General (Page 161)

പാലക്കാട്: മൊബൈൽ ആപ്പ് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെയും പൊതുമരാമത്തു മന്ത്രിയുടെയും പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കി പണം തട്ടിയ പ്രതി പിടിയിൽ. കുലുക്കല്ലൂർ സ്വദേശി ആനന്ദ് (39) ആണ് പട്ടാമ്പി പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് വ്യാജ രേഖകൾ ഉണ്ടാക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുതുതല സ്വദേശിയായ കിഷോറിൽ നിന്ന് കച്ചവട ആവശ്യത്തിനെന്ന് പറഞ്ഞ് പല തവണയായി ഇയാൾ 63 ലക്ഷം രൂപ വാങ്ങിയിരുന്നു. ഈ തുക തിരികെ ചോദിച്ചപ്പോൾ സർക്കാരിൽ നിന്നും തനിക്ക് 64 കോടി രൂപ കിട്ടാനുണ്ടെന്ന് പറഞ്ഞ് കബളിപ്പിച്ചു.

തെളിവിനായി മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പിട്ടെന്ന വ്യാജ രേഖകൾ ഇയാൾ കിഷോറിനെ കാണിച്ചിരുന്നു. കൂടാതെ നടപടികൾ വേഗത്തിലാക്കാൻ പൊതുമരാമത്തു മന്ത്രിക്ക് പേയ് ടിഎം വഴി 98,000 രൂപ അയച്ചു കൊടുത്തതിന്റെ സ്‌ക്രീൻഷോട്ടും ആനന്ദ് കിഷോറിന് കൈമാറിയിരുന്നു.

സംശയം തോന്നിയ കിഷോർ പട്ടാമ്പി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചയുടൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് പ്രത്യേകം അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. സൈബർ വിദഗ്ധരുടെ സഹായത്തോടെ വിശദമായി നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി മൊബൈൽ ഫോണിൽ ആപ്പ് ഉപയോഗിച്ചാണ് വ്യാജ രേഖകൾ ഉണ്ടാക്കിയത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതി സമാന രീതിയിൽ നിരവധി ആളുകളെ വഞ്ചിച്ച് തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം: തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അറിയുകയോ ചിന്തിക്കുകയോ ചെയ്യാത്ത വിഭാഗങ്ങളാണ് കുഞ്ഞുങ്ങളെന്നും അതിനാൽത്തന്നെ മാധ്യമ പ്രവർത്തനത്തിൽ ബാലസൗഹൃദ നയം അനിവാര്യമാണെന്നും ആരോഗ്യ, വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. കേരള മീഡിയ അക്കാദമി യുനിസെഫിന്റെ സഹകരണത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശിശു സൗഹൃദമാധ്യമ പ്രവർത്തനം സംബന്ധിച്ച വട്ടമേശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാർഗരേഖ പ്രകാശനവും വീണ ജോർജ്ജ് നിർവ്വഹിച്ചു.

കുട്ടികളുടെ നേട്ടങ്ങൾ, പ്രശ്നങ്ങൾ എന്നിങ്ങനെ അവരുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകൾ രണ്ടു വിധത്തിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിയമപരമായ തർക്കങ്ങളിലേർപ്പെടേണ്ടി വരുന്ന വിഷയങ്ങളിൽപ്പെട്ട കുഞ്ഞുങ്ങളുടെ ഒരു തരത്തിലുള്ള വിവരവും ഒരു കാരണവശാലും പ്രസിദ്ധപ്പെടുത്താൻ പാടില്ല. ആ കുഞ്ഞിനെ തിരിച്ചറിയാനിടയാക്കുന്ന ഒരു കാര്യവും രക്ഷകർത്താക്കളെ സംബന്ധിച്ച വിവരം പോലും പ്രസിദ്ധപ്പെടുത്താൻ പാടില്ല. പക്ഷേ, കുഞ്ഞിന്റെ മുഖം മറച്ചും മറ്റു സൂചനകൾ നൽകിയുമാണ് മാധ്യമങ്ങൾ പലപ്പോഴും വാർത്തകൾ നൽകുന്നത്. ഇക്കാര്യത്തിൽ വ്യക്തമായ ഒരു നയം ഉണ്ടാവേണ്ടതുണ്ടെന്നും മന്ത്രി വീണ ജോർജ്ജ് പറഞ്ഞു.

