General (Page 136)

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷകൾക്കുള്ള പെർമിറ്റിൽ ഇളവ്. കേരളം മുഴുവൻ ഇനി മുതൽ ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താനായി പെർമിറ്റ് അനുവദിക്കും. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകൾ തള്ളിയാണ് സിഐടിയുവിന്റെ ആവശ്യപ്രകാരം സംസ്ഥാന ട്രാൻസ്‌ഫോർട്ട് അതോറിറ്റിയുടെ സുപ്രധാന തീരുമാനം.

ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നൽകിയിരുന്നത്. ഓട്ടോകൾക്ക് ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് പെർമിറ്റ് നിയന്ത്രിച്ചിരുന്നത്. സിഐടിയു പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.

മോട്ടോർ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നിരവധി പ്രാവശ്യം ഇക്കാര്യം ചർച്ച ചെയ്തു. ദീർഘദൂര പെർമിറ്റുകൾ അനുവദിച്ചാൽ അപകടം കൂടുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിർദ്ദേശം. ദീർഘദൂര യാത്രക്ക് ഡിസൈൻ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോ റിക്ഷ, സീൽറ്റ് ബെൽറ്റ് ഉൾപ്പെടെ ഇല്ല, മാത്രമല്ല അതിവേഗ പാതകൾ സംസ്ഥാനത്ത് വരുകയാണ്. റോഡുകളിൽ ഓട്ടോക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്.

