General (Page 120)

തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണ വിവാദത്തിൽ പത്തനംതിട്ട എസ്പി എസ്.സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്തു. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഗുരുതര ചട്ടലംഘനമെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

സുജിത് ദാസിനെ സസ്പെൻഡ് ചെയ്യാൻ ആഭ്യന്തര വകുപ്പ് ശുപാർശ ചെയ്തിരുന്നു. മലപ്പുറം മുൻ എസ്പിയായ സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് റിപ്പോർട്ട്.

ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് റെയിഞ്ച് ഡിഐജി ഡിജിപിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടി. വിവാദത്തിനു പിന്നാലെ സുജിത് ദാസ് അവധിയിൽ പ്രവേശിച്ചിരുന്നു.

തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോ സംസ്ഥാന വ്യാപകമായി സെപ്റ്റംബർ 5 മുതൽ 14 വരെ ഓണം ഫെയറുകൾ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 5 ന് വൈകിട്ട് 5 മണിക്ക് കിഴക്കേകോട്ട ഇ.കെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സെപ്റ്റംബർ 6 മുതൽ 14 വരെ ജില്ലാതല ഫെയറുകളും സെപ്റ്റംബർ 10 മുതൽ 14 വരെ താലൂക്ക് / നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും നടക്കും. 13 ഇനം സബ്‌സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉൽപ്പന്നങ്ങൾ, എഫ്.എം.സി.ജി ഉത്പന്നങ്ങൾ എന്നിവ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ഓണം ഫെയറുകളിലൂടെ ലഭിക്കും.

ഓണക്കാലത്തെ വിപണി ഇടപെടലിനായുള്ള 13 ഇനം സബ്‌സിഡി സാധനങ്ങളുടെ ടെണ്ടർ നടപടികൾ സപ്ലൈകോ പൂർത്തിയാക്കിയതായി മന്ത്രി പറഞ്ഞു. 13 ഇനം ആവശ്യസാധനങ്ങളുടെ ലഭ്യത സപ്ലൈകോയുടെ എല്ലാ ഓണം ഫെയറുകളിലും മറ്റ് ഔട്ട്ലൈറ്റുകളിലും ഉറപ്പാക്കും. ഓണക്കാല വിപണി ഇടപെടലിനായി 300 കോടി രൂപ വിലമതിക്കുന്ന അവശ്യസാധനങ്ങൾക്ക് സപ്ലൈകോ പർച്ചെയ്‌സ് ഓർഡർ നൽകി. നിലവിൽ സപ്ലൈകോ വില്പനശാലകളിൽ ദൗർലഭ്യം നേരിട്ടിരുന്ന പഞ്ചസാര ഓണത്തോടനുബന്ധിച്ച് എല്ലാ വിൽപന ശാലകളിലും എത്തിക്കും.

പ്രമുഖ ബ്രാൻഡുകളുടെ 200 ലധികം നിത്യോപയോഗ സാധനങ്ങൾക്ക് വൻവിലക്കുറവ് നൽകിയാണ് സപ്ലൈകോ ഓണം മാർക്കറ്റുകളിൽ എത്തിക്കുന്നത്. നെയ്യ്, തേൻ, കറിമസാലകൾ, മറ്റു ബ്രാൻഡഡ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പ്രധാന ബ്രാൻഡുകളുടെ ഡിറ്റർജെന്റുകൾ, ഫ്‌ലോർ ക്ലീനറുകൾ, ടോയ്ലറ്ററീസ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് 45 ശതമാനം വിലക്കുറവ് നൽകും. 255 രൂപയുടെ ആറ് ശബരി ഉൽപ്പന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന ശബരി സിഗ്‌നേച്ചർ കിറ്റ് എന്ന പ്രത്യേക പാക്കേജും ഉണ്ടാവും. വിവിധ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് നിലവിലെ വിലക്കുറവിന് പുറമേ 10 ശതമാനം വരെ അധിക വിലക്കുറവ് നൽകുന്ന ഡീപ്പ് ഡിസ്‌കൗണ്ട് അവേഴ്‌സ് സ്‌കീം നടപ്പാക്കും. ഉച്ചയ്ക്ക് 2 മണി മുതൽ 4 വരെ ആയിരിക്കും ഇത്. പ്രമുഖ ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് ആകർഷകമായ കോമ്പോ ഓഫറുകളും ബൈ വൺ ഗെറ്റ് വൺ ഓഫറും ലഭ്യമാണ്.