കുഞ്ഞുങ്ങളുമായി അഭിമുഖം നടത്തുന്നതും ചിത്രീകരിക്കുന്നതും കുഞ്ഞുങ്ങളുടെ താല്പര്യം പരിഗണിച്ചായിരിക്കണം. ദ്വയാർത്ഥ പ്രയോഗങ്ങളോ മാനസിക സംഘർഷങ്ങളുണ്ടാക്കുന്ന സംസാരങ്ങളോ അഭിമുഖങ്ങളിലുണ്ടാവരുത്. പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് അഭിമുഖത്തിന്റെ പൂർണ വിവരങ്ങൾ കുഞ്ഞിനെയും രക്ഷകർത്താക്കളെയും ബോധ്യപ്പെടുത്തിയിരിക്കണം എന്നീ കാര്യങ്ങളിൽ മാധ്യമപ്രവർത്തകരുടെ നിതാന്ത ജാഗ്രതയുണ്ടായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ ഭാസ്‌കർ സ്വാഗതം പറഞ്ഞു. മുൻ ഡിജിപി ജേക്കബ് പുന്നൂസ്, മുൻ ജില്ലാ ജഡ്ജി എസ് എച്ച് പഞ്ചാപകേശൻ, ദൂരദർശൻ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ കെ കുഞ്ഞികൃഷ്ണൻ മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, യുനിസെഫ് സൗത്ത് ഇന്ത്യ പ്രോഗ്രാം ഹെഡ് ശ്യാം സുധീർ ബണ്ടി തുടങ്ങിയവർ പങ്കെടുത്തു. ഏഷ്യാനെറ്റ് എക്സിക്യൂട്ടിവ് ന്യൂസ് എഡിറ്റർ എസ് ബിജു മോഡറേറ്ററായിരുന്നു. അക്കാദമി വൈസ് ചെയർമാൻ ഇ.എസ് സുഭാഷ് നന്ദി പറഞ്ഞു.

ബെംഗളൂരു: പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും ഇടയിൽ ഉഭയ സമ്മതപ്രകാരം സംഭവിക്കുന്ന ലൈംഗിക ബന്ധം അവർക്കിടയിലെ പ്രണയം നഷ്ടമായതിന് പിന്നാലെ ബലാത്സംഗം ആകില്ലെന്ന് വ്യക്തമാക്കി കർണാടക ഹൈക്കോടതി. ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ബലാത്സംഗ പരാതി തള്ളണമെന്ന ആവശ്യവുമായി എത്തിയ യുവാവിന്റെ പരാതി കോടതി അംഗീകരിക്കുകയും ചെയ്തു. ആറ് വർഷം നീണ്ട ബന്ധത്തിനൊടുവിലാണ് യുവതി യുവാവിനെതിരെ ബലാത്സംഗ പരാതി നൽകിയത്.

വഞ്ചന, ബലാത്സംഗം തുടങ്ങിയ വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയിരുന്നത്. 2018ൽ ഇരുവരും പ്രണയബന്ധത്തിൽ നിന്നും അകന്നു. 2018 ജൂലൈ 3നാണ് യുവതി യുവാവിനെതിരെ ബലാത്സംഗ പരാതി നൽകുകയും ചെയ്തു. തനിക്ക് നേരിട്ട അപമാനത്തിനും പീഡനത്തിനും 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി കേസ് നൽകിയത്. ഇതോടെ യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു.

വിവാഹ വാഗ്ദാനം നൽകിയാണ് യുവാവ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി ആരോപിക്കുന്നു. എന്നാൽ, ഇത്തരം സംഭവങ്ങളിൽ ഐപിസി 375 ന് കീഴിലുള്ള വിചാരണ അനുവദിക്കാനാവില്ലെന്ന് കോടതി അറിയിച്ചു. നിയമത്തിന്റെ ദുരുപയോഗമായാണ് കോടതി യുവതിയുടെ പരാതിയെ നിരീക്ഷിച്ചത്.

പാലക്കാട്: അട്ടപ്പാടിയിൽ കാണാതായ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തി. മുരുകൻ, കാക്കൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും നാലു ദിവസം മുൻപ് ഊരിലേയ്ക്ക് പോയതാണ് ഇരുവരും. പുതൂർ പോലീസ് സ്റ്റേഷനിലെ സിപിഒ ആണ് കുറുംബ വിഭാഗത്തിൽപെട്ട മുരുകൻ. ഇദ്ദേഹവും സുഹൃത്ത് കാക്കനും കൂടി ഊരിലേക്ക് പോകുകയായിരുന്നു. മേലെപൂതയാർ വഴിയായിരുന്നു ഇവരുടെ യാത്ര. പുഴ മുറിച്ചു കടന്നുവേണമായിരുന്നു വീട്ടിലേക്ക് പോകാൻ. മൂന്ന് ദിവസത്തെ അവധിക്കാണ് മുരുകൻ വീട്ടിലേക്ക് പോയത്.