തിരുവനന്തപുരം: ഇരകൾക്ക് സമയബന്ധിതമായ നീതി ഉറപ്പാക്കുന്നതിന് പ്രത്യേക കോടതികൾ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഹൈക്കോടതിയിൽ എസ് സി/എസ്ടി (പിഒഎ) നിയമത്തിന് കീഴിലുള്ള കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക കോടതിയും അനധികൃത സാമ്പത്തിക തട്ടിപ്പുകൾ തടയുന്നത് സംബന്ധിച്ച BUDS നിയമത്തിന് കീഴിലുള്ള കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക കോടതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പട്ടികവിഭാഗങ്ങളുടെ കേസുകൾ വിചാരണ ചെയ്യുന്നതിന് എറണാകുളത്തും അനിയന്ത്രിത നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കായി ആലപ്പുഴയിലും സ്ഥാപിച്ച പ്രത്യേക കോടതികൾ നീതിന്യായ വ്യവസ്ഥയുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിനും വഴിയൊരുക്കും. ഈ രാജ്യത്തിന്റെ സാമൂഹിക ചരിത്രത്തെക്കുറിച്ച് ശരിയായ ധാരണയില്ലാതെ ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുന്നവർ ആർട്ടിക്കിൾ 17 പോലുള്ള വ്യവസ്ഥ കാണുമ്പോൾ ആശയക്കുഴപ്പത്തിലാകും. തൊട്ടുകൂടാത്തവരായി കണക്കാക്കപ്പെടുന്ന ചില ജാതികളിൽ ജനിച്ചതിനാൽ പാർശ്വവൽക്കരിക്കപ്പെട്ട വലിയൊരു ജനക്കൂട്ടത്തെ മോചിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ആർട്ടിക്കിൾ 17 ൽ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഭരണഘടനാനന്തര കാലഘട്ടത്തിൽ ഇതുമായി ബന്ധപ്പെട്ട ആദ്യ ശ്രമം 1955 ലെ തൊട്ടുകൂടായ്മ (കുറ്റകൃത്യങ്ങൾ) നിയമം നടപ്പാക്കി. അതിന് പകരം 1955 ലെ പൗരാവകാശ സംരക്ഷണ നിയമം നിലവിൽ വന്നു. പക്ഷേ നിയമം നടപ്പാക്കിയപ്പോൾ അതിന്റെ ലക്ഷ്യങ്ങൾ നിറവേറ്റാൻ ഇത് അപര്യാപ്തമാണെന്ന് കണ്ടെത്തി. ഇത് 1989 ലെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം രൂപീകരിക്കാൻ കാരണമായി. പ്രതിരോധ വ്യവസ്ഥകൾ ഉണ്ടായിരുന്നിട്ടും, അന്വേഷണത്തിലെ നടപടിക്രമ കാലതാമസം, അറസ്റ്റ്, കുറ്റപത്രം സമർപ്പിക്കൽ, വിചാരണയിലെ കാലതാമസം തുടങ്ങിയ നിയമ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും ഇരകൾ അഭിമുഖീകരിക്കുന്ന ചില തടസങ്ങൾ ഇല്ലാതാക്കുന്നതിൽ നിയമം പരാജയപ്പെട്ടു. അതിനാൽ, പ്രത്യേക കോടതികൾക്ക് പുറമേ എക്സ്‌ക്ലൂസീവ് സ്പെഷ്യൽ കോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്ത 2016 ലെ ഒന്നാം ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിൽ 1989 ലെ നിയമത്തിൽ സമഗ്രമായ ഭേദഗതികൾ കൊണ്ടുവന്നു. 