ന്യൂഡൽഹി: ബംഗ്ലാദേശിലെ കൊലപാതകങ്ങളിലും ആക്രമണങ്ങളിലും ഉൾപ്പെട്ട എല്ലാ കലാപകാരികൾക്കുമെതിരെ നടപടിയെടുക്കണമെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മറവിൽ ബംഗ്ലാദേശിനെ കലുഷിതമാക്കിയ കലാപകാരികൾക്കെതിരെ കേസെടുക്കമെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു. ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വസേദ് എക്‌സ് പ്ലാറ്റ് ഫോമിലൂടെ പങ്കുവെച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബംഗ്ലാദേശിൽ ഉടലെടുത്ത കലാപത്തിന് പിന്നാലെ രാജ്യം വിട്ടതിന് ശേഷം ഷെയ്ഖ് ഹസീന ആദ്യമായാണ് ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്.
കലാപത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു. കലാപകാരികൾ ബംഗ്ലാദേശിനെ കലുഷിതമാക്കി, വിദ്യാർത്ഥികൾക്കും മറ്റ് പാവപ്പെട്ടവർക്കും അവരുടെ ജീവനും ഉറ്റവരെയും നഷ്ടപ്പെട്ടു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ എന്റെ പിതാവിന്റെ ശില പോലും കലാപകാരികൾ തകർത്തു. തനിക്ക് നീതി ലഭിക്കണം. കുറ്റവാളികളെ ശിക്ഷിക്കണമെന്ന ആവശ്യവും ഷെയ്ഖ് ഹസീന മുന്നോട്ടു വെച്ചു.
മുജിബുർ റഹ്മാന്റെ അനുസ്മരണ ദിനം മാന്യമായി നടത്തണമെന്നും അവർ കൂട്ടിച്ചേർത്തു.

