General (Page 1,520)

ന്യൂഡൽഹി: പാചകവാതക വില 10 രൂപ കുറഞ്ഞതായി ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. സബ്‌സിഡിയില്ലാത്ത ഗാർഹിക സിലിണ്ടറിനാണ് വിലക്കുറവുണ്ടായത്. വരും ദിവസങ്ങളിലും ഗ്യാസ് വില വീണ്ടും കുറയുമെന്നാണ് സൂചന. അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ നേരിയ കുറവാണ് രാജ്യത്ത് 10 രൂപ കുറയ്‌ക്കാൻ കാരണമായത്.

മാർച്ച് മാസത്തിൽ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 125 രൂപ വർദ്ധിപ്പിച്ചിരുന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പെട്രോളിന്റെയും ഡീസലിന്റയും ചില്ലറ വിൽപന വില പെട്രോളിയം കമ്പനികൾ രാജ്യത്ത് കുറച്ചു. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ പെട്രോൾ 61 പൈസയും ഡീസൽ 60 പൈസയും കുറഞ്ഞു.തുടർന്ന് വിലക്കയ‌റ്റത്തിനും നേരിയ കുറവ് വന്നിട്ടുണ്ട്.

എൽപിജി വിലക്കുറവ് വരുത്തിയതോടെ 14.2 കിലോ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ഡൽഹിയിലും മുംബയിലും 809 രൂപയായി. കൊൽക്കത്തയിൽ 835.50 രൂപയായി. ചെന്നൈയിൽ 825 രൂപയായി. എൽപിജി വില നിർണയിക്കുന്ന ഓരോ മാസം കൂടുമ്പോഴാണ്. എൽപിജിയുടെ അന്താരാഷ്‌ട്ര മാർക്ക‌റ്റ് അനുസരിച്ചും ഇന്ത്യൻ രൂപ അമേരിക്കൻ ഡോളറിനെതിരെ നില മെച്ചപ്പെടുത്തുമ്പോഴോ ആണ് വിലക്കുറവ് ഉണ്ടാകുക. രാജ്യത്ത് എൽപിജി സിലിണ്ടറിന് ഏ‌റ്റവുമധികം വില ഉയർന്നത് 2018 നവംബറിലാണ്. അന്ന് 939 രൂപയായിരുന്നു വില.

2020 നവംബർ മുതൽ അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡോയിലിന് വില കുതിച്ചുയരുകയാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിൽ ഏറെ ആശ്രയിക്കുന്നതിനാൽ രാജ്യത്തെ ആഭ്യന്തര വിപണിയിലും പെട്രോളിയം വില വലിയ വർദ്ധന രേഖപ്പെടുത്തിയിരുന്നു.എന്നാൽ ഏഷ്യയിലും യൂറോപ്പിലും രണ്ടാംഘട്ട കൊവിഡ് രോഗവ്യാപനം ശക്തമായതോടെ അന്താരാഷ്‌ട്ര വിപണിയിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വില മാർച്ച് രണ്ടാം പകുതിയോടെ കുറഞ്ഞു.

