്ഷനിലെ ഓവർസീയർ കൺവീനറും വാർഡ് അംഗം ചെയർമാനുമായി വാർഡ്തല ഉപദേശക സമിതി സംസ്ഥാനത്താകെ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരം സമിതികൾ വാർഡ് അടിസ്ഥാനത്തിൽ ഉണ്ടാകുന്ന വൈദ്യുതി സുരക്ഷാ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് അവയ്ക്ക് പരിഹാരം ഉണ്ടാക്കും.

വൈദ്യുതി അപകടങ്ങൾ ഒഴിവാക്കുന്നതിന് ഓരോ സെക്ഷൻ ഓഫീസിൽ നിന്നും ലൈൻമാൻ, ഇലക്ട്രിസിറ്റി വർക്കർ വിഭാഗത്തിൽപ്പെട്ട രണ്ട് പേർക്ക് ഒരു മാസം നീണ്ടു നിൽക്കുന്ന ഊർജ്ജിത സുരക്ഷാ പരിശീലന പരിപാടി നടത്തുവാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു. ദുർഘട പ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ നേരിട്ട് ചെന്ന് പ്രവൃത്തികളിലേർപ്പെടുന്നതിലെ കാലതാമസം, ചെലവ്, ബുദ്ധിമുട്ട് എന്നിവ കുറച്ചുകൊണ്ട് ഫീഡർ തകരാർ ഇല്ലാത്ത ഭാഗങ്ങളിൽ വൈദ്യുതി പെട്ടെന്ന് പുനസ്ഥാപിക്കാനുള്ള റിമോട്ട് ഓപ്പറേറ്റിംഗ് സപ്പോർട്ട് സംവിധാനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് അംഗീകരിച്ചാണ് കാസർകോട്, മലപ്പുറം ജില്ലകളിൽ മാത്രം താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്. നിയമസഭയിൽ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം അറിയിച്ചത്.

പൊതുവിദ്യാലയങ്ങൾ മാത്രമാണ് താൽക്കാലിക ബാച്ച് അനുവദിച്ചത്. മലപ്പുറം ജില്ലയിൽ 120 ഉം ,കാസർകോട് പതിനെട്ടും താൽക്കാലിക ബാച്ചുകളാണ് അനുവദിച്ചത്. മലപ്പുറത്ത് 24 സർക്കാർ സ്‌കൂളുകളിലായി 120 ബാച്ചുകളും കാസർഗോഡ് 18 സർക്കാർ സ്‌കൂളുകളിലായി 18 ബാച്ചും ആണ് അനുവദിച്ചത്.

മലപ്പുറത്ത് പുതുതായി അനുവദിക്കപ്പെട്ടതിൽ സയൻസ് ബാച്ചില്ല. മലപ്പുറത്ത് കൊമേഴ്‌സിന് 61 ഉം, ഹുമാനിറ്റീസ് 59 ബാച്ചുകളും ആണ് അനുവദിക്കപ്പെട്ടത്. കാസർകോട് ഒരു സയൻസ് ബാച്ച് അനുവദിക്കപ്പെട്ടിട്ടുണ്ട്. 13 കൊമേഴ്‌സ് ബാച്ചും നാല് ഹ്യൂമാനിറ്റീസ് ബാച്ചുമാണ് അനുവദിച്ചത്. പുതിയ ബാച്ച് അനുവദിക്കുന്നതിലൂടെ 14 കോടിയിലധികം രൂപയുടെ ബാധ്യത ഒരു വർഷം സർക്കാറിന് ഉണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ മലപ്പുറം, കാസർഗോഡ് ജില്ലകളിൽ മാത്രമുള്ള താൽക്കാലിക ബാച്ചുകൾ പ്രശ്‌നപരിഹാരം ആകുന്നില്ലെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സഭയിൽ പറഞ്ഞു. പാലക്കാട്, കോഴിക്കോട് ജില്ലകളുടെ സീറ്റ് ക്ഷാമത്തിന് പുതിയ ബാച്ചുകൾ അനുവദിച്ച പരിഹാരമാവുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

