General (Page 160)

തിരുവനന്തപുരം: വിവരം നല്കാൻ 50 ദിവസം വൈകിപ്പിച്ച ഉദ്യോഗസ്ഥന് 12500 രൂപ പിഴ ചുമത്തി വിവരാവകാശ കമ്മിഷൻ. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പബ്ലിക് ഓഫീസർ ആരിഫ് അഹമ്മദാണ് സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവുണ്ടായിട്ടും വിവരം വൈകിച്ചത്. പുതുപ്പണം മന്തരത്തൂർ ശ്രീമംഗലത്ത് വിനോദ് കുമാറിന് ആവശ്യപ്പെട്ട വിവരങ്ങൾ അപേക്ഷയിലും അപ്പീലിലും നിഷേധിച്ചതിനെ തുടർന്നാണ് അദ്ദേഹം കമ്മിഷനെ സമീപിച്ചത്.

വിവരം നല്കാൻ കമ്മിഷൻ പറഞ്ഞിട്ടും അലംഭാവം കാട്ടിയതിനാണ് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ എ.ഹക്കീം പിഴചുമത്തി ഉത്തരവായത്. ജില്ലയിലെ ഒരു സ്‌കൂളിൽ കെ.ഇ. ആർ അധ്യായം XIV എ, റൂൾ 51 എ പ്രകാരം അധ്യാപികയ്ക്ക് സ്ഥിരനിയമനം നല്കുന്ന വിഷയത്തിലെ രേഖാ പകർപ്പുകളാണ് ഓഫീസർ മറച്ചു വച്ചത്. കമ്മിഷന്റെ ഉത്തരവിന് ശേഷവും വിവരം നല്കാൻ വൈകിപ്പിച്ച ഓരോ ദിവസത്തിനും 250 രൂപ ക്രമത്തിൽ 50 ദിവസത്തേക്ക് 12500 രൂപ പിഴ ചുമത്തുകയായിരുന്നു.

ആരിഫ് അഹമ്മദ് ജൂലൈ 25 നകം പിഴ അടച്ചതായി ഡി ഇ ഒ ഉറപ്പു വരുത്തി 30 നകം കമ്മിഷനെ അറിയിക്കണം. അല്ലെങ്കിൽ ആരിഫിന് ജപ്തി നടപടികൾ നേരിടേണ്ടിവരും.

തിരുവനന്തപുരം: മലപ്പുറത്ത് നിപ ബാധിച്ച് മരണമടഞ്ഞ കുട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലികൾ അർപ്പിച്ചു. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിപ വൈറസ് സംശയിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. മന്ത്രി മലപ്പുറത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടിരിക്കുന്നു. നിപ നിയന്ത്രണത്തിനായി നിപ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി 25 കമ്മിറ്റികൾ മണിക്കൂറുകൾക്കുള്ളിൽ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗ് ഇന്നലെ രാവിലെ മുതൽ ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. സമ്പർക്ക പട്ടിക തയ്യാറാക്കുകയും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രാഥമിക സമ്പർക്ക പട്ടികയിൽ 246 പേരും അതിൽ ഹൈ റിസ്‌ക് വിഭാഗത്തിൽ 63 പേരുമാണ് നിലവിലുള്ളത്. മാർഗനിർദേശങ്ങൾക്ക് അനുസൃതമായി രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകൾ പരിശോധിക്കും

മഞ്ചേരി മെഡിക്കൽ കോളേജിൽ 30 ഐസൊലേഷൻ റൂമുകളും കോഴിക്കോട് മെഡിക്കൽ കോളേജിൽ ആവശ്യമായ അതിതീവ്ര പരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ താല്ക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വണ്ടൂർ, നിലമ്പൂർ, കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ പ്രത്യേക പനി ക്ലിനിക്കുകൾ തുടങ്ങാൻ നിർദ്ദേശം നൽകി. നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളിൽ ഭക്ഷണം, മരുന്ന് ഉൾപ്പെടെയുള്ളവ എത്തിക്കുന്നതിന് സന്നദ്ധ പ്രവർത്തകരുടെ സേവനം ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

