General (Page 139)

തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടലിൽ ദുരന്തബാധിതരായി ക്യാമ്പുകളിൽ കഴിയുന്നവർക്ക് വാടക വീടുകളിലേക്ക് മാറുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വാടക ഇനത്തിൽ പ്രതിമാസ തുക അനുവദിക്കാൻ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഒരു കുടുംബത്തിന് പ്രതിമാസം 6000/ രൂപ വരെയാണ് വാടക ഇനത്തിൽ നൽകുക. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങൾക്കും വാടക ഇനത്തിൽ പ്രതിമാസം 6000/ രൂപ ലഭിക്കും. സൗജന്യ താമസമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നതിനാൽ സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകുന്ന ഇടങ്ങളിലേക്കോ മാറുന്ന കുടുംബങ്ങൾക്ക് പ്രതിമാസ വാടക ലഭിക്കില്ല.

മുഴുവനായി സ്‌പോൺസർഷിപ്പ് മുഖേന താമസസൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവർക്കും പ്രതിമാസ വാടക ലഭിക്കില്ല. ഭാഗികമായി സ്‌പോൺസർഷിപ്പ് നൽകുന്ന കേസുകളിൽ ശേഷിക്കുന്ന തുക പരമാവധി 6000 രൂപ വരെ പ്രതിമാസ വാടക അനുവദിക്കും.

നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കുന്നതിനായി മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 2018 നു സമാനമായി, വിവിധ രേഖകൾ നഷ്ടപ്പെട്ടവർക്ക്, യുണിവേഴ്‌സിറ്റികൾ, സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, കമ്മീഷനുകൾ, ഡയറക്ടറേറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് ഡ്യപ്ലിക്കേറ്റ് / പുതുക്കിയ രേഖകൾ നൽകുമ്പോൾ യാതൊരുവിധ ഫിസും ഈടാക്കാൻ പാടുള്ളതല്ല എന്നും ഉത്തരവു നൽകിയിട്ടുണ്ട്.

ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് ആറ് ലക്ഷം രൂപ ധനസഹായം അനുവദിക്കും. എസ്.ഡി.ആർ.എഫിൽ നിന്ന് 4 ലക്ഷം രൂപ അനുവദിക്കുന്നതിനു പുറമേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ കൂടി ചേർത്താണ് ആറ് ലക്ഷം രൂപ ലഭിക്കുക.

ഉരുൾപൊട്ടലിൽ കണ്ണുകൾ, കൈകാലുകൾ എന്നിവ നഷ്ടപ്പെട്ടവർക്കും 60% ൽ അധികം വൈകല്യം ബാധിച്ചവർക്ക് 75,000 രൂപ വീതവും 40% മുതൽ 60% വരെ വൈകല്യം ബാധിച്ചവർക്ക് 50,000 രൂപ വീതവും, സി എം ഡി ആർ എഫിൽ നിന്നും അനുവദിക്കുവാൻ തീരുമാനിച്ചു.

ധനസഹായം അനുവദിക്കുന്നതിനായി Next of kin സാക്ഷ്യപത്രം അടിസ്ഥാനമാക്കി വയനാട് ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ അവകാശികൾക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കുള്ള അധികാരത്തിന് വിധേയമായി നഷ്ടപരിഹാരം നൽകുന്നതിനും ഉത്തരവ് പുറപ്പെടുവിക്കും. കോവിഡ് -19ൻറെ സമയത്ത് സ്വീകരിച്ചതിന് സമാനമായ രീതിയാണിത്.

ഇതനുസരിച്ചു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് കൂടാതെ തന്നെ ഭാര്യ/ഭർത്താവ് / മക്കൾ/ മാതാപിതാക്കൾ എന്നിവർക്ക് നഷ്ടപരിഹാരം ലഭിക്കും. സഹോദരൻ, സഹോദരി എന്നിവർ ആശ്രിതർ ആണെങ്കിൽ അവർക്കും ധന സഹായം ലഭിക്കും. പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം പൂർണ്ണമായും ഒഴിവാക്കാനാകും. പിന്തുടർച്ചാവകാക സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുമുമ്പ് ആക്ഷേപമുന്നയിക്കുന്നതിനുള്ള നോട്ടീസ് സമയപരിധിയായ 30 ദിവസമെന്നുള്ളത് പൂർണ്ണമായും ഒഴിവാക്കും.

