General (Page 134)

തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരുടെ വായ്പകൾ ബാങ്കുകൾ പൂർണമായും എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പലിശ ഇളവ്, തിരിച്ചടവിനുള്ള കാലാവധി നീട്ടൽ, ഇതൊന്നും പരിഹാര മാർഗമല്ല. ദുരന്തം നടന്ന പ്രദേശത്തെ മുഴുവൻ കടങ്ങളും പൂർണമായും എഴുതിത്തളളണമെന്ന് അദ്ദേഹം പറഞ്ഞു. എസ്എൽബിസി (ബാങ്കേഴ്‌സ് സമിതി)യോഗത്തിൽ സംസാരിക്കുകയായിരുന്നു.

കടബാധ്യത സർക്കാർ ബാധ്യത ഏറ്റെടുക്കേണ്ട അവസ്ഥ ഇല്ല. ബാങ്കുകൾക്ക് തന്നെ അത് വഹിക്കണം. ബാങ്കുകൾക്ക് താങ്ങാവുന്ന തുക മാത്രമേ വായ്പ ഇനത്തിലുളളുവെന്നും മാതൃകാ പരമായ നടപടികൾ സ്വീകരിക്കണം. കൃഷിഭൂമിയുടെ രൂപം തന്നെ മാറിയിരിക്കുന്ന സ്ഥിതിയാണ് വയനാട്ടിലുളളത്. തുടർവാസമോ കൃഷിയോ ഈ പ്രദേശങ്ങളിൽ സാധ്യമല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കർഷക കുടുംബങ്ങൾ കൂടുതലുളള പ്രദേശത്തെ മിക്കവരും വായ്പ എടുത്തിട്ടുണ്ട്. വീട് നിർമ്മിക്കാൻ ലോൺ എടുത്തവർക്ക് വീട് തന്നെ ഇല്ലാതായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലനിൽക്കുന്നത്. മാതൃകാപരമായ നടപടികൾ ബാങ്കുകൾ സ്വീകരിക്കണം. കേരള ബാങ്ക് അതിൽ മാതൃക കാണിച്ചു. ദുരിതബാധിതർക്കുളള സഹായ ധനത്തിൽ കയ്യിട്ട് വാരിയ ഗ്രാമീണ ബാങ്ക് നടപടി ശരിയല്ലെന്നും നടപടികൾ യന്ത്രികമായി മാറരുതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ട ആളുകൾക്ക് സർക്കാർ നൽകിയ അടിയന്തര ധനസഹായത്തിൽ നിന്ന് വായ്പ തിരിച്ചടവ് തുക പിടിച്ചെടുത്ത സംഭവത്തിൽ ഇടപെടലുമായി കളക്ടർ. ഇഎംഐ പിടിച്ച തുക ബാങ്ക് തിരികെ നൽകിത്തുടങ്ങി. പിടിച്ച പണം തിരികെ നൽകാൻ കലക്ടർ ഉത്തരവിട്ടിരുന്നു. തുടർന്നാണ് ബാങ്കുകൾ പണം തിരികെ നൽകാൻ തയ്യാറായത്.

ദുരന്തത്തെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന എല്ലാ കുടുംബങ്ങൾക്കും 10,000 രൂപ സംസ്ഥാന സർക്കാർ അടിയന്തര സഹായമായി നൽകിയിരുന്നു. എന്നാൽ ഫണ്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തിയതും ബാങ്കുകൾ ഇഎംഐകൾ ഡെബിറ്റ് ചെയ്തു. ഇതു വാർത്തയായതിനെത്തുടർന്ന് അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ കളക്ടർക്കു നിർദേശം നൽകുകയായിരുന്നു. അടിയന്തര ദുരിതാശ്വാസ ഫണ്ട് ഇഎംഐ അടയ്ക്കാനുള്ളതല്ലെന്ന് വയനാട് കളക്ടർ മേഘശ്രീ വ്യക്തമാക്കി.