നിപ പ്രതിരോധത്തിന് ഒരുമിച്ച് പ്രവർത്തിക്കാം. വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്, മറ്റേതെങ്കിലും ജീവികൾ കടിച്ചതോ ഉപേക്ഷിക്കപ്പെട്ടതോ ആയ പഴങ്ങൾ കഴിക്കരുത്, വാഴക്കുലയിലെ തേൻ കുടിക്കരുത്, വവ്വാലുകളെയോ അവയുടെ വിസർജ്യമോ അവ കടിച്ച വസ്തുക്കളോ സ്പർശിക്കുന്ന സാഹചര്യം ഉണ്ടായാൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിട്ടൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യുക. ഏതെങ്കിലും തരത്തിൽ സംശയമുള്ളവർ നിപ കൺടോൾ റൂമിലേക്ക് വിളിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൺട്രോൾ റൂം നമ്പറുകൾ:

0483-2732010
0483-2732050
0483-2732060
0483-2732090

കോഴിക്കോട്: നിപ സ്ഥിരീകരിച്ച് ഗുരുതരമായി ആശുപത്രിയിൽ ചികിത്സയിരുന്ന പതിനാലുകാരൻ മരിച്ചു. രാവിലെയായിരുന്നു അന്ത്യം. പ്രോട്ടോകോൾ അനുസരിച്ചായിരിക്കും സംസ്ക്കാര ചടങ്ങുകൾ നടക്കുക.ഈ മാസം 10നാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടി പനി ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസക്കായി എത്തിയത്.തുടർ പരിശോധനയിലാണ് കുട്ടിക്ക് നിപ രോഗം സ്ഥിരീകരിച്ചത്.മെഡിക്കൽ കോളേജിലെക്ക് മാറ്റിയ കുട്ടി അബോധാവസ്ഥയിൽ ആയിരുന്നു. വെൻ്റിലേറ്ററിൻ്റെ സഹായതോടെയാണ് ഐ സി യു വിൽ തുടർന്നത്. രാവിലെ 10.30തോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.ഇതോടെ നിപ ബാധയെ തുടർന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 21 ആയി.

കുട്ടിയുമായി സമ്പർക്കം പുലർത്തിയ ഒരാൾക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 246 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. ഇതിൽ 63 പേർ ഹൈ റിസ്ക് കാറ്റഗറിയിലുള്ളവരാണ്. എല്ലാവരുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി അയയ്ക്കും.

കേരളത്തിലെ സംവിധാനങ്ങൾക്കു പുറമേ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മൊബൈൽ ലാബ് കൂടി സംസ്ഥാനത്ത് എത്തുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തിൽ ഫീവർ സർവൈലൻസ് നടത്തും.

ഐസൊലേഷനിലുള്ള കുടുംബങ്ങൾക്ക് മരുന്നും ഭക്ഷണവും ലഭ്യമാക്കും. ഈ പഞ്ചായത്തുകളിൽ ആൾ‌ക്കൂട്ടം പാടില്ലെന്ന് നിർദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മ അനശ്വരമാക്കാൻ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്‌കാരം രാഹുൽ ഗാന്ധിയ്ക്ക്. ഭാരത് ജോഡോ യാത്ര നടത്തി ജനങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്ത ദേശീയ നേതാവ് രാഹുൽഗാന്ധിക്ക് പുരസ്‌കാരം നൽകാൻ തീരുമാനിച്ചു.

ഒരു ലക്ഷം രൂപയും നേമം പുഷ്പരാജൻ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. ഡോ. ശശി തരൂർ എംപി ചെയർമാനും പെരുമ്പടവം ശ്രീധരൻ , ഡോ.എം.ആർ. തമ്പാൻ, ഡോ.അച്ചുത് ശങ്കർ,ജോൺ മുണ്ടക്കയം എന്നിവർ അംഗങ്ങളുമായുള്ള ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാർഗരേഖയാണ് പുറത്തിറക്കിയത്. ഈ അപൂർവ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയിൽ നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടേയും നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തിൽ സമഗ്ര മാർഗരേഖ തയ്യാറാക്കാൻ തീരുമാനിച്ചത്. തുടർപഠനത്തിനും ഗവേഷണത്തിനുമായി ഐസിഎംആർ സഹകരണത്തോടെ ഒരു സമിതിയെ നിയോഗിക്കുന്നതാണ്. സർക്കാർ, സ്വകാര്യ ആശുപത്രികൾ ഈ മാർഗരേഖ കൃത്യമായി പാലിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആൾക്കാരിൽ വളരെ അപൂർവമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ഇത്തരം വെള്ളവുമായി സമ്പർക്കത്തിൽ വരുന്നവരിൽ 26 ലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് ഈ രോഗം വരുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിൽ അപൂർവമായുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

