ആലപ്പുഴ: കായംകുളം താപവൈദ്യുത നിലയത്തിന്റെ ഭാവി അനിശ്ചിതത്വത്തില്‍. സംഭരിച്ച നാഫ്ത പൂര്‍ണമായി ഉപയോഗിച്ചു തീര്‍ന്നതോടെയാണ് കായംകുളം താപവൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനകാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നത്. 350 മെഗാവാട്ട് ശേഷിയുള്ള നിലയം കെഎസ്ഇബിയുമായുള്ള കരാര്‍ അവസാനിക്കുന്ന 2025 ഫെബ്രുവരി വരെ ആവശ്യാനുസരണം പ്രവര്‍ത്തിക്കും. അതിനു ശേഷം നിലയം പൂര്‍ണമായി പ്രവര്‍ത്തനം നിര്‍ത്തുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.എല്‍എന്‍ജി ഉപയോഗിച്ചു വൈദ്യുതോല്‍പാദനം നടത്തുന്നതോടെ യൂണിറ്റ് നിരക്ക് 5 രൂപയാകുമെന്നാണു സൂചന. അങ്ങനെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാമെന്ന ഉറപ്പ് കെഎസ്ഇബി ഇതുവരെ നല്‍കിയിട്ടില്ല.നാഫ്തയുടെ വില ഉയര്‍ന്നതിനാല്‍ വാതകം ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നവിധം താപനിലയത്തിലെ യന്ത്ര സംവിധാനങ്ങള്‍ നവീകരിച്ചത് ഏഴു വര്‍ഷം മുന്‍പാണ്. ഇതിന് 30 കോടിയിലധികം രൂപ ചെലവഴിച്ചു. ആദ്യകാലങ്ങളില്‍ നാഫ്തയ്ക്ക് വിലക്കുറവായിരുന്നതിനാല്‍ ഏകദേശം അഞ്ചു രൂപയായിരുന്നു വൈദ്യുതി യൂണിറ്റ് നിരക്ക്. പിന്നീട് നാഫ്തയുടെ വില വര്‍ധിച്ചതോടെ വൈദ്യുതി യൂണിറ്റ് നിര്‍ക്കും വര്‍ധിച്ചു. പദ്ധതിയുടെ കാലാവധി 25 വര്‍ഷമാണ്. 2025 ഫെബ്രുവരിയില്‍ അതു പൂര്‍ത്തിയാവും. സംസ്ഥാന സര്‍ക്കാരുമായുള്ള വൈദ്യുതി വാങ്ങല്‍ കരാറിന്റെ കാലാവധിയും അതുവരെയാണ്. സംസ്ഥാനം വൈദ്യതി വാങ്ങുന്നില്ലെങ്കിലും അതുവരെ താപനിലയം പ്രവര്‍ത്തന സജ്ജമായി നിലനിര്‍ത്തും. തുടര്‍ന്ന് നിലയത്തിന്റെ ഭാവിയെന്തെന്ന് തീരുമാനമായിട്ടില്ല.
2021-04-02