തിരുവനന്തപുരം: സാങ്കേതികവിദ്യ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള മുൻകരുതലുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വ്യാപകമായ കാലത്ത് ഇതിന് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ കോടതികളുടെ ഉദ്ഘാടനവും കോടതി നടപടികൾ വേഗത്തിലും സുതാര്യവുമാക്കാൻ ഉദ്ദേശിച്ച് ആരംഭിക്കുന്ന മോഡൽ ഡിജിറ്റൽ കോർട്ട് റൂമും ഡിജിറ്റൽ ലൈബ്രറി ആന്റ് റിസർച്ച് സെന്ററും ജുഡീഷ്യൽ അക്കാദമിയിലെ ലേണിങ് മാനേജ്മെന്റ് സിസ്റ്റവും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള കേസുകൾ പരിഗണിക്കുന്നതിനായി ആരംഭിക്കുന്ന കൊല്ലം ഡിജിറ്റൽ കോടതിയുടെ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടികജാതി-വർഗ പീഡന നിരോധന നിയമപ്രകാരമുള്ള കേസുകളുടെ വിചാരണയ്ക്ക് എറണാകുളത്ത് ആരംഭിച്ച പ്രത്യേക കോടതിക്കുപുറമെ നെടുമങ്ങാട്, കൊട്ടാരക്കര, മണ്ണാർക്കാട്, മഞ്ചേരി, മാനന്തവാടി എന്നിവിടങ്ങളിൽ പ്രത്യേക കോടതികളുണ്ട്. അരികുവൽക്കരിക്കപ്പെട്ട സമൂഹത്തെ സംരക്ഷിക്കാനുള്ള കേരളത്തിന്റെ പ്രതിജ്ഞാബദ്ധതയെ ഇത് ചൂണ്ടിക്കാട്ടുന്നു. ബഡ്സ് ആക്ടുപ്രകാരമുള്ള കേസുകൾ പരിഗണിക്കാൻ ആലപ്പുഴയിൽ പ്രത്യേക കോടതി ആരംഭിച്ചത് അനധികൃത നിക്ഷേപങ്ങൾ നിയന്ത്രിക്കാനും നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കാനുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പട്ടികജാതി-പട്ടികവർഗ പീഢന നിരോധന നിയമപ്രകാരമുള്ള കേസുകൾ പരിഗണിക്കാൻ എറണാകുളത്ത് തുടങ്ങുന്ന പ്രത്യേക കോടതിയുടെയും ബാനിങ് ഒഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് (ബഡ്സ്) ആക്ട് പ്രകാരമുള്ള കേസുകൾ പരിഗണിക്കാൻ ആലപ്പുഴയിൽ തുടങ്ങുന്ന പ്രത്യേക കോടതിയുടെയും ഉദ്ഘാടനവും നടന്നു. ഡിജിറ്റൽ കോടതികൾ ആരംഭിക്കുന്നതിനുള്ള സാങ്കേതിക സഹായം ലഭ്യമാക്കിയിരിക്കുന്നത് കുസാറ്റും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും ചേർന്നാണ്. ധനമന്ത്രി കെ എൻ ബാലഗോപാൽ, വ്യവസായ മന്ത്രി പി രാജീവ് ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു.

തിരുവനന്തപുരം: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നതാണെന്ന് ഗായിക കെ എസ് ചിത്ര. നിർഭയ സംഭവത്തെക്കാൾ ഭീകരമാണെന്ന് കെ എസ് ചിത്ര വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ചിത്രയുടെ പ്രതികരണം. കൊൽക്കത്തയിൽ പ്രതിഷേധം കത്തിപ്പടരുകയാണ്. ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തെ കുറിച്ചും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളെ കുറിച്ചും അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് ചിത്ര പറഞ്ഞു.

ഓരോ ഇന്ത്യക്കാരനും നാണം കൊണ്ട് മുഖം മറയ്ക്കണം. വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിൽ നടന്ന നിർഭയ സംഭവത്തെക്കാൾ ഭീകരമാണിത്. കേസ് അന്വേഷണത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടണം. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു. വേർപിരിഞ്ഞ ആത്മാവിന് മുന്നിൽ തല കുനിച്ച് താൻ പ്രാർത്ഥിക്കുന്നുവെന്ന് കെ എസ് ചിത്ര കൂട്ടിച്ചേർത്തു.

കൊൽക്കത്തയിലെ ആശുപത്രിക്കുള്ളിൽ ഓഗസ്റ്റ് 9നാണ് വനിതാ ഡോക്ടറുടെ അർദ്ധനഗ്‌ന മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ ഭാഗങ്ങളിൽ നിന്നും വായിൽ നിന്നും രക്തം വന്നിരുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ അതിശക്തമായ ശക്തമായ മഴക്കും ആഗസ്റ്റ് 18-21 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ കർണാടകക്കും തെലുങ്കാനക്കും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ചക്രവാതച്ചുഴി മുതൽ തെക്കു കിഴക്കൻ അറബിക്കടൽ വരെ കേരളത്തിന് മുകളിലൂടെ 1.5 കിലോമീറ്റർ ഉയരത്തിലായി ന്യുനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

ആഗസ്റ്റ് 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
  • മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
  • പട്ടം പറത്തുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
  • വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
  • അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
  • ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
  • മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

പത്തനംതിട്ട: ശബരിമലയിൽ പുതിയതായി പണി കഴിപ്പിക്കുന്ന ഭസ്മ കുളത്തിനും കാനന ഗണപതി മണ്ഡപത്തിനും തറക്കല്ലിട്ടു. ഉച്ചയ്ക്ക് 12 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവർ ചേർന്നാണ് ഭസ്മകുളത്തിന് തറക്കല്ലിട്ടത്.

