General (Page 138)

തിരുവനന്തപുരം: കാലാവസ്ഥ മുന്നറിയിപ്പുകൾ കാര്യക്ഷമമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പൊതുവായ മുന്നറിയിപ്പുകൾ അല്ല, കൃത്യമായ പ്രവചനങ്ങളാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

21-ാം നൂറ്റാണ്ടിലും പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ രാജ്യത്തിനാകുന്നില്ല. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ നേട്ടങ്ങൾ ഉണ്ടെന്നു പറയുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്താനാവുന്നില്ല. മുന്നറിയിപ്പുകളല്ലാതെ കൃത്യമായ പ്രചവനം ഉണ്ടെങ്കിലെ പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനാകു. ജനങ്ങളെ അന്ധവിശ്വാസത്തിലേക്കും പ്രാകൃത അനുഷ്ഠാനങ്ങളിലേക്കും കൊണ്ടുപോകാൻ ചിലർ ശ്രമിക്കുകയാണ്. ഇതിനായി ജാതീയതയും വർഗീയതയും ആയുധമാക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം അതീവ ദുഖത്തിലാണ്. വിഷമിച്ചിരുന്നാൽ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: സ്ത്രീകളും യുവാക്കളും കർഷകരുമാണ് രാജ്യത്തിന്റെ നെടുംതൂണുകളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കോടിയിലധികം സ്ത്രീകൾക്ക് സ്വയംസഹായ സംഘങ്ങളിലൂടെ വരുമാനം നേടാൻ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പത്ത് കോടിയിലധികം വനിതകൾ ഇന്ന് സ്വയംപര്യാപ്തരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ ഉന്നമനത്തിനായാണ് കേന്ദ്രസർക്കാർ അശ്രാന്തം പരിശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി 12 ആഴ്ചയിൽ നിന്നും 26 ആഴ്ചയാക്കി ഉയർത്തി. തങ്ങൾ സ്ത്രീകളെ ബഹുമാനിക്കുക മാത്രമല്ല അവരുടെ തീരുമാനങ്ങൾക്കും അവരുടെ പ്രയ്നങ്ങൾക്കും ശക്തി പകരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരികയാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറുന്നുവെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഏറ്റവും വലിയ ജനാധിപത്യശക്തിയായി ഇന്ത്യ മാറിയിരിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് രാഷ്ട്രപതി സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.

സ്വാതന്ത്യത്തിനായി ജീവൻ ബലിയർപ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കും. കർഷകർ ഇന്ത്യയെ സ്വയം പര്യാപ്തമാക്കി. നാരീശക്തി ഇന്ത്യയുടെ സമ്പത്താണ്. പ്രധാനമന്ത്രിയുടെ വികസന പദ്ധതികൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണ്. എല്ലാ മേഖലകളിലും വികസനമുണ്ടാകുന്നു. ഒളിംപിക്‌സ് വേദിയിൽ ഇന്ത്യ തിളങ്ങി. താരങ്ങളുടെ സമർപ്പണത്തെ അഭിനന്ദിക്കുന്നു. കായിക മേഖലയിലും ഇന്ത്യ അനിഷേധ്യ ശക്തിയായെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ എല്ലാവരും പങ്കാളികളാകണം. 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ രാജ്യം ഒരുങ്ങുമ്പോൾ അതിന് സാക്ഷിയാകാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്നും ദ്രൗപതി മുർമു കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: രാജ്യത്തെ പൗരന്മാർക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തെട്ടാം വർഷത്തിലേക്കു കടക്കുകയാണ്. സ്വാതന്ത്ര്യദിനം എന്നത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണെന്ന് അദ്ദേഹം പറഞ്ഞു.

അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലൂടെ സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച സ്വാതന്ത്ര്യ സമരത്തിന്റെയും ധീര ദേശാഭിമാനികളുടെയും സ്മൃതികൾ ആരിലാണ് സന്തോഷവും അഭിമാനവും നിറയ്ക്കാത്തത്. എന്നാൽ, അത്രയേറെ ഉള്ളുതുറന്ന് സന്തോഷിക്കാൻ കഴിയുന്ന ഒരു സാഹചര്യത്തിലല്ല, നാമിന്നുള്ളത്. വയനാട്ടിലുണ്ടായ പ്രകൃതിദുരന്തം നമ്മുടെ നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് വയനാട്ടിലെ ദുരന്തം. അവ ഏൽപ്പിക്കുന്ന ആഘാതം ഇന്ന് വളരെ വലുതാണ്. 77 കൊല്ലങ്ങൾക്കു മുമ്പ് നമ്മുടെ രാജ്യം സ്വതന്ത്രമാകുമ്പോൾ ഇത്തരം പ്രതിസന്ധികളെ കുറിച്ച് ലോകത്തിനുതന്നെ അത്ര അവബോധം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ ഭരണഘടനാ ശില്പികളുടെ ശ്രദ്ധയിൽ അത്തരം വിഷയങ്ങൾ കടന്നുവന്നതുമില്ല. എന്നാൽ, ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോട് അടുക്കുമ്പോൾ ഭരണഘടനാ ഭേദഗതികളിലൂടെയും നിയമനിർമ്മാണങ്ങളിലൂടെയും പരിസ്ഥിതി സംരക്ഷണം എന്നത് നമ്മിൽ അർപ്പിക്കപ്പെട്ട ഉത്തരവാദിത്തമായി മാറി.

ആഗോളതലത്തിൽത്തന്നെ കൂട്ടായ ഇടപെടലുകളിലൂടെ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ ചെറുത്തു തോൽപ്പിക്കാൻ കഴിയൂ. എന്നാൽ, പ്രാദേശിക തലങ്ങളിൽത്തന്നെ അതിനുതകുന്ന മുൻകൈകൾ ആത്മാർത്ഥതയോടെ ഏറ്റെടുക്കാൻ നമുക്കു കഴിയേണ്ടതുണ്ട്. ആഗോളതാപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും സ്വാതന്ത്ര്യം നേടുക എന്ന നിലയിലേക്കു നമ്മുടെ കാഴ്ചപ്പാടുകളെ വിശാലമാക്കേണ്ടതുണ്ട്. അതിനുള്ള തുടക്കം ഈ 78-ാം സ്വാതന്ത്ര്യദിനത്തിൽ നമുക്കു കുറിക്കാൻ കഴിയണം.

സ്വാതന്ത്ര്യസമര പ്രസ്ഥാനവും നവോത്ഥാന പുരോഗമന പ്രസ്ഥാനങ്ങളും സമാന്തരമായാണ് നമ്മുടെ നാട്ടിൽ വികസിച്ചത്. അവ മുന്നോട്ടുവെച്ച മാനുഷികവും പുരോഗമനോന്മുഖവുമായ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് നമ്മുടെ രാഷ്ട്രസങ്കൽപം രൂപപ്പെട്ടത്. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന വികസന – ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാനും തുല്യനീതിയും അവസരസമത്വവും ഉറപ്പാക്കാനും ഈ രാഷ്ട്ര സങ്കൽപം നമ്മോട് ആഹ്വാനം ചെയ്യുന്നുണ്ട്. എന്നാൽ, സ്വാതന്ത്ര്യസമര – പുരോഗമന പ്രസ്ഥാനങ്ങൾ ലക്ഷ്യംവെച്ച നേട്ടങ്ങളിലേക്ക് പൂർണ്ണമായി എത്തിച്ചേരാൻ നമുക്കിന്നും കഴിഞ്ഞിട്ടില്ല. എല്ലാ കാര്യത്തിലും മുന്നേറാൻ കഴിഞ്ഞിട്ടില്ല എന്നല്ല ഇതിനർത്ഥം. എന്നാലതേസമയം ചില കാര്യങ്ങളിൽ നമ്മുടെ നില ഇന്നും നിരാശാജനകമാണ് എന്നത് നാം അംഗീകരിച്ചേ മതിയാവൂ. അവയ്ക്കു പരിഹാരം കാണാനും സ്വാതന്ത്ര്യസമര പുരോഗമന പ്രസ്ഥാനങ്ങൾ ലക്ഷ്യമിട്ട നേട്ടങ്ങളിലേക്ക് എത്തിച്ചേരാനും നമ്മെ പുനരർപ്പിക്കേണ്ട അവസരമാണ് ഈ 78-ാം സ്വാതന്ത്ര്യദിനം.