തിരുവനന്തപുരം: ഹൃദയത്തിൽ ജന്മനായുള്ള ദ്വാരമായ സൈനസ് വിനോസസ് എ.എസ്.ഡി., കാർഡിയോളജി ഇന്റർവെൻഷണൽ പ്രൊസീജ്യറിലൂടെ അടച്ച് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ അതിനൂതന ശസ്ത്രക്രിയ വിജയം. ആൻജിയോപ്ലാസ്റ്റി പോലെ താക്കോൽദ്വാര സുഷിരം വഴി സ്റ്റെന്റ് ഘടിപ്പിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. പാലാ സ്വദേശിനിയായ 42 കാരിയ്ക്കാണ് ഇന്റർവെൻഷണൽ പ്രൊസീജ്യർ നടത്തിയത്. സാധാരണ സങ്കീർണ ഹൃദയശസ്ത്രക്രിയ വഴി അടയ്ക്കുന്ന ദ്വാരമാണ് നൂതന ചികിത്സാ രീതിയായ സ്റ്റെന്റ് ഉപയോഗിച്ച് കാത്ത് ലാബിൽ അടച്ചത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കോട്ടയം മെഡിക്കൽ കോളേജിലെ മുഴുവൻ ടീം അംഗങ്ങളെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ഹൃദയത്തിൽ ജന്മനായുള്ള പ്രശ്‌നമായതിനാൽ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയ നടത്തിയത്. താക്കോൽദ്വാര ശസ്ത്രക്രിയയായതിനാൽ രക്തസ്രാവം ഒഴിവാക്കാനായി. അതിനാൽ രക്തം നൽകേണ്ടി വന്നതുമില്ല. ശസ്ത്രക്രിയ പോലെ അധികം വിശ്രമവും ആവശ്യമില്ല. തീവ്രപരിചരണത്തിന് ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തു.

പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. അനിൽ എസ്.ആർ., അസി. പ്രൊഫസർ ഡോ. ഹരിപ്രിയ ജയകുമാർ, അനസ്തീഷ്യോളജിസ്റ്റ് ഡോ. സജി കെ.എം., കാത്ത് ലാബ് ടെക്‌നീഷ്യൻ അനു, സന്ധ്യ, ജയിൻ, അനസ്തീഷ്യ ടെക്‌നീഷ്യൻ അരുൺ, സീനിയർ നഴ്‌സ് സൂസൻ എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.

തിരുവനന്തപുരം: ക്ഷേമ പെൻഷൻ കുടിശ്ശിക ഇനത്തിൽ 1,700 കോടി രൂപ ഈ സാമ്പത്തിക വർഷം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നിലവിൽ സാമൂഹ്യക്ഷേമ പെൻഷനുകളുടെ അഞ്ച് ഗഡുക്കളാണ് കുടിശ്ശികയുള്ളത്. പ്രതിമാസം 1,600 രൂപയാണ് സാമൂഹ്യക്ഷേമ പെൻഷനായി വിതരണം ചെയ്യുന്നത്.

2024 മാർച്ച് മുതൽ നിലവിലെ പെൻഷൻ കൃത്യസമയത്തു നൽകിവരുന്നുണ്ട്. പണഞെരുക്കം കാരണമുണ്ടായ സാമൂഹ്യക്ഷേമ പെൻഷൻ കുടിശ്ശിക 2024-25 സാമ്പത്തിക വർഷത്തിൽ രണ്ടു ഗഡുക്കളും 2025-26 ൽ മൂന്നു ഗഡുക്കളായും വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. സാമൂഹ്യ ക്ഷേമ പെൻഷൻ കുടിശ്ശിക തീർത്തും നൽകണമെന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നിലവിൽ 4,250 കോടി രൂപയാണ് ഈ ഇനത്തിൽ കുടിശ്ശികയായുള്ളത്. 2024-25 സാമ്പത്തിക വർഷത്തിൽ കുടിശ്ശികയുടെ ഭാഗമായി 1,700 കോടി രൂപ വിതരണം ചെയ്യും.