മകര ജ്യോതി, ശബരി ഗസ്റ്റ് ഹൗസുകൾക്ക് സമീപമാണ് പുതിയ ഭസ്മകുളം നിർമ്മിക്കുന്നത് .കാനന ഗണപതി മണ്ഡപത്തിന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം എ അജികുമാർ ഐ സി എൽ ഫിൻ കോർപ്പ് സി.എം. ഡി കെ.ജി അനിൽകുമാർ എന്നിവർ ചേർന്ന് തറക്കല്ലിട്ടു.

ദേവസ്വം സ്ഥപതിയും വാസ്തുവിദ്യാ വിജ്ഞാൻ കേന്ദ്ര അദ്ധ്യക്ഷനുമായ കെ മുരളീധരനാണ് ഭസ്മ കുളത്തിനും കാനന ഗണപതി മണ്ഡപത്തിനും സ്ഥാനനിർണ്ണയം നടത്തിയത്. രാവിലെ 7.30 നായിരുന്നു സ്ഥാന നിർണ്ണയം . പുതിയ ഭസ്മ കുളവും കാനന ഗണപതി മണ്ഡപവും സമർപ്പിക്കുന്നത് ഐ.സി.എൽ ഫിൻ കോർപ്പ് സി.എം. ഡി കെ ജി അനിൽകുമാറാണ്.

പൂർണ്ണമായും ആധുനിക ശുദ്ധീകരണ സംവിധാനങ്ങളോട് കൂടിയാണ് ഭസ്മകുളം സമർപ്പിക്കുന്നത്. തിരുവനന്തപുരം പൂജപ്പുര സ്വദേശിയും ശിൽപ്പിയുമായ എം ആർ രാജേഷ് ആണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പൂർണ്ണമായും ദേവസ്വം മരാമത്ത് വിഭാഗത്തി വിഭാഗത്തിന്റെ നിരീക്ഷണത്തോട് കൂടിയാണ് നിർമ്മാണ പ്രവർത്തനം നടക്കുക

ന്യൂഡൽഹി: വിവിധ മന്ത്രാലയങ്ങളിലെ പ്രധാന തസ്തികകളിൽ കോൺട്രാക്ട് -ലാറ്ററൽ എൻട്രി നിയമനങ്ങൾ നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുപിഎസ് സിക്ക് പകരം ആർഎസ്എസ് വഴി സർക്കാർ ജോലികളിൽ ആളെ കയറ്റി, പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയെ ആക്രമിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

സർക്കാരിന്റേത് സംവരണം തട്ടിയെടുക്കാനുള്ള നീക്കമാണ്. ഉന്നത തസ്തികകളിൽ നിന്നും പിന്നാക്ക വിഭാഗങ്ങളെ തഴയുകയാണ്. സ്വകാര്യ മേഖലയിൽ നിന്നുള്ള വ്യക്തിയെ സെബിയുടെ ചെയർപേഴ്‌സൺ ആക്കിയത് ഇതിന്റെ പ്രധാന ഉദാഹരണമാണ്. ഐഎഎസ് സ്വകാര്യ വത്കരിക്കുന്നത് സംവരണമില്ലാതാക്കാനുള്ള മോദിയുടെ ഗ്യാരണ്ടിയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ തയ്യാറായി കഴിഞ്ഞതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത നേതാക്കളോടൊപ്പം സ്ഥലം പരിശോധിച്ചിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ തയ്യാറാക്കി കഴിഞ്ഞു. കുട്ടികൾക്ക് പഠനോപകരണങ്ങളടങ്ങിയ കിറ്റ് നൽകും. ക്യാമ്പുകൾ ഒഴിഞ്ഞാൽ എത്രയും പെട്ടെന്ന് തന്നെ ക്ലാസുകൾ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വിദ്യാഭ്യാസം പുനഃസ്ഥാപിക്കുന്നതിനായി ഒരു കരട് രേഖ സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. മുണ്ടക്കൈ എച്ച്എസ്എസ് സ്‌കൂളും വെള്ളാർമല എൽപിഎസ് സ്‌കൂളുമാണ് തകർന്ന് പോയത്. വെള്ളാർമല പൂർണമായും തകർന്ന നിലയിലാണ്. മുടങ്ങി കിടക്കുന്ന വിദ്യാഭ്യാസം പുനഃരാരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വിശദമാക്കി.

