General (Page 135)

തിരുവനന്തപുരം: മോട്ടോർ സൈക്കിൾ ഒഴികെയുള്ള ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾക്ക് സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി (STA) യൂണിഫോം കളർ കോഡ് നടപ്പിലാക്കാൻ തീരുമാനിച്ചു. ആംബർ മഞ്ഞ (Amber Yellow ) കളറാണ് തീരുമാനിച്ചിരിക്കുന്നത്. വാഹനത്തിന്റെ മുൻപിലും പിറകിലും ( ബംപർ ഉൾപ്പെടെ ), മുൻപിലെ ബോണറ്റിനും, പിറകിലെ ഡിക്കി ഡോറിനും മേൽപ്പറഞ്ഞ കളർ ഉണ്ടായിരിക്കണം.

ഡ്രൈവിംഗ് പരിശീലനം നടത്തപ്പെടുന്ന വാഹനങ്ങൾ തിരക്കേറിയ നിരത്തിൽ വേഗത്തിൽ തിരിച്ചറിയാനും, വാഹനത്തിൽ പരിചയ കുറവുള്ള ഡ്രൈവർ പരിശീലാനാർത്ഥി ആയതിനാൽ പ്രത്യേക പരിഗണന ലഭിക്കാനും ഈ പ്രത്യേക നിറം സഹായിക്കും. 2024 ഒക്ടോബർ ഒന്നാം തീയ്യതി മുതൽ തീരുമാനം നടപ്പിലാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

കല്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സർക്കാരിന്റെ അതിവേഗ ധനസഹായ വിതരണ നടപടികൾ പുരോഗമിക്കുന്നു. സർവവും നഷ്ടമായവർക്ക് സർക്കാർ അടിയന്തര സഹായം കൈമാറി. ദുരിതബാധിതരായ 617 പേർക്ക് ധനസഹായമായി പതിനായിരം രൂപ വീതം കൈമാറി.

സംസ്ഥാന ദുരന്ത നിവാരണ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയിൽ നിന്നായി 12 പേർക്ക് 7200000 രൂപയും ധനസഹായം നൽകി. മൃതദേഹങ്ങളുടെ സംസ്‌കാര ചടങ്ങുകൾക്കായി 10,000 രൂപ വീതം 124 പേർക്കായി അനുവദിച്ചു. ദുരന്തത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള 34 പേരിൽ രേഖകൾ ഹാജരാക്കിയവർക്ക് ധനസഹായം നൽകാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

കൊച്ചി: അവയവക്കടത്ത് കേസിൽ കേരളത്തിലെ ആശുപത്രികൾ കേന്ദ്രീകരിച്ചും എൻഐഎ അന്വേഷണം നടത്താൻ തീരുമാനം. കേരളത്തിലെ ചില ആശുപത്രികൾ രോഗികളുടെ വിവരങ്ങൾ അവയവക്കച്ചവട റാക്കറ്റിന് നൽകിയിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ അന്വേഷണം.

കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തൃശ്ശൂർ സ്വദേശി സാബിത്ത് നാസർ, പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം, വിജയവാഡ സ്വദേശി ബെല്ലം ഗൊണ്ട രാമപ്രസാദ്, എറണാകുളം സ്വദേശി മധു എന്നിവരെ പ്രതികളാക്കിയാണ് കൊച്ചി എൻ.ഐ.എ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതി മധുവിനായുള്ള അന്വേഷണം തുടരുകയാണെന്നും മനുഷ്യക്കടത്ത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കുറ്റപത്രത്തിൽ വിശദീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വിവാഹസംബന്ധമായ ആർഭാടവും ധൂർത്തും നിരോധിക്കുന്നത് ലക്ഷ്യമിടുന്ന കേരള വിവാഹധൂർത്തും ആർഭാടവും നിരോധനം കരട് ബിൽ നിയമസഭ ചർച്ച ചെയ്യുകയും ആവശ്യമായ മാറ്റങ്ങളോടെ പാസാക്കുകയും വേണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ: പി. സതീദേവി. കേരള യുവജന കമ്മിഷന്റെ സഹകരണത്തോടെ കേരള വനിതാ കമ്മിഷൻ സംഘടിപ്പിച്ച ‘സ്ത്രീധന വിമുക്ത കേരളം’ സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതീദേവി. 2021 ൽ സമർപ്പിച്ച റിപ്പോർട്ട് നിയമസഭ ചർച്ച ചെയ്ത് പാസാക്കണം.