ദൂരന്തത്തിൽപ്പെട്ട കാണാതായ വ്യക്തികളുടെ ആശ്രിതർക്കും സഹായം നൽകേണ്ടതുണ്ട്. ഈ വിഷയത്തിൽ പെട്ടിമുടി ദുരന്തത്തിൽ കാണാതായവരുടെ കാര്യത്തിൽ പുറപ്പെടുവിച്ചതുപോലെ പോലീസ് നടപടികൾ പൂർത്തിയാക്കി പട്ടിക തയ്യാറാക്കി പ്രസിദ്ധികരിക്കും. അത് അടിസ്ഥാനപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയിൽ നിന്ന് 151 മൃതദേഹങ്ങളും നിലമ്പൂരിൽ നിന്ന് 80 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയിൽ നിന്ന് 39 ശരീരഭാഗങ്ങളും നിലമ്പൂരിൽ നിന്ന് 172 ശരീഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇതുവരെ ലഭിച്ച എല്ലാ മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും പോസ്റ്റ് മോർട്ടം നടത്തിയിട്ടുണ്ട്. തിരിച്ചറിഞ്ഞ 178 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിയാത്ത 52 മൃതദേഹങ്ങളും 194 ശരീരഭാഗങ്ങളും വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ സർക്കാർ പുറത്തിറക്കിയ പ്രത്യേക മാർഗനിർദ്ദേശ പ്രകാരം വിവിധ മതവിഭാഗങ്ങളുടെ പ്രാർത്ഥനയോടെ സംസ്‌കരിച്ചു. നിലമ്പൂർ കുമ്പളപ്പാറ ഭാഗത്ത് നിന്നും ഇന്നലെ 5 ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയെങ്കിലും ഇത് മനുഷ്യരുടെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.

മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുൾപ്പെടെ 415 സാമ്പിളുകൾ ശേഖരിച്ചതിൽ 401 ഡി.എൻ.എ പരിശോധന പൂർത്തിയായി. ഇതിൽ 349 ശരീരഭാഗങ്ങൾ 248 ആളുകളുടേതാണ്. ഇതു 121 പുരുഷൻമാരും 127 സ്ത്രീകളുമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. 52 ശരീര ഭാഗങ്ങൾ പൂർണ്ണമായും അഴുകിയ നിലയിലാണ്. ഡി.എൻ.എ പരിശോധനയ്ക്ക് 115 പേരുടെ രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ബീഹാർ സ്വദേശികളായ മൂന്നുപേരുടെ ബന്ധുക്കളുടെ രക്തസാമ്പിളുകൾ ഇനി ലഭ്യമാവാനുണ്ട്. ഡി.എൻ.എ പരിശോധനയുടെ അടിസ്ഥാനത്തിൽ 118 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

തിരുവനന്തപുരം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)ക്ക് 100 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ 469 കോടി രൂപയാണ് പദ്ധതിക്കായി നൽകിയത്. ബജറ്റിലെ വകയിരുത്തൽ 679 കോടിയും. രണ്ടാം പിണറായി സർക്കാർ 2900 കോടിയോളം രൂപ കാസ്പിനായി ലഭ്യമാക്കി.

കുടുംബത്തിന് പ്രതിവർഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്പിൽ ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം കുടുംബങ്ങൾക്കാണ് സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കാണ് നടത്തിപ്പ് ചുമതല. 1050 രുപ ഒരു കുടുംബത്തിന്റെ വാർഷിക പ്രീമിയമായി നിശ്ചയിച്ചിട്ടുള്ളത്. 18.02 ലക്ഷം കുടുംബത്തിന്റെ പ്രീമിയം പൂർണമായും സംസ്ഥാനം വഹിക്കുന്നു. 23.97 ലക്ഷം കുടുംബത്തിന്റെ വാർഷിക പ്രീമിയത്തിൽ 418.80 രൂപയും സംസ്ഥാനം വഹിക്കുന്നു. ഇത്രയും കുടുംബത്തിന്റെ പ്രീമിയത്തിന്റെ ബാക്കി ഭാഗമാണ് കേന്ദ്ര വിഹിതമുള്ളത്.

കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ നോക്കാതെയാണ് പദ്ധതിയിൽ അംഗത്വം നൽകുന്നത്. ഒരു കുടുംബത്തിലെ മുഴുവൻ വ്യക്തികൾക്കോ അല്ലെങ്കിൽ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും. ഇതിന് മുൻഗണനാ മാനദണ്ഡങ്ങൾ ഒന്നുമില്ല. അംഗത്വം നേടുന്നതിന് ഒരുവിധ ഫീസും ഈടാക്കുന്നില്ല. സേവനം പൂർണമായും സൗജന്യമാണ്.