വേനൽ കാലത്ത് വെള്ളത്തിന്റെ അളവ് കുറയുയുന്നതോടെയാണ് അമീബ വർധിയ്ക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിർണയം നടത്തുന്നത്. പിസിആർ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.

അമീബയ്ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. എത്രയും വേഗം മരുന്നുകൾ നൽകിത്തുടങ്ങുന്നവരിലാണ് രോഗം ഭേദമാക്കാൻ സാധിക്കുന്നത്. അതിനാൽ രോഗലക്ഷണങ്ങൾ തുടങ്ങി എത്രയും വേഗം മരുന്നുകൾ നൽകേണ്ടതാണ്. അതിലൂടെ മരണനിരക്ക് കുറയ്ക്കാൻ സാധിക്കും.

ചെവിയിൽ പഴുപ്പുള്ള കുട്ടികൾ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാൻ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക. മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കുക.

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർ ഈ രോഗ ലക്ഷണങ്ങൾ കണ്ടാൽ ഇക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.

പത്തനംതിട്ട: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യയ്ക്ക് തുടക്കം കുറിച്ചു. മന്ത്രിമാരായ വി എൻ വാസവൻ, വീണാ ജോർജ്ജ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വിഭവങ്ങളുടെ എണ്ണങ്ങൾ കൊണ്ടാണ് പ്രശസ്തമായ വള്ളസദ്യയുടെ രുചിയറിയാൻ വിദേശങ്ങളിൽ നിന്നു പോലും ആയിരങ്ങളാണ് ആറന്മുളയിലെത്തുന്നത്. പള്ളിയോടങ്ങളിൽ എത്തുന്ന കരക്കാർക്കും വഴിപാടുകാർക്കും വഴിപാടുകാർ ക്ഷണിക്കുന്നവർക്കുമായി 64 ഇന വിഭവങ്ങൾ അടങ്ങുന്ന സദ്യയാണ് നൽകുക. പള്ളിയോടങ്ങളിൽ എത്തുന്ന കരക്കാർ വള്ളപാട്ടിന്റെ ഈണത്തിൽ പാടിയാണ് വിഭവങ്ങൾ ആവശ്യപ്പെടുന്നത്.

ഹൈക്കോടതി നിർദ്ദേശ പ്രകാരം രൂപീകരിച്ചിട്ടുള്ള നിർവഹണ സമിതിയായിരിക്കും വള്ളസദ്യയ്ക്ക് മേൽനോട്ടം വഹിക്കുക. ക്ഷേത്രങ്കണത്തിലും പരിസരത്തുമുള്ള സദ്യാലയങ്ങളിലാണ് വള്ളസദ്യ നടക്കുക. ഇപ്രാവശ്യം ഇത് വരെ 350 വള്ളസദ്യകൾ ബുക്ക് ചെയ്ത് കഴിഞ്ഞു. ആദ്യ ദിനമായ ഇന്ന് പത്ത് പള്ളിയോടങ്ങളാണ് വള്ളസദ്യയുടെ ഭാഗമാകുന്നത്. ഒക്ടോബർ 2 വരെയായിരിക്കും വള്ളസദ്യ നടക്കുക. ചരിത്ര പ്രസിദ്ധമായ അഷ്ടമി രോഹിണി വള്ളസദ്യ ഓഗസ്റ്റ് 26 ന് നടക്കും.