വിവാഹധൂർത്തും ആർഭാടവും ഗുരുതരമായ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വധൂവരൻമാരുടെ, പ്രത്യേകിച്ച് വധുവിന്റെ രക്ഷിതാക്കൾക്ക് താങ്ങാൻ കഴിയാത്ത ബാധ്യതകൾ സൃഷ്ടിക്കപ്പെടുന്നു. വിവാഹശേഷം സ്ത്രീകൾ ഇതിന്റെ പേരിൽ കൊലചെയ്യപ്പെടുന്നതോ, ആത്മഹത്യചെയ്യാൻ നിർബന്ധിതരാകുകയോ ചെയ്യുന്ന സാഹചര്യവുമുണ്ട്. വിവാഹത്തിന് മുമ്പ് ഇരു വീട്ടുകാരും ചെലവുകൾ സംബന്ധിച്ച സ്റ്റേറ്റ്മെന്റ് അതത് ജില്ലാ സ്ത്രീധന നിരോധന ഓഫീസർക്കു നൽകണം. ഈ സ്റ്റേറ്റ്മെന്റ് അനുസരിച്ചാണോ വിവാഹചടങ്ങുകൾ നടക്കുന്നതെന്ന് തദ്ദേശ സ്ഥാപനങ്ങൾ പരിശോധിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണം. സ്റ്റേറ്റ്മെന്റിൽ പറഞ്ഞതിന് വിരുദ്ധമായാണ് നടക്കുന്നതെങ്കിൽ പിഴയടക്കമുള്ള ശിഷാ നടപടികൾ സ്വീകരിക്കണമെന്ന വിവ്യസ്ഥ ഈ കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ സ്ത്രീധന നിരോധന ഓഫീസർമാർക്ക് കൂടുതൽ അധികാരം നൽകുന്നതും കരട് ബില്ലിൽ വ്യവസ്ഥചെയ്തിട്ടുണ്ടെന്നും വനിതാ കമ്മിഷൻ അധ്യക്ഷ ചൂണ്ടിക്കാട്ടി.

നിയമംകൊണ്ട് എല്ലാമാകും എന്ന് കരുതുന്നില്ല. എന്നാൽ ചില കേസുകളിലെങ്കിലും പോലീസ് അടക്കമുള്ള നിയമ സംവിധാനങ്ങൾക്ക് മുൻകൂറായി ഇടപെടാനാവും. സ്ത്രീധന പീഡനത്തിന്റെ പേരിലുള്ള ആത്മഹത്യകൾ കുറയ്ക്കാൻ അത് സഹായകമാവും. ഇത്തരം നടപടികളിലൂടെ നമ്മുക്ക് സ്ത്രീധന വിമുക്ത സംസ്ഥാനാമാവാൻ സാധിക്കും. ഇതിന്റെ ഭാഗമായാണ് സ്ത്രീധന വിരുദ്ധ കാമ്പയിന് കേരള വനിതാ കമ്മിഷൻ തുടക്കം കുറിക്കുന്നത്. അതിന്റെ ആദ്യ ചുവടുവയ്പ്പാണ് ഈ സംസ്ഥാനതല സെമിനാർ. സാക്ഷരത, ആരോഗ്യം, സാമൂഹികം തുടങ്ങി എല്ലാ മേഖലകളിലും കേരളം മുന്നിലാണ്. എന്നാൽ ആ പെരുമയ്ക്ക് കോട്ടംതട്ടിക്കുന്നതാണ് സ്ത്രീധനമെന്ന ദുരാചാരം. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് സ്ത്രീധനമെന്ന ദുഷ്പ്രവണത ഏറ്റവും കൂടുതൽ കാണുന്നത്. എന്നാൽ പരാതികൾ ഒന്നുംതന്നെ ഇവിടെ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നില്ലെന്നും കമ്മിഷൻ അധ്യക്ഷ ഓർമ്മിപ്പിച്ചു.

