General (Page 119)

തിരുവനന്തപുരം : പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട മുൻ എസ്പി എസ് സുജിത് ദാസിനെതിരേ കസ്റ്റംസ് അന്വേഷണം. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് അന്വേഷണം നടത്തുക. ഇത് സംബന്ധിച്ചുള്ള പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു തുടങ്ങി.

ദുബായിൽ നിന്ന് സ്വർണം വരുമ്പോൾ ഒറ്റുകാർ വഴി സുജിത് ദാസിന് വിവരം കിട്ടാറുണ്ട് എന്നതടക്കമുള്ള ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്.
സുജിത് ദാസ് മലപ്പുറം എസ്പിയായിരുന്ന സമയത്ത് നിരവധി തവണ സ്വർണക്കടത്ത് പിടികൂടിയിട്ടുണ്ട്. ഇത്തരത്തിൽ പിടിച്ചെടുത്ത സ്വർണത്തിന്റെ അളവുകളിൽ മാറ്റമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇത് വിശദമായി പരിശോധിക്കാനാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തീരുമാനിച്ചിരിക്കുന്നത്.

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

ഷെയ്ക് ദർവേഷ് സാഹിബ് (എസ്പിസി) ജി. സ്പർജൻ കുമാർ (ഐജിപി, സൗത്ത് സോൺ & സിപി, തിരുവനന്തപുരം സിറ്റി), തോംസൺ ജോസ് (ഡിഐജി, തൃശൂർ റേഞ്ച്), എസ്. മധുസൂദനൻ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്പി, എസ്എസ്ബി ഇന്റലിജൻസ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിക്കുക.

ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.

കൊച്ചി: മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് സംവിധായകൻ രഞ്ജിത്ത്. ബംഗാളി നടിയുടെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസിലാണ് സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചത്. രഞ്ജിത്തിന്റെ പാലേരിമാണിക്യം സിനിമയിലഭിനയിക്കാൻ കൊച്ചിയിലെത്തിയ നടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നായിരുന്നു ആരോപണം.

സിനിമയിൽ അവസരം നൽകാത്തതിലെ നിരാശയിലാണ് ബംഗാളി നടിയുടെ പരാതിയെന്നാണ് രഞ്ജിത്ത് ഹർജിയിൽ വ്യക്തമാക്കുന്നത്. നടിയുമായി സംസാരിച്ചപ്പോൾ സിനിമയിലെ മറ്റ് അണിയറ പ്രവർത്തകരുമുണ്ടായിരുന്നു. താൻ അസുഖബാധിതനായി ചികിത്സയിലാണ്. പൊലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും രഞ്ജിത്ത് ഹർജിയിൽ ആവശ്യപ്പെടുന്നു.

2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നായിരുന്നു ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ്. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി ആരോപിക്കുന്നു.

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് മുൻ മന്ത്രിയും സിപിഐ നേതാവുമായ വി എസ് സുനിൽകുമാർ. സംഭവത്തിൽ എഡിജിപി അജിത് കുമാറിന് പങ്കുണ്ടോ എന്ന് നേരിട്ടറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അൻവർ പറഞ്ഞ വിവരമേ ഉള്ളൂവെന്നും സുനിൽ കുമാർ അറിയിച്ചു.

പകൽ സമയത്ത് പ്രശ്‌നമില്ലായിരുന്നു. രാത്രിപൂരമാണ് നിർത്തിയത്. പൂരം കലക്കിയതിന്റെ ഗുണഭോക്താക്കളാണ് പൂരം കലക്കിയതിന് പിന്നിൽ. നേതൃത്വം കൊടുത്തതാരായാലും പുറത്തുവരണം. ബിജെപി സ്ഥാനാർഥി ആർഎസ്എസ് നേതാക്കൾക്കൊപ്പമാണ് വന്നത്. പൂരം കലക്കിയത് യാദൃശ്ചികമായല്ല. പൊലീസ് മാത്രമല്ല, പൂരത്തിന്റെ നടത്തിപ്പുകാർക്കും പങ്കുണ്ട്. അന്ന് നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിടണം. രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്യാൻ ആരാണ് തീരുമാനിച്ചതെന്ന് അദ്ദേഹം ചോദിക്കുന്നു.

