General (Page 137)

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ഓണക്കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്. ബജറ്റ് വിഹിതത്തിന് പുറമെ 120 കോടി രൂപയാണ് സപ്ലൈകോയ്ക്ക് അധികമായി ലഭ്യമാക്കിയത്.

വിപണി ഇടപടലിന് ഈ സാമ്പത്തിക വർഷത്തെ ബജറ്റ് വകയിരുത്തൽ 205 കോടി രൂപയാണ്. കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി 105 കോടി രൂപയാണ് ബജറ്റ് വകയിരുത്തൽ ഉണ്ടായിരുന്നത്. എന്നാൽ, 120 കോടി രൂപ അധികമായി നൽകാൻ ധന വകുപ്പ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം വിപണി ഇടപെടലിന് ബജറ്റിൽ 205 കോടി രൂപയായിരുന്നു വകയിരുത്തൽ. 391 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ചിരുന്നു.

ന്യൂഡൽഹി: പാരീസ് ഒളിമ്പിക്‌സിലെ മെഡൽ ജേതാക്കളെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മെഡൽ ജേതാക്കളുമായി അദ്ദേഹം സംവദിച്ചു. 78-ാം സ്വാതന്ത്ര്യദിനത്തിലാണ് അദ്ദേഹം പാരീസ് ഒളിമ്പിക്‌സിലെ മെഡൽ ജേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത്.

ഇന്ത്യൻ ഹോക്കി താരങ്ങൾ ഒപ്പിട്ട ജഴ്‌സി പി ആർ ശ്രീജേഷ് പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ചു. ഹർമൻ പ്രീത് സിംഗ് ഹോക്കി സ്റ്റിക്കും അദ്ദേഹത്തിന് നൽകി. ഹോക്കി ടീമംഗങ്ങൾ മെഡലുമായി പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു.

രണ്ടു വെങ്കലമെഡൽ നേടി ചരിത്രം സൃഷ്ടിച്ച ഷൂട്ടർ മനു ഭാക്കർ, സരബ്‌ജ്യോത് സിംഗ്, സ്വപ്നിൽ കുസാലെ ഗുസ്തി താരം അമൻ സെഹ്‌റാവത്ത് തുടങ്ങിയവരും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി.

ഭുവനേശ്വർ: സ്ത്രീ ജീവനക്കാർക്ക് സ്വതന്ത്ര്യദിന സമ്മാനവുമായി ഒഡിഷ സർക്കാർ. സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കായി ഒഡിഷ സർക്കാർ ആർത്തവ അവധി പ്രഖ്യാപിച്ചു. കട്ടക്കിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ഒഡീഷ ഉപമുഖ്യമന്ത്രി പ്രവതി പരിദയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വനിതാ ജീവനക്കാർക്ക് അവരുടെ ആർത്തവചക്രത്തിന്റെ ആദ്യ ദിവസമോ രണ്ടാം ദിവസമോ അവധി എടുക്കാമെന്നതാണ് പുതിയ നയം. സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും പരിഗണിച്ചാണ് പുതിയ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സ്ത്രീ ജീവനക്കാർക്കായി ആർത്തവ അവധി സംബന്ധിച്ച് ഒരു മാതൃകാ നയം രൂപീകരിക്കണമെന്ന് അടുത്തിടെ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. കൊങ്കൺ മുതൽ ചക്രവാതചുഴി വരെ 1 .5 km ഉയരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നലൊട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.

ഓഗസ്റ്റ് 19 വരെ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
  • മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
  • പട്ടം പറത്തുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
  • വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
  • അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
  • ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
  • മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

വയനാട്: രാജ്യത്തെ നടുക്കിയ വയനാട്ടിലെ ചൂരൽമല മുണ്ടക്കൈ മേഖലയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിന് കാരണം മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലമുള്ള കാലാവസ്ഥാ വ്യതിയാനമാണെന്ന് പഠനം. വേൾഡ് വെതർ ആട്രിബ്യൂഷന്റെ (WWA) പുതിയ വിശകലനത്തിലാണ് ഉരുൾപൊട്ടലിന്റെ കാരണങ്ങൾ അവലോകനം ചെയ്യുന്നത്. ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് പെയ്തിറങ്ങയത് സാധാരണയേക്കാൾ പത്ത് ശതമാനം അധിക മഴ ആയിരുന്നു എന്നും വിശകലനം ചൂണ്ടിക്കാട്ടുന്നു.

