General (Page 121)

കോട്ടയം: മലയാള സിനിമ മേഖലയിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി ചാർമിള. സംവിധായകരും നിർമാതാക്കളും അഭിനേതാക്കളും അടക്കം ഇരുപത്തിയെട്ടുപേർ തന്നോട് മോശമായി പെരുമാറി എന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്‌മെന്റിന് ചോദിച്ചു. തന്റെ സുഹൃത്തായ വിഷ്ണുവിനോടാണു താൻ അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്ന് ഹരിഹരൻ ചോദിച്ചത്. തയ്യാറല്ലെന്ന് പറഞ്ഞതോടെ ‘പരിണയം’ സിനിമയിൽ നിന്ന് ഒഴിവാക്കി. ‘അർജുനൻ പിള്ളയും അഞ്ച് മക്കളും’ സിനിമയുടെ നിർമാതാവിനെതിരെയും ചാർമിള ആരോപണമുന്നയിച്ചു.

അതേസമയം, സംവിധായകൻ ഹരിഹരനെതിരെ നടി ചാർമ്മിള ഉയർത്തിയ ആരോപണം വാസ്തവമെന്ന് നടിയുടെ സുഹൃത്തും നടനുമായ വിഷ്ണു വ്യക്തമാക്കി. ചാർമ്മിളയോട് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിക്കാൻ ഹരിഹരൻ പറഞ്ഞെന്നും ‘അവർ വഴങ്ങുമോ’ എന്നാണ് തന്നോട് ചോദിച്ചതെന്നും വിഷ്ണു ഒരു ടെലിവിഷൻ ചാനലിനോട് പ്രതികരിച്ചു.

തൃശൂർ: നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരെ വീണ്ടും കേസ്. തൃശൂർ വടക്കാഞ്ചേരിയിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വടക്കാഞ്ചേരിക്കടുത്തെ ഹോട്ടലിൽ വച്ച് മുകേഷ് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് നടപടി. 2011 ൽ ആയിരുന്നു കേസിനു ആസ്പദമായ സംഭവം.

ഭാരതീയ ന്യായ സംഹിത 354, 294 ബി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസിൽ നോട്ടീസ് നൽകി മുകേഷിനെ വിളിപ്പിക്കും. കേസിന്റെ തുടർനടപടികൾ ആലോചിച്ച ശേഷം സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: ഹേമ കമ്മിറ്റി അഭിമാനിക്കാവുന്ന കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്ക് നിർഭയമായി കടന്നു വരാനും ജോലി ചെയ്യാനും ഉള്ള അവസരം സിനിമാരംഗത്ത് ഉണ്ടാകണം. ഹേമ കമ്മിറ്റി മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

മനസ്സുകളെ മലിനമാക്കുന്ന പ്രവർത്തികൾ സിനിമാരംഗത്ത് ഉണ്ടാകരുതെന്നും കലാകാരികളുടെ മുന്നിൽ ഉപാധികൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കലാരംഗത്തെ ശുദ്ധീകരിക്കാൻ സർക്കാർ പ്രതിജ്ഞബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കാലങ്ങളായി തീർപ്പാകാതെ നിൽക്കുന്ന പട്ടയ കേസുകൾ പൂർണമായും ഈ സർക്കാരിന്റെ കാലത്ത് തന്നെ തീർപ്പാക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. പട്ടയം, ഭൂമി തരംമാറ്റം, ഡിജിറ്റൽ സർവെ എന്നിവ സംബന്ധിച്ച ജില്ലാ കളക്ടർമാരുടെയും സബ് കളക്ടർമാർ, ഡെപ്യൂട്ടി കളക്ടർമാരുടെയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകദേശം 40,000ത്തോളം പട്ടയ കേസുകളാണ് സംസ്ഥാനത്ത് ഇനിയും തീർപ്പാക്കാനുള്ളത്. പഴയകാലത്ത് നിയമപരമായ അറിവില്ലായ്മ കൊണ്ടോ, വ്യവഹാരങ്ങളിലെ താല്പര്യക്കുറവുകൊണ്ടോ ആണ് പലതും തീർപ്പാകാതെ കിടക്കുന്നത്. കേസുകളുടെ തൽസ്ഥിതി പരിശോധിക്കണം. ഇതിനായി എൽആർ ഡെപ്യൂട്ടി കളക്ടർമാർ, എൽടി തഹസിൽദാർമാർ എന്നിവരുടെ യോഗം ചേരാൻ മന്ത്രി ജില്ലാ കളക്ടർമാരോട് നിർദ്ദേശിച്ചു.