കൊച്ചി: വാഹനങ്ങളിൽ നിയമവിരുദ്ധമായി സർക്കാർ മുദ്രയുള്ള ബോർഡ് ഉപയോഗിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി. ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

നിയമവിരുദ്ധമായി വാഹനത്തിൽ ബോർഡ് വെക്കുന്ന കസ്റ്റംസ്, ഇൻകംടാക്‌സ്, സെൻട്രൽ എക്‌സൈസ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

തിരുവനന്തപുരം: 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് എന്ന കേരളത്തിന്റെ പ്രധാനപ്പെട്ട ആവശ്യം കേന്ദ്ര ബജറ്റിൽ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര ധനകാര്യ മന്ത്രി വിളിച്ചുചേർത്ത പ്രീ ബജറ്റ് ചർച്ചയിൽ കേരളത്തിന്റെ ആവശ്യങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. പിന്നീട് കേന്ദ്ര ധനകാര്യ മന്ത്രിയെ നേരിട്ട് കണ്ട് കേരളത്തിന്റെ സവിശേഷമായ ചില ആവശ്യങ്ങളും ബോധ്യപ്പെടുത്തിയിട്ടുണ്ട്.

2022-23ലെയും 2023-24 ലെയുംകടമെടുപ്പ് പരിധിയിലെ വെട്ടിക്കുറവ് മൂലമുണ്ടായ നഷ്ടം നികത്താനുള്ള പാക്കേജാണ് ആവശ്യപ്പെട്ടത്. ജി.എസ്.ഡി.പിയുടെ മൂന്ന് ശതമാനമാണ് നിലവിലെ കടമെടുപ്പ് പരിധി. ഒപ്പം ഊർജ്ജമേഖലയുമായി ബന്ധപ്പെട്ട ½ ശതമാനവും ചേർത്ത് മൂന്നര ശതമാനം കടമെടുപ്പ് അവകാശമാണ് ഉണ്ടായിരുന്നത്. എന്നാൽ 2022-23ൽ 2.44 ശതമാനം മാത്രമാണ് എട്ടുടുക്കാൻ അനുവദിച്ചത്. കഴിഞ്ഞ വർഷമാകട്ടെ 2.88 ശതമാനവും. 14-ാം ധനകാര്യ കമ്മീഷനെ അപേക്ഷിച്ച് നിലവിലെ 15-ാം ധനകമ്മീഷൻ കാലയളവിൽ കേന്ദ്ര നികുതി വിഹിതത്തിൽ പ്രതിവർഷം 15,000 കോടി രൂപയുടെയെങ്കിലും കുറവ് സംസ്ഥാനത്തിന് നേരിടേണ്ടിവരുന്നു. റവന്യു കമ്മി ഗ്രാന്റ്, ജി.എസ്.ടി നഷ്ടപരിഹാരം എന്നിവ അവസാനിപ്പിച്ചതുവഴിയടക്കം വലിയ തോതിലുള്ള വരുമാനക്കുറവാണ് സംസ്ഥാനത്തിനുണ്ടായിട്ടുള്ളത്. കേരളത്തിന് അർഹമായ വലിയ തോതിലുള്ള തുക കിട്ടാനുണ്ട്. അത് മുഴുവൻ സംസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. ഇതെല്ലാം ബോധ്യപ്പെടുത്തിയാണ് പ്രത്യേക പാക്കേജ് ആവശ്യം മുന്നോട്ടുവെച്ചിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: കെഎസ്ഇബിയുടെ പ്രവർത്തനരീതിയെക്കുറിച്ച് വസ്തുതാപരമായ വിമർശനങ്ങൾ ആര് ഉന്നയിച്ചാലും സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. രാപകൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ പ്രയാസം കൂടി എല്ലാവരും മനസിലാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വൈദ്യുതി ലൈൻ ഓഫ് ചെയ്യാതെയാണ് പലപ്പോഴും അവർ ജോലി ചെയ്യുന്നത്. ഇത് അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നുണ്ടെന്നും വൈദ്യുതി നിലച്ചാൽ അഞ്ച് മിനുട്ട് ക്ഷമകാണിക്കാൻപോലും ജനങ്ങൾ തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. എറണാകുളം കലൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിനായി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ottisam