197 സർക്കാർ ആശുപത്രികളും, നാല് കേന്ദ്ര സർക്കാർ ആശുപത്രികളിലും, 364 സ്വകാര്യ ആശുപത്രികളിലുമായി കേരളത്തിലുടനീളം നിലവിൽ പദ്ധതിയുടെ സേവനം ലഭ്യമാണ്. സർക്കാർ, സ്വകാര്യ ആശുപത്രി എന്ന പരിഗണനയില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളിൽനിന്നും പണം ഈടാക്കാതെ ചികിത്സ ലഭിക്കും. മരുന്നുകൾ, അനുബന്ധ വസ്തുക്കൾ, പരിശോധനകൾ, ഡോക്ടറുടെ ഫീസ്, ഓപ്പറേഷൻ തീയറ്റർ ചാർജുകൾ, ഐസിയു ചാർജ്, ഇംപ്ലാന്റ് ചാർജുകൾ എന്നിവയും ഇതിൽ ഉൾപ്പെടും.

25 സ്‌പെഷ്യാലിറ്റികളിലായി 1667 പാക്കേജുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സർക്കാർ വിഭാനം ചെയ്ത 89 പാക്കേജുകളിൽനിന്നും സൗജന്യ ചികിത്സ ലഭ്യമാണ്. പാക്കേജുകളിൽ ഉൾപ്പെടുത്താത്ത ചികിത്സകൾക്കായി അൺസ്പെസിഫൈഡ് പാക്കേജുകൾ ഉപയോഗിക്കാം. ചികിത്സക്ക് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതിനു മൂന്നുദിവസം മുമ്പുമുതലുള്ള ചികിത്സ സംബന്ധമായ ചെലവും ആശുപത്രിവാസത്തിനുശേഷമുള്ള 15 ദിവസത്തെ ചികിത്സക്കുള്ള മരുന്നുകളും (ഡോക്ടറുടെ നിർദ്ദേശപ്രകാരം) പദ്ധതിയിലൂടെ നൽകുന്നു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾ അല്ലാത്തതും മൂന്നുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഒറ്റത്തവണത്തേക്ക് രണ്ടു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമുമുണ്ട്. കിഡ്നി സംബന്ധമായ അസുഖങ്ങൾക്ക് 3 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും ലഭ്യമാകും. കാസ്പ് ചികിത്സ ലഭ്യമാകുന്ന എല്ലാ ആശുപത്രിയിലും കെബിഎഫ് ആനുകൂല്യവും ലഭ്യമാകും.

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി. ജമ്മു കശ്മീർ, പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് സുരക്ഷ ശക്തമായിരിക്കുന്നത്. കശ്മീർ കേന്ദ്രമായി പ്രവർത്തിക്കുന്ന ചില ഭീകരർ ഡൽഹിയിലോ പഞ്ചാബിലോ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ മുന്നോടിയായി ഡൽഹിയിൽ പോലീസ് വലിയ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഡൽഹിയിലുടനീളം 3000ത്തോളം ട്രാഫിക് ഓഫീസർമാരെയും, 10,000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരേയും വിന്യസിച്ചതായി അധികൃതർ അറിയിച്ചു. 700 എഐ ക്യാമറകളാണും വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാന്റ്, മാളുകൾ, മാർക്കറ്റ് എന്നിവിടങ്ങളിലും കൂടുതൽ പൊലീസിന്റേയും അർദ്ധ സൈനിക വിഭാഗങ്ങളേയും സേവനം ഉറപ്പാക്കി.

അതേസമയം, ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ അവസാനിക്കുന്നത് വരെ ചെങ്കോട്ടയ്ക്ക് ചുറ്റുമുള്ള പ്രദേശത്ത് ഡ്രോണുകളോ പട്ടങ്ങളോ പറത്തുന്നതിന് കർശന നിയന്ത്രണമുണ്ട്. സുരക്ഷാ കാരണങ്ങളാൽ 16-ാം തിയതി വരെ പാരാഗ്ലൈഡറുകൾ, ഹാങ് ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവ ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: പൊഴിയൂരിൽ പുതിയ മത്സ്യബന്ധന തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ അനുവദിച്ചതായി മത്സ്യബന്ധനവകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. അടിയന്തിര നടപടികളെന്ന നിലയിൽ തീരസംരക്ഷണവും യാനങ്ങൾ അടുപ്പിക്കാൻ സാധിക്കാത്തത് കൊണ്ടുള്ള തൊഴിൽദിനനഷ്ടം പരിഹരിക്കാനും മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു. പുതിയ തുറമുഖത്തിനായുള്ള ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 65 മീറ്റർ നീളത്തിൽ പുലിമുട്ട് നിർമ്മാണം ഏറ്റെടുക്കും.