വൈവിധ്യങ്ങളുടെ ഒരു വലിയ സമന്വയമാണ് ഇന്ത്യ എന്ന രാഷ്ട്രം. നമ്മുടെ രാഷ്ട്രത്തിന്റെ നിലനിൽപ്പുതന്നെ നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ സങ്കൽപത്തിലൂന്നിയതാണ്. എന്നാൽ, അതിനെ തകർക്കാനുള്ള ശ്രമങ്ങൾ ഇന്ന് ചില കോണുകളിൽ നിന്ന് ഉണ്ടാവുകയാണ്. വൈവിധ്യങ്ങളെ തച്ചുടച്ചുകൊണ്ട് ഏകതാനതയിലേക്ക് ചുരുങ്ങാൻ ശ്രമിച്ച നമ്മുടെ അയൽരാജ്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ഈ ഘട്ടത്തിൽ നമുക്ക് പാഠമാകേണ്ടതുണ്ട്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള ആരാധനക്രമം പിന്തുടരാനും നിർഭയമായി ഓരോ ഇന്ത്യാക്കാരനും കഴിയുന്ന സ്ഥിതി ഈ നാട്ടിൽ നിലനിൽക്കണം. അത് ഉറപ്പുവരുത്തുക എന്നതാവും നമ്മുടെ ധീരദേശാഭിമാനികൾക്കു നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം.

ദേശാതിർത്തികളെ അതിലംഘിച്ചുകൊണ്ടു മാത്രമല്ല, അധിനിവേശത്തിന്റെ ജീർണ സംസ്‌കാരം കടന്നുവരുന്നത്. അധിനിവേശത്തെ, എല്ലാ തലത്തിലും ചെറുക്കാൻ കഴിയുക സ്വന്തമെന്ന നിലയ്ക്ക് അഭിമാനിക്കാൻ തനിമയുള്ള ചിലതുണ്ട് എന്ന് തിരിച്ചറിയുമ്പോഴും അവ നഷ്ടപ്പെടുത്തിക്കൂടാ എന്ന അഭിമാനബോധം ഉണരുമ്പോഴുമാണ്. അതുണർത്താൻ നമ്മുടെ സ്വാതന്ത്ര്യസമര സ്മൃതികൾക്ക് കഴിയട്ടെ. നഷ്ടപ്പെടാൻ വിലപ്പെട്ടതായി ഒന്നുമില്ലെന്നു കരുതുന്ന ഒരു ജനതയെ ഏത് അധിനിവേശ ശക്തിക്കും കീഴടക്കാം. നഷ്ടപ്പെടുത്തിക്കൂടാത്ത ചിലതു തങ്ങൾക്കുണ്ടെന്ന ബോധമാണ് ചെറുത്തുനിൽക്കാൻ കരുത്തു നൽകുന്നത്.

ആ കരുത്തിലൂന്നി നിന്നുകൊണ്ട് രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്കു നയിക്കാൻ ആത്മസമർപ്പണത്തോടെ പ്രവർത്തിക്കും എന്ന് നമുക്ക് ഏവർക്കും ഈ സ്വാതന്ത്ര്യ ദിനത്തിൽ പ്രതിജ്ഞയെടുക്കാം. എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്ന് കെഎസ്ഇബി. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വന്ന വലിയ വർദ്ധനവും, ഝാർഖണ്ടിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റർ തകരാറിലായതിനെത്തുടർന്ന് ലഭിക്കേണ്ട വൈദ്യുതിയിൽ വന്ന അവിചാരിതമായ കുറവും കാരണം പീക്ക് സമയത്ത് (വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെ) വൈദ്യുതി ലഭ്യതയിൽ 500 MW മുതൽ 650 MW വരെ കുറവ് പ്രതീക്ഷിക്കുന്നുവെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്.

പവർ എക്‌സ്‌ചേഞ്ച് മാർക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം. വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.

