ആറന്മുള വള്ളസദ്യയ്ക്ക് തുടക്കം; ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് മന്ത്രിമാർ

പത്തനംതിട്ട: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യയ്ക്ക് തുടക്കം കുറിച്ചു. മന്ത്രിമാരായ വി എൻ വാസവൻ, വീണാ ജോർജ്ജ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വിഭവങ്ങളുടെ എണ്ണങ്ങൾ കൊണ്ടാണ് പ്രശസ്തമായ വള്ളസദ്യയുടെ രുചിയറിയാൻ വിദേശങ്ങളിൽ നിന്നു പോലും ആയിരങ്ങളാണ് ആറന്മുളയിലെത്തുന്നത്. പള്ളിയോടങ്ങളിൽ എത്തുന്ന കരക്കാർക്കും വഴിപാടുകാർക്കും വഴിപാടുകാർ ക്ഷണിക്കുന്നവർക്കുമായി 64 ഇന വിഭവങ്ങൾ അടങ്ങുന്ന സദ്യയാണ് നൽകുക. പള്ളിയോടങ്ങളിൽ എത്തുന്ന കരക്കാർ വള്ളപാട്ടിന്റെ ഈണത്തിൽ പാടിയാണ് വിഭവങ്ങൾ ആവശ്യപ്പെടുന്നത്.

ഹൈക്കോടതി നിർദ്ദേശ പ്രകാരം രൂപീകരിച്ചിട്ടുള്ള നിർവഹണ സമിതിയായിരിക്കും വള്ളസദ്യയ്ക്ക് മേൽനോട്ടം വഹിക്കുക. ക്ഷേത്രങ്കണത്തിലും പരിസരത്തുമുള്ള സദ്യാലയങ്ങളിലാണ് വള്ളസദ്യ നടക്കുക. ഇപ്രാവശ്യം ഇത് വരെ 350 വള്ളസദ്യകൾ ബുക്ക് ചെയ്ത് കഴിഞ്ഞു. ആദ്യ ദിനമായ ഇന്ന് പത്ത് പള്ളിയോടങ്ങളാണ് വള്ളസദ്യയുടെ ഭാഗമാകുന്നത്. ഒക്ടോബർ 2 വരെയായിരിക്കും വള്ളസദ്യ നടക്കുക. ചരിത്ര പ്രസിദ്ധമായ അഷ്ടമി രോഹിണി വള്ളസദ്യ ഓഗസ്റ്റ് 26 ന് നടക്കും.