ഈവർഷത്തെ ബജറ്റിലാണ് പൊഴിയൂരിൽ പുതിയ തുറമുഖം നിർമ്മാണത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചത്. 343 കോടി രൂപയാണ് പദ്ധതിയുടെ പ്രതീക്ഷിത അടങ്കൽ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സമീപ പ്രദേശത്തായാണ് പുതിയ ഫിഷറീസ് തുറമുഖം നിർമ്മിക്കുന്നത്.

വയനാട്: ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീട്ടുപകരണങ്ങൾ ഉൾപ്പെടെ നൽകി താത്ക്കാലിക പുനരധിവാസം ഉറപ്പാക്കും. സർക്കാർ തലത്തിൽ താത്ക്കാലിക പുനരധിവാസത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഒരു വീട്ടിലേക്കു താമസം മാറുമ്പോൾ വേണ്ട വീട്ടുപകരണങ്ങളും അത്യാവശ്യ വസ്തുക്കളും ഉറപ്പാക്കിയാണ് സർക്കാർ താത്ക്കാലിക പുനരധിവാസം സജ്ജീകരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ വകുപ്പുകൾക്ക് കീഴിലുള്ള ക്വാർട്ടേഴ്‌സുകൾ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാടക വീടുകളും പുനരധിവാസത്തിന് കണ്ടെത്തിയിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള നൂറോളം കെട്ടിടങ്ങളാണ് ഇത് വരെ ലഭ്യമായത്. വിവിധ തദ്ദേശസ്വയം ഭരണസ്ഥാപന പരിധികളിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 253 കെട്ടിടങ്ങൾ വാടക നൽകി ഉപയോഗിക്കാനായി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ നൂറോളം വീട്ടുടമസ്ഥർ വീടുകൾ വാടകയ്ക്ക് നൽകാൻ സന്നദ്ധത അറിയിച്ചു.

പൊതുമരാമത്ത് വകുപ്പിന് കീഴിലെ പതിനഞ്ച് ക്വാർട്ടേഴ്‌സുകൾ താമസിക്കാൻ സജ്ജമാണ്. കെട്ടിടങ്ങളുടെ ശുചീകരണമടക്കമുള്ള പ്രവർത്തികൾ പൂർത്തിയായി. മറ്റ് ക്വാർട്ടേഴ്‌സുകളിൽ അറ്റകുറ്റപ്പണികൾക്ക് ശേഷം താമസിക്കാനാകും. കൽപ്പറ്റ, മുണ്ടേരി, അമ്പലവയൽ, സുൽത്താൻ ബത്തേരി, കുപ്പാടി സെക്ഷന് കീഴിലെയും കാരാപ്പുഴ, ബാണാസുര പദ്ധതികൾക്കു കീഴിലുള്ള ക്വാർട്ടേഴ്‌സുകളാണ് താത്ക്കാലിക പുനരധിവാസത്തിനായി ലഭ്യമായിട്ടുള്ളത്. ലഭ്യമാകുന്ന കെട്ടിടങ്ങൾ പരിശോധിച്ച് അവയുടെ ക്ഷമത, വാസയോഗ്യത, മരാമത്ത് പണികളുടെ ആവശ്യകത, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത എന്നിവപരിശോധിക്കാൻ സബ് കളക്ടറെ നോഡൽ ഓഫീസറായി നിയോഗിച്ചിട്ടുണ്ട്.

തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ കീഴിലുള്ള കെട്ടിടങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലും മറ്റു സർക്കാർ കെട്ടിടങ്ങളും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വീടുകളും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘവും പരിശോധിക്കും. ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരെ താത്ക്കാലികമായി പുനരവധിവസിപ്പിക്കുമ്പോൾ ഫർണിച്ചർ, വീട്ടുപകരണങ്ങൾ, പാത്രങ്ങൾ, ഇലക്ട്രിക് ഉപകരണങ്ങൾ ഉൾപ്പടെ ലഭ്യമാക്കും. താത്ക്കാലിക പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് രൂപീകരിച്ച സമിതി ഇതുസംബന്ധിച്ച വിശദമായ പട്ടിക നൽകിയിട്ടുണ്ട്. ഇത് പരിഗണിച്ചായിരിക്കും ദുരിതബാധിതരെ പുതിയ വീടുകളിലേക്കു മാറ്റുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുക. ഇത്തരത്തിൽ പുനരധിവാസത്തിന് എന്തൊക്കെ സൗകര്യങ്ങൾ ലഭ്യമാക്കുമെന്നത് ആളുകളെ അറിയിക്കുമെന്നും മന്ത്രിസഭാ ഉപസമിതി വ്യക്തമാക്കിയിട്ടുണ്ട്.

താത്ക്കാലിക പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വൈത്തിരി തഹസിൽദാർ കൺവീനറും തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ, ഡെപ്യൂട്ടി കളക്ടർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം- തദ്ദേശ സ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർമാർ അംഗങ്ങളുമായ സമിതി രൂപീകരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ എണ്ണം, ആവശ്യങ്ങൾ, മുൻഗണന എന്നിവ പരിഗണിച്ച് സമിതിയായിരിക്കും സർക്കാർ ക്വാർട്ടേഴ്‌സുകളും വാടകവീടുകളും അനുവദിക്കുക. സർക്കാർ ക്വാർട്ടേഴ്‌സുകളിലേക്ക് മാറുന്നവർ, സർക്കാർ സ്‌പോൺസർ ചെയ്യുന്ന വാടക വീടുകളിലേക്ക് മാറുന്നവർ, സ്വന്തം നിലയിൽ വാടക വീടുകൾ കണ്ടെത്തുന്നവർ, ബന്ധുവീടുകളിലേക്ക് മാറുന്നവർ എന്നിങ്ങനെയായിരിക്കും താത്ക്കാലിക പുനരധിവാസം എന്നും മന്ത്രിസഭാ ഉപസമിതി വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം നിലയിൽ വാടക വീടുകൾ കണ്ടെത്തുന്നവർക്കും ബന്ധുവീടുകളിലേക്ക് മാറുന്നവർക്കും എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കും.

മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, കൽപ്പറ്റ, അമ്പലവയൽ, മുട്ടിൽ പഞ്ചായത്തുകളിലായിരിക്കും ആദ്യഘട്ടത്തിൽ വാടക വീടുകൾ ക്രമീകരിക്കുന്നത്. ഏത് പഞ്ചായത്തിലേക്ക് മാറണം എന്നത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആളുകൾക്കുണ്ടായിരിക്കും. ആളുകളുടെ താത്പര്യം, മുൻഗണന, ആവശ്യങ്ങൾ കണ്ടെത്താൻ ദുരിതാശ്വാസ ക്യാമ്പുകളിൽ 18 അംഗ സംഘം സർവ്വെ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ബന്ധുക്കളും ഉറ്റവരും നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോയ 21 പേരാണുള്ളത്. അഞ്ച് പുരുഷന്മാരും 10 സ്ത്രീകളും 18 വയസിൽ താഴെ പ്രായമുള്ള ആറ് പേരും അടിൽ ഉൾപ്പെടും. ഇവർ ഒറ്റയ്ക്കായി പോകാതിരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കുമെന്നും മന്ത്രി സഭാ ഉപസമിതി അറിയിച്ചു.

തിരുവനന്തപുരം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡും കെഎസ് എഫ് ഇയും കൈകോർത്ത് ഓണക്കാലത്ത് സമ്മാനപദ്ധതി ഒരുക്കുമെന്ന് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. കെ എസ് എഫ് ഇ ഗ്യാലക്‌സി ചിട്ടി നറുക്കെടുപ്പ് വിജയികൾക്ക് ഖാദി സെറ്റും മുണ്ടുമാണ് സമ്മാനമായി നൽകുക. ഓരോ ചിട്ടിയിലും 10-ൽ ഒരാൾക്ക് വീതമാണ് സമ്മാനം നൽകുക. 3500 രൂപ വിലയുള്ള സമ്മാനക്കിറ്റാണ് വിജയികൾക്ക് ലഭിക്കുക. 25000 കിറ്റുകൾക്കാണ് കെഎസ് എഫ് ഇ ഖാദി ബോർഡിന് ഓർഡർ നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചിട്ടി നറുക്കെടുപ്പിൽ കെഎസ്എഫ്ഇ നൽകുന്ന മെഗാ സമ്മാനങ്ങൾക്ക് പുറമെയാണിത്. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരമ്പരാഗത വ്യവസായങ്ങൾ വലിയ വെല്ലുവിളി നേരിടുന്ന ഈ അവസരത്തിൽ ഖാദി ബോർഡിനു ലഭിച്ച വലിയ സഹായമാണ് ഓർഡറെന്ന് പി ജയരാജൻ പറഞ്ഞു. ആദ്യ സമ്മാനം നൽകലും ഖാദി ബോർഡിന്റെ ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനവും ആഗസ്റ്റ് 19 ന് വൈകിട്ട് അഞ്ചിന് അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉദ്ഘാടന ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് എന്നിവർ പങ്കെടുക്കും.