ആലപ്പുഴ: വിവാഹത്തിനു മുമ്പ് വധുവിനും വരനും വിവാഹപൂർവ കൗൺസിലിംഗ് നിർബന്ധമാക്കണമെന്ന് കേരള വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വിവാഹം രജിസ്റ്റർ ചെയ്യാനായി വിവാഹപൂർവ കൗൺസിലിംഗ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നുള്ള ശുപാർശ സംസ്ഥാന സർക്കാരിനു നൽകിയിട്ടുണ്ടെന്നും അധ്യക്ഷ പറഞ്ഞു. ആലപ്പുഴ ജില്ല പഞ്ചായത്ത് ജെൻഡർ പാർക്ക് ഓഡിറ്റോറിയത്തിൽ നടത്തിയ ജില്ലാതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അഡ്വ. പി. സതീദേവി. വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തിൽ പ്രീ മാരിറ്റൽ, പോസ്റ്റ് മാരിറ്റൽ കൗൺസിലിംഗ് നൽകി വരുന്നുണ്ട്.

കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ജില്ല അദാലത്തിൽ ഏറെയും വന്നത്. കുടുംബ പ്രശ്‌നങ്ങളിൽ കൗൺസിലിംഗ് നൽകാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗമായി സ്ഥിരം സംവിധാനം ആവശ്യമാണ്. ദമ്പതിമാർക്കിടയിലെ പ്രശ്‌നങ്ങളിൽ ബന്ധുക്കളിടപെടുമ്പോൾ അവ കൂടുതൽ സങ്കീർണമാകുന്നു. കുടുംബപ്രശ്‌നങ്ങൾ സ്്ത്രീകളെ വിഷാദരോഗത്തിലെത്തിക്കുന്നുവെന്ന പരാതികളും കിട്ടുന്നുണ്ട്. ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യകാര്യങ്ങളിലും സ്ത്രീകൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് കമ്മിഷൻ നിർദേശിച്ചു.

വഴി പ്രശ്‌നം, മാലിന്യം വലിച്ചെറിയുന്നത് തുടങ്ങി അയൽവാസികൾ തമ്മിലുള്ള പ്രശ്‌നങ്ങളും ജില്ല അദാലത്തിൽ പരിഗണിച്ചു. തർക്കത്തിന്റെ ഭാഗമായി സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ നടത്തിയതിനെതിരായ പരാതികളുമുണ്ട്. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും പരാതിയായി എത്തി. തൊഴിലിടങ്ങളിൽ നിർബന്ധമായും ഉണ്ടാകേണ്ട പരാതി പരിഹാര കമ്മിറ്റികൾ പലയിടങ്ങളിലും ഇല്ലായെന്നത് കമ്മിഷൻ ഗൗരവമായി കാണുന്നതായി അധ്യക്ഷ പറഞ്ഞു.

കമ്മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ഈ മാസം ആരംഭിക്കും. കൗമാരക്കാർക്ക് ഉണർവ് എന്നപേരിൽ വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. വിവിധ മേഖലകളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ കേൾക്കുന്നതിന് പബ്ലിക് ഹിയറിംഗ് നടത്തും. ആശ പ്രവർത്തകർക്കുള്ള പബ്ലിക് ഹിയറിംഗ് ഈ മാസം 18 ന് ആലപ്പുഴ ജെൻഡർ പാർക്കിൽ നടക്കും.

കമ്മിഷൻ അംഗം വി.ആർ. മഹിളാമണി, ഡയറക്ടർ ഷാജി സുഗുണൻ ഐപിഎസ്, അഭിഭാഷകർ, കൗൺസിലർമാർ തുടങ്ങിയവർ അദാലത്തിൽ പരാതികൾ കേട്ടു. 80 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 22 കേസുകൾ തീർപ്പാക്കി. എട്ട് പരാതികളിൽ പോലീസിനോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു. രണ്ട് കേസുകൾ നിയമ സഹായത്തിനായി ലീഗൽ സർവീസ് അതോറിറ്റിയിലേക്ക് ശുപാർശ ചെയ്തു. രണ്ട് കേസുകളിൽ വാർഡുതല ജാഗ്രത സമിതിയോട് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി. 43 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി.

ശ്രീനഗർ: ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താൻ യോഗം വിളിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് യോഗം ചേർന്നിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രതിരോധ സെക്രട്ടറി ഗിരിധർ അരമനെ, ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി, ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ്-ലെഫ്റ്റനന്റ് ജനറൽ പ്രതീക് ശർമ, സുരക്ഷാ സംബന്ധമായ ഏജൻസികളുടെ മേധാവികൾ എന്നിവർ യോഗത്തിൽ പങ്കാളികളായി.