പട്ടയ അപേക്ഷകളിൽ ഒഴിവാക്കപ്പെട്ട ആളുകളിൽ അർഹരായവർ ഉണ്ടോ എന്ന പരിശോധനകൾ നടത്താനും മന്ത്രി നിർദ്ദേശിച്ചു. ഭൂമി പതിച്ചുനൽകുന്നതിലേക്കായി തനത് ഭൂമി, സംരക്ഷിത ഭൂമി എന്നിവയുടെ അധികാര കൈമാറ്റത്തിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉറപ്പ് ലഭ്യമായിട്ടുണ്ട്. ഇവയിൽ തുടർ നടപടികളുണ്ടാകും. ജില്ലകളിൽ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള പട്ടയങ്ങളുടെ വിതരണം സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നടത്തും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബർ 12ന് കളമശേരിയിൽ നടക്കും.

ഭൂമി തരംമാറ്റം സംബന്ധിച്ച നടപടികളിൽ ഏജന്റുമാരുടെ ഇടപെടലുകളില്ലാതിരിക്കാൻ ജാഗ്രത വേണമെന്ന് മന്ത്രി നിർദ്ദേശിച്ചു. രണ്ടാഴ്ചയിലൊരിക്കൽ ഭൂമി തരംമാറ്റം ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർമാരുടെ അവലോകന യോഗം ചേരണം. ഡിജിറ്റൽ റീ സർവെ പ്രക്രിയയുടെ പുരോഗതി സർവെ ഡയറക്ടർ സീറാം സാംബശിവ റാവു ഓൺലൈനിൽ വിവരിച്ചു. തുടർന്നുള്ള മാസങ്ങളിൽ നോഡൽ ഓഫീസർമാരുടെ അവലോകന യോഗം ചേരും. ഡിജിറ്റൽ റീ സർവെ പൂർത്തിയായ വില്ലേജുകളിലെ കരട് റിപ്പോർട്ട് അതത് പ്രദേശങ്ങളിലെ ഭൂവുടമകൾ കണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി കെ രാജൻ ഉദ്യോഗസ്ഥരോട് പറഞ്ഞു.

റവന്യു-ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ. ഗീത എന്നിവരും യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം: സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസത്തേക്ക് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളി പ്രവാസികൾക്കായി ഹെൽപ്പ് ഡെസ്‌ക് ഒരുക്കാൻ തീരുമാനിച്ചു. നോർക്ക-റൂട്ട്‌സിന്റെയും ലോക കേരള സഭ സെക്രട്ടേറിയറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിലാണ് തീരുമാനമെടുത്തത്.

പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങൾ എത്തിക്കുക, അപേക്ഷ സമർപ്പിക്കാനും രേഖകൾ തയാറാക്കാനും സഹായിക്കുക, നാട്ടിലേക്ക് തിരിച്ചു വരാൻ താല്പര്യമുള്ളവർക്ക് യാത്രാസഹായം ഉൾപ്പെടെ പ്രവാസികളുടെ സഹായത്തോടെ നൽകുക എന്നിവയാണ് പ്രവാസി സമൂഹം ചെയ്തു വരുന്നത്.

അത്തരം പ്രവർത്തനങ്ങൾ സർക്കാരുമായും നോർക്കയുമായും എകോപിപ്പിക്കുന്നതിനാണ് ലോക കേരള സഭ പ്രതിനിധികളുടെ ഹെൽപ് ഡെസ്‌ക് രൂപീകരിച്ചത്.

നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, നോർക്ക റൂട്സ് സിഇഒ അജിത് കൊളശേരി, ലോക കേരള സഭ സെക്രട്ടേറിയറ്റ് പ്രതിനിധികൾ, ലോക കേരള സഭ അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്റെ തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതായി വ്യവസായമന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി എസ്.ഹരികിഷോർ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, കിൻഫ്ര ജനറൽ മാനേജർ അമ്പിളി എന്നിവരാണ് ടാസ്‌ക് ഫോഴ്സ് അംഗങ്ങൾ.

പദ്ധതിക്കായി ആഗോള ടെണ്ടർ ക്ഷണിക്കും. പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റിനെയും നിശ്ചയിക്കും. ഇതിനായുള്ള സമയക്രമം നിശ്ചയിച്ചതായി മന്ത്രി പറഞ്ഞു. പദ്ധതിക്ക് കേന്ദ്രാനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. പദ്ധതി പ്രദേശത്തേക്ക് വൈദ്യതി, വെള്ളം, റോഡ് ഉൾപ്പെടെയുള്ള ബാഹ്യഅടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല നെറ്റ്വർക്ക് പ്ളാനിംഗ് കമ്മിറ്റിയാണ് തയ്യാറാക്കുക. പദ്ധതി പ്രദേശത്തിന് പ്രത്യേക വ്യവസായ ടൗൺഷിപ്പ് പദവിയും നൽകും. ഏകജാലക സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും.

പദ്ധതിയുടെ മാസ്റ്റർപ്ളാൻ, ഡി.പി.ആർ ടെണ്ടർ രേഖകൾ എന്നിവ പൂർത്തിയായിട്ടുണ്ട്. പരിസ്ഥിതി അനുമതിയും ലഭിച്ചു. വ്യവസായ, വാണിജ്യ, പാർപ്പിട, പൊതുസേവന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമിയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ് മാസ്റ്റർപ്ളാൻ. 3806 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ 50 ശതമാനം ചെലവും സംസ്ഥാനമാണ് വഹിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 1789.92 കോടി രൂപ സംസ്ഥാനം വഹിച്ചു. പദ്ധതിക്കാവശ്യമായ 1710 ഏക്കർ ഭൂമിയും സംസ്ഥാനം ഏറ്റെടുത്തിരുന്നു. പ്രാരംഭ നടപടികളെല്ലാം കേരളം പൂർത്തിയാക്കിയതിനെത്തുടർന്നാണ് കേന്ദ്ര കാബിനറ്റിന്റെ അംഗീകാരം ലഭിച്ചതെന്ന് വ്യവസായമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വ്യവസായമന്ത്രി പി.രാജീവ് ഇക്കഴിഞ്ഞ ജൂൺ 28 ന് കേന്ദ്ര വ്യവസായമന്ത്രി പിയൂഷ് ഗോയലിനെയും സന്ദർശിച്ച് പദ്ധതിക്ക് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കൊച്ചി-ബാംഗ്ളൂർ വ്യവസായ ഇടനാഴിയുടെ ഏറ്റവും പ്രധാന ഭാഗമാണ് പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി. 1710 ഏക്കറിലാണ് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ നിലവിൽ വരിക. പുതുശേരി സെൻട്രലിൽ 1137 ഏക്കറും പുതുശേരി വെസ്റ്റിൽ 240 ഏക്കറും കണ്ണമ്പ്ര യിൽ 313 ഏക്കറും പദ്ധതിക്കായി ഏറ്റെടുത്തു. കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82 ശതമാനം സ്ഥലവും 2022 ൽ തന്നെ സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപ്പറേഷൻ എന്ന എസ്.പി.വി മുഖേനയാണ് വ്യവസായ ഇടനാഴി പ്രോജക്ട് നടപ്പാക്കുന്നത്.