പ്രകൃതിക്ഷോഭങ്ങളുടെ ആഘാതം ലഘൂകരിക്കുക, ഭാവിയിൽ ദുരന്തങ്ങൾ തടയുക തുടങ്ങിയ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ അന്തർദേശീയ കൂട്ടായ്മയാണ് വേൾഡ് വെതർ ആട്രിബ്യൂഷൻ.

ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് ഒറ്റ ദിവസം പെയ്തിറങ്ങിയത് 146 മില്ലിമീറ്റർ മഴയായിരുന്നു. ഈ കണക്ക് കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ള മൂന്നാമത്തെ കനത്ത മഴയാണ്. മനുഷ്യ പ്രേരിതമായ കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടായ മണ്ണിടിച്ചിൽ മഴ കൂടുതൽ തീവ്രമാക്കിയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മലയോര ജില്ലയായ വയനാട്ടിലെ മണ്ണ് കേരളത്തിലെ ഏറ്റവും അയഞ്ഞതും മണ്ണൊലിപ്പിന് ആക്കം കൂട്ടുന്നതുമായ മണ്ണാണ്. ഇവിടങ്ങളിൽ മഴക്കാലത്ത് ഉരുൾപൊട്ടൽ സാധ്യത കൂടുതലാണ്. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ മലയോര മേഖലകളിലെ നിർമാണം, വനനശീകരണം, ക്വാറികൾ എന്നിവ നിയന്ത്രിക്കണമെന്നും ഗവേഷകർ പറയുന്നു.

ആഗോള തലത്തിലുള്ള കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ കാലാവസ്ഥയിൽ കാതലായ മാറ്റങ്ങൾക്ക് വഴിതുറക്കുന്നു എന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ‘ലോകം ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് അകന്നില്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനം രൂക്ഷമാക്കും. ഇത്തരം സാഹചര്യത്തിൽ കേരളത്തിൽ ഒരു ദിവസത്തെ മഴയുടെ അളവ് 4 ശതമാനം വരെ വർധിക്കും, ഇത് കൂടുതൽ വിനാശകരമായ മണ്ണിടിച്ചിലുകൾക്കും വഴിവയ്ക്കും’ എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: ഹേമ കമ്മീഷൻ റിപ്പോർട്ട് ശനിയാഴ്ച പുറത്ത് വിടും, രാവിലെ 11 മണിക്ക് സാംസ്‌ക്കാരിക വകുപ്പിൽ ഹാജരാകാൻ വിവരാവകാശ അപേക്ഷകർക്ക് നോട്ടീസ് നൽകി. പുറത്ത് വിടുന്നത് ഹൈക്കോടതി ഉത്തരവിനെ തുടർന്ന്. റിപ്പോർട്ടിലെ 233 പേജ് മാത്രമാണ് കൈമാറുക. വിവരാവകാശ നിയമത്തിലെ സെക്ഷൻ 10 (ഒന്ന്) പ്രകാരം റിപ്പോർട്ട് ആവശ്യപ്പെട്ട് ലെസ്ലി ജോണാണ് അപേക്ഷ നൽകിയത്.

അപേക്ഷ സാംസ്‌ക്കാരിക വകുപ്പ് തള്ളിയതോടെ അപേക്ഷകൻ വിവരാവകാശ കമ്മീഷനിൽ അപ്പിൽ നൽകുകയും തുടർന്ന് അപേക്ഷകന്റെ വാദം അംഗീകരിച്ച് റിപ്പോർട്ടിലെ സ്വകാര്യതയെ ബാധിക്കുന്നത് ഒഴിച്ചുള്ള 233 പേജുകൾ പുറത്ത് വിടാൻ ഉത്തരവിടുകയായിരുന്നു.എന്നാൽ നിർമ്മാതാവ് സജിമോൻ പാറയിൽ വിവരങ്ങൾ പുറത്തുവിടുന്നത് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഹർജി തള്ളി റിപ്പോർട്ട് പുറത്ത് വിടാൻ ഉത്തരവ് നൽകുകയായിരുന്നു.ഉത്തരവിന്റെ പകർപ്പ് സാംസ്‌ക്കാരിക വകുപ്പിന് ലഭിച്ചതിനെ തുടർന്ന് വകുപ്പ് നിയമോപദേശവും തേടിയിരുന്നു. ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച റിപ്പോർട്ട് പുറത്ത് വിടാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