2018ലെ 27-ാം നിയമത്തിലൂടെ ഈ നിയമം വീണ്ടും ഭേദഗതി ചെയ്തു. വേഗത്തിലുള്ള വിചാരണകൾ സുഗമമാക്കുന്നതിന് പ്രത്യേക കോടതികൾ സ്ഥാപിക്കാൻ നിയമത്തിലെ സെക്ഷൻ 14 വ്യവസ്ഥ ചെയ്യുന്നു. നെടുമങ്ങാട്, കൊട്ടാരക്കര, മണ്ണാർക്കാട്, മഞ്ചേരി, മാനന്തവാടി എന്നിവിടങ്ങളിൽ കേരളം ഇതിനകം അത്തരം അഞ്ച് പ്രത്യേക കോടതികൾ സ്ഥാപിച്ചു. എറണാകുളത്തെ പുതിയ കോടതി അത്തരത്തിലുള്ള ആറാമത്തെ പ്രത്യേക കോടതിയാണ്. പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള കേരളത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണിത്. സംസ്ഥാനത്തെ ജനസംഖ്യയിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ മാനദണ്ഡ വിഹിതത്തേക്കാൾ കൂടുതൽ ബജറ്റ് വിഹിതം നൽകുന്ന സംസ്ഥാനം എന്ന നിലയിൽ അവർക്ക് നീതി ഉറപ്പാക്കാൻ അധിക കോടതികൾ സ്ഥാപിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അനിയന്ത്രിത നിക്ഷേപ പദ്ധതികൾ നിരോധിക്കുന്നതിനും നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമഗ്രമായ ഒരു ചട്ടക്കൂട് 2019 ലെ അനിയന്ത്രിത നിക്ഷേപ പദ്ധതികളുടെ നിരോധനം (BUDS നിയമം) വ്യവസ്ഥ ചെയ്യുന്നു. നിരപരാധികളായ വ്യക്തികളെ ചൂഷണം ചെയ്യുന്ന അനധികൃത പണ നിക്ഷേപ പദ്ധതികളുടെ വ്യാപനം കണക്കിലെടുക്കുമ്പോൾ, അത്തരം കുറ്റകൃത്യങ്ങളുടെ വിചാരണ വേഗത്തിലാക്കുന്നത് ഏറെ പ്രധാനമാണ്. ഈ നിയമനിർമ്മാണപ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾക്ക് വിധിനിർണ്ണയിക്കാൻ നിയുക്ത കോടതികൾ സ്ഥാപിക്കണമെന്ന് നിയമത്തിലെ സെക്ഷൻ 8 അനുശാസിക്കുന്നു. ഈ ലക്ഷ്യം മുൻനിർത്തിയാണ് ആലപ്പുഴയിൽ ഇത്തരം കോടതിക്ക് തുടക്കം കുറിക്കുന്നത്. ഈ നിയമപ്രകാരം കുറ്റവാളികളെ വേഗത്തിലും ഫലപ്രദമായും വിചാരണ ചെയ്യാൻ സഹായിക്കും. ഇത് നമ്മുടെ സാമ്പത്തിക വ്യവസ്ഥയുടെ സമഗ്രതയെയും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന പരിഹാരങ്ങൾ സ്വീകരിക്കുമ്പോൾ, അവ ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതും പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരി ക്കുന്ന സമയത്ത് മുൻകരുതൽ കൂടുതൽ അനിവാര്യമാണ്. കേരളത്തിലെ ജുഡീഷ്യറിക്ക് ചരിത്രപരമായ ദിവസമാണിത്. കേരളത്തിലെ കോടതികളിൽ കൂടുതൽ സാങ്കേതിക വൈദഗ്ധ്യം ഉറപ്പാക്കുന്ന നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതിയുടെ കാലഘട്ടത്തിൽ, ജനങ്ങളെ സേവിക്കുന്ന ഒരു സംവിധാനത്തിനും സാങ്കേതികവിദ്യയിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. സർക്കാരിന്റെ എല്ലാ ഘടകങ്ങളും സാങ്കേതിക മുന്നേറ്റങ്ങളുമായി കൂടുതൽ പൊരുത്തപ്പെടേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ഫുൾ ഇലക്ട്രിക് ട്രെയിൻ വന്ദേഭാരത് വിദേശത്തേക്ക് കയറ്റി അയക്കാനൊരുങ്ങുന്നു. നിരവധി വിദേശ രാജ്യങ്ങൾ ഇതിനായി ഇന്ത്യയെ സമീപിച്ചിരിക്കുകയാണെന്നാണ് വിവരം.

