തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റും. പകരം ചുമതല എച്ച് വെങ്കിടേഷിനെയോ ബൽറാം കുമാറിനോ നൽകുമെന്നാണ് സൂചന. എഡിജിപി അജിത് കുമാറിനെതിരെ ഡിജിപി കെ പത്മകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടാനാണ് സാധ്യത. സീനിയർ ഡിജിപിയാണ് കെ പത്മകുമാർ.
അതേസമയം, പി വി. അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചു. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും.
രാവിലെ, മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ്.ദർവേഷ് സാഹിബും കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിൽ ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ആരോപണങ്ങൾ അന്വേഷിക്കുന്നതാണു നല്ലതെന്ന് മുഖ്യമന്ത്രിയെ ഡിജിപി ധരിപ്പിച്ചെന്നാണു വിവരം. ഇതിനു പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം. ആർ. അജിത്കുമാർ കൊടിയ ക്രിമിനാലാണെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പി.വി. അൻവർ എംഎൽഎ ഉന്നയിച്ചത്.