വാഷിംഗ്ടൺ ഡിസി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യൻ ജനതയ്‌ക്കൊപ്പം അമേരിക്കയും പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണവുമായ ചരിത്രത്തിൽ അമേരിക്കയും ഭാഗമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യ ദിനാശംകൾ നേർന്നത്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം വരും വർഷങ്ങളിലും ശക്തിപ്പെടും. ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിച്ചു വരികയാണ്. ഇത് ജനങ്ങൾക്കിടയിൽ സഹവർത്തിത്വത്തിനും സാമ്പത്തിക വ്യവസ്ഥ ഉയർത്തുന്നതിനും ഇടയാക്കുന്നുവെന്നും ആന്റണി ബ്ലിങ്കൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ബംഗ്ലാദേശിലെ ആക്രമണങ്ങളിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗ്ലാദേശിൽ അടുത്തിടെയുണ്ടായ സംഭവ വികാസങ്ങളിലും ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളിലും രാജ്യത്തെ ജനങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിന പ്രസംഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും ന്യൂനപക്ഷങ്ങളേയും സുരക്ഷയിൽ 140 കോടി ഇന്ത്യക്കാർക്കും വലിയ ആശങ്കയാണുള്ളത്. ബംഗ്ലാദേശിൽ വികസനവും പുരോഗതിയും ഉണ്ടാകണമെന്നാണ് ഇന്ത്യ എല്ലായ്പ്പോഴും ആഗ്രഹിക്കുന്നത്. ഒരു അയൽരാജ്യമെന്ന നിലയിൽ അവിടെ ഉണ്ടാകുന്ന പ്രശ്നങ്ങളിലെ ആശങ്ക മനസിലാക്കാനും സാധിക്കുന്നുണ്ട്. രാജ്യത്തെ പ്രശ്നങ്ങൾ എല്ലാം അവസാനിച്ച് സ്ഥിതിഗതികൾ എത്രയും വേഗം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും ന്യൂനപക്ഷങ്ങളുടേയും സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യക്കാർ ആഗ്രഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം; നമ്മുടെ ഒരുമയും ഐക്യവും ഊട്ടിയുറപ്പിച്ചുകൊണ്ട് നവകേരള നിർമ്മിതിയിൽ തുടർന്നും മുന്നേറാനാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുള്ള പ്രചോദനമാകണം വ്യത്യസ്ത ധാരകളിൽപ്പെട്ട സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണ. അവർ സ്വപ്നംകണ്ട ഇന്ത്യ യാഥാർത്ഥ്യമാക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നമുക്ക് അന്വർത്ഥമാക്കാം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 78-ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ദുഃഖത്തിന്റേതായ അന്തരീക്ഷത്തിലാണ് ഇത്തവണ നാം സ്വാതന്ത്യദിനം ആഘോഷിക്കുന്നത്. കേരളം മാത്രമല്ല, ഇന്ത്യയാകെ ആ ദുഃഖത്തിലാഴ്ന്നിരിക്കുന്ന ഘട്ടമാണിത്. എന്നാൽ വിഷമിച്ചിരുന്നാൽ മതിയാവില്ല. നമുക്ക് അതിജീവിക്കേണ്ടതുണ്ട്. നാടിന്റെ പൊതുവായ അതിജീവനത്തിനുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതാവണം ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ.

സ്വാതന്ത്ര്യലബ്ധിയുടെ ദശാബ്ദത്തോളമാകുന്ന ഈ ഘട്ടം ഒരു തിരിഞ്ഞുനോട്ടത്തിന്റേത് ആകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വതന്ത്ര ഇന്ത്യക്കായുള്ള പോരാട്ടത്തിന്റെ ഘട്ടത്തിൽ എന്തൊക്കെയായിരുന്നു നമ്മുടെ സ്വപ്നങ്ങൾ, അവയിൽ എന്തൊക്കെ സാക്ഷാത്ക്കരിക്കാൻ നമുക്കു കഴിഞ്ഞു, ഇനിയും നേടിയെടുക്കാനുള്ളവ എന്തൊക്കെയാണ്, അതിനായി ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ എന്തൊക്കെയാണ് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഈ ഘട്ടത്തിൽ ഏറ്റവും പ്രസക്തമാകുന്നത്.