സർക്കാർ ഉടമസ്ഥതയിലുള്ള ഹെവി എക്യുപ്മെന്റ് മാനുഫാക്ചറിംഗ് കോർപ്പറേഷൻ (ബിഇഎംഎൽ) ഇതിനായി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. മെട്രോ ട്രെയിനുകൾ കയറ്റുമതി ചെയ്ത് ആഗോളതലത്തിൽ വിപണി വിപുലീകരിക്കാനാണ് ശ്രമം.

മിഡിൽ ഈസ്റ്റ്, തെക്കേ അമേരിക്ക, ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയവയെയാണ് കയറ്റുമതിയ്ക്കായി ലക്ഷ്യമിടുന്നത്. കയറ്റുമതി സംബന്ധിച്ച ചർച്ചകൾ നടക്കുന്നുവെന്നാണ് റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം: കേരളീയർക്ക് കർഷക ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ചിങ്ങം ഒന്ന്. ലോകമെങ്ങുമുള്ള കേരളീയർക്ക് ഇന്ന് മലയാള വർഷാരംഭമാണ്. നമ്മുടെ കാർഷിക സംസ്‌കാരത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കാനുള്ള അവസരമാണിത്. കാർഷിക മേഖലയുടെ അഭിവൃദ്ധിക്കാവശ്യമായ ഇടപെടലുകളെ കുറിച്ചുള്ള സംവാദ സാധ്യതകളും ഈ ചിങ്ങം ഒന്ന് തുറന്നിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കർഷക ദിനമായും നാം ഈ മലയാള വർഷാരംഭം കൊണ്ടാടുന്നുണ്ട്. ജനതയുടെ വലിയ ശതമാനം കാർഷികവൃത്തിയെ ആശ്രയിച്ചു ജീവിക്കുന്ന ഈ നാട്ടിൽ ചിങ്ങം ഒന്നിന് വലിയ സ്ഥാനമാണുള്ളത്. കാർഷിക വൃത്തിയുമായി ജീവിക്കുന്നവരെ ചേർത്ത് നിർത്താനും അവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളൊരുക്കാനും നമുക്ക് സാധിക്കണം. എന്നാൽ നമ്മുടെ രാജ്യത്ത് നടപ്പാക്കി വരുന്ന നവലിബറൽ സാമ്പത്തിക നയങ്ങൾ കർഷകരുടെയും കാർഷിക വ്യവസ്ഥയുടെയും നട്ടെല്ലൊടിക്കുകയാണ്. ലാഭേച്ഛ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കുത്തക കോർപ്പറേറ്റുകൾക്ക് നമ്മുടെ കാർഷിക മേഖലയെയും തീറെഴുതി കൊടുക്കാനുള്ള ശ്രമങ്ങൾ കൊണ്ടുപിടിച്ചു നടക്കുന്നുണ്ട്. കാർഷിക രംഗത്തിന്റെ കോർപ്പറേറ്റ്വൽക്കരണം തടയാനും കാലത്തിന് അനുയോജ്യമായ ജനകീയ കൃഷി രീതികൾ വികസിപ്പിച്ചെടുക്കാനും നമ്മൾ ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയും ഈ ചിങ്ങം ഒന്ന് ഓർമിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ വൈവിധ്യപൂർണമായ ഇടപെടലുകളാണ് എൽഡിഎഫ് സർക്കാർ നടത്തിവരുന്നത്. കാർഷിക വിളകൾക്ക് സംതൃപ്തികരമായ താങ്ങുവില നൽകാനും കാർഷികോല്പന്നങ്ങൾക്ക് വിപണി കണ്ടെത്താനുമടക്കം വിവിധ പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്. കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ, സേവനങ്ങൾ തുടങ്ങിയവയെല്ലാം അടങ്ങിയ ‘കതിർ’ മൊബൈൽ ആപ്പ് സർക്കാർ ഇന്ന് ലോഞ്ച് ചെയ്യുകയാണ്. കാലത്തിനനുഗുണമായ രീതിയിൽ കൃഷിയെ മാറ്റാനും വികസിപ്പിക്കാനും ഇത്തരം ഇടപെടലുകൾ സഹായകമാവും. വയനാടുണ്ടായ പ്രകൃതി ദുരന്തത്തിന്റെ നടുക്കം നമ്മെ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഉരുൾപൊട്ടലിൽ ഉറ്റവരും ഉടയവരും ജീവനോപാധികൾ നഷ്ടപ്പെട്ടവരുടെയും കൂട്ടത്തിൽ ധാരാളം കർഷകരുമുണ്ട്. പ്രകൃതി ദുരന്തങ്ങളിൽ കിടപ്പാടവും കൃഷിയിടവും ഇല്ലാതാകുന്ന കർഷകരെയും ചേർത്തുപിടിക്കാൻ നമുക്കാവണം. കാർഷിക അഭിവൃദ്ധിക്കായി സമഗ്രമായ കർമ പദ്ധതികൾ ആവിഷ്‌കരിക്കാനും സാധിക്കണം. ഈ ചിങ്ങം ഒന്ന് അതിനുള്ള അവസരമായും മാറട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: അച്ചടി വകുപ്പിൽ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് നിശ്ചിത നിരക്കിൽ ഫീസ് ഈടാക്കി തൊട്ടടുത്ത ഗസറ്റിൽ പരസ്യപ്പെടുത്തുന്നതിന് തിരുവനന്തപുരം ഗവൺമെന്റ് സെൻട്രൽ സെൻട്രൽ പ്രസ്സിലും, മറ്റു ജില്ലകളിൽ അതാത് ജില്ലാ ഫാറം സ്റ്റോറുകളിലും, ഇടുക്കി ജില്ലയിലുള്ളവർക്ക് കോട്ടയം ജില്ലാ ഫാറം സ്റ്റോറിലും കാസർഗോഡ് ജില്ലയിലുള്ളവർക്ക് കണ്ണൂർ ജില്ലാ ഫാറം സ്റ്റോറിലും ആവശ്യമായ രേഖകളുമായി വന്ന് ഗസറ്റിൽ പരസ്യം നൽകാവുന്നതാണ്. ഇതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും അതത് ഓഫീസുകളിൽ സജ്ജമാക്കിയിട്ടുണ്ട്. പേരുമാറ്റത്തിന് 1,655 രൂപയും, മതം മാറ്റത്തിന് 1,420 രൂപയും, ഒപ്പ് മാറ്റത്തിന് 2,365 രൂപയും, ലിംഗ മാറ്റത്തിന് 1,655 രൂപയും, ജാതി തിരുത്തലിന് 1,420 രൂപയുമാണ് ഗസറ്റിൽ പരസ്യപ്പെടുത്തുന്നതിന് ഒടുക്കേണ്ട ഫീസ്.