മേപ്പാടി സ്‌കൂളിലാണ് പ്രധാനമായും ക്യാമ്പ് നടക്കുന്നത്. ക്യാമ്പുകൾ ഒഴിവാക്കി ദുരിത ബാധിതരെ വാടക വീടുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അതിന് വേണ്ടിയുള്ള സ്‌പെഷ്യൽ ഓഫീസറെ നിയോഗിച്ചിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

kn Balakrishnan

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകൾക്ക് 137.16 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ധനകാര്യ കമ്മീഷന്റെ ആരോഗ്യ ഗ്രാന്റ് ഇനത്തിലാണ് തുക ലഭ്യമാക്കുന്നത്. അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾക്കായി തുക വിനിയോഗിക്കാം.

തദ്ദേശ സ്ഥാപനങ്ങൾക്ക് മാസാദ്യം 1960 കോടി രൂപകൂടി അനുവദിച്ചിരുന്നു. മെയിന്റൻസ് ഗ്രാന്റ് രണ്ടാം ഗഡു 1377.06 കോടി രൂപ, പൊതു ആവശ്യ ഫണ്ട് (ജനറൽ പർപ്പസ് ഗ്രാന്റ്) അഞ്ചാം ഗഡു 210.51 കോടി രുപ, ധനകാര്യ കമീഷൻ ഹെൽത്ത് ഗ്രാന്റ് 105.67 കോടി രൂപ, ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധനകാര്യ കമീഷൻ ഗ്രാന്റിന്റെ ആദ്യഗഡു 266.80 കോടി രുപ എന്നിവയാണ് അനുവദിച്ചത്.

ഗ്രാമ പഞ്ചായത്തുകൾക്ക് 928.28 കോടി രൂപ നൽകി. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 74.83 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക് 130.09 കോടിയും, മുൻസിപ്പാലിറ്റികൾക്ക് 184.12 കോടിയും, കോർപറേഷനുകൾക്ക് 59.74 കോടിയും വകയിരുത്തി. മെയിന്റൻസ് ഗ്രാന്റിൽ റോഡിനായി 529.64 കോടി രുപയും, റോഡിതിര വിഭാഗത്തിൽ 847.42 കോടി രുപയുമാണ് ലഭ്യമാക്കിയത്. ഈ സാമ്പത്തിക വർഷം ഇതുവരെ 5815 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി അനുവദിച്ചത്.

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളെ കൃത്യമായി പ്രവചിക്കാനാവശ്യമായ ഇടപെടലിലേക്ക് രാജ്യം വളരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ നേട്ടങ്ങളുണ്ടെന്ന് പറയുമ്പോഴും പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി പ്രവചിക്കാനും സ്വത്തിനും ജീവനും സംരക്ഷണമുറപ്പാക്കുന്ന വിധത്തിൽ പ്രതിരോധം തീർക്കാനും രാജ്യത്തിനാകുന്നില്ലെന്നത് ചിന്തിപ്പിക്കുന്നതാണ്. പൊതുവായ മുന്നറിയിപ്പുകളല്ല, കൃത്യമായ മുന്നറിയിപ്പുകളാണ് ദുരന്തങ്ങളെ പ്രതിരോധിക്കാൻ ഉപകരിക്കുക. ലോകത്താകെയുള്ള അനുഭവങ്ങൾ ഇതാണ് വ്യക്തമാക്കുന്നത്. ഇന്ത്യയും ആ നിലയിലേക്ക് ഉയരാനാവശ്യമായ ഇടപെടൽ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാ പ്രദേശങ്ങൾക്കും വിഭാഗങ്ങൾക്കും ഭരണനിർവഹണത്തിലും വിഭവങ്ങൾക്കുമേലും തുല്യഅവകാശം ഉറപ്പാക്കാതെ പ്രാദേശിക അസന്തുലിതാവസ്ഥകൾക്ക് പരിഹാരം കാണാനാവില്ല. അത് ഉറപ്പാക്കിയേ ഇന്ത്യൻ ജനാധിപത്യത്തെ പൂർണതോതിൽ ഉറപ്പാക്കാനാകൂ. പ്രാദേശിക അസന്തുലിതാവസ്ഥയ്ക്ക് ആക്കം കൂട്ടുന്ന നടപടികൾ ഭരണാധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകരുത്. ഇക്കാര്യത്തിൽ ജനങ്ങളുടെ ജാഗരൂഗമായ ഇടപെടലിന് പ്രസക്തിയുണ്ട്.