വൈദേശിക ആധിപത്യത്തിനെതിരായ ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്ന ത്യാഗധനരായ ധീരദേശാഭിമാനികളെയും സ്വാതന്ത്യ സമരത്തിന്റെ ഭാഗമായി ജീവൻ വെടിഞ്ഞ രക്തസാക്ഷികളെയും ഓർമ്മിക്കേണ്ടതുണ്ട്. അവരുടെ സ്മരണകൾക്ക് അഭിവാദ്യം അർപ്പിക്കേണ്ടതുണ്ട്. അതിനപ്പുറം അവരുടെ സ്വപ്നങ്ങൾ എന്തായിരുന്നു എന്ന് ചിന്തിക്കേണ്ടതുമുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

സാമ്രാജ്യാധിപത്യത്തിനും രാജഭരണത്തിനും പകരം ജനാധിപത്യ ഭരണസംവിധാനം നിലവിൽ വരുത്തുക എന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട സ്വപ്നം. അത് യാഥാർത്ഥ്യമാക്കത്തക്ക വിധത്തിലാണ് വ്യത്യസ്ത ചിന്താധാരകളെ ഉൾക്കൊള്ളിച്ചിട്ടുള്ള ഭരണഘടനയിൽ ഇന്ത്യയെ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി വിശേഷിപ്പിച്ചത്. കഴിഞ്ഞ 78 വർഷംകൊണ്ട് ജനാധിപത്യ സംവിധാനത്തെ സംരക്ഷിച്ചു നിർത്തുന്നതിലും മെച്ചപ്പെടുത്തുന്നതിലും ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമാണ്.

നമ്മുടെ അതേ ഘട്ടത്തിൽത്തന്നെ സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളിലും ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന സാഹചര്യങ്ങൾ പലയാവർത്തി ഉണ്ടായിട്ടുണ്ട്. എന്നാൽ, നമ്മുടെ ജനാധിപത്യം വെല്ലുവിളികൾ നേരിട്ടിട്ടുള്ള ഘട്ടങ്ങളിൽ അതിനെ സംരക്ഷിക്കാൻ ഇന്ത്യൻ ജനതയൊന്നാകെ ജാഗരൂകരായി നിലകൊണ്ടിട്ടുണ്ട് എന്നതിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം. ജാഗ്രത്തായ അത്തരം ഇടപെടലുകൾ തുടർന്നും ഉണ്ടാകുന്നു എന്നുറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ഓരോ ഇന്ത്യക്കാരനുമുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് ഓരോ സ്വാതന്ത്ര്യദിനവും നടത്തുന്നത്. സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം, പട്ടിണി, പാർപ്പിടം, കൃഷി, ഉത്പാദനം, വ്യവസായം, സേവനം, സമ്പദ്ഘടന എന്നിങ്ങനെ പല മേഖലകളിലും 1947-ൽ ഉണ്ടായിരുന്നതിനെക്കാൾ വളരെ മികച്ച നിലയിലാണ് ഇന്ന് ഇന്ത്യയുള്ളത്. ഐ.ടി. യുടെയും സ്റ്റാർട്ടപ്പുകളുടെയും ഒക്കെ ഹബ്ബാണ് ഇന്ന് ഇന്ത്യ. ശാസ്ത്ര-സാങ്കേതികവിദ്യ-ബഹിരാകാശ രംഗങ്ങളിലടക്കം അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ, അതേസമയംതന്നെ നമ്മുടെ പൊതുവായ ശാസ്ത്രാവബോധത്തിൽ കോട്ടമുണ്ടാവുന്ന സാഹചര്യം നാം കാണാതെ പോകരുത്.