വിവാഹത്തോടെയാണ് ജീവിതം സഫലമാകുന്നതെന്ന് പെൺകുട്ടികൾ തെറ്റിദ്ധരിക്കരുത്. സ്ത്രീധനം ചോദിക്കുന്നവനെ വിവാഹം കഴിക്കില്ലെന്ന് തല ഉയർത്തിപിടിച്ച് പറയുന്ന ഉശിരുള്ള പെൺകുട്ടികളാണ് ഉണ്ടാവേണ്ടത്. നിർഭാഗ്യവശാൽ രക്ഷിതാക്കൾ ഇതിന് പരിശ്രമിക്കുന്നില്ല. വിവാഹം കഴിച്ച് അയച്ചതോടെ ഉത്തരവാദിത്തം തീർന്നുവെന്നാണ് ഇവർ കരുതുന്നത്. പിന്നീട് മകൾ വീട്ടിൽ വന്നുനിന്നാൽ സമൂഹത്തിന് മുന്നിൽ തങ്ങളുടെ അഭിമാനം നഷ്ടമാകുമെന്നും അവർ ഭയപ്പെടുന്നു. ഈ ചിന്തയും നിരവധി കുട്ടികളുടെ മരണത്തിന് കാരണമാകുന്നു. മറിച്ച് എപ്പോൾ വേണമെങ്കിലും വന്ന് നിൽക്കാനൊരിടം തന്റെ വീട്ടിലുണ്ടെന്ന ധൈര്യം മകൾക്ക് പകർന്നു നൽകുന്ന മനസ്ഥിതിയിലേക്ക് രക്ഷിതാക്കൾ മറേണ്ടതുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പി.ജി. ഡോക്ടർ സ്ത്രീധനം വാങ്ങില്ലെന്ന് സത്യപ്രസ്താവന എഴുതി നൽകിയിരുന്നയാളാണ്. എന്നിട്ടാണ് അമിതമായ സ്ത്രീധനം ലഭിക്കാത്തതിനാൽ പ്രണയബന്ധത്തിൽനിന്നും പിൻമാറിയത്. സ്ത്രീധനം വാങ്ങില്ലെന്ന് ആൺകുട്ടികളും ആത്മാഭിമാനത്തോടെ വിളിച്ചുപറയേണ്ടതുണ്ട്. എല്ലാംകണ്ട് നിസംഗമായി മാറിനിൽക്കുന്ന തലമുറയല്ല, പ്രതികരണ ശേഷിയുള്ള ഒരു തലമുറവേണം വളർന്നുവരുവാനെന്നും വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ: പി. സതീദേവി പറഞ്ഞു.

അയ്യങ്കാളി ഹാളിൽ രാവിലെ 11 ന് ആരംഭിച്ച സെമിനാറിൽ കേരള യുവജന കമ്മിഷൻ അധ്യക്ഷൻ അഡ്വ: എം. ഷാജർ അധ്യക്ഷനും മേയർ ആര്യാ രാജേന്ദ്രൻ മുഖ്യതിഥിയുമായിരുന്നു. വനിതാ കമ്മിഷൻ അംഗം വി.ആർ. മഹിളാമണി, ജില്ലാ വനിതാ ശിശു വികസന ഓഫീസർ കവിതാ റാണി രഞ്ജിത്, യുവജന കമ്മിഷൻ അംഗങ്ങളായ വിജിത ബിനുകുമാർ, എച്ച്. ശ്രീജിത്, വനിതാ കമ്മിഷൻ പ്രൊജക്ട് ഓഫീസർ എൻ. ദിവ്യ തുടങ്ങിയവരും സംസാരിച്ചു. സഖി വിമൺസ് റിസോഴ്സ് സെന്റർ സെക്രട്ടറി അഡ്വ: ജെ. സന്ധ്യ വിഷയം അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയ്ക്ക് വനിതാ കമ്മിഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചന നേതൃത്വം നൽകി. വനിതാ കമ്മിഷനംഗം അഡ്വ: ഇന്ദിരാ രവീന്ദ്രൻ സ്വാഗതവും മെമ്പർ സെക്രട്ടറി സോണിയാ വാഷിംഗ്ടൺ നന്ദിയും പറഞ്ഞു.

