തിരുവനന്തപുരം: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവ് വി.എം. സുധീരൻ. ഈ നിലയിൽ മുന്നോട്ട് പോകാനാകില്ലെന്നും നേതൃത്വം തിരുത്തണമെന്നും സുധീരൻ വ്യക്തമാക്കി. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
കോൺഗ്രസ് ഹൈക്കമാൻഡ് ഒരു പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ പാർട്ടിയിൽ പുതിയ നേതൃത്വം വളരെ പ്രതീക്ഷയോട് കൂടിയാണ് വന്നത്. പക്ഷേ ആ പ്രതീക്ഷയ്ക്ക് അനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോകാതെ വന്ന സ്ഥിതി വിശേഷമുണ്ടായി. തെറ്റായ ശൈലിയും അനഭിലഷണീയമായ പ്രവണതകളും പ്രകടമായി. കോൺഗ്രസ് സംസ്‌കാരത്തിന് യോജിച്ചതല്ലാത്ത നടപടികൾ പുതിയ നേതൃത്വത്തിൽ നിന്നുണ്ടായതോടെയാണ് താൻ പ്രതികരിക്കാൻ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിന് കത്തയച്ചിരുന്നു. എന്നാൽ അതിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. അതുകൊണ്ടാണ് സ്ഥാനങ്ങൾ രാജിവെച്ചത്. പരസ്യ പ്രതികരണത്തിലേക്ക് ഇപ്പോഴും പോയിട്ടില്ല. തെറ്റായ പ്രവർത്തന ശൈലിമൂലം പാർട്ടിക്ക് വരുത്താവുന്ന കോട്ടം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും തെറ്റായ ശൈലി തിരുത്താനാവശ്യമായ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി. തിരുത്തൽ നടപടികൾക്കായി കാത്തിരിക്കുകയാണ്. ഉചിതമായ പരിഹാരമുണ്ടാകുമോ എന്ന് ഞാൻ ഉറ്റുനോക്കും. കോൺഗ്രസ് ദുർബലപ്പെടരുത്. ഈ നിലയിൽ മുന്നോട്ട് പോയാൽ കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും ആ സാഹചര്യം ഉണ്ടാകാതിരിക്കാൻ ഹൈക്കമാൻഡിനാകട്ടെ എന്നതാണ് പ്രത്യാശയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമതിയിൽ നിന്നും രാജി വെച്ചതിന് പിന്നാലെയാണ് അനുനയ ശ്രമങ്ങൾക്കായി വിഎം സുധീരനുമായി താരിഖ് അൻവർ കൂടിക്കാഴ്ച്ച നടത്തിയത്.

