ന്യൂഡൽഹി: സിഎജിയുടെ സേവനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻ സർക്കാരിന്റെ കള്ളക്കളികൾ പുറത്ത് കൊണ്ടുവന്നത് സിഎജിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഓഡിറ്റിനെ ഭയപ്പാടോടെ കണ്ടിരുന്ന കാലം മാറിയെന്നും രാജ്യത്തിന്റെ പുരോഗതിയിൽ സിഎജി നിർണ്ണായക പങ്കുവഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രഥമ ഓഡിറ്റ് ദിനത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഭരണസംവിധാനത്തിൽ സിഎജി അഭിവാജ്യഘടകമാണ്. രാജ്യത്തിന്റെ ഉൽപാദന ക്ഷമത കൂട്ടുന്നതിൽ സിഎജിയുടെ പങ്ക് വളരെ വലുതാണ്. മുൻ സർക്കാരുകളും സിഎജിയും തമ്മിൽ വലിയ വടംവലി നടന്നുവെന്ന വിമർശനവുംഅദ്ദേഹം ഉന്നയിച്ചു. സിഎജി ഒരു ഫയൽ ആവശ്യപ്പെട്ടാൽ അത് നൽകാൻ ഉദ്യോഗസ്ഥർ ബാധ്യതസ്ഥരാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഓഡിറ്റിനെ ഭയത്തോടെയാണ് ഉദ്യോഗസ്ഥർ കണ്ടിരുന്നത്. യുപിഎ സർക്കാരിന്റെ കാലത്തെ കള്ളക്കളികൾ പുറത്ത് കൊണ്ടുവന്നത് സിഎജിയാണ്. ഇപ്പോൾ ആധുനികവൽക്കരണത്തിന്റെ കാലത്താണ് സിഎജിയെന്നും ഓഡിറ്റിൽ സർക്കാർ ഇടപെടലുകൾ കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ സിഎജിയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതായുള്ള ആരോപണം നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് പ്രധാനമന്ത്രി സിഎജി സേവനങ്ങളെ പ്രശംസിച്ചു കൊണ്ടുള്ള പരാമർശങ്ങൾ നടത്തിയിരിക്കുന്നത്.