കേവലം കോട്ടംവരൽ മാത്രമല്ല, അന്ധവിശ്വാസങ്ങളുടെ, ദുരാചാരങ്ങളുടെ, പ്രാകൃത അനുഷ്ഠാനങ്ങളുടെ പുനരുജ്ജീവനത്തിലേക്കുപോലും പോകുന്നു. ഏത് ഇരുണ്ടഘട്ടത്തെ താണ്ടിയാണോ പുതുകാലത്തേക്കു വന്നത്, ആ കാലത്തെ അന്ധകാരം തിരിച്ചു കൊണ്ടുവരാൻ ജാതീയതയെയും വർഗ്ഗീയതയെയും ആയുധമാക്കി ചിലർ ശ്രമിക്കുന്നു. അത് നമ്മുടെ മതനിരപേക്ഷതയെപ്പോലും അപകടത്തിലാക്കുന്നു. ഇതിനെ എങ്ങനെ ഫലപ്രദമായി മറികടക്കാം എന്നത് നാം ഈ ഘട്ടത്തിൽ പ്രത്യേകമായി വിലയിരുത്തേണ്ടതുണ്ട്.

ശാസ്ത്രാവബോധത്തിൽ ഉണ്ടാകുന്ന പിന്നോട്ടു പോക്ക് വിഘടന-വിഭാഗീയ പ്രവണതകൾക്ക് വളംവയ്ക്കുന്ന അവസ്ഥപോലും സൃഷ്ടിക്കുന്നുണ്ട് എന്നത് നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇത്തരം പ്രവണതകൾ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതികൂലമായി ബാധിക്കാതിരിക്കാൻ ഒരു ജനത എന്ന നിലയ്ക്ക് നാം സവിശേഷ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. രാജ്യത്ത് എവിടെയും വിവേചനങ്ങളും അതിക്രമങ്ങളും നേരിടുന്ന ജനവിഭാഗങ്ങളോട് ഐക്യപ്പെടാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും നിലനിൽപ്പ് ഉറപ്പുവരുത്താനും നാം ബദ്ധശ്രദ്ധരായിരിക്കണം. എങ്കിൽ മാത്രമേ അശാസ്ത്രീയ പ്രചരണങ്ങളെയും വിഘടന-വിഭാഗീയ ശ്രമങ്ങളെയും അതിജീവിച്ചുകൊണ്ട് നമ്മുടെ നാടിനു മുന്നേറാൻ കഴിയൂ.

ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ നേട്ടങ്ങൾ ഉണ്ടെന്നു പറയുമ്പോഴും 21 ാം നൂറ്റാണ്ടിൽപ്പോലും പ്രകൃതിദുരന്തങ്ങളെ മുൻകൂട്ടി പ്രവചിക്കാനും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്തുന്ന വിധത്തിൽ അവയ്‌ക്കെതിരായ പ്രതിരോധം തീർക്കാനും രാജ്യത്തിനു കഴിയുന്നില്ല എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവായ മുന്നറിയിപ്പുകളല്ല, കൃത്യമായ പ്രവചനങ്ങളാണ് ദുരന്തങ്ങളെ പ്രതിരോധിക്കാൻ ഉപകരിക്കുക എന്നത് ലോകത്താകെയുള്ള പല അനുഭവങ്ങളും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ രാജ്യത്തും ആ നിലയിലേക്ക് ഉയരാൻ വേണ്ട ഇടപെടലുകൾ നടത്തേണ്ടതുണ്ട്.

രാജ്യത്തിന്റെ ഉയർച്ച ഉറപ്പുവരുത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുക രാജ്യത്തെ വ്യത്യസ്ത പ്രദേശങ്ങളുടെ സമതുലിതമായ വികസനമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ പ്രദേശങ്ങൾക്കും വിഭാഗങ്ങൾക്കും ഭരണനിർവ്വഹണത്തിൽ തുല്യപങ്കാളിത്തവും, വിഭവങ്ങളുടെമേൽ തുല്യഅവകാശവും ഉറപ്പുവരുത്താതെ പ്രാദേശികമായ അസന്തുലിതാവസ്ഥകൾക്ക് പരിഹാരം കാണാൻ കഴിയുകയില്ല. അത് ഉറപ്പുവരുത്തിക്കൊണ്ടു മാത്രമേ ഇന്ത്യൻ ജനാധിപത്യത്തെ പൂർണ്ണതോതിൽ അർത്ഥവത്താക്കാൻ കഴിയുകയുള്ളൂ. അതേസമയംതന്നെ പ്രാദേശിക അസന്തുലിതാവസ്ഥകൾക്ക് ആക്കംകൂട്ടുന്ന നടപടികൾ ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്നുറപ്പുവരുത്തേണ്ടതുമുണ്ട്. ഇക്കാര്യത്തിൽ ജനങ്ങളുടെയാകെ ജാഗരൂകമായ സമീപനത്തിനും കാര്യക്ഷമമായ ഇടപെടലിനും വലിയ പ്രസക്തിയുണ്ട്.