ഭക്ഷ്യസംസ്‌കരണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, എയ്റോസ്പേസ്, മെഡിസിനൽ കെമിക്കൽസ്, ബൊട്ടാണിക്കൽ ഉൽപന്നങ്ങൾ, ടെക്സ്റ്റൈൽസ്, നോൺ മെറ്റാലിക് – മിനറൽ പ്രോഡക്റ്റ്സ്, റബ്ബർ- പ്ളാസ്റ്റിക് ഉൽപന്നങ്ങൾ, സെമി കണ്ടക്റ്ററുകൾ, ഇന്റഗ്രേറ്റഡ് സർക്യൂട്ട്, പ്രിന്റഡ് സർക്യൂട്ട്, നാനോടെക് ഉൽപന്നങ്ങൾ, ലിക്വിഡ് ക്രിസ്റ്റൽ ഡിവൈസസുകൾ, ഡാറ്റ പ്രോസസിംഗ് മെഷീൻ, ട്രാൻസ് മിഷൻ ഷാഫ്റ്റുകൾ, പി.വി.സി പൈപ്പ്, ട്യൂബുകൾ, പോളിയുറേത്തിൻ തുടങ്ങി വിവിധ മേഖലകളിൽ വ്യവസായ സംരംഭങ്ങൾ പാലക്കാട് ഉയർന്നു വരും. പ്രാദേശിക – കയറ്റുമതി വിപണികൾ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളാവും ഇവിടെ ആരംഭിക്കുന്നത്. വ്യവസായങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകുന്നതിനൊപ്പം നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്യും. ഉത്തരവാദ വ്യവസായം, ഉത്തരവാദ നിക്ഷേപം എന്ന നയത്തിലൂന്നിക്കൊണ്ട് പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങൾ സ്ഥാപിച്ച് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കും. കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് പുത്തനുണർവ്വ് നൽകുന്ന കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴി യാഥാർഥ്യമാകുമ്പോൾ 55000 പേർക്കെങ്കിലും നേരിട്ട് തൊഴിൽ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷ്യസംസ്‌കരണം, ലൈറ്റ് എഞ്ചിനീയറിംഗ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളുടെയും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങൾ, ഇലക്ട്രോണിക്സ്, ഐ.ടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിൽ ക്ലസ്റ്ററുകൾ വികസിപ്പിക്കാനാണ് ഇടനാഴിയുടെ ഭാഗമായി ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി.രാജീവ് വ്യക്തമാക്കി.

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) വ്യാജമായി പേര് ചേർക്കുന്നവർക്കെതിരെയും വ്യാജ കാർഡുണ്ടാക്കി വിതരണം നടത്തുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത്തരം കാർഡുകൾ ഉപയോഗിച്ചാൽ ചികിത്സാ ആനുകൂല്യം ലഭിക്കില്ല. സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലൂടെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് കാസ്പ്. പദ്ധതിയിൽ അംഗങ്ങളായ 581 സർക്കാർ, സ്വകാര്യ ആശുപത്രികളിലൂടെയാണ് സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നത്.