കൊച്ചി: വിജയ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ദേന ബാങ്ക്, ആന്ധ്രാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഒഫ് കൊമേഴ്‌സ്, അലഹാബാദ് ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവയുടെ ചെക്ക് ബുക്കുകള്‍ പുതിയ സാമ്പത്തിക വര്‍ഷം (202122) ആരംഭിക്കുന്ന ഇന്ന് മുതല്‍ അസാധുവാകും.ഉദാഹരണത്തിന് യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ ഉപഭോക്താവിന്റെ കൈവശമുള്ള ചെക്ക് ബുക്ക് നാളെ മുതല്‍ ഉപയോഗിക്കാനാവില്ല. പകരം, ബാങ്ക് ലയിച്ച പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ചെക്ക് ബുക്ക് വാങ്ങണം. അതേസമയം, ചില ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.നിങ്ങളുടെ ബാങ്ക് മറ്റൊരു ബാങ്കില്‍ ലയിച്ചെങ്കില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.സ് കോഡ്, എം.ഐ.സി.ആര്‍ കോഡ് (മാഗ്‌നെറ്റിക് ഇന്‍ക് കാരക്ടര്‍ റെക്കഗ്‌നീഷന്‍ കോഡ്) എന്നിവയിലും മാറ്റമുണ്ടായേക്കാം. നിലവിലെ കാര്‍ഡിന്റെ കാലാവധി അവസാനിക്കുംവരെ ഉപഭോക്താവിന് ഉപയോഗിക്കാം. കാലാവധി അവസാനിക്കുമ്പോള്‍ ലഭിക്കുക പുതിയ ബാങ്കിന്റെ കാര്‍ഡായിരിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് വിഷുവിനുള്ള സ്‌പെഷ്യല്‍ അരിവിതരണം ഇന്നാരംഭിക്കും. മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍കാര്‍ഡുള്ള 50 ലക്ഷത്തോളം കുടുംബങ്ങള്‍ക്കും സ്‌പെഷ്യല്‍ അരി കിട്ടും. ഇതിനായി അരലക്ഷം ടണ്‍ അരി റേഷന്‍ കടകളില്‍ അധികമായി എത്തിച്ചിട്ടുണ്ട്. ഈ മാസം മുഴുവന്‍ ഇത് ലഭിക്കും. അരിവിതരണം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന പ്രതിപക്ഷ പരാതി പരിഗണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്‌പെഷ്യല്‍ അരി വിതരണം തടഞ്ഞു. ഇതിനെതിരെ സംസ്ഥാന ഭക്ഷ്യവകുപ്പ് ഹൈക്കോടതിയെ സമീപിച്ചാണ് അനുമതി പുനഃസ്ഥാപിച്ചത്.
അതേസമയം, വിഷുവിനുള്ള സ്‌പെഷ്യല്‍ കിറ്റ് വിതരണം ഇന്നലെ ആരംഭിച്ചു. പതിവ് കിറ്റില്‍ 9 ഇനങ്ങളായിരുന്നു. വിഷു സ്‌പെഷ്യല്‍ കിറ്റില്‍ 14 കൂട്ടം സാധനങ്ങളുണ്ട്. മാര്‍ച്ച് മാസത്തെ കിറ്റ് വാങ്ങാത്തവര്‍ക്ക് അത് സ്‌പെഷ്യല്‍ കിറ്റിനൊപ്പം വാങ്ങാം. മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഏപ്രില്‍ ആറുവരെ നീട്ടിയിട്ടുണ്ട്.

income tax

തിരുവന്തപുരം : ആദായനികുതിയില്‍ വീഴ്ച വരുത്തിയാല്‍ ഏഴ് വര്‍ഷം തടവും പിഴയും. കൃത്യസമയത്ത് നികുതി അടയ്ക്കാതിരിക്കുകയോ പിഴയോ പലിശയോ അടയ്ക്കുന്നതില്‍ വീഴ്ചവരുത്തുകയോ ചെയ്താലാണ് ശിക്ഷ അനുഭവിക്കേണ്ടി വരിക. നികുതിയൊടുക്കുന്നതില്‍ ബോധപൂര്‍വം വീഴ്ച വരുത്തിയാല്‍ വകുപ്പ് 276സി പ്രകാരമാണ് കുറ്റകരമാകുക. ഒഴിവാക്കാന്‍ ശ്രമിച്ച തുക 25 ലക്ഷത്തിലേറെയാണെങ്കില്‍ ഈ വകുപ്പുപ്രകാരം കുറഞ്ഞത് ആറുമാസം മുതല്‍ കൂടിയത് ഏഴുവര്‍ഷം വരെയാണ് തടവ്. 25 ലക്ഷം രൂപയ്ക്കു താഴെയാണെങ്കില്‍ മൂന്നു മാസം മുതല്‍ രണ്ടു വര്‍ഷം വരെയാണ് തടവ്. പിഴയും നല്‍കണം. നികുതിയോ പിഴയോ പലിശയോ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ മൂന്നു മാസം മുതല്‍ രണ്ടു വര്‍ഷം വരെ അധിക തടവും അനുഭവിക്കേണ്ടി വരും.