ഡൽഹി സൗത്ത് ബ്ലോക്കിലാണ് യോഗം ചേർന്നത്. 78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരിലും ഡൽഹിയിലും ഉൾപ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കശ്മീർ കേന്ദ്രമായി പ്രവർത്തിക്കുന്ന ചില ഭീകരർ ഡൽഹിയിലോ പഞ്ചാബിലോ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ മുന്നോടിയായി ഡൽഹിയിൽ പോലീസ് വലിയ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഡൽഹിയിലുടനീളം 3000ത്തോളം ട്രാഫിക് ഓഫീസർമാരെയും, 10,000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരേയും വിന്യസിച്ചതായി അധികൃതർ അറിയിച്ചു. 700 എഐ ക്യാമറകളും വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാന്റ്, മാളുകൾ, മാർക്കറ്റ് എന്നിവിടങ്ങളിലും കൂടുതൽ പൊലീസിന്റേയും അർദ്ധ സൈനിക വിഭാഗങ്ങളേയും സേവനം ഉറപ്പാക്കി.

ന്യൂഡൽഹി: ബംഗ്ലാദേശിലെ കൊലപാതകങ്ങളിലും ആക്രമണങ്ങളിലും ഉൾപ്പെട്ട എല്ലാ കലാപകാരികൾക്കുമെതിരെ നടപടിയെടുക്കണമെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മറവിൽ ബംഗ്ലാദേശിനെ കലുഷിതമാക്കിയ കലാപകാരികൾക്കെതിരെ കേസെടുക്കമെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു. ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വസേദ് എക്‌സ് പ്ലാറ്റ് ഫോമിലൂടെ പങ്കുവെച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബംഗ്ലാദേശിൽ ഉടലെടുത്ത കലാപത്തിന് പിന്നാലെ രാജ്യം വിട്ടതിന് ശേഷം ഷെയ്ഖ് ഹസീന ആദ്യമായാണ് ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്.

കലാപത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു. കലാപകാരികൾ ബംഗ്ലാദേശിനെ കലുഷിതമാക്കി, വിദ്യാർത്ഥികൾക്കും മറ്റ് പാവപ്പെട്ടവർക്കും അവരുടെ ജീവനും ഉറ്റവരെയും നഷ്ടപ്പെട്ടു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ എന്റെ പിതാവിന്റെ ശില പോലും കലാപകാരികൾ തകർത്തു. തനിക്ക് നീതി ലഭിക്കണം. കുറ്റവാളികളെ ശിക്ഷിക്കണമെന്ന ആവശ്യവും ഷെയ്ഖ് ഹസീന മുന്നോട്ടു വെച്ചു.

മുജിബുർ റഹ്മാന്റെ അനുസ്മരണ ദിനം മാന്യമായി നടത്തണമെന്നും അവർ കൂട്ടിച്ചേർത്തു.

