ശ്രീനഗർ: ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താൻ യോഗം വിളിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് യോഗം ചേർന്നിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രതിരോധ സെക്രട്ടറി ഗിരിധർ അരമനെ, ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി, ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ്-ലെഫ്റ്റനന്റ് ജനറൽ പ്രതീക് ശർമ, സുരക്ഷാ സംബന്ധമായ ഏജൻസികളുടെ മേധാവികൾ എന്നിവർ യോഗത്തിൽ പങ്കാളികളായി.
ഡൽഹി സൗത്ത് ബ്ലോക്കിലാണ് യോഗം ചേർന്നത്. 78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരിലും ഡൽഹിയിലും ഉൾപ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കശ്മീർ കേന്ദ്രമായി പ്രവർത്തിക്കുന്ന ചില ഭീകരർ ഡൽഹിയിലോ പഞ്ചാബിലോ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ മുന്നോടിയായി ഡൽഹിയിൽ പോലീസ് വലിയ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഡൽഹിയിലുടനീളം 3000ത്തോളം ട്രാഫിക് ഓഫീസർമാരെയും, 10,000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരേയും വിന്യസിച്ചതായി അധികൃതർ അറിയിച്ചു. 700 എഐ ക്യാമറകളും വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാന്റ്, മാളുകൾ, മാർക്കറ്റ് എന്നിവിടങ്ങളിലും കൂടുതൽ പൊലീസിന്റേയും അർദ്ധ സൈനിക വിഭാഗങ്ങളേയും സേവനം ഉറപ്പാക്കി.

