തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന് മറുപടിയുമായി മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസിലെ ഉൾപ്പോര് കൂടുതൽ വഷളാകുന്നുവെന്ന സൂചന നൽകിയാണ് മുല്ലപ്പള്ളി സുധാകരന് മറുപടി നൽകിയത്. സ്ലോട്ട് വച്ച് കെ പി സി സി അദ്ധ്യക്ഷനെ കാണേണ്ട ഗതികേട് തനിക്കില്ലെന്നും കോൺഗ്രസിൽ നിന്നും അങ്ങനെ പോകുന്ന അവസാന വ്യക്തി താനായിരിക്കുമെന്നും മുല്ലപ്പള്ളി വ്്യക്തമാക്കി. എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നേരത്തെ നടന്ന പുനസംഘടനാ ചർച്ചയിൽ മുല്ലപ്പള്ളിക്ക് തന്നെ കാണാൻ സ്ലോട്ട് കൊടുത്തിരുന്നുവെന്നും എന്നാൽ ആ സമയത്ത് എത്തിയില്ലെന്നും കെ സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറപടിയായിട്ടായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ഫോൺ വിളിച്ചാൽ എടുക്കില്ലെന്ന സുധാകരന്റെ ആരോപണവും മുല്ലപ്പള്ളി നിഷേധിച്ചു. തന്നെ കുറിച്ച് അത്തരത്തിലൊരു പരാതി ഇന്നേവരെ ആരും പറഞ്ഞിട്ടില്ല. തന്റെ കൂടെ നിൽക്കുന്ന താരിഖ് അൻവർ പോലും അത്തരമൊരു പരാതി പറഞ്ഞിട്ടില്ലെന്ന് മുല്ലപ്പള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഡിസിസി പുന:സംഘടനാ പട്ടികയുമായി ബന്ധപ്പെട്ട് ഇടഞ്ഞു നിൽക്കുന്ന മുതിർന്ന നേതാക്കളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി താരിഖ് അൻവർ മുല്ലപ്പള്ളിയുമായി ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷം മാദ്ധ്യണങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം സുധാകരനെതിരെ പരസ്യ പ്രതികരണം നടത്തിയത്.