കമ്പനി നിയമപ്രകാരമുള്ള ലൈസൻസിനുള്ള അപേക്ഷ, കോടതി / അഭിഭാഷകർ വഴിയുള്ള ഇൻസോൾവൻസി, കമ്പനികൾ ബാങ്കുകൾ മുതലായവയുടെ ലിക്വിഡേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഡിആർപി സംബന്ധിച്ച നോട്ടീസ്, ഗാർഡിയൻ വാർഡ് പെറ്റീഷൻ, ചിട്ടി നിയമപ്രകാരമുള്ള സെക്യൂരിറ്റി റിലീസ് ചെയ്യൽ, പോളിസി നഷ്ടപ്പെടൽ പോലുള്ള നോട്ടീസുകൾ, പവർ ഓഫ് അറ്റോണി റദ്ദാക്കൽ, വിൽപത്രവുമായി ബന്ധപ്പെട്ട നോട്ടീസുകൾ, ഓപ്പണിങ് മാർക്കറ്റുമായി ബന്ധപ്പെട്ട നോട്ടീസുകൾ, അഭിഭാഷകരുടെ എൻറോൾമെന്റുമായി ബന്ധപ്പെട്ട നോട്ടീസുകൾ, കോടതി / അഭിഭാഷകർ വഴിയുള്ള സക്‌സഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങൾ തിരുവനന്തപുരം ഗവൺമെന്റ് സെൻട്രൽ പ്രസ്സിൽ നിന്നും മാത്രം ലഭിക്കും.

തിരുവനന്തപുരം: സംസ്ഥാന ആയുഷ് മേഖലയിൽ ഈ സാമ്പത്തിക വർഷം 207.9 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ, അന്തർദേശീയ തലത്തിൽ ആയുഷ് സേവനങ്ങളുടെ ഉന്നത പരിശീലനം നൽകുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിങ് ഇൻ ആയുഷിന് (NITIA) കേന്ദ്രാനുമതി ലഭ്യമായി. 79 ആയുഷ് ആശുപത്രികളെ 30 ലക്ഷം മുതൽ 1 കോടി രൂപവരെ ചെലവഴിച്ച് നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ മുഴുവൻ സർക്കാർ/എയ്ഡഡ് ആയുഷ് മെഡിക്കൽ കോളേജുകൾക്കും അവശ്യമരുന്നുകൾ ലഭ്യമാക്കാനും ഗുണനിലവാര മാനദന്ധങ്ങളനുസരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും ധനസഹായം ലഭ്യമാക്കും. താത്കാലിക ആയുഷ് ഡിസ്‌പെൻസറികൾ ഉൾപ്പെടെ എല്ലാ സർക്കാർ ആയുഷ് ചികിത്സാ സ്ഥാപനങ്ങൾക്കും അവശ്യമരുന്നുകളും കണ്ടിജൻസി ഫണ്ടുകളും ലഭ്യമാക്കും.

നിർണയ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സർക്കാർ ലബോറട്ടറികൾക്ക് 20 ലാബ് ജീവനക്കാരുടെ സേവനം ലഭ്യമാക്കും. ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളിൽ പൈലറ്റ് അടിസ്ഥാനത്തിൽ ഹബ് ആന്റ് സ്പോക്ക് മാതൃകയിൽ ലബോറട്ടറി സേവനങ്ങൾ ഒരുക്കും. 4000 ത്തിലധികം ഡോക്ടർമാർ ഉൾപ്പെടെയുള്ള ആയുഷ് ആരോഗ്യ പ്രവർത്തകരുടെ വിവിധ പരിശീലനങ്ങൾക്കായും തുക വകയിരുത്തി.

സംസ്ഥാനത്ത് ആദ്യമായി ആയുഷ് മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളുടെ ശുചിത്വം, അണുബാധ നിയന്ത്രണ മാനദണ്ഡങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തിയ ‘കായകൽപ്പ്’ അവാർഡ് നടപ്പിലാക്കും. എൻഎബിഎച്ച് ഗുണനിലവാര പ്രക്രിയയുടെ രണ്ടാം ഘട്ടമായി 150 ആയുഷ് സർക്കാർ ഡിസ്‌പെൻസറികളും ആറ് സർക്കാർ ആയുഷ് ആശുപത്രികളും സജ്ജമാക്കും.