ജനകീയ പങ്കാളിത്തത്തോടെ വികസന-ക്ഷേമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലും അധികാര വികേന്ദ്രീകരണം ഉറപ്പുവരുത്തുന്നതിലുമെല്ലാം രാജ്യത്തിനു തന്നെ മാതൃകയായിട്ടുള്ള സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനമായി ഏകീകരിക്കപ്പെടുന്നത് ഇന്ത്യ സ്വാതന്ത്ര്യം നേടി ഏതാണ്ട് ഒരു ദശാബ്ദത്തോളം കഴിഞ്ഞ ഘട്ടത്തിലാണ്. ആ കേരളം ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, ഭരണനിർവ്വഹണം, ക്രമസമാധാനം, സാമൂഹ്യസുരക്ഷിതത്വം തുടങ്ങിയ വിവിധ മേഖലകളിൽ ഇന്ന് രാജ്യത്തിന്റെ മുൻപന്തിയിലാണ് എന്നത് കേരളീയർക്കാകെ അഭിമാനം പകരുന്ന വസ്തുതയാണ്. ഐക്യരാഷ്ട്രസഭയുടെയും നിതി ആയോഗിന്റെയും സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ മുൻപന്തിയിലാണ് കേരളം. പബ്ലിക് അഫയേഴ്‌സ് ഇൻഡക്‌സിൽ ഏറ്റവും മികച്ച ഭരണനിർവ്വഹണമുള്ള സംസ്ഥാനമായി തുടർച്ചയായി വിലയിരുത്തപ്പെട്ടിട്ടുള്ള സംസ്ഥാനമാണ് കേരളം. ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി സെന്റർ ഫോർ മീഡിയ സ്റ്റഡീസ് വിലയിരുത്തിയിട്ടുള്ളത് കേരളത്തെയാണ്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഏറ്റവും മികച്ച ക്രമസമാധാനനിലയുള്ളതും ഒരൊറ്റ വർഗ്ഗീയസംഘർഷം പോലും ഇല്ലാത്തതുമായ നാടാണ് കേരളം. ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കും മാതൃമരണനിരക്കുമുള്ള സംസ്ഥാനവുമാണ് കേരളം.