തിരുവനന്തപുരം: വാഹനങ്ങളിൽ ടെയിൽ ലാമ്പുകളുടെ പ്രാധാന്യത്തെ കുറിച്ച് വിശദമാക്കി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിലെ നിർണായക സുരക്ഷാ സംവിധാനങ്ങളാണ് ടെയിൽ ലാമ്പുകൾ ഇവ റോഡിലെ ആശയവിനിമയത്തിനുള്ള സുപ്രധാന മാർഗമായി നിലകൊള്ളുന്നു. വാഹനത്തിന്റെ സാന്നിധ്യം, സ്ഥാനം, ഉദ്ദേശ്യങ്ങൾ എന്നിവ മറ്റ് റോഡ് ഉപയോക്താക്കളോട് സൂചിപ്പിക്കുന്നു. പിന്നിൽ കൂട്ടിയിടിക്കുന്നതിനുള്ള സാധ്യത ടെയിൽ ലാമ്പുകൾ കുറയ്ക്കും. കുറഞ്ഞ വെളിച്ചത്തിൽ ടെയിൽ ലാമ്പുകൾ ദൃശ്യപരത വർദ്ധിപ്പിക്കുകയും ചെയ്യും.

സിഗ്‌നൽ ബ്രേക്കിംഗ്, ടേണിംഗ്, അല്ലെങ്കിൽ റിവേഴ്‌സ് എന്നിവ മുൻകൂർ അറിയിക്കുന്നു.സുരക്ഷിതമായ അകലം പാലിക്കാൻ മറ്റ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നു. അപകടങ്ങളുടെയും പരിക്കുകളുടെയും സാധ്യത കുറയ്ക്കും. എല്ലാ വാഹനങ്ങളിലും നിർബന്ധിത സുരക്ഷാ ആവശ്യകതയാണ് ടെയിൽ ലാമ്പുകൾ. സുരക്ഷിതമായ ഡ്രൈവിംഗിനും റോഡ് സുരക്ഷയ്ക്കും പ്രവർത്തനക്ഷമമായ ടെയിൽ ലാമ്പുകൾ അത്യന്താപേക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി.

കൊച്ചി: വയനാട് ഉരുൾപൊട്ടലിൽ 1,200 കോടി രൂപയുടെ നഷ്ടമുണ്ടായതായി സർക്കാർ ഹൈക്കോടതിയിൽ. 1,555 വീടുകൾ പൂർണമായും വാസയോഗ്യമല്ലാതായെന്നും ഹൈക്കോടതി സ്വമേധയായെടുത്ത ഹർജിയിൽ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് വിശദീകരിച്ചു. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

231 മരണം സ്ഥിരീകരിച്ചു. 178 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. തിരിച്ചറിയാനാവാത്ത 53 മൃതദേഹങ്ങൾ സംസ്‌കരിച്ചു. 212 ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തു. 128 പേരെ ഇനിയും കണ്ടെത്താനുണ്ട്. 626 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. മൂന്ന് പാലങ്ങൾ തകർന്നു. തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 136 കെട്ടിടങ്ങൾ, 209 കടകൾ, മറ്റ് 100 കെട്ടിടങ്ങൾ, രണ്ട് സ്‌കൂളുകൾ, 1.5 കിലോമീറ്റർ റോഡ്, 124 കിലോമീറ്റർ നീളത്തിൽ വൈദ്യുതി ലൈനുകൾ, രണ്ട് ട്രാൻസ്‌ഫോർമർ എന്നിവയും തകർന്നു. 226 കന്നുകാലികൾ ചത്തതായും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

പ്രാഥമിക വിവരമാണിത്. വിശദ റിപ്പോർട്ട് പിന്നീട് നൽകും. ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ എ.ജി വിശദീകരണത്തിന് സമയം തേടി. പുനരധിവാസം അടക്കമുള്ള കാര്യങ്ങൾക്ക് സ്വീകരിച്ച നടപടി ഒരോ ആഴ്ചയിലും അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. എല്ലാ വെള്ളിയാഴ്ചയും ആദ്യകേസായി പരിഗണിക്കും.