ആയുഷ് മേഖലയിലെ സിദ്ധ, യുനാനി ചികിത്സാ സൗകര്യങ്ങൾ വിപുലപ്പെടുത്തും. ആയുഷ് മേഖലയിലെ ഗുണഫലങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പാലിയേറ്റീവ് കെയർ സേവനങ്ങൾ, സ്‌കൂൾ ഹെൽത്ത് സേവനങ്ങൾ, കൂടുതൽ ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ എന്നിവ സജ്ജമാക്കും. ആയുഷിലൂടെ വയോജന ആരോഗ്യപരിപാലനം ഉറപ്പാക്കുവാനായി എല്ലാ തദ്ദേശസ്ഥാപന പരിധിയിലും ആയുഷ് വയോജന മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും.

സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും എല്ലാ ചികിത്സാ കേന്ദ്രങ്ങൾക്കും ഈ പദ്ധതി അംഗീകാരങ്ങളുടെ ഗുണഫലങ്ങൾ ഉണ്ടാകും. ഇതിലൂടെ കേരളത്തിലെ ആയുർവേദവും ഹോമിയോപ്പതിയും ഉൾപ്പെടെയുള്ള ആയുഷ് ചികിത്സാ ശാഖകൾ മുഖേന കൂടുതൽ ശാസ്ത്രീയവും ഗവേഷണാടിസ്ഥാനത്തിലുമുള്ള സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുവാൻ സാധിക്കും. ദേശീയ ആയുഷ് മിഷൻ മുഖേനയാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.

കൊച്ചി: തദ്ദേശ സ്വയം ഭരണ വകുപ്പിൽ നിന്ന് ഭവന ആനുകൂല്യം ലഭിച്ചയാളുകൾക്ക് ആ വീട് ഏഴുവർഷം കഴിഞ്ഞ് വിൽക്കാൻ അനുവാദം നൽകുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ആനുകൂല്യം ലഭിച്ച വീടുകൾ 10 വർഷം കഴിഞ്ഞു മാത്രമേ കൈമാറാൻ അനുവാദമുണ്ടായിരുന്നുള്ളൂ. 2024 ജൂലൈ 1 നു ശേഷം ആനുകൂല്യം ലഭിക്കുന്നവർക്ക് ഇത് ഏഴു വർഷമാക്കി ചുരുക്കാൻ ജൂലൈ 1 നു ഉത്തരവായിരുന്നു. ജൂലൈ 1 നു മുൻപുള്ളവർക്കു 10 വർഷമായി നിബന്ധന തുടരുകയായിരുന്നു. ഏഴു വർഷം എന്ന ഇളവ് ഭവന നിർമ്മാണ ആനുകൂല്യം ലഭിച്ച എല്ലാവർക്കും ബാധമാക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് എറണാകുളം ജില്ലാ തദ്ദേശ അദാലത്തിൽ ഉത്തരവിട്ടു.

2024 ജൂലൈ 1 നു മുൻപ് ഭവന ആനുകൂല്യം ലഭിച്ചയാളുകൾക്കും ഇതോടെ ഈ ഇളവ് ലഭിക്കും. വീട് വിൽക്കുന്നതോടെ ഇവർ വീണ്ടും ഭവനരഹിതരാകുന്നില്ല എന്ന ഉറപ്പിലാണ് ഈ അനുവാദം നൽകുക. കുന്നുകര ഗ്രാമപഞ്ചായത്തിലെ മാമ്പിള്ളി ദേവസിയുടെ മകൻ പൌലോസ് ഇ എം എസ് ഭവന പദ്ധതി പ്രകാരം എട്ട് വർഷം മുൻപ് ലഭിച്ച വീട് വിൽക്കാനുള്ള അനുവാദം തേടി അദാലത്തിനെ സമീപിക്കുകയായിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് പൊതുവായ ഉത്തരവ് പുറപ്പെടുവിക്കാൻ മന്ത്രി നിർദ്ദേശിച്ചത്.