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ദേശീയ വാർദ്ധക്യകാല പെൻഷൻ, ദേശീയ വിധവാ പെൻഷൻ, ദേശീയ വികലാംഗ പെൻഷൻ എന്നിവയ്ക്കാണ് കേന്ദ്ര സഹായം ലഭിക്കുന്നത്. നിലവിൽ കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്ത സ്ഥിതിയാണ്. 2024 മെയ് വരെ അനുവദിച്ചിട്ടുള്ള സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാരാണ് നൽകിയത്. 2023 ജൂൺ വരെയുള്ള കേന്ദ്ര വിഹിതം മാത്രമാണ് സംസ്ഥാനത്തിന് ലഭ്യമായിട്ടുള്ളത്. കേന്ദ്ര വിഹിതം യഥാസമയം ലഭിക്കാത്തതിനാൽ അധിക ബാധ്യതയും സംസ്ഥാന സർക്കാർ വഹിക്കേണ്ട സ്ഥിതിയാണുള്ളത്.

തിരുവനന്തപുരം: സംസ്ഥാനത്ത് മുദ്രപ്പത്രക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിച്ചു. രജിസ്‌ട്രേഷൻ, ട്രഷറി, സ്റ്റാമ്പ് ഡിപ്പോ മേധാവികളുടെ യോഗത്തിൽ ചെറിയ മൂല്യങ്ങളുള്ള മുദ്രപ്പത്രങ്ങൾക്ക് ക്ഷാമമുള്ള പ്രദേശങ്ങളിൽ അവ എത്രയും പെട്ടെന്ന് എത്തിച്ച് വിതരണം ചെയ്യാൻ മന്ത്രി നിർദേശം നൽകി.

ട്രഷറി വകുപ്പാണ് സ്റ്റാമ്പ് ഡിപ്പോ മുഖേന സംസ്ഥാനത്ത് മുദ്രപ്പത്രം വിതരണ നടത്തുന്നത്. ഇ- സ്റ്റാമ്പിങ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പുതുതായി മുദ്രക്കടലാസുകൾ അച്ചടിക്കുന്നില്ല. അതുകൊണ്ട് കൂടുതൽ സ്റ്റോക്കുള്ള ജില്ലകളിലെ ട്രഷറികളിൽ നിന്നും ദൗർലഭ്യമുള്ള സ്ഥലങ്ങളിലേക്ക് മുദ്രപ്പത്രങ്ങൾ എത്തിച്ച് പ്രശനത്തിന് പരിഹാരം കാണാനും നിർദേശിച്ചിട്ടുണ്ട്. ഇ- സ്റ്റാമ്പിങ് ഏർപ്പെടുത്തുന്ന നടപടികൾ ത്വരിതപ്പെടുത്താനും തീരുമാനമെടുത്തു.

വിയന്ന: നിഷ്‌കളങ്കരായ ജനതയെ കൊന്നൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന്റെ ഏതുകോണിൽ നടന്നാലും അത്തരമൊരു രക്തച്ചൊരിച്ചിൽ തെറ്റുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭാഷണത്തിനും നയതന്ത്രത്തിനും ഊന്നൽ നൽകുന്നവരാണ് ഇന്ത്യയും ഓസ്ട്രിയയും. അതിനാവശ്യമായ പിന്തുണ നൽകാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമ്മറുടെ നേതൃത്വത്തിലുള്ള പ്രതിനിധി-തല സംഘവുമായി നടത്തിയ ചർച്ചയ്ക്ക് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിയന്നയിലെ ഫെഡറൽ ചാൻസലറിയിൽ വച്ചായിരുന്നു ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തിയത്.