al quaida

ന്യൂഡല്‍ഹി : രാജ്യത്ത് ഭീകരാക്രമണ മുന്നറിയിപ്പു നല്‍കി കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി. ലക്ഷ്‌കര്‍ ഇ ത്വയ്ബ അടക്കമുള്ള ഭീകരവാദ സംഘടനകളാണ് ആക്രമണപദ്ധതി തയ്യാറാക്കുന്നതെന്നാണ് സൂചന. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ അട്ടിമറി നടക്കാൻ സാധ്യത ഉണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പുണ്ട്. അയോധ്യയില്‍ ക്ഷേത്രത്തിനായി ഭൂമി പൂജ നടക്കുന്ന ഓഗസ്റ്റ് അഞ്ചിന് ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു നീക്കിയതിന്റെ ഒന്നാം വാര്‍ഷികം കൂടിയാണ് ഓഗസ്റ്റ് അഞ്ച്. ഇതിനെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ഉന്നത നേതാക്കള്‍ അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.

ചൈന പിന്‍വാങ്ങുന്നു

ബീജിങ്: ലഡാക്ക് അതിര്‍ത്തിയില്‍ നിന്നും പിന്‍വാങ്ങിയതായി ചൈന. ഗാല്‍വന്‍ താഴ്‌വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ സൈനിക ഏറ്റുമുട്ടലിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരുരാജ്യങ്ങളുടേയും പിന്‍വാങ്ങല്‍. തങ്ങള്‍ പിന്മാറിയെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ അഞ്ചാം വട്ട ചര്‍ച്ചയ്ക്കായി ഒരുങ്ങുകയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ വ്യക്തമാക്കി. എന്നാല്‍, പിന്‍വാങ്ങുകയാണെന്ന ചൈനയുടെ അവകാശവാദങ്ങള്‍ക്കിടയിലും ലഡാക്ക് മേഖലയില്‍ നിലവില്‍ 50ഓളം ചൈനീസ് സൈനിക ക്യാംപുകള്‍ തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ലഡാക്കില്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലും, മരണവും നടക്കുന്നത്. 20 ഇന്ത്യന്‍ സൈനികരെ ഏറ്റുമുട്ടലില്‍ നഷ്ടപ്പെട്ടപ്പോള്‍ ചൈനയ്ക്കുണ്ടായ നഷ്ടം ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

വെല്ലുവിളികളെ മറികടന്ന്‌ ചരക്കുനീക്കത്തിൽ റെയിൽ‌വേ

ന്യൂഡൽഹി : കോവിഡ്‌ 19 വെല്ലുവിളികളെ മറികടന്ന്‌ ഇന്ത്യൻ റെയിൽ‌വേ ചരക്ക് ഗതാഗത നീക്കത്തിൽ സുപ്രധാന നാഴികക്കല്ല് കടന്നു. 2020 ജൂലൈ 27 ന് ചരക്ക് കടത്ത്‌ 3.13 മെട്രിക് ടൺ ആയി. ഇത് കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ കൂടുതലാണ്. 2020 ജൂലൈ 27 ന് ചരക്ക് ട്രെയിനുകളുടെ ശരാശരി വേഗത 46.16 കിലോമീറ്റർ ആണ്, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ് (22.52 കിലോമീറ്റർ). ജൂലൈ മാസത്തിൽ ചരക്ക് ട്രെയിനുകളുടെ ശരാശരി വേഗത 45.03 കിലോമീറ്റർ ആണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ് (23.22 കിലോമീറ്റർ). ശരാശരി 54.23 കിലോമീറ്റർ വേഗതയുള്ള വെസ്റ്റ് സെൻട്രൽ റെയിൽ‌വേ, 51 കിലോമീറ്റർ വേഗതയുള്ള നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽ‌വേ, ഈസ്റ്റ് സെൻ‌ട്രൽ റെയിൽ‌വേ 50.24 കിലോമീറ്റർ‌, ഈസ്റ്റ് കോസ്റ്റ് റെയിൽ‌വേ 41.78 കിലോമീറ്റർ‌, സൗത്ത് ഈസ്റ്റ് സെൻ‌ട്രൽ റെയിൽ‌വേ 42.83 കിലോമീറ്റർ‌, തെക്ക് കിഴക്കൻ റെയിൽ‌വേ 43.24 കിലോമീറ്റർ എന്നിങ്ങനെയാണ്‌. ‌ ചരക്ക് ട്രെയിനിന്റെ ശരാശരി വേഗതയായ 44.4 കിലോമീറ്റർ വേഗതയാണ് ഈ മുൻ‌നിര റെയിൽ‌വേ മേഖലകൾക്ക്‌. 2020 ജൂലൈ 27 ന് ആകെ ചരക്ക് കയറ്റിയത്‌ 3.13 ദശലക്ഷം ടണ്ണായിരുന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലാണ്.