ഓണക്കാലത്തോടനുബന്ധിച്ച് ഖാദി വസ്ത്രങ്ങളുടെയും വൈവിധ്യമാർന്ന ഗ്രാമവ്യവസായ ഉത്പന്നങ്ങളുടെയും വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ടെന്നും മുൻ വർഷങ്ങളിലേതു പോലെ തന്നെ 30 ശതമാനം വരെ റിബേറ്റും സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല ജീവനക്കാർക്ക് ഒരുലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യവും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വിപണിയിലുള്ള വ്യാജ ഖാദി ഉത്പന്നങ്ങൾ വാങ്ങി വഞ്ചിതരാവരുതെന്നും പൂർണമായും ഖാദി മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ട് നിർമിക്കുന്ന കേരളഖാദി ഉത്പന്നങ്ങൾ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം ഓണസമയത്തുള്ള സമ്മാന പദ്ധതിയായി ജില്ലകൾ തോറും ആഴ്ചയിൽ ഒരിക്കൽ നടക്കുന്ന നറുക്കെടുപ്പിൽ ഓരോ 1000 രൂപയുടെ പർച്ചേസിനും ലഭിക്കുന്ന കൂപ്പണിലൂടെ ഒന്നാം സമ്മാനമായി 5000 രൂപയുടെ ഖാദി ഉൽപ്പന്നങ്ങളും രണ്ടാം സമ്മാനമായി 3000 രൂപയുടെ ഖാദി ഉൽപ്പന്നങ്ങളും മൂന്നാം സമ്മാനമായി 1000 രൂപയുടെ ഖാദി ഉൽപ്പന്നങ്ങളും ലഭിക്കും. ഈ കൂപ്പൺ ഉപയോഗിച്ച് മൊത്തം തുകയുടെയും ഖാദി വസ്ത്രങ്ങൾ വാങ്ങാനാവും.

ഖാദി വസ്ത്രങ്ങളുടെയും ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളുടെയും ഉത്പാദനത്തിലും വിൽപ്പനയിലും വലിയ വളർച്ച ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഷോറൂം വഴിയുള്ള വിൽപനയ്ക്ക് പുറമേ സർക്കാർ സ്ഥാപനങ്ങളും സഹകരണസംഘങ്ങളും കേന്ദ്രീകരിച്ചുള്ള പ്രദർശനവും വിൽപനയും ഫലപ്രദമായി നടന്നുവരുന്നുണ്ട്. മത, സാമുദായിക സംഘടനകളുടെ സഹായവും എടുത്തു പറയേണ്ടതാണ്. ഖാദി ബോർഡ് തന്നെ രൂപീകരിച്ച മാർക്കറ്റിംഗ് ശൃംഖലയായ ‘ഖാദി ലവേഴ്‌സ്’ കൂട്ടായ്മ വഴിയും ഖാദി ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങൾ വിറ്റഴിയുന്നുണ്ട്. ദുബായ് കേന്ദ്രീകരിച്ചുള്ള ഓർമ്മ കൂട്ടായ്മ ഇത്തരത്തിൽ ഖാദി വസ്ത്രങ്ങൾ ദുബായിലെ കേരളീയം പരിപാടിയിൽ വിൽപ്പന നടത്തിയിരുന്നു. ജർമ്മനി, യുഎസ് എന്നീ രാജ്യങ്ങളിലേക്കും ഖാദി വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.