അതേസമയം, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി റഷ്യ സന്ദർശിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് മുൻ സി ഐ എസ് വിജയനാണ് കെട്ടിച്ചമച്ചതെന്ന് വ്യക്തമാക്കി സിബിഐ കുറ്റപത്രം. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് മുൻ ഡിജിപി സിബി മാത്യൂസ് അറസ്റ്റ് ചെയ്തതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ചാരക്കേസിന്റെ ഭാഗമായ ഗൂഢാലോചന കേസിലാണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

സിബിഐ കുറ്റപത്രം നൽകിയത് മുൻ പൊലീസ് ഉദ്യോഗസ്ഥരും ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ്. സിഐ ആയിരുന്ന എസ് വിജയൻ മറിയം റഷീദക്കെതിരെ വഞ്ചിയൂർ സ്റ്റേഷനിൽ തെളിവുകളില്ലാതെ കേസെടുപ്പിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മറിയം റഷീദയെ അന്യായ തടങ്കലിൽ വയ്ക്കുകയും ഐബി ടീമിനെ ചോദ്യം ചെയ്യാൻ അനുവദിക്കുകയും ചെയ്തു. മറിയം റഷീദയെ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചു. കുറ്റസമ്മതം നടത്താനായിരുന്നു പീഡനമെന്നാണ് സിബിഐ പറയുന്നത്.

ഹോട്ടൽ മുറിയിൽ വച്ച് മറിയം റഷീദയെ കടന്ന് പിടിച്ചതിലെ പ്രകോപനമാണ് കേസെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. എസ്‌ഐടി കസ്റ്റഡിയിലുള്ളപ്പോൾ പോലും ഐബി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി ചോദ്യം ചെയ്തുവെന്നും സിബിഐ കണ്ടെത്തി.

തിരുവനന്തപുരം: മത്സ്യോത്പാദനത്തിൽ സംസ്ഥാനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത്സ്യകൃഷിയുടെ കാര്യത്തിൽ നാം നല്ല ശ്രദ്ധ പുലർത്തുന്നുണ്ടെങ്കിലും മത്സ്യോത്പാദനത്തിൽ നാം ആഗ്രഹിക്കുന്ന രീതിയിലുള്ള പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. ദേശീയ മത്സ്യകർഷക ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സ്യകർഷക സംഗമവും അവാർഡ് വിതരണവും ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മത്സ്യഉപഭോഗം ശീലമാക്കിയവരാണ് കേരളത്തിലെ ഭൂരിഭാഗം പേരും. സംസ്ഥാനത്തെ മത്സ്യകൃഷിയിൽ പൊതുവേ നല്ല മാറ്റമുണ്ട്. പക്ഷേ ആ മാറ്റം കൊണ്ടു മാത്രം നമ്മൾ തൃപ്തിപ്പെട്ടുകൂട. ഇനിയും നാം കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. കാലാവസ്ഥാവ്യതിയാനം പോലുള്ള പ്രശ്‌നങ്ങൾ മത്സ്യകൃഷിയെയും കടലിലെ മത്സ്യസമ്പത്തിനെയും ബാധിക്കുന്നുണ്ട്. മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിൽ നാം ഊന്നൽ നൽകണം. മത്സ്യകർഷക അവാർഡുകൾ ഈ മേഖലയിലുള്ളവർക്ക് പ്രചോദനം പകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. രാജ്യത്ത് ആദ്യമായി മത്സ്യങ്ങളിലെ പ്രേരിത പ്രജനനസാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിന്റെ ഓർമ്മയ്ക്കാണ് എല്ലാവർഷവും ജൂലൈ 10 ദേശീയ മത്സ്യകർഷക ദിനമായി ആചരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മത്സ്യകൃഷിയുടെ കാര്യത്തിൽ കഴിഞ്ഞ രണ്ട് സർക്കാറുകളും സവിശേഷ ശ്രദ്ധ നൽകിയിട്ടുണ്ട്. 2016-17 കാലത്ത് സംസ്ഥാനത്തെ മത്സ്യോത്പാദനം 24000 മെട്രിക് ടണ്ണായിരുന്നിടത്ത് നിന്ന് ചിട്ടയായ പ്രവർത്തനത്തിലൂടെ 40850 മെട്രിക് ടണ്ണായി വർധിപ്പിക്കാനായി. നൂതനകൃഷി രീതികളിലൂടെ ഉത്പാദനക്ഷമത ഒരു ഹെക്ടറിന് ഒരു ടൺ എന്ന പരമ്പരാഗത നിലയിൽ നിന്ന് രണ്ട് സെന്റിൽ നിന്ന് ഒരു ടൺ എന്ന നിലയിലേക്ക് ഉയർത്താൻ സാധിച്ചു. സർക്കാറിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കർഷകരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ ഉണ്ടായ നേട്ടമാണിത്. ‘എവിടെയെല്ലാം ജലാശയമുണ്ടോ അവിടെയെല്ലാം മത്സ്യകൃഷി’ എന്ന നയമാണ് സർക്കാറിന്റേതെന്നും മന്ത്രി പറഞ്ഞു. മൂന്ന് വർഷത്തിനിടെ 24536 ഹെക്ടറിൽ മത്സ്യവിത്ത് സംഭരിച്ച് കൃഷി നടപ്പാക്കി. 13706 ഹെക്ടർ പാടശേഖരത്ത് ഒരു നെല്ലും ഒരു മീനും കൃഷി, 2349 ഹെക്ടറിൽ ചെമ്മീൻ കൃഷി, 7103 ഹെക്ടർ കുളങ്ങളിൽ ശാസ്ത്രീയ മത്സ്യകൃഷി എന്നിവ നടപ്പാക്കി. ഉൾനാടൻ മത്സ്യമേഖലയുടെ വികസനത്തിന് 13 മത്സ്യഭവനുകൾ ആരംഭിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. മത്സ്യകർഷകരുടെ എക്കാലത്തെയും വലിയ ആവശ്യമായിരുന്ന ഇൻഷുറൻസ് പരിരക്ഷാപദ്ധതി നടപ്പാക്കുന്നതിനുളള ചർച്ചകളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും മന്ത്രി പറഞ്ഞു.