ഇത്തരത്തിൽ എംപാനൽ ചെയ്ത ആശുപത്രികളിൽ സജ്ജമാക്കിയിട്ടുള്ള കാസ്പ് കിയോസ്‌ക്കുകൾ മുഖേന മാത്രമാണ് പദ്ധതിയുടെ അനുബന്ധ സേവനങ്ങൾ ലഭ്യമാകുന്നത്. എന്നാൽ അനധികൃതമായി പ്രാദേശികമായി സംഘടിപ്പിക്കുന്ന ക്യാമ്പുകൾ മുഖേന പുതിയ അംഗങ്ങളെ ചേർക്കുന്നുവെന്നും, കാർഡ് പുതുക്കി നൽകുന്നുവെന്നും, തെറ്റായ സന്ദേശം പ്രചരിപ്പിച്ച് വ്യാജ കാർഡ് പ്രിന്റ് ചെയ്ത് നൽകി പണം കൈപ്പറ്റുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ കാർഡുകൾ പ്രിന്റ് ചെയ്തു നൽകുന്നത് നിയമവിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതിയിൽ ഗുണഭോക്താക്കളെ പുതുതായി ഉൾപെടുത്താനോ കാർഡ് പ്രിന്റ് ചെയ്ത് നൽകാനോ പദ്ധതി നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയോ സർക്കാരോ മറ്റാരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. സർക്കാരിന്റെ അനുമതിയില്ലാതെ ഇത്തരം ഏജൻസികൾ നടത്തുന്ന നിയമവിരുദ്ധമായ എൻറോൾമെന്റ് ക്യാമ്പുകളിൽ പങ്കെടുക്കരുത്. പണം നൽകി കാർഡ് പ്രിന്റ് ചെയ്ത് വഞ്ചിക്കപെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: താൻ ഒരിടത്തേക്കും ഒളിച്ചോടി പോയിട്ടില്ലെന്ന് മോഹൻലാൽ. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് മോഹൻലാലിന്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടാകുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിന്റെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

സിനിമകളുടെ റിലീസ് മാറ്റിവച്ചു. ഈ സമയത്ത് അത് റിലീസ് ചെയ്യാനാവില്ല. സിനിമ സമൂഹത്തിന്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാ രംഗം ആകെയാണ്. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽ ശരങ്ങൾ വരുന്നതും തനിക്കും അമ്മയ്ക്കും നേരെയാണെന്നും അദ്ദേഹം അറിയിച്ചു.

ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

കൊച്ചി: സംവിധായകൻ രഞ്ജിത്ത് നടി രേവതിക്ക് യുവാവിന്റെ നഗ്ന ചിത്രങ്ങൾ അയച്ചുവെന്ന ആരോപണം നിഷേധിച്ച് രേവതി. തനിക്ക് അത്തരം ചിത്രങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇതിനെ കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും രേവതി പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തോടായിരുന്നു രേവതിയുടെ പ്രതികരണം.

രഞ്ജിത്തിനെയും തന്നെയും കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തനിക്കറിയാം. ഇപ്പോൾ ആരോപിക്കപ്പെടുന്ന ഫോട്ടോകൾ തനിക്ക് ലഭിച്ചിട്ടില്ല, അതിനാൽ ഇതിനെക്കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് രേവതി വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണവുമായി ബംഗാളി നടിയും ഒരു സിനിമ പ്രവർത്തകനും രംഗത്ത് വന്നിരുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവിന്റെ പരാതി.

ഇസ്ഫഹാൻ: ഇറാന്റെ സൈനിക കേന്ദ്രത്തിൽ വാതക ചോർച്ച. ഇസ്ഫഹാൻ പ്രവിശ്യയിലെ ഇറാനിയൻ റെവല്യൂഷനറി ഗാർഡിന്റെ വർക്ക് ഷോപ്പിൽ ബുധനാഴ്ച രാത്രിയാണ് ചോർച്ചയുണ്ടായത്. വാതക ചോർച്ചയെ തുടർന്ന് രണ്ടുപേർ മരണപ്പെട്ടു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്യാപ്റ്റൻ മുജ്തബ നസാരിയും ലെഫ്റ്റനന്റ് കേണൽ മുഖ്താർ മുർഷിദിയുമാണ് മരിച്ചത്.

കൂടുതൽ വിവരങ്ങൾ റെവല്യൂഷനറി ഗാർഡ് പുറത്തുവിട്ടിട്ടില്ല. ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ തെഹ്റാനിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാൻ-ഇസ്രായേൽ യുദ്ധ ഭീതി നിലനിൽക്കുമ്പോഴാണ് വാതക ചോർച്ച. 2011ൽ മിസൈൽ താവളത്തിലുണ്ടായ സ്‌ഫോടനത്തിൽ മിസൈൽ പദ്ധതിയുടെ തലവനായ കമാൻഡർ ഹസൻ തെഹ്‌റാനി മുഗദ്ദം ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ടിരുന്നു.