പുതുതലമുറയ്ക്ക് ഇഷ്ടപ്പെടുന്നതും ശരീരത്തിന് ഇണങ്ങുന്നതുമായ ഖാദി വസ്ത്രങ്ങൾ വിപണിയിൽ ഇറക്കിയാണ് ഓണവിൽപനയ്ക്ക് ഒരുങ്ങുന്നത്. ഡിജിറ്റൽ പ്രിന്റിംഗ് ഡിസൈനിൽ ചെയ്ത സ്ലിം ഷർട്ടുകൾ, മസ്ലിൻ കോട്ടൺ സാരികൾ, കുർത്തകൾ, ‘ഖാദികൂൾ’ എന്ന പേരിൽ പുറത്തിറക്കിയ പാന്റ്‌സുകൾ, മസ്ലിൻ ഡബിൾ മുണ്ടുകൾ, കുപ്പടം മുണ്ടുകൾ, കളർ മുണ്ടുകൾ, റെഡിമെയ്ഡ് ഷർട്ടുകൾ, ലേഡീസ് ടോപ്പുകൾ, ബെഡ് ഷീറ്റുകൾ, ഉന്നക്കിടക്കകൾ തുടങ്ങിയവ മേളയിൽ ലഭിക്കും.

സർക്കാർ ജീവനക്കാരും അധ്യാപകരും ആഴ്ചയിലൊരിക്കൽ ഖാദി വസ്ത്രം ധരിക്കണമെന്ന സർക്കാർ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ സംഘടന പ്രതിനിധികളുമായുള്ള ചർച്ചകൾ നടന്നുവരികയാണെന്നും മികച്ച സഹകരണമാണ് അവരുടെ ഭാഗത്ത് നിന്നുള്ളതെന്നും പി ജയരാജൻ പറഞ്ഞു. ഖാദി ഉൽപന്നങ്ങൾ വാങ്ങുമ്പോൾ സർക്കാർ സ്ഥാപനങ്ങളെ സ്റ്റോർ പർച്ചേസ് മാന്വലിൽ നിന്നും ഒഴിവാക്കി സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്തി ഖാദി ബോർഡിനെ സഹായിക്കണമെന്ന് എല്ലാ സ്ഥാപനങ്ങളോടും അദ്ദേഹം അഭ്യർത്ഥിച്ചു. കെ എസ് എഫ് ഇയുടെ നടപടി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ഇൻകം സപ്പോർട്ട് സ്‌കീം, റിബേറ്റ് എന്നിവയിലുള്ള കുടിശ്ശികകൾ ഉടനെ നൽകും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് വലിയ ആശ്വാസമാണ്. ഗ്രാമ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന എന്റെ ഗ്രാമം, പ്രധാനമന്ത്രി പ്രത്യേക തൊഴിൽദായക പദ്ധതി എന്നിവയുടെ ഗുണഭോക്താക്കളുടെ എണ്ണം വർധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ എസ് എഫ് ഇ ചെയർമാൻ കെ. വരദരാജൻ, ഖാദിബോർഡ് അംഗങ്ങളായ കെ എ രതീഷ്, എസ് ശിവരാമൻ, സാജൻ തോമസ് തൊടുകയിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. സംസ്ഥാനത്ത് വിലക്കയറ്റം സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ലാന്റ് റവന്യൂ കമ്മീഷണർ, ജില്ലാ കളക്ടർമാർ, ഭക്ഷ്യ വകുപ്പ് സെക്രട്ടറി, സിവിൽ സപ്ലൈസ് കമ്മീഷണർ, ലീഗൽ മെട്രോളജി കൺട്രോളർ ഉൾപ്പെടെയുള്ള വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഓണത്തിന് മുന്നോടിയായി സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലനിലവാരം ചർച്ച ചെയ്യുകയും വിവിധ വകുപ്പുകൾ സ്വീകരിച്ചിട്ടുള്ള നടപടികളും മന്ത്രി വിലയിരുത്തി.