മത്സ്യകൃഷി മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിച്ച സംസ്ഥാനത്തെ കർഷകർക്കും ഫീൽഡ്തല ഉദ്യോഗസ്ഥർക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ശുദ്ധജല മത്സ്യകർഷകരിൽ ഒന്നാം സ്ഥാനം നേടിയ കോട്ടയം സ്വദേശി മാത്തുക്കുട്ടി ബി ടിക്ക് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിച്ചു. ബാക്കി അവാർഡ് ജേതാക്കൾക്ക് മന്ത്രി സജി ചെറിയാൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

ഓരുജല മത്സ്യകർഷകരിൽ ദിനേശൻ കെ ജി എറണാകുളം, ചെമ്മീൻ കർഷകരിൽ ടിവി കബീർ കണ്ണൂർ, നൂതന മത്സ്യ കർഷകരിൽ മുസ്തഫ കമ്പൻ കണ്ണൂർ, അലങ്കാര മത്സ്യകർഷകരിൽ മുഹമ്മദ് ബിൻ ഫാറൂഖ് കൊല്ലം, പിന്നാമ്പുറ മത്സ്യകൃഷിയിൽ ബിനീഷ് വിവി കോട്ടയം എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അരുൺദാസ് മാടവന, കിരൺ ബി എന്നിവർ പ്രത്യേക പുരസ്‌കാരത്തിന് അർഹരായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയും പ്രൊമോട്ടർമാരിൽ ശ്രിൻഷ പ്രദീപനും മത്സ്യകൃഷി കോഓർഡിനേറ്റർമാരിൽ ആർ ജയരാജും ഫീൽഡ് ഓഫീസർമാരിൽ ജിബിന എംഎമ്മും ജില്ലകളിൽ തിരുവനന്തപുരവും ഒന്നാംസ്ഥാനം കരസ്ഥമാക്കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി പി മുരളി, അവാർഡ് നിർണയ കമ്മിറ്റി ചെയർമാൻ ഡോ. കെ. കെ. അപ്പുക്കുട്ടൻ എന്നിവർ ആശംസ അർപ്പിച്ചു. ഫിഷറീസ് ഡയറക്ടർ അബ്ദുൽ നാസർ ബി റിപ്പോർട്ട് അവതരിപ്പിച്ചു. ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ് സ്വാഗതവും ഫിഷറീസ് അഡീഷണൽ ഡയറക്ടർ സ്മിത ആർ നായർ നന്ദിയും പറഞ്ഞു.