ഒരു പ്രത്യേക മേഖലയിൽ അസാധാരണമായി മഴ പെയ്യുമ്പോൾ പ്രദേശത്തുള്ളവരെ മാറ്റുന്നതടക്കമുള്ള നടപടി ഉണ്ടാകണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: ഭീകരവാദവും വിഘടനവാദവും സമൂഹത്തിൽ ആഴത്തിലുള്ള വിപത്തുകളായി മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വോയ്സ് ഓഫ് ദി ഗ്ലോബൽ സൗത്തിന്റെ വെർച്വൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിഭജനവും സാങ്കേതിക വിദ്യയിൽനിന്നുള്ള സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികൾ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ ആഗോള ദക്ഷിണേഷ്യൻ രാജ്യങ്ങൾ ഒരുമിച്ച് നിൽക്കാനും പരസ്പര ശക്തിയായി പ്രവർത്തിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

കഴിഞ്ഞ ദശാബ്ദത്തിലെ സാമ്പത്തിക സ്ഥാപനങ്ങളും ആഗോള ഭരണ സംവിധാനങ്ങളും കോവിഡിനുശേഷമുള്ള ഇന്നത്തെ അനിശ്ചിതത്വവും ഭീകരവാദ വെല്ലുവിളികളും നേരിടുന്നതിൽ കാര്യക്ഷമമല്ല. ഇന്ത്യ ജി20 യെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികാസനോന്മുഖമായ സമീപനത്തിലൂടെയാണ് മുന്നോട്ട് കൊണ്ടുപോയത്. ആഫ്രിക്കൻ യൂണിയന് ജി20 യിൽ സ്ഥിരാംഗത്വം ലഭിച്ച ചരിത്ര നിമിഷം ഇതിന് ഏറ്റവും വലിയ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2022 ൽ ഇന്ത്യ ജി20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോൾ ജി20 ക്ക് ഒരു പുതിയ ഘടന നൽകാനുള്ള ദൃഢനിശ്ചയം ഞങ്ങൾ സ്വീകരിച്ചു. വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടി ഒരു വേദിയായി മാറി. അവിടെ നമ്മൾ പ്രശ്‌നങ്ങൾ തുറന്ന് ചർച്ച ചെയ്തു. വികസനവുമായി ബന്ധപ്പെട്ട മുൻഗണനകളും ആഗോള ദക്ഷിണേഷ്യയുടെ പ്രതീക്ഷകളും അഭിലാഷങ്ങളും അടിസ്ഥാനമാക്കിയാണ് ഇന്ത്യ ജി20 അജണ്ട തയാറാക്കിയതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ പ്രോസിക്യൂഷന് അനുമതി നൽകി ഗവർണർ താവർചന്ദ് ഗെഹ്ലോട്ട്. മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ(MUDA) സ്ഥലം അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിലാണ് സിദ്ധാരാമയ്യയെ വിചാരണ ചെയ്യുന്നത്.

പദീപ് കുമാർ, ടിജെ എബ്രഹാം, സ്നേഹമയി കൃഷ്ണ എന്നിവരുടെ ഹർജിയെ തുടർന്നാണ് നടപടി. 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, സെക്ഷൻ 218 പ്രകാരമാണ് ഗവർണർ വിചാരണക്ക് അനുമതി നൽകിയത്.