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അവലോകനം ചെയ്യുന്നതിനായി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി സംസ്ഥാനതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി നാലുമാസത്തിൽ ഒരിക്കൽ യോഗം കൂടി നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം സംബന്ധിച്ച് വിലയിരുത്തൽ നടത്തുന്നുണ്ട്. ആഗസ്റ്റ് ആദ്യ ആഴ്ചയിലെ വിലനിലവാരം പരിശോധിക്കുമ്പോൾ ജൂലൈ 31ന് അവസാനിച്ച ആഴ്ചയെക്കാൾ അരി, വെളിച്ചെണ്ണ, ചെറുപയർ, കടല, തുവര, മുളക് എന്നിവയുടെ വില കുറഞ്ഞിട്ടുണ്ട്. പഴം പച്ചക്കറികൾ കോഴിയിറച്ചി എന്നീ ഉത്പ്പന്നങ്ങൾക്കും ആഗസ്റ്റ് മാസത്തിൽ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ പ്രൈസ് റിസേർച്ച് & മോണിട്ടറിംഗ് സെൽ അവശ്യസാധങ്ങളുടെ വിലനിലാവരം പരിശോധിച്ച് സർക്കാരിന് കൃത്യമായി റിപ്പോർട്ട് സമർപ്പിച്ചുവരുന്നുണ്ട്. കടല, തുവര, പഞ്ചസാര, കുറുവഅരി, വെളിച്ചെണ്ണ എന്നിവയുടെ വില വരും മാസങ്ങളിൽ വിലവർദ്ധനയ്ക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആയതിനാൽ അവശ്യ സാധനങ്ങളുടെ ലഭ്യത കൂട്ടാൻ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു.

വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ജില്ലകളിൽ മൊത്തവ്യാപാരികളുടെ യോഗം വിളിച്ചുകൂട്ടുകയും വിലനിലവാരം വിശകലനം ചെയ്യുകയും വേണം. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസർമാർ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ, എ.ഡി.എം, ആർ.ഡി.ഒ, അസിസ്റ്റൻറ്റ് കലക്റ്റർമാർ എന്നിവർ ജില്ലകളിൽ പരിശോധനകൾക്ക് നേതൃത്വം നൽകും. വിലനിലവാരം പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഓണത്തിന് ജില്ലകളിൽ ഭക്ഷ്യ വകുപ്പ്, റവന്യു, പോലീസ്, ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷ എന്നിവയുടെ ആഭിമുഖ്യത്തിൽ സംയുക്ത സ്‌ക്വാഡുകൾ രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. യോഗത്തിൽ ഭക്ഷ്യ വകുപ്പിലെയും റവന്യു വകുപ്പിലെയും, ലീഗൽ മെട്രോളജി വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു. റായലസീമ മുതൽ കോമറിൻ മേഖല വരെ 900 m ഉയരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന് ഫലമായാണ് കേരളത്തിൽ മഴയ്ക്ക് സാധ്യതയുള്ളത്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആഗസ്റ്റ് 13 മുതൽ 15 വരെ അതിശക്തമായ മഴക്കും ആഗസ്റ്റ് 13 മുതൽ 17 വരെ ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

ന്യൂഡൽഹി: അമേരിക്കയുടെ പ്രസിഡന്റായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും ഏറ്റവും നല്ല രീതിയിൽ തന്നെ അവരോട് യോജിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

സാധാരണ രീതിയിൽ ഒരു രാജ്യത്തിന്റേയും തെരഞ്ഞെടുപ്പുകളിൽ നമ്മൾ അഭിപ്രായം പറയാറില്ല. നമ്മുടെ ആഭ്യന്തര വിഷയങ്ങളിൽ അവരും അതേ നിലപാട് തുടരുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങൾ നോക്കിയാൽ ഒരു കാര്യം ഉറപ്പിച്ച് പറയാൻ കഴിയും. അമേരിക്കയുടെ പ്രസിഡന്റായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും അവരുമായി ഏറ്റവും നല്ല രീതിയിൽ യോജിച്ച് പ്രവർത്തിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, ബുദ്ധമതക്കാർ എന്നിവർക്കെതിരായ തുടർച്ചയായ ആക്രമണങ്ങളുടെ റിപ്പോർട്ടുകൾ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഇടക്കാല സർക്കാർ അവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.

മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ സ്വത്വത്തിന്റെയോ അടിസ്ഥാനത്തിലുള്ള വിവേചനവും ആക്രമണങ്ങളും ഒരു പരിഷ്‌കൃത സമൂഹത്തിലും അംഗീകരിക്കാനാവില്ല. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഉടൻ സാധാരണ നിലയിലാകുമെന്നും ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധമതങ്ങൾ പിന്തുടരുന്ന ആളുകൾക്ക് സുരക്ഷയും ബഹുമാനവും അവിടത്തെ ഇടക്കാല സർക്കാർ ഉറപ്പാക്കുമെന്നും തങ്ങൾ പ്രതീക്ഷിക്കുന്നതായി പ്രിയങ്കാ ഗാന്ധി എക്‌സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.