കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണം; ആരെയും ഇരുട്ടിൽ നിർത്തുന്നത് ശരിയല്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച്ച നടത്തി എഐസിസി പ്രതിനിധി താരീഖ് അൻവർ. ഡിസിസി പുന:സംഘടനക്ക് പിന്നാലെ നേതാക്കൾക്കിടയിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഹൈക്കമാൻഡിന്റെ അനുനയ നീക്കം. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും അതിനുള്ള സാഹചര്യം ഒരുക്കാൻ എഐസിസി മുൻകൈയ്യെടുക്കണമെന്നും താരിഖ് അൻവറുമായുള്ള ചർച്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. ആരെയും ഇരുട്ടിൽ നിർത്തുന്നത് ശരിയല്ലെന്നും മുതിർന്ന നേതാക്കളായ വിഎം സുധീരനുമായും മുല്ലപ്പള്ളി രാമചന്ദ്രനുമായും ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം വി എം സുധീരനുമായും താരിഖ് അൻവർ ചർച്ച നടത്തിയിരുന്നു. എന്നാൽ സുധീരനെ അനുനയിപ്പിക്കാൻ താരിഖ് അൻവറിന് കഴിഞ്ഞില്ല. രാജി പിൻവലിക്കില്ലെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് സുധീരൻ. പുതിയ കെപിസിസി നേതൃത്വത്തിന് തെറ്റായ ശൈലിയാണെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തെ നേതാക്കൾക്കിടയിലുള്ള അഭിപ്രായ ഭിന്നതയെ കുറിച്ച് താരിഖ് അനവർ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുമെന്നാണ് വിവരം.