പൂരം കലക്കിയത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തില്ല. പൂരം കലങ്ങിയതിന് ഇരയാക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് താൻ. ബിജെപി സ്ഥാനാർഥിയെ രാത്രി ആംബുലൻസിൽ എത്തിച്ചത് യാദൃശ്ചികമല്ല. ആരാണ് പിന്നിലെന്ന പൊലീസ് അന്വേഷണ റിപ്പോർട്ട് പുറത്തുവിടണം. എഡിജിപിയെ ബന്ധപ്പെടുത്തി ഒരു കമന്റ് പറയാനില്ല. തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് സിപിഐയുടെ ആവശ്യം. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് ഐസർ മൊഹാലിയിലെ ഗവേഷകർ. തുലാമഴ അതിശക്തമായി പെയ്താൽ ഇളകി നിൽക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.

പുഞ്ചിരിമട്ടത്തിനോട് ചേർന്നുണ്ടായ പാറയിടുക്കിൽ തങ്ങി, ഡാമിങ് ഇഫ്ക് ഉണ്ടാകാനുള്ള സാധ്യതയാണ് ഐസർ മൊഹാലിയുടെ പഠനത്തിലുള്ളത്. മഴ കനത്താൽ മറ്റൊരു ഉരുൾപൊട്ടലുണ്ടായേക്കാമെന്നും ഐസർ മൊഹാലിയുടെ പഠന റിപ്പോർട്ടിൽ പറയുന്നു.

പുഞ്ചിരിമട്ടത്തിനോട് ചേർന്നുണ്ടായ പാറയിടുക്കിൽ തങ്ങി, ഡാമിങ് ഇഫ്ക് ഉണ്ടാകാനുള്ള സാധ്യതയാണ് ഐസർ മൊഹാലിയുടെ പഠനത്തിലുള്ളത്. മഴ കനത്താൽ മറ്റൊരു ഉരുൾപൊട്ടലുണ്ടായേക്കാമെന്നും ഐസർ മൊഹാലിയുടെ പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇടുക്കി: മൂന്നാറിനെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്നും പ്രളയത്തിൽ തകർന്ന സർക്കാർ ആർട്‌സ് കോളേജ് പുനർ നിർമ്മിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. മൂന്നാറിൽ കോളെജ് പുനർനിർമ്മാണവുമായി ബന്ധപ്പെട്ട ആലോചന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നും മന്ത്രി. 2018 ലെ പ്രളയത്തിലാണ് കോളേജ് ഇരുന്ന പ്രദേശവും അക്കാദമിക് ബ്ലോക്കും പ്രിൻസിപ്പൽ കോട്ടേഴ്‌സുൾപ്പടെയുള്ള കെട്ടിടങ്ങൾ ഇടിഞ്ഞുപോയത്.

ഇപ്പോൾ കോളേജ് പ്രവർത്തിക്കുന്ന ഡിറ്റിപിസി ബഡ്ജറ്റ് ഹോട്ടൽ കെട്ടിടവും സമീപത്തെ ഭൂമിയും മൂന്നാർ കോളേജിനായി ഏറ്റെടുക്കുകയും ഇതിനു പകരമായി ഉരുൾപൊട്ടലിൽ തകർന്ന പഴയ മൂന്നാർ ഗവൺമെന്റ് കോളേജിന്റെ ഭൂമി ഡിറ്റിപിസി ഏറ്റെടുക്കുകയും ചെയ്യും.