നാലാം ദിവസമായിട്ടും മുരുകനെ കാണാതായതോടെ പോലീസും വനംവകുപ്പും ചേർന്ന് അന്വേഷണം ആരംഭിച്ചു. ഊരിൽ കൃത്യമായ മൊബൈൽ നെറ്റ്‌വർക്കില്ല. അതുകൊണ്ട് തന്നെ മുരുകൻ വീട്ടിലെത്തിയോ എന്ന് പോലീസിന് അറിയില്ലായിരുന്നു. തുടർന്നാണ് ഇവർ വീട്ടുകാരുമായി ബന്ധപ്പെട്ടത്.

വനംവകുപ്പും പോലീസും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് രണ്ട് ഭാഗങ്ങളിൽ നിന്നായി ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം ചെമ്പവട്ടകാടിൽ നിന്നും അടുത്തയാളുടെ മൃതദേഹം സ്വർണഗദയിൽ നിന്നുമാണ് കണ്ടെത്തിയത്. അട്ടപ്പാടിയിൽ കനത്ത മഴയാണ്. അതുകൊണ്ട് തന്നെ പരകാർ പുഴ കരകവിഞ്ഞ് ഒഴുകുകയായിരുന്നു. ഈ പുഴയിൽ പെട്ടായിരിക്കും ഇവരുടെ മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സ്വർണ്ണം ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ എത്ര സ്വർണ്ണം വീട്ടിൽ സൂക്ഷിക്കാമെന്ന കാര്യം സംബന്ധിച്ച് നമ്മളിൽ പലർക്കും കൃത്യമായ ധാരണയില്ല. ആവശ്യമുള്ളത്ര അളവിൽ സ്വർണം വീട്ടിൽ സൂക്ഷിക്കാം എന്നതാണ് ഇന്ത്യയിൽ ഇത് സംബന്ധിച്ചുള്ള നികുതി നിയമം പറയുന്നത്.

എന്നാൽ, നികുതി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ സ്വർണം വാങ്ങിയ പണത്തിന്റെ ഉറവിടം കാണിക്കേണ്ടിവരും. പണത്തിന്റെ ഉറവിടം കാണിക്കാതെ സൂക്ഷിക്കാവുന്ന സ്വർണത്തിന്റെ അളവിൽ ചില പരിധിയുണ്ട്.

ഇത് സ്ത്രീക്കും പുരുഷനും വ്യത്യസ്ത അളവിലാണ്. കല്യാണം കഴിഞ്ഞ സ്ത്രീകളാണെങ്കിൽ 500 ഗ്രാം വരെ സ്വർണം വീട്ടിൽ സൂക്ഷിക്കാം. അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം സ്വർണം സൂക്ഷിക്കാം. പുരുഷന്മാർക്ക് 100 ഗ്രാം സ്വർണമാണ് രേഖകൾ ആവശ്യമില്ലാതെ വീട്ടിൽ സൂക്ഷിക്കാൻ കഴിയുന്നത്.

സ്വർണം പാരമ്പര്യമായി ലഭിച്ചതാണെങ്കിൽ, അതിന് നികുതിയില്ല. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പ്രകാരം, വെളിപ്പെടുത്തിയ വരുമാനം ഉപയോഗിച്ച് വാങ്ങുന്ന സ്വർണത്തിനും നികുതി നൽകേണ്ടതില്ല.

ന്യൂഡൽഹി: ജലാശയങ്ങൾ സംരക്ഷിക്കേണ്ടത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമെന്ന് ഓർമ്മിപ്പിച്ച് സുപ്രീംകോടതി. അനധികൃതമായി മൂടിയ ജലാശയങ്ങൾ വീണ്ടെടുക്കാനും സംസ്ഥാനങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം സംസ്ഥാനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തണം. ഉത്തർപ്രദേശ് നഗിനയിൽ ജലാശയങ്ങൾ നിയമവിരുദ്ധമായി മണ്ണിട്ടും മാലിന്യങ്ങൾ വലിച്ചെറിഞ്ഞും മൂടിയെന്ന പരാതികൾ അന്വേഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരുടെ സമിതിയും സുപ്രീം കോടതി രൂപീകരിച്ചു.

തിരുവനന്തപുരം: മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. അന്തിമ ഫലത്തിനായി കാത്തിരിക്കുന്നു. നിപ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ രാവിലെ തന്നെ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മലപ്പുറത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, മലപ്പുറം, കോഴിക്കോട് ജില്ലാ കളക്ടർമാർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ, നിപ ഏകാരോഗ്യ കേന്ദ്രം നോഡൽ ഓഫീസർ, സ്റ്റേറ്റ് മെഡിക്കൽ ബോർഡ് അംഗങ്ങൾ, മലപ്പുറം, കോഴിക്കോട് ഡി.എം.ഒ.മാർ, ഡി.പി.എം.മാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പത്തനംതിട്ട: കുവൈറ്റിലെ അബ്ബാസിയയിലെ താമസ സ്ഥലത്ത് ഉണ്ടായ തീപിടിത്തത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ പേർ പുക ശ്വസിച്ച് മരിച്ചു. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുഴക്കൽ, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കൾ ഐസക്, ഐറിൻ എന്നിവരാണ് മരിച്ചത്.കുവൈറ്റിൽ മലയാളികൾ ഏറ്റവും അധികം തിങ്ങി പാർക്കുന്ന അബ്ബാസിയായിലുള്ള അപ്പാർട്‌മെന്റിന്റെ രണ്ടാം നിലയിൽ കുടുംബം താമസിച്ച മുറിയിലാണ് തീപിടിത്തം ഉണ്ടായത്.

ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണു തീപിടിത്തം എന്നാണ് നിഗമനം. നാട്ടിൽ നിന്ന് തിരിച്ചെത്തിയ കുടുംബം മുറിക്കത്ത് ഉറങ്ങാൻ കിടന്നപ്പോൾ എസിയിൽ നിന്ന് പുക ശ്വസിച്ച് മരിച്ചതാണെന്നാണ് ലഭിക്കുന്ന വിവരം.അവധിക്ക് നാട്ടിലായിരുന്ന കുടുംബം വെള്ളിയാഴ്ച വൈകിട്ടാണ് കുവൈറ്റിൽ തിരിച്ചെത്തിയത്.താമസ സ്ഥലത്തേത്തി ഏതാനും മണിക്കൂറുകൾക്കകമാണ് ദാരുണ സംഭവം.എ സി യിൽ നിന്ന് തീയും പുകയും ഉയരുന്നത് സമീപ വാസികൽ കണ്ടിരുന്നു. അഗ്‌നി രക്ഷ സേന ഉടൻ സ്ഥലത്തു ഏതിലെങ്കിലും കുടുംബത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരം: ജൂലൈ 30 ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.

2024 ഏപ്രിലിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരുടെ ഇടതു കൈയ്യിലെ ചൂണ്ട് വിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞുപോയിട്ടില്ലാത്തതിനാലാണീ തീരുമാനം. ഈ നിർദ്ദേശം ജൂലൈ 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 49 തദ്ദേശസ്ഥാപന വാർഡുകളിലേയ്ക്കാണ് ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ആൾമാറാട്ടത്തിനെതിരെയുള്ള മുൻകരുതൽ വ്യവസ്ഥ പ്രകാരം സമ്മതിദായകന്റെ നിജസ്ഥിതിയെപ്പറ്റി ബോദ്ധ്യമായാൽ, ഇടതു കൈയ്യിലെ ചൂണ്ടുവിരൽ പ്രിസൈഡിംഗ് ഓഫീസറോ പോളിംഗ് ഓഫീസറോ പരിശോധിച്ച് അതിൽ മായാത്ത മഷി പുരട്ടേണ്ടതുണ്ട്. വോട്ടറുടെ ഇടതുചൂണ്ടുവിരലിൽ അത്തരത്തിലുള്ള മഷിയടയാളം നേരത്തേ ഉണ്ടെങ്കിൽ വോട്ട് ചെയ്യാനാകില്ല. ആയതിനാലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ നിർദ്ദേശം പുറപ്പെടുവിച്ചത്.

തിരുവനന്തപുരം : കടലാമ സംരക്ഷണത്തിന്റെ പേരിൽ കടൽച്ചെമ്മീൻ കയറ്റുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിനു പരിഹാരം കാണാൻ യോഗവുമായി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ, ബോട്ടുടമകൾ, എക്‌സ്‌പോർട്ടേഴ്‌സ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ജൂലൈ 24 ന് ചേരുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

സംരക്ഷിത ഇനത്തിൽപ്പെട്ട കടലാമകൾ വലയിൽ കുടുങ്ങുന്നുവെന്നാണ് ഉപരോധത്തിന് അമേരിക്ക ചൂണ്ടിക്കാട്ടുന്ന കാരണം. ഇന്ത്യയിൽ നിന്നും ചെമ്മീൻ ഇറക്കുമതി ചെയ്യുന്നതിനെതിരെ 2019 ൽ അമേരിക്ക ഏർപ്പെടുത്തിയ നിരോധനം ഇന്നും തുടരുകയാണ്. അമേരിക്കൻ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ പകുതിയിലേറെ വില കുറച്ചാണ് വാങ്ങുന്നത്. ഈ പ്രതിസന്ധി കടൽചെമ്മീന് ആഭ്യന്തര വിപണിയിലും വിലയിടിയാൻ കാരണമാകുന്നു. ഇത് മത്സ്യമേഖലയ്ക്ക് വലിയ തിരിച്ചടിയായി തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ യോഗം വിളിച്ചത്.