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചശേഷം ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ച് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് രണ്ടു കോടി രൂപ തട്ടിയെടുത്ത കേസിൽ നാലു മലയാളികൾ അറസ്റ്റിലായി. കോഴിക്കോട് നല്ലളം സ്വദേശി സാദിക് (48 വയസ്സ്), ഇടുക്കി തൊടുപുഴ സ്വദേശി ഷെഫീക്ക് (37 വയസ്സ്), കോഴിക്കോട് വടകര ഇരിങ്ങൽ സ്വദേശി സാദിക്ക് (24 വയസ്സ് ), തൃശ്ശൂർ പൂക്കോട് സ്വദേശി നന്ദുകൃഷ്ണ (21 വയസ്സ്) എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി പോലീസിൻറെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

പരാതിക്കാരനെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടശേഷം ഓഹരിവിപണിയിൽ ലാഭം നേടുന്നതിന് സഹായകരമായ രീതിയിൽ ഉപദേശം നൽകി വിശ്വാസം ആർജിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി നിർമ്മിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയായിരുന്നു. തുടർന്നാണ് കഴിഞ്ഞമാസം പരാതിക്കാരനിൽ നിന്ന് രണ്ടുകോടി രൂപ തട്ടിയെടുത്തത്.
പരാതിക്കാരനും പ്രതികളും തമ്മിൽ നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ വിശകലനം ചെയ്ത് നടത്തിയ അന്വേഷണത്തിൽ കുറ്റകൃത്യം ആസൂത്രണം ചെയ്തു നടപ്പിലാക്കിയത് ഇന്ത്യയ്ക്ക് വെളിയിലാണെന്നു കണ്ടെത്തി. ഇതിൻറെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ നിധിൻരാജിന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് അസിസ്റ്റൻറ് കമ്മീഷണർ സി.എസ് ഹരിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചത്. എസ്.ഐമാരായ ഷിബു വി, സുനിൽകുമാർ എൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബെന്നി ബി, പ്രശാന്ത് പി എസ്, സിവിൽ പോലീസ് ഓഫീസർമാരായ വിപിൻ വി, രാകേഷ് ആർ, മണികണ്ഠൻ എസ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

കേരളത്തിൽ നിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെടുന്ന തുക സംസ്ഥാനത്തെ വിവിധ ദേശസാൽകൃത ബാങ്കുകളുടെ ബ്രാഞ്ചുകളിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തി. മലയാളികളായ ചിലർ തട്ടിപ്പുകാരുമായി കമ്മീഷൻ തുക പറഞ്ഞുറപ്പിച്ച് സ്വന്തം ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകുന്നതായും അക്കൗണ്ടിൽ വരുന്ന പണം പിൻവലിച്ച് കമ്മീഷൻ തുകയെടുത്ത ശേഷം ബാക്കി പണം ഏജൻറ് മുഖേന കൈമാറുന്നതായും കണ്ടെത്തി. ചില അക്കൗണ്ട് ഉടമസ്ഥർ പണം കൈപ്പറ്റി സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങളും അക്കൗണ്ട് നമ്പർ ലിങ്ക് ചെയ്ത സിം കാർഡും വിൽപ്പന നടത്തുന്നതും അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു.

കംബോഡിയയിലെ കോൾ സെൻറർ മുഖാന്തിരം കുറ്റകൃത്യം ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന മലപ്പുറം പാപ്പന്നൂർ സ്വദേശി മനുവിൻറെ പ്രധാന സഹായിയാണ് അറസ്റ്റിലായ സാദിക്. ആകർഷകമായ കമ്മീഷൻ വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് എടുത്ത് അതിലൂടെ പണം തട്ടിയെടുക്കുന്നത് ഇയാളാണ്. ഇത്തരത്തിൽ ശേഖരിക്കുന്ന പണം ഡിജിറ്റൽ കറൻസിയായി മാറ്റി കംബോഡിയായിലേയ്ക്ക് അയയ്ക്കുന്നത് ഷെഫീക്ക് ആണ്. പണം തട്ടിയെടുക്കുന്നതിന് കമ്മീഷൻ കൈപ്പറ്റി സ്വന്തം ബാങ്ക് അക്കൗണ്ടുകൾ കൈമാറിയതിനാണ് സാദിക്ക്, നന്ദുകൃഷ്ണ എന്നിവർ അറസ്റ്റിലായത്. കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികൾക്കായി അന്വേഷണം നടന്നുവരുന്നു.