parunthimpara

കോട്ടയം : പരുന്തുംപാറയിലെ സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ചമച്ച് കൈയ്യേറിയവര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് സൂചന. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇടുക്കി വിജിലന്‍സ് ഡിവൈ.എസ്.പി വി.ആര്‍.രവികുമാര്‍, വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന് കൈമാറി. പീരുമേട് വില്ലേജ് താലൂക്ക് ഓഫീസുകളില്‍ ജോലി ചെയ്തിരുന്ന മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട് നല്കിയിട്ടുള്ളത്. ഇതിലൊരാള്‍ രണ്ടുമാസം മുമ്പ് വിരമിച്ചിരുന്നു. പീരുമേട് വില്ലേജില്‍പ്പെട്ട 1.47 ഏക്കര്‍ പട്ടയവസ്തുവിന്റെ അതിരുകള്‍ കാട്ടി കല്ലാര്‍ സ്വദേശി പട്ടയമില്ലാത്ത മറ്റൊരു വസ്തു രജിസ്റ്റര്‍ ചെയ്തു. ഈ വസ്തു പലര്‍ക്കായി വീതിച്ച് വില്പനയും നടത്തി. ഇത് പോക്കുവരവ് ചെയ്യാനും ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമി വാങ്ങിയവര്‍ തട്ടിപ്പ് മനസിലാക്കിയതോടെ പരാതി നല്കിയപ്പോഴാണ് ക്രമക്കേട് പുറത്ത് വന്നത്.
മൂന്നാറില്‍ 25,000 മുതല്‍ 50,000 രൂപാ വരെ കൈക്കൂലി നല്കി വ്യാജ പട്ടയ രേഖ ഉണ്ടാക്കിയ അഞ്ചു പേര്‍ക്കെതിരെയും വിജിലന്‍സ് ഡിവൈ.എസ്.പി രവികുമാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുണ്ടള, മാട്ടുപ്പെട്ടി, ദേവികുളം എന്നിവിടങ്ങളിലാണ് കൂടുതലായി കൈയേറ്റങ്ങള്‍ നടന്നിട്ടുള്ളത്.