തിരുവനന്തപുരം ജില്ലയിൽ ഓണത്തിനു മുമ്പ് സപ്ലൈകോയുടെ അഞ്ച് പുതിയ വിൽപന ശാലകൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യും. ചെറുപയർ പരിപ്പ്, സേമിയ പായസം മിക്‌സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർ പൊടി, മുളക് പൊടി, മഞ്ഞൾ പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ അവശ്യസാധനങ്ങളും തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്. ക്ഷേമ സ്ഥാപനങ്ങളിൽ താമസിക്കുന്നവരിൽ 4 പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക. ഓണക്കിറ്റുകൾ സംസ്ഥാനത്തെ റേഷൻ കടകൾ വഴി സെപ്റ്റംബർ 9 മുതൽ വിതരണം തുടങ്ങും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് സെപ്റ്റംബർ 10 മുതൽ ഉദ്യോഗസ്ഥർ കിറ്റുകൾ നേരിട്ട് എത്തിക്കും. സപ്ലൈകോ വഴിയുള്ള ഓണക്കിറ്റ് വിതരണത്തിനായി 34.29 കോടി രൂപ സർക്കാർ ചെലവഴിക്കും.

സംസ്ഥാനത്തെ എല്ലാ എൻ.പി.എസ് (നീല), എൻ.പി.എൻ.എസ് (വെള്ള) കാർഡുടമകൾക്കും 10 കിലോ അരി 10.90 രൂപ നിരക്കിൽ സ്‌പെഷ്യലായി വിതരണം ചെയ്യും. സെപ്റ്റംബർ മാസത്തെ റേഷനോടൊപ്പമാണ് മുൻഗണനേതര വിഭാഗക്കാർക്ക് സ്‌പെഷ്യൽ അരി ലഭ്യമാകുന്നത്. സംസ്ഥാനത്തെ 22.62 ലക്ഷം നീല കാർഡുകാർക്കും 29.76 ലക്ഷം വെള്ള കാർഡുകാർക്കും ഉൾപ്പെടെ ആകെ 52.38 ലക്ഷം കാർഡുടമകൾക്ക് പ്രയോജനം ലഭിക്കും.

സപ്ലൈകോ മുഖേന നിലവിൽ നൽകി വരുന്ന അരി ഓണത്തോടനുബന്ധിച്ച് 10 കിലോ ആയി വർധിപ്പിക്കും. മഞ്ഞക്കാർഡുടമകൾക്ക് നൽകി വന്നിരുന്ന ഒരു കിലോ പഞ്ചസാര വിതരണം പുനരാരംഭിക്കും.

സംസ്ഥാന സർക്കാരിന്റെ 4-ാം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി സെപ്റ്റംബർ 4ന് കെ സ്റ്റോർ എന്ന പദ്ധതി പൂർത്തിയാകുമെന്ന് മന്ത്രി പറഞ്ഞു.

കൊച്ചി: ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി നടൻ സിദ്ദിഖ്. യുവ നടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്നാണ് സിദ്ദിഖ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. 5 വർഷം മുൻപ് സോഷ്യൽ മീഡിയയിൽ ഉന്നയിച്ച ആരോപണമാണ് വീണ്ടും ഉന്നയിക്കുന്നത്. അന്ന് ബലാത്സംഗം ചെയ്‌തെന്ന് പറഞ്ഞിരുന്നില്ല. ബലാത്സംഗ പരാതി ഇപ്പോൾ മാത്രമാണ് ഉന്നയിക്കുന്നത്. പരാതി തന്നെ അപമാനിക്കാനാണെന്നും സിദ്ദിഖ് പറഞ്ഞു.

അതേസമയം, സിദ്ദിഖിനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. സംഭവം നടന്ന 2016 ജനുവരി 28ന് 101 D മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂർണമായും വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്.

മലപ്പുറം: എഡിജിപി അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പി വി അൻവർ എംഎൽഎ. എം ആർ അജിത്ത് കുമാർ തിരുവനന്തപുരത്ത് കവടിയാറിൽ വലിയൊരു കൊട്ടാരം പണിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കവടിയാറിൽ 12000/15000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് അജിത് കുമാർ പണിയുന്നതെന്നും പി വി അൻവർ വ്യക്തമാക്കി.