തൃശൂർ: തൃശൂർ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വെടിക്കെട്ടിൽ നിലവിലുള്ള മാനദണ്ഡങ്ങൾ പരിഷ്‌കരിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ തവണ പൂരം നടത്തിപ്പിൽ വന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചേരുന്ന പ്രത്യേക യോഗത്തിൽ കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും. പൊതുജനങ്ങൾക്ക് സുഗമമായി വെടിക്കെട്ട് കാണുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. ഉറക്കം ഒഴിച്ച് വെടിക്കെട്ട് കണ്ട് ആസ്വദിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ഒരു തല്ല് പോലും ഉണ്ടാക്കാതെ എല്ലാവരും ഒരുമയോടെയാണ് പൂരം ആസ്വദിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ തവണ ഹിതമല്ലാത്ത കാര്യങ്ങൾ നടന്നു. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സാങ്കേതികമായ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് പൂരം നടത്താനാണ് നീക്കം. കേന്ദ്രമന്ത്രി പീയുഷ് ഗോയലിനോട് കാര്യം ആവശ്യപ്പെട്ടപ്പോൾ പൂർണ സംഘത്തെ ഇങ്ങോട്ടേക്ക് അയച്ചു. പെസോ, എക്സ്പ്ലോസ് സംഘം പരിശോധന നടത്തി കാര്യങ്ങൾ വിലയിരുത്തുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ദുരന്ത മേഖലകളിൽ പരിശോധന നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ദുരന്തബാധിത പ്രദേശങ്ങളും അനുബന്ധ മേഖലകളും പരിശോധിക്കുന്നത്. ഉരുൾപൊട്ടലിൻറെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും ഇന്നലെ സംഘം പരിശോധിച്ചു. പ്രദേശത്തെ മണ്ണിൻറെയും പാറകളുടെയും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവ വിശദമായ പരിശോധനക്ക് വിധേയമാക്കും. ദുരന്തം സംഭവിച്ചതെങ്ങനെയെന്നും ഉരുൾപൊട്ടലിൽ സംഭവിച്ച പ്രതിഭാസങ്ങളും സംഘം വിലയിരുത്തും. ദുരന്തസ്ഥലത്തെ ഭൂവിനിയോഗത്തെക്കുറിച്ചും സംഘം റിപ്പോർട്ട് നൽകും. ദുരന്ത പ്രദേശത്തെയും അനുബന്ധ മേഖലകളിലേയും അപകട സാധ്യതകൾ വിലയിരുത്തും.

എൻ.ഐ.ടി സൂറത്ത്കലുമായി ചേർന്ന് ദുരന്തബാധിത മേഖലയുടെ അതിസൂക്ഷ്മമായ ലിഡാർ സർവേ നടത്താനുദ്ദേശിക്കുന്നുണ്ട്. ഈ സർവേയിലൂടെ ഭൂമിയുടെ ഉപരിതലവും ഉപരിതലത്തിന് മുകളിലെ എല്ലാ വസ്തുക്കളുടെയും കൂടുതൽ സൂക്ഷ്മമായ വിവരങ്ങൾ ലഭിക്കും. ഈ വിവരങ്ങളുപയോഗിച്ചു കൊണ്ട് വിദഗ്ദ്ധ സംഘം നൽകുന്ന റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ഇനിയുള്ള ഭൂവിനിയോഗത്തിൻറെ രീതികൾ നിശ്ചയിക്കാൻ സാധിക്കുക. എൻ ഐ ടി സൂറത്ത്കലിലെ ദുരന്തനിവാരണ വിദഗ്ദ്ധൻ ശ്രീ. ശ്രീവത്സാ കോലത്തയാർ ആണ് ഈ സംഘത്തെ നയിക്കുന്നത്. ഡ്രോൺ ഉപയോഗപ്പെടുത്തിയുള്ള ലിഡാർ സർവേ ആണ് നടത്താനുദ്ദേശിക്കുന്നത്. ദുരന്തബാധിത പ്രദേശത്തിൻറെ ഏരിയൽ ഫോട്ടോഗ്രാഫ്‌സ് അടക്കമുള്ള സൂക്ഷ്മമായ ചിത്രങ്ങളെടുക്കും. മുൻപുണ്ടായിരുന്ന ഭൂതലം എങ്ങനെയായിരുന്നു, ദുരന്തശേഷം എന്തെല്ലാം മാറ്റങ്ങൾ വന്നു, ഏതൊക്കെ പ്രദേശത്താണ് വലിയ ആഘാതം ഉണ്ടായത് എന്നെല്ലാം കണ്ടെത്താനും ഭാവിയിൽ ഈ പ്രദേശത്തെ ഭൂവിനിയോഗം നിർണയിക്കുമ്പോൾ എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടെന്ന് തിരിച്ചറിയാനും ഈ സർവ്വേ റിപ്പോർട്ട് സഹായകമാകും.

ലിഡാർ സർവേ വഴി മരങ്ങൾ, മരത്തിൻറെ ഉയരം, പാറകൾ, തുടങ്ങിയവയെ സൂക്ഷ്മമായി പരിശോധിക്കാൻ സാധിക്കും. 50 സെൻറിമീറ്റർ വരെ വലിപ്പമുള്ള വസ്തുക്കൾ ഇതുവഴി കണ്ടെത്താനാകുമെന്നാണ് വിദഗ്ധർ പറയുന്നത്.