ആരോപണങ്ങൾക്ക് ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നും എന്തുകൊണ്ട് വിചാരണ ചെയ്യരുതെന്നും വ്യക്തമാക്കണമെന്നുമാവശ്യപ്പെട്ട് ഗവർണർ കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് വിചാരണക്ക് അനുമതി നൽകരുതെന്ന് ഗവർണറോട് ആവശ്യപ്പെട്ട് മന്ത്രിസഭ പ്രമേയം പാസാക്കി. നോട്ടീസ് പിൻവലിക്കണമെന്നും ഭരണഘടനാ പദവി ദുരുപയോഗം ചെയ്യരുതെന്നും ഗവർണറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തിരുവനന്തപുരം: കെഎസ്ആർടിസിയ്ക്ക് സംസ്ഥാന സർക്കാർ 91.53 കോടി രൂപ കൂടി അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 71.53 കോടി രൂപ പെൻഷൻ വിതരണത്തിന് കോർപറേഷൻ എടുത്ത വായ്പയുടെ തിരിച്ചടവിനായാണ് നൽകിയത്. 20 കോടി രൂപ സഹായമായും നൽകി.

പ്രാഥമിക കാർഷിക വായ്പ സംഘങ്ങളുടെ കൺസോർഷ്യത്തിൽനിന്ന് പെൻഷൻ വിതരണത്തിനായി കെഎസ്ആർടിസി എടുത്ത വായ്പയുടെ തിരിച്ചടവാണ് സർക്കാർ ഉറപ്പാക്കുന്നത്. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ മാസാദ്യം 30 കോടി രൂപ കൂടി അനുവദിച്ചിരുന്നു. ഇതിനുപുറമെയാണ് ഇപ്പോൾ 20 കോടി കൂടി നൽകിയത്. ഇതിനുവേണ്ടിമാത്രം പ്രതിമാസം 50 കോടി രൂപയെങ്കിലും കോർപ്പറേഷന് സർക്കാർ നൽകുന്നുണ്ട്. രണ്ടാം പിണറായി സർക്കാർ ഇതുവരെ 5868.53 കോടി രൂപയാണ് കെഎസ്ആർടിസിക്ക് നൽകിയത്.

തിരുവനന്തപുരം: തൊഴിലാളികൾക്ക് ഓണക്കാലത്ത് ബോണസ് നൽകുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചുചേർത്ത് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ ബോണസ്സുമായി ബന്ധപ്പെട്ട ഒരു മാർഗ്ഗനിർദ്ദേശം സർക്കാർ പുറപ്പെടുവിക്കാറുണ്ട്. ഇതിന്റെ നടപടികൾ നടന്നു വരികയാണ്. ഈ മാർഗ്ഗനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ബോണസ്സ് നിശ്ചയിക്കുന്നത്.

കയർ കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്ക് ബോണസ്സ് നിശ്ചയിക്കുന്നത് അതാത് വ്യവസായ ബന്ധ സമിതികൾ യോഗം ചേർന്നാണ്. ഈ യോഗം അടിയന്തിരമായി ചേർന്ന് ബോണസ്സ് നിശ്ചയിക്കാൻ ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ബോണസ്സുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തർക്കങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ സമവായത്തിൽ എത്തിക്കാൻ കഴിയേണ്ടതുണ്ട്. ഈ ഓണക്കാലത്ത് തൊഴിൽ തർക്കങ്ങൾ പരമാവധി ഒഴിവാക്കി സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ പ്രശ്നങ്ങൾ പരിഹരിച്ച് തൊഴിലാളി തൊഴിലുടമാ ബന്ധം മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നതിന് ട്രേഡ് യൂണിയനുകളുടെ പൂർണ്ണമായ സഹകരണം ഉണ്ടാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

ബോണസ്സ് സംബന്ധിച്ച തർക്കങ്ങൾ ഉണ്ടാകുകയാണെങ്കിൽ അത് പരിഹരിക്കുന്നതിന് ലേബർ കമ്മീഷണർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ബോണസ്സ് ആക്ട് ബാധകമായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് അർഹമായ ബോണസ്സ് ലഭിക്കുന്നുണ്ട് എന്ന് ജില്ലാ ലേബർ ഓഫീസർമാർ ഉറപ്പു വരുത്തേണ്ടതാണ്. ബോണസ്സ് വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തർക്കങ്ങൾക്ക് അടിയന്തിര പ്രാധാന്യം നൽകി ചർച്ച ക്രമീകരിച്ച് പരിഹാരം കാണണം. ബോണസ്സ് തർക്കങ്ങൾ ജില്ലാ ലേബർ ഓഫീസർ തലത്തിൽ പരമാവധി മൂന്ന് ചർച്ചകൾ രണ്ട് ദിവസത്തെ ഇടവേളകൾ മാത്രം നൽകി പരിഹാരം കാണേണ്ടതാണ്. ജില്ലാ ലേബർ ഓഫീസർ തലത്തിൽ പരിഹാരം കാണാൻ കഴിയാത്തവ റീജിയണൽ ലേബർ കമ്മീഷണർക്ക് നൽകേണ്ടതും റീജിയണൽ ലേബർ കമ്മീഷണർക്ക് പരിഹാരം കാണാൻ കഴിയാത്തവ ലേബർ കമ്മീഷണർക്ക് കൈമാറേണ്ടതുമാണ്. ബോണസ്സുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ കൈക്കൊള്ളുന്ന നടപടികൾ അപ്പപ്പോൾ തന്നെ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