ഇതോടൊപ്പം മൂന്നാർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിന്റെ ആൺകുട്ടികളുടെ ഹോസ്റ്റൽ ഭൂമിയും താൽക്കാലികമായി മൂന്നാർ കോളേജ് ഏറ്റെടുക്കും. നിലവിൽ എൻജിനീയറിങ് കോളേജിൽ പ്രവർത്തിക്കുന്ന കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് അവിടെ നിന്നും മാറ്റി ഇപ്പോൾ മൂന്നാർ കോളേജ് പ്രവർത്തിക്കുന്ന ഡിടിപിസിയുടെ ബഡ്ജറ്റ് ഹോട്ടലിന് സമീപം മോഡുലാർ ബിൽഡിങ് ഒരുക്കി താൽക്കാലിക സംവിധാനം തയ്യാറാക്കും. ഇതോടെ മൂന്നാർ കോളേജിലെ പ്രവർത്തനം വർഷങ്ങൾക്കുശേഷം ഒരിടത്താകും. പത്ത് ഏക്കർ ഭൂമിയെങ്കിലും ഒരുക്കിയാലെ റൂസ (RUSA) മോഡൽ കോളേജായി മൂന്നാർ കോളേജിന് മാറാൻ കഴിയൂ. നിലവിൽ 69 ഒന്നാംവർഷ വിദ്യാർഥികൾ ഉൾപ്പെടെ 190 വിദ്യാർഥികളാണ് കോളേജിൽ പഠനം നടത്തുന്നത്. നിലവിലെ ബി എ തമിഴ്, ബി എ എക്കണോമിക്‌സ്, ബികോം, ബി.എസ്.സി ഗണിതം, എം എ തമിഴ്, എം എ എക്കണോമിക്‌സ്, എം കോം തുടങ്ങിയ കോഴ്‌സുകൾക്ക് പുറമെ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ചുള്ള കോഴ്‌സും, ടൂറിസം, ഫുഡ് ടെക്‌നോളജി തുടങ്ങിയ പുതിയ കോഴ്‌സുകളും മൂന്നാർ കോളേജിൽ ആരംഭിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുകയാണ്.

ദേവികുളം എംഎൽഎ അഡ്വ എ രാജ ,ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി ,സബ് കളക്ടർ വി എം ജയകൃഷ്ണൻ , കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ സുധീർ കെ , കോളേജ് പ്രിൻസിപ്പൽ ഡോ മനീഷ് എൻ എ, വൈസ് പ്രിൻസിപ്പൽ ഡോ കെ റ്റി വന്ദന, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ്, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ ജോജു, ദേവികുളം തഹസിൽദാർ സജീവ് ആർ നായർ, മൂന്നാർ വില്ലേജ് ഓഫീസർ സെൽവി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം: ചെറുനഗരങ്ങളിലേക്ക് സർവീസ് നടത്താൻ സഹകരണം ആരാഞ്ഞ് നിരവധി പുതിയ എയർലൈനുകൾ സിയാലിനെ സമീപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റഗുലേറ്ററി ഏജൻസികളുടെ അനുമതി ലഭിക്കുന്നമുറയ്ക്ക് അത്തരം ചെറുകിട വിമാനക്കമ്പനികൾക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ്ബ് എന്നനിലയിൽ പ്രവർത്തിക്കാൻ സിയാൽ സൗകര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യപ്രതിബദ്ധത ഉയർത്തി യാത്രക്കാരുടെ ക്ഷേമത്തിനായി ഒട്ടേറെ വികസനപ്രവർത്തനങ്ങൾ സിയാലിൽ ആസൂത്രണം ചെയ്തുവരികയാണ്. 550 കോടി ചെലവിട്ടുള്ള രാജ്യാന്തര ടെർമിനൽ വികസനമാണ് ഏറ്റവും പ്രധാനം. മൂന്നുവർഷത്തിനുള്ളിൽ ഇത് പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. 160 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന കൊമേഴ്‌സ്യൽ സോൺ വികസനത്തിനും സിയാൽ തുടക്കമിട്ടുവെന്ന് അദ്ദേഹം അറിയിച്ചു.

സംസ്ഥാന സർക്കാർ പ്രധാന നിക്ഷേപക സ്ഥാനത്തുള്ള കോർപറേറ്റ് സ്ഥാപനമാണ് സിയാൽ. വിമാനത്താവളങ്ങൾ ഉൾപ്പെടെ പൊതുമേഖലയിലെ സ്ഥാപനങ്ങളെ പൂർണമായും സ്വകാര്യമേഖലയ്ക്ക് തീറെഴുതണമെന്ന വാദം ശക്തമാകുന്ന കാലമാണിത്. എന്നാൽ, സംസ്ഥാനത്ത് നടപ്പാക്കിയ ഈ മോഡൽ അനുകരണീയമായ ഒന്നാണെന്ന് എല്ലാവരും സമ്മതിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ വിൽപ്പനയ്ക്ക് വയ്ക്കുമ്പോൾ അത് ഏറ്റെടുത്ത് നടത്തുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റേത്. ജനോപകാരപ്രദമായി വ്യവസായങ