രാവിലെ 10 ന് ആരംഭിച്ച മത്സ്യകർഷക സംഗമത്തിൽ ഉൾനാടൻ മത്സ്യകൃഷി വികസനസാധ്യതകൾ, നൂതന മത്സ്യകൃഷി സാധ്യതകൾ എന്നീ വിഷയങ്ങളിൽ സെമിനാർ നടന്നു. ഫീഷറീസ് ജോ. ഡയറക്ടർമാരായ സലീം കെ എച്ച്, മഹേഷ് എസ് എന്നിവർ വിഷയാവതരണം നടത്തി.

തിരുവനന്തപുരം: ചാൻസിലർക്കെതിരെ കോടതിയിൽ കേസ് നടത്തുന്ന വിസിമാർ സ്വന്തം ചെലവിൽ കേസ് നടത്തണമെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർക്ക് എതിരെ കേസ് നടത്താൻ ഉപയോഗിച്ച സർവ്വകലാശാല ഫണ്ട് തിരിച്ചടക്കണമെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ നൽകിയിരിക്കുന്ന നിർദ്ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി വിസിമാർക്ക് ഗവർണർ നോട്ടീസ് അയച്ചിട്ടുണ്ട്.

1.13 കോടിയാണ് കേസ് നടത്താൻ വിസിമാർ ചെലവാക്കിയിരുന്നത്. ഈ തുക തിരികെ അടയ്ക്കാനാണ് ഗവർണർ നിർദ്ദേശിച്ചിരിക്കുന്നത്.

ന്യൂഡൽഹി: വിവാഹ മോചിതയായ മുസ്ലീം സ്ത്രീക്ക് ജീവനാംശം നൽകാൻ ഭർത്താവ് ബാധ്യസ്ഥനാണെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. ക്രിമിനൽ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം ഭർത്താവിൽ നിന്ന് വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ജീവനാംശം തേടാമെന്ന് കോടതി ഉത്തരവിട്ടു.

മുൻ ഭാര്യക്ക് 10,000 രൂപ ഇടക്കാല ജീവനാംശം നൽകാനുള്ള തെലങ്കാന ഹൈക്കോടതിയുടെ നിർദേശത്തെ ചോദ്യം ചെയ്ത് മുസ്ലീം യുവാവ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് വിധി. മുസ്ലീം സമുദായത്തിൽപ്പെട്ട സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കും നിയമം അനുശാസിക്കുന്ന ആനുകൂല്യങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ജീവനാംശം തേടുന്നതിനുള്ള നിയമം മതം നോക്കാതെ വിവാഹിതരായ എല്ലാ സ്ത്രീകൾക്കും ബാധകമാണെന്ന് ബെഞ്ച് അറിയിച്ചു. വിവാഹിതരായ സ്ത്രീകളുടെ അവകാശങ്ങൾ ഭർത്താക്കൻന്മാർ തിരിച്ചറിയണം. ഗൃഹനാഥയായ ഭാര്യമാർ പലപ്പോഴും ഭർത്താക്കന്മാരെ ആശ്രയിക്കേണ്ടതായി വരുന്നു. ഈ വസ്തുതയും ഒരു വീട്ടമ്മയുടെ പങ്കും, ത്യാഗവും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭാര്യയെ പരിപാലിക്കുക എന്നത് ജീവകാരുണ്യമല്ലെന്നും വിവാഹിതരായ സ്ത്രീകളുടെ അവകാശമാണെന്നും കോടതി കൂട്ടിച്ചേർത്തു.