കെഎസ്ഇബിയുടെ പ്രവർത്തനം: വസ്തുതാപരമായ വിമർശനങ്ങൾ ഉന്നയിച്ചാൽ സ്വീകരിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: കെഎസ്ഇബിയുടെ പ്രവർത്തനരീതിയെക്കുറിച്ച് വസ്തുതാപരമായ വിമർശനങ്ങൾ ആര് ഉന്നയിച്ചാലും സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. രാപകൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ പ്രയാസം കൂടി എല്ലാവരും മനസിലാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വൈദ്യുതി ലൈൻ ഓഫ് ചെയ്യാതെയാണ് പലപ്പോഴും അവർ ജോലി ചെയ്യുന്നത്. ഇത് അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നുണ്ടെന്നും വൈദ്യുതി നിലച്ചാൽ അഞ്ച് മിനുട്ട് ക്ഷമകാണിക്കാൻപോലും ജനങ്ങൾ തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. എറണാകുളം കലൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിനായി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.