കഴിഞ്ഞ വർഷം ആകെ മുന്നൂറ്റി എൺപത്തിയൊമ്പത് ബോണസ്സ് തർക്കങ്ങൾ ലഭിക്കുകയും മുന്നൂറ്റി ഇരുപത്തിയൊമ്പത് തർക്കങ്ങൾ ജില്ലാ ലേബർ ഓഫീസ് തലത്തിലും മുപ്പത്തിയൊമ്പത് തർക്കങ്ങൾ റീജിയണൽ ലേബർ കമ്മീഷണർ തലത്തിലും ഇരുപത്തിയൊന്ന് തർക്കങ്ങൾ ലേബർ കമ്മീഷണർ തലത്തിൽ തീർപ്പാക്കാനും സാധിച്ചു.

ഇതിനു പുറമെ തൊഴിൽ വകുപ്പ് മന്ത്രി എന്ന നിലയിൽ ആരോഗ്യവകുപ്പ് മന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, കൃഷി വകുപ്പ് മന്ത്രി, എക്സൈസ് വകുപ്പ് മന്ത്രി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി എന്നിവരുടെ സാന്നിദ്ധ്യത്തിൽ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസ്സ് സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് നൽകി വരുന്ന ആനുകൂല്യം എക്സ് ഗ്രേഷ്യാ, അതു പോലെ തന്നെ പരമ്പരാഗത തൊഴിൽ മേഖലകളായ കയർ, കൈത്തറി, ഖാദി, ബീഡി, മത്സ്യം, ഈറ്റ, പനമ്പ് മേഖലകളിലെ തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് സ്‌കീം വഴി നൽകി വരുന്ന ആനുകൂല്യം, മരംകയറ്റ തൊഴിലാളികൾക്കുള്ള ആനുകൂല്യം എന്നിവയൊക്കെ സമയബന്ധിതമായി കൊടുത്തു തീർക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ലേബർ സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷമാണ് ഇപ്പോൾ നിലനിൽക്കുന്നത്.

വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിലെ തൊഴിലാളികൾക്ക് ബോണസ് ഉൾപ്പെടെയുള്ള മറ്റ് എല്ലാ ആനുകൂല്യങ്ങളും ഉറപ്പുവരുത്തും. സംസ്ഥാനത്ത് തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് കിട്ടേണ്ട നിയമപരമായ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 2024 ജനുവരി മുതൽ ഓഗസ്റ്റ് വരെ 20,965 പരിശോധനകൾ നടത്തി. അതിൽ 720 സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ കൈക്കൊണ്ടു എന്നും മന്ത്രി അറിയിച്ചു.

യോഗത്തിൽ ടിപി രാമകൃഷ്ണൻ (സിഐടിയു), ആർ ചന്ദ്രശേഖരൻ (ഐ എൻടിയുസി), കെ പി രാജേന്ദ്രൻ (എഐടിയുസി), മാഹിൻ അബൂബക്കർ (എസ് ടി യു ),ടോമി മാത്യു (എച്ച് എം എസ്), വി കെ സദാനന്ദൻ (എ ഐ യു ടി യു സി), ബാബു ദിവാകരൻ (യു ടി യു സി ) തുടങ്ങിയ 24 സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.