വന്‍ വീഴ്ച

തിരുവനന്തപുരം ; മൂക്കിന് കീഴെ നടന്ന സ്വര്‍ണകടത്തിനെ കുറിച്ച് ഒന്നും അറിയാതെ സംസ്ഥാന പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗം. യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ എസ്.ആര്‍. ജയഘോഷിന്റെ നിയമനം നടന്നത് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ്. ആഭ്യന്ത്ര സെക്രട്ടറി ചെയര്‍മാനും ഇന്റലിജന്‍സ് എഡിജിപി കണ്‍വീനറുമായുള്ളതാണു കമ്മിറ്റി. എന്നിട്ടും എന്‍ഐഎയുടെ നോട്ടപ്പുള്ളിയാകുന്നത് വരെ ജയഘോഷിന്റെ ഉന്നത ബന്ധങ്ങളെ കുറിച്ച് ഒന്നും അറിയാന്‍ കഴിഞ്ഞില്ലായെന്നതാണ് സത്യം. സ്വര്‍ണകടത്ത് സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ജയഘോഷ് വിമാനത്താവളങ്ങളിലെ ബന്ധങ്ങളും അധികാരങ്ങളും ദുര്‍വിനിയോഗം ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. മാത്രമല്ല, പൊലീസുകാര്‍ക്കിടയില്‍ തന്നെ ഡിജിപിയേക്കാള്‍ അധികാരത്തോടെ പൊലീസിന്റെ ലെയ്‌സണ്‍ ഓഫീസര്‍ പ്രവര്‍ത്തിക്കുന്നുവെന്ന കഥകളുണ്ടായിട്ടും , എട്ട് വര്‍ഷത്തോളം വിമാനത്താവള ഡ്യൂട്ടിയില്‍ തന്നെ തുടര്‍ന്നിട്ടും ഇന്റലിജന്‍സ് ശ്രദ്ധ ആ വഴിക്ക് പോയതുമില്ല. ഇതില്‍ നിന്ന് തന്നെ വിമാനത്താവളങ്ങളില്‍ ഇന്റലിജന്‍സിന് വലിയ വീഴ്ചയാണുണ്ടായതെന്ന് വിലയിരുത്താന്‍ സാധിക്കും.
സെക്രട്ടറിയേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന 83 നിരീക്ഷണ ക്യാമറകളിലെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന നടപടി ഇന്നാരംഭിക്കും. പത്ത് ദിവസമെങ്കിലും കൊണ്ട് മാത്രമേ ഇത് പൂര്‍ത്തീകരിക്കാന്‍ സാധിക്കു. 019 ജൂലൈ 1 മുതല്‍ 2020 ജൂലൈ 12 വരെയുള്ള ദൃശ്യങ്ങളാണ് എന്‍ഐഎ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യേക സമയം പറയാത്തതിനാല്‍ എല്ലാ ദിവസത്തെയും 24 മണിക്കൂര്‍ ദൃശ്യങ്ങളും വേണ്ടിവരും.
സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടേയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെയും ഓഫിസില്‍ വന്നുപോയ ദൃശ്യങ്ങളാണ് എന്‍ഐഎ തിരയുന്നത്. സെക്രട്ടേറിയറ്റിനു പുറമേ കെടിഡിസി നിയന്ത്രണത്തിലുള്ള മാസ്‌കറ്റ് ഹോട്ടലിലെ ദൃശ്യങ്ങളും പരിശോധിക്കും.

വന്‍സൈനിക സന്നാഹവുമായി ഇന്ത്യ

ന്യൂഡല്‍ഹി : ചരിത്രത്തിലാദ്യമായി ദൗലത് ബേഗ് ഓള്‍ഡിയില്‍ വന്‍ സൈനിക സന്നാഹം എത്തിച്ച് ഇന്ത്യ. ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി അക്‌സായ് ചിന്നില്‍ 50,000 ത്തിനടുത്ത് സൈനികരെ വിന്യസിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നടപടി. ചൈനീസ് സൈന്യം ചില പട്രോളിങ് പോയിന്റുകളില്‍ കടന്നുകയറ്റം നടത്തിയതിനെ തുടര്‍ന്ന് കവചിത വാഹനങ്ങളും എം777 155എംഎം ഹെവിറ്റ്‌സറുകളും 130എംഎം തോക്കുകളും ഇവിടെ എത്തിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോഴത്തെ നടപടി. 1963 ല്‍ പാകിസ്ഥാന്‍ ചൈനയ്ക്ക് കൈമാറിയ ഷക്‌സ്ഗം താഴ്‌വരയില്‍ ചൈന മുപ്പത്തിയാറ് കിലോമീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മിച്ച് കഴിഞ്ഞു. ജി-219 ഹൈവേയില്‍ നിന്ന് ഷക്‌സ്ഗം റോഡ് വഴി കാരക്കോറം പാസിലേക്ക് പുതിയ പാത ചൈന നിര്‍മിക്കുമോയെന്ന ആശങ്ക ഇന്ത്യക്കുണ്ട്. ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം പിന്മാറ്റത്തിന് ഇരുരാജ്യങ്ങളും തീരുമാനിച്ചുവെങ്കിലും ചൈനയുടെ നടപടിയെ അതീവ ജാഗ്രതയോടെയാണ് ഇന്ത്യ നോക്കി കാണുന്നത്. മാത്രമല്ല, ഡിബിഒയില്‍ ലാന്‍ഡിംഗ് ഗ്രൗണ്ടുകള്‍ നവീകരിക്കാനുള്ള നീക്കവും ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ചൈനീസ് ഭാഗത്തുനിന്ന് പെട്ടെന്ന് എന്തെങ്കിലും നീക്കമുണ്ടായാൽ ചെറുക്കാനാണ് ടി-90 ടാങ്കുകള് എത്തിച്ചിരിക്കുന്നത്.