നിതി ആയോഗ് പ്രസിദ്ധീകരിച്ച സ്‌കൂൾ എജ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്സിൽ ഒന്നാം സ്ഥാനത്താണ് കേരളം. രാജ്യത്ത് ഏറ്റവും കൂടുതൽ പി.എസ്.സി. നിയമനങ്ങൾ നടക്കുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമുള്ള സംസ്ഥാനമാണ് കേരളം. രാജ്യത്തെ വ്യവസായ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസാണ് നമ്മുടെ സംരംഭകത്വവർഷം പദ്ധതി. പച്ചക്കറികൾക്കും പഴവർഗ്ഗങ്ങൾക്കും താങ്ങുവിലയുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. അതിദാരിദ്ര്യനിർമ്മാർജ്ജനത്തിനായുള്ള പ്രത്യേക പദ്ധതി നടപ്പാക്കുന്ന ഏകസംസ്ഥാനവുമാണ് കേരളം. ഭൂരഹിതരും ഭവനരഹിതരുമില്ലാത്ത ഏക സംസ്ഥാനമായി കേരളം മാറുകയാണ്- മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരത്തിൽ വ്യത്യസ്ത മേഖലകളിൽ നമ്മൾ കൈവരിച്ചിട്ടുള്ള നേട്ടങ്ങളെ കൂടുതൽ സമാഹരിച്ച് ശക്തിപ്പെടുത്താനും പുതിയ കാലത്തിന് അനുയോജ്യ വിധത്തിൽ കേരളത്തെ നവകേരളമാക്കി പരിവർത്തിപ്പിക്കാനുമാണ് നമ്മൾ ശ്രമിക്കുന്നത്. വിജ്ഞാന സമ്പദ്ഘടനയും നൂതനത്വ സമൂഹവുമായ ആ നവകേരളം എല്ലാവരെയും ഉൾക്കൊള്ളുന്നതും ഉൾച്ചേർക്കുന്നതും ആയിരിക്കും. അതുകൊണ്ടുതന്നെ നവകേരള നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഒപ്പം കേരളത്തിലെ ഓരോ വ്യക്തിക്കും സന്നദ്ധ സംഘടനകൾക്കുമെല്ലാം വലിയ പങ്ക് വഹിക്കാനുണ്ട്. ജീവകാരുണ്യപരവും അതേസമയം വികസനോന്മുഖവുമായ പങ്ക്. ദുരിതത്തിൽപ്പെട്ടവരുടെ കണ്ണീരു തുടച്ചുകൊണ്ട് അവരെ കൈപിടിച്ചുയർത്തുകയും നാടിന്റെ ഭാവിക്ക് അനുയോജ്യവും പുതിയ തലമുറ ആഗ്രഹിക്കുന്നതുമായ പദ്ധതികൾ നടപ്പാക്കുകയും വേണം. ആ നിലയ്ക്കുള്ള സമൂഹത്തിന്റെയാകെ ഉത്തരവാദിത്വപൂർണ്ണമായ ഇടപെടലാണ് വയനാട്ടിൽ നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലുള്ളവർ മാത്രമല്ല, കേരളത്തിനു പുറത്തുള്ളവരും മറ്റു സംസ്ഥാനങ്ങൾ വരെയും ഈ ദുരന്തഘട്ടത്തിൽ നമ്മെ സഹായിക്കുന്നുണ്ട്. അവരോടെല്ലാമുള്ള നന്ദി ഈയവസരത്തിൽ രേഖപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേരളത്തിലെ 10 പോലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ മെഡൽ. എ.ഡി.ജി.പി വെങ്കിടേഷിന് വിശിഷ്ട സേവാ മെഡൽ ലഭിച്ചു. ക്രൈംബ്രാഞ്ച് മേധാവിയാണ് അദ്ദേഹം.

സ്തുതർഹ്യ സേവന മെഡൽ ലഭിച്ചവർ

എസ്.പി നജീബ് സുലൈമാൻ, ഡിവൈ.എസ്.പി സിനോജ് ടി. എസ്, ഡിവൈ.എസ്.പി ഫിറോസ് എം ഷഫീഖ്, ഡിവൈ.എസ്.പി പ്രതീപ്കുമാർ അയ്യപ്പൻ പിള്ള, ഡി.വൈ.എസ്.പി രാജ്കുമാർ പുരുഷോത്തമൻ, ഇൻസ്‌പെക്ടർ ശ്രീകുമാർ എം. കൃഷ്ണൻകുട്ടി നായർ, സബ് സ്‌പെക്ടർ സന്തോഷ് സി.ആർ, സബ് ഇൻസ്‌പെക്ടർ രാജേഷ് കുമാർ ശശിധരൻ ലക്ഷ്മി അമ്മ, ഹെഡ് കോൺസ്റ്റബിൾ മോഹൻദാസൻ. അഗ്നിശമന വിഭാഗത്തിൽ നിന്ന് സ്റ്റേഷൻ ഓഫീസർ മുരളീധരൻ. സി. കെ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ദിവുകുമാർ. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ. ബിജു, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ)സുജയൻ. കെ, കറക്ഷണൽ സർവീസിൽ ഡെപ്യൂട്ടി സൂപ്രണ്ട് നരേന്ദ്ര പി എം, അസിസ്റ്റന്റ് സൂപ്രണ്ട് ജി.ആർ.ഐ അപ്പുക്കുട്ടി വി, എന്നിവർക്ക് സ്തുതർഹ്യ സേവാ മെഡൽ ലഭിച്ചു.

രാജ്യത്താകെ വിവിധ വിഭാഗങ്ങളിലായി 1037 പേർക്കാണ് മെഡൽ സമ്മാനിക്കുക. അർഹരായവർക്ക് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മെഡൽ സമ്മാനിക്കും.