തിരുവനന്തപുരം ഒറ്റയ്ക്ക് താമസിക്കുന്നവരും അനാരോഗ്യം കാരണം പെൻഷൻ നേരിട്ട് വാങ്ങാൻ കഴിയാത്തവരുമായ ആളുകൾക്ക് പെൻഷൻ തുക വീട്ടിലെത്തിച്ച് നൽകുമെന്ന് മന്ത്രി എം. ബി രാജേഷ്. എറണാകുളം ടൗൺഹാളിൽ നടന്ന തദ്ദേശ അദാലത്തിൽ അങ്കമാലി പീച്ചാനിക്കാട് ചിറക്കൽ വീട്ടിൽ സി. ഒ വർഗീസിന്റെ പരാതി പരിഹരിച്ചു കൊണ്ടാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. അദാലത്തിൽ പരിഗണിച്ച ആദ്യ പരാതി ആയിരുന്നു ഇത്.

67 കാരനായ വർഗീസ് ബാങ്ക് വഴി നിലവിൽ ലഭിക്കുന്ന പെൻഷൻ തുക വീട്ടിലെത്തിക്കുന്ന രീതിയിലേക്ക് ആക്കണം എന്ന് കാണിച്ച് അങ്കമാലി നഗരസഭയിൽ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിക്ക് പരിഹാരം കാണാത്തതിനെ തുടർന്നാണ് തദ്ദേശ അദാലത്തിലേക്ക് എത്തിയത്. അദാലത്തിനെ കുറിച്ച് പത്രത്തിൽ വായിച്ച് അറിഞ്ഞതിനെത്തുടർന്ന് അക്ഷയ വഴിയാണ് പരാതി സമർപ്പിച്ചത്. വാർദ്ധക്യസഹജമായ അവശതകളും, കേൾവി ശക്തിക്ക് കുറവും നേരിടുന്ന വർഗീസിന് പെൻഷൻ തുക ബാങ്കിലെത്തി കൈപ്പറ്റുക എന്നത് ബുദ്ധിമുട്ടായിരുന്നു. പെൻഷൻ തുക, ഭാര്യ തയ്യൽ ജോലി ചെയ്തു കിട്ടുന്ന തുക എന്നിവയാണ് കുടുംബത്തിന്റെ വരുമാനം.

പരാതി പരിഹരിച്ചുകൊണ്ട് മന്ത്രി എം ബി രാജേഷ് നേരിട്ട് ഉത്തരവ് കൈമാറി. ‘പെൻഷൻ തുക ഇനി വീട്ടിൽ എത്തുന്നത് ഏറെ ആശ്വാസമാണെന്നും അദാലത്തിൽ പരാതിക്ക് പരിഹാരമായതിൽ സന്തോഷം ഉണ്ടെന്നും വർഗീസ് പറഞ്ഞു.

കൊച്ചി: അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ആ മാതൃക സ്വീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി ഇല്ലാതാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളെ സേവിക്കാനാണ് ശ്രമിക്കേണ്ടത്, അല്ലാതെ ബുദ്ധിമുട്ടിക്കാൻ അല്ല. കാലം കുറെ കടന്ന് പോയി. ജനങ്ങൾ ഉദ്യോഗസ്ഥരുടെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ടതില്ല. അപേക്ഷകൾ പരിഗണിക്കുന്നതിൽ ഒരു കാലതാമസവും ഉണ്ടാകരുതെന്നും പിണറായി വിജയൻ അറിയിച്ചു.

മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിലാണ് തദ്ദേശ അദാലത്ത് നടക്കുന്നത്. എറണാകുളം ജില്ലാതല തദ്ദേശ അദാലത്ത് (പഞ്ചായത്ത്, നഗരസഭാ തലം) ഇന്നും കൊച്ചി കോ4പ്പറേഷൻതല അദാലത്ത് നാളെയും നടക്കും. എറണാകുളം നോർത്ത് ടൗൺഹാളിലാണ് രണ്ട് അദാലത്തുകളും നടക്കുന്നത്. പൊതുജനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അപേക്ഷ നൽകിയതും സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ പരാതികളും പുതിയ പരാതികളും അദാലത്തിൽ ഉന്നയിച്ച് പരിഹാരം കാണാം. അദാലത്തിലേക്കുള്ള അപേക്ഷ അദാലത്ത് തീയതിക്ക് അഞ്ച് ദിവസം മുൻപ് വരെയാണ് വെബ് സൈറ്റിൽ അപ് ലോഡ് ചെയ്യുന്നതിനുള്ള സമയം.

