പി വി അൻവറിന്റെ വെളിപ്പെടുത്തൽ പരിശോധിക്കും; വസ്തുതയുണ്ടെങ്കിൽ തുടർനടപടിയെന്ന് ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്കെതിരായ പി വി അൻവറിന്റെ വെളിപ്പെടുത്തൽ പരിശോധിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ആരോപണങ്ങളിൽ വസ്തുതയുണ്ടോയെന്ന് നോക്കി തുടർനടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

അൻവർ പാർട്ടിയുമായി കൂടിയാലോചിച്ചല്ല കാര്യങ്ങൾ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അൻവർ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നയാളാണ്. സിപിഐഎമ്മുമായി സഹകരിക്കുന്ന വ്യക്തി എന്ന നിലയിൽ വിവരങ്ങൾ ആരായും. തെളിവുകൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

ആഭ്യന്തരവകുപ്പ് പൂർണ്ണ പരാജയമാണെന്നാണ് അജിത് കുമാറിനും പി ശശിക്കുമെതിരായ ആരോപണങ്ങളിലൂടെ പി വി അൻവർ വ്യക്തമാക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകൾ വരെ ചോർത്തിയെന്നും അൻവർ വെളിപ്പെടുത്തിയിരുന്നു.