തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം മേഖലയുടെ വികസനവുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ മന്ത്രി മുഹമ്മദ് റിയാസിനോട് പങ്കുവച്ച് നടൻ മോഹൻലാൽ. ടൂറിസം വികസനത്തിന് റോഡുകളാണ് ഏറ്റവും നന്നായിട്ട് വരേണ്ടതെന്ന് മോഹൻലാൽ വ്യക്തമാക്കി. ഒരു സ്ഥലത്ത് എത്തിപ്പെടാൻ പറ്റണമെന്നും റോഡ്, ശുചിമുറികൾ പോലുള്ള സൗകര്യങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു. ഒരു മലയാള ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നമ്മുടെ നാട്ടിൽ വരുന്നവരെ റെസ്പക്ടോടെയാണ് സ്വീകരിക്കേണ്ടത്. വിനോദ സഞ്ചാരികളോട് സൗഹൃദപരമായി ഇടപെടണം. ഒരാൾ ആപ്പ് വഴി ഒരു വിനോദ സഞ്ചാര കേന്ദ്രത്തിൽ പോകുകയാണെങ്കിൽ അയാൾക്ക് അവിടെ എത്താനുള്ള സൗകര്യം വേണം. എത്തിക്കഴിഞ്ഞാൽ വിശ്രമിക്കാനുള്ള സൗകര്യവും, തിരിച്ചുപോകാനുള്ള സൗകര്യവുമൊക്കെ ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ പോകുകയാണെങ്കിൽ ഒരോ ജില്ലയിലും ഓരോ തരത്തിലുള്ള ഭക്ഷണമാണ്. ഫുഡ് ടൂറിസം ചെയ്യാം. പിന്നെ മെഡിക്കൽ ടൂറിസം ചെയ്യാമെന്നും മോഹൻലാൽ നിർദ്ദേശിച്ചു. ആയൂർവേദമൊക്കെ നല്ല രീതിയിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമേ പെർമിഷൻ കൊടുക്കാവൂ. ഒരുപാട് പേർ ആയൂർവേദമെന്ന് പറഞ്ഞ് ആയൂർവേദമല്ല ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടൂറിസം വകുപ്പ് തയ്യാറാക്കിയ കേരള ടൂറിസം മൊബൈൽ ആപ്ലിക്കേഷൻ മോഹൻലാലാണ് പുറത്തിറക്കിയത്.