ആഗസ്ത് 19ന് പാലക്കാട്, 21ന് തിരുവനന്തപുരം, 22ന് ആലപ്പുഴ, 23ന് കൊല്ലം, 24ന് കോട്ടയം, 29ന് തിരുവനന്തപുരം കോർപറേഷൻ, 30ന് ഇടുക്കി, സെപ്തംബർ 2ന് കണ്ണൂർ, 3ന് കാസർഗോഡ്, 5ന് മലപ്പുറം, 6ന് കോഴിക്കോട്, 7ന് കോഴിക്കോട് കോർപറേഷൻ, 9ന് തൃശൂർ, 10ന് പത്തനംതിട്ട എന്നിങ്ങനെയാണ് അദാലത്തുകൾ.

ശ്രീഹരിക്കോട്ട: ഐഎസ്ആർഒ വിക്ഷേപണ വാഹനമായ എസ്എസ്എൽവിയുടെ വിക്ഷേപണം വിജയകരം. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ് 08നെ എസ്എസ്എൽവി ബഹിരാകാശത്ത് എത്തിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു എസ്എസ്എൽവിയുടെ വിക്ഷേപണം.

ഇന്ത്യ പുതുതായി നിർമിച്ച ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്എസ്എൽവിയുടെ വിക്ഷേപണം വിജയകരം. 500 കിലോഗ്രാം വരെ ഭാരമുള്ള രണ്ട് ചെറുഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് രാവിലെ 9.18നായിരുന്നു വിക്ഷേപണം നടന്നത്.

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-02വിനെ എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിക്കും. ആസാദി സാറ്റിനെയും എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിക്കും. ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവർ എർത്ത് ഓർബിറ്റുകളിൽ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാൻ ലക്ഷ്യമിട്ടാണ് എസ്എസ്എൽവി നിർമിച്ചിരിക്കുന്നത്.

34 മീറ്ററാണ് ഉയരം. രണ്ട് മീറ്റർ വ്യാസം. 500 കിലോമീറ്റർ വരെ ഉയരത്തിൽ 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ കൊണ്ടെത്തിക്കാൻ എസ്എസ്എൽവിക്കാകും. മൈക്രോസാറ്റ് ശ്രേണിയിൽപ്പെട്ട ഇഒഎസ് 2 ന്റെ ലക്ഷ്യം ഭൗമനിരീക്ഷണവും ഗവേഷണവുമാണ്. ഭാവിയിൽ ഈ ഓർബിറ്റിൽ നമ്മൾ സ്ഥാപിക്കാനുദ്ദേശിക്കുന്ന ദീർഘകാല ഉപഗ്രഹങ്ങൾക്കായുള്ള പഠനത്തിന് ഇഒഎസ് 2 ഉപകാരപ്പെടും.

രാജ്യത്തെ 75 വിദ്യാലയങ്ങളിലെ 750 പെൺകുട്ടികൾ ചേർന്ന് നിർമിച്ചതാണ് ആസാദി സാറ്റ് എന്ന കുഞ്ഞൻ ഉപഗ്രഹം. എട്ട് കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹത്തിൽ ഹാം റേഡിയോ ട്രാൻസ്മിറ്റർ, റേഡിയേഷൻ കൗണ്ടർ തുടങ്ങി 75 പേലോഡുകളാണ് ഇതിലുള്ളത്. ഓരോന്നിനും ശരാശരി 50 ഗ്രാം ഭാരം. വിക്ഷേപണത്തിന് ശേഷം 3 ഘട്ടങ്ങൾക്ക് ശേഷം. 12 മിനുട്ടും 36 സെക്കന്റും പിന്നിട്ടപ്പോൾ ഇഒഎസ് 2 ഭ്രമണപഥത്തിലെത്തി. അൻപത് സെക്കന്റുകൾ കൂടി പിന്നിട്ടപ്പോൾ ആസാദി സാറ്റും ഭ്രമണപഥത്തിലെത്തി.