15 കോടിക്കാണ് അജിത് കുമാർ കവടിയാറിൽ വീട് വെക്കാൻ സ്ഥലം വാങ്ങിയതെന്നും ഇതിനുള്ള പണം അജിത് കുമാറിന് എവിടുന്ന് കിട്ടിയെന്നും പി വി അൻവർ ചോദിച്ചു. എടവണ്ണക്കേസിൽ നിരപരാധിയെ എം ആർ അജിത്ത് കുമാർ കുടുക്കി. എടവണ്ണ യുവാവ് വെടിയേറ്റ് മരിച്ച കേസിൽ പ്രതിയായ ഷാൻ ഒരിക്കലും ഭർത്താവിനെ കൊല്ലില്ലെന്നാണ് എന്നാണ് മരിച്ച റിദാന്റെ ഭാര്യ തന്നോട് പറഞ്ഞത്. കേസിൽ കള്ളമൊഴി നൽകാൻ ഭാര്യക്കുമേൽ പൊലീസ് വലിയതോതിൽ സമ്മർദം ചെലുത്തി. ക്രൂരമായി മർദ്ദിച്ചു. അവർ വഴങ്ങിയില്ല. മരിച്ച റിദാന്റെ രണ്ട് ഫോണും കണ്ടെത്താനായിട്ടില്ല. സോളാർ കേസ് അട്ടിമറിച്ചതിൽ പ്രധാന ഉത്തരവാദി എം ആർ അജിത്ത് കുമാറാണെന്നാണ് പി വി അൻവർ അറിയിച്ചു.

അജിത്ത് കുമാറിന്റെ സംഘം വിമാനത്താവളത്തിൽ നിന്നും കോടികളുടെ സ്വർണം കടത്തിയിട്ടുണ്ട്. മുജീബ് എന്നയാളാണ് എം.ആർ അജിത്ത് കുമാറിന്റെ പ്രധാന സഹായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണും സംഘം ചോർത്തുന്നുണ്ട്. മുഖ്യമന്ത്രിയുടേയും ഓഫീസിലേയും ഫോൺ ചോർത്തുന്നുവെന്നും പി വി അൻവർ ആരോപിച്ചു.

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റും. പകരം ചുമതല എച്ച് വെങ്കിടേഷിനെയോ ബൽറാം കുമാറിനോ നൽകുമെന്നാണ് സൂചന. എഡിജിപി അജിത് കുമാറിനെതിരെ ഡിജിപി കെ പത്മകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടാനാണ് സാധ്യത. സീനിയർ ഡിജിപിയാണ് കെ പത്മകുമാർ.

അതേസമയം, പി വി. അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചു. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും.

രാവിലെ, മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ്.ദർവേഷ് സാഹിബും കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിൽ ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ആരോപണങ്ങൾ അന്വേഷിക്കുന്നതാണു നല്ലതെന്ന് മുഖ്യമന്ത്രിയെ ഡിജിപി ധരിപ്പിച്ചെന്നാണു വിവരം. ഇതിനു പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം. ആർ. അജിത്കുമാർ കൊടിയ ക്രിമിനാലാണെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പി.വി. അൻവർ എംഎൽഎ ഉന്നയിച്ചത്.

തിരുവനന്തപുരം: പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും.

എഡിജിപി എം ആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നു നീക്കിയേക്കും. രാവിലെ, മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ് ദർവേഷ് സാഹിബും കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിൽ ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ആരോപണങ്ങൾ അന്വേഷിക്കുന്നതാണു നല്ലതെന്ന് മുഖ്യമന്ത്രിയെ ഡിജിപി ധരിപ്പിച്ചെന്നാണു വിവരം. ഇതിനു പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം. ആർ. അജിത്കുമാർ കൊടിയ ക്രിമിനാലാണെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പി.വി. അൻവർ എംഎൽഎ ഉന്നയിച്ചത്.

തിരുവനന്തപുരം: കേരളം ടൂറിസം സംസ്ഥാനമായി വളരുമ്പോൾ ആഭ്യന്തര വളർച്ചയുടെ ഏറിയ പങ്കും വഹിക്കാൻ പറ്റുന്ന മേഖലയായി വിനോദസഞ്ചാരം മാറുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ലോക സമ്പദ് വ്യവസ്ഥയുടെ ഒമ്പതു ശതമാനം വിനോദസഞ്ചാര മേഖലയിൽ നിന്നാണ്. കേരളത്തിൽ ഇത് ജിഡിപിയുടെ 10 ശതമാനമാണ്. വലിയ വളർച്ചയാണ് ലോക ടൂറിസം സംഘടന വിനോദ സഞ്ചാര മേഖലയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. 2024 ൽ 11.1 ട്രില്യൺ വരെ എത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മാറുന്ന കാലത്തിന് അനുസരിച്ച് ടൂറിസം മേഖലയിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. മൈസ്, ഡെസ്റ്റിനേഷൻ വെഡ്ഡിങ്, അനുഭവവേദ്യ-ഉത്തരവാദിത്ത ടൂറിസം, ഫുഡ്-സാഹസിക ടൂറിസം തുടങ്ങി ലോകത്തിലെ തന്നെ മികച്ച തൊഴിൽദാതാവായി ഈ മേഖല മാറുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിന് ഇനിയും വലിയ സാധ്യതകളാണുള്ളതെന്നും ഇത് പ്രയോജനപ്പെടുത്തുന്ന നൂതന പദ്ധതികളാണ് സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കി വരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ് ഹൈസ്‌കൂളുകളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നേരത്തെ അപേക്ഷിച്ച സ്‌കൂളുകൾ വീണ്ടും അപേക്ഷിക്കണം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് സെപ്റ്റംബർ അഞ്ചിനു വൈകിട്ട് അഞ്ചുമണിക്കുമുമ്പായി spcprogramme.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. അപേക്ഷയുടെ അസ്സലും അനുബന്ധരേഖകളും എസ്പിസി പദ്ധതിയുടെ ജില്ല ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. അപേക്ഷയുടെ പകർപ്പ് അതത് പോലീസ് സ്റ്റേഷനിലും നൽകണം. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും keralapolice.gov.in/page/notificationൽ ലഭിക്കും.

ഹൈസ്‌കൂൾ ഭാഗത്തിൽ കുറഞ്ഞത് 500 വിദ്യാർഥികളും പദ്ധതിയിൽ പ്രവേശനം നടത്തുന്ന എട്ടാം ക്ലാസിൽ കുറഞ്ഞത് 100 വിദ്യാർത്ഥികളും ഉള്ള വിദ്യാലയങ്ങൾക്ക് അപേക്ഷിക്കാം. പരിശീലനത്തിനുള്ള ഗ്രൗണ്ട്, എസ് പി സി ഓഫീസ് സജ്ജീകരിക്കാനും കേഡറ്റുകൾക്ക് വസ്ത്രം മാറാനുമുള്ള മുറികൾ, മറ്റു സൗകര്യങ്ങൾ എന്നിവ നിർബന്ധമാണ്. ഫോൺ: 04712432655.

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്കെതിരായ പി വി അൻവറിന്റെ വെളിപ്പെടുത്തൽ പരിശോധിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ആരോപണങ്ങളിൽ വസ്തുതയുണ്ടോയെന്ന് നോക്കി തുടർനടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

അൻവർ പാർട്ടിയുമായി കൂടിയാലോചിച്ചല്ല കാര്യങ്ങൾ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അൻവർ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നയാളാണ്. സിപിഐഎമ്മുമായി സഹകരിക്കുന്ന വ്യക്തി എന്ന നിലയിൽ വിവരങ്ങൾ ആരായും. തെളിവുകൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

ആഭ്യന്തരവകുപ്പ് പൂർണ്ണ പരാജയമാണെന്നാണ് അജിത് കുമാറിനും പി ശശിക്കുമെതിരായ ആരോപണങ്ങളിലൂടെ പി വി അൻവർ വ്യക്തമാക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകൾ വരെ ചോർത്തിയെന്നും അൻവർ വെളിപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം: പോക്‌സ് കേസിൽ ഇരയായ കുട്ടികൾക്ക് ആവശ്യമായ പിന്തുണയും സഹായവും നൽകുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും കോടതി വിധികളും ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ, കോടതികൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി ഇതുമായി ബന്ധപ്പെട്ട സമൂഹം അറിയുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബാലാവകാശ സംരക്ഷണ കമ്മീഷൻ മുൻകൈ എടുക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മനു പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പോക്‌സോ ആക്ട് സംസ്ഥാനതല കർത്തവ്യവാഹകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്. ഇരയായ കുട്ടികളോട് പെരുമാറുന്നതും പുനരധിവസിപ്പിക്കുന്നതും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് ഇതുവരെ നടപടിയായിട്ടില്ല. കുട്ടികൾക്കിടയിൽ ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം നേരത്തെ തന്നെ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കൂടുതൽ വ്യക്തതയും ഫലപ്രാപ്തിയും കാണാനുള്ള ശ്രമങ്ങൾ ബാലാവകാശ കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികൾ കടന്നു പോകുന്ന മാനസികാവസ്ഥ കഠിനമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ. വി. മനോജ്കുമാർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ ഇരകളിലും അവരുടെ കുടുംബങ്ങളിലും വലിയ ആഘാതം ഉണ്ടാക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. ജോൺ എസ്. റാൽഫ് മുഖ്യപ്രഭാഷണം നടത്തി. കമ്മീഷൻ അംഗങ്ങൾ, ഉദ്യോഗസ്ഥർ,കർത്തവ്യവാഹകർ എന്നിവർ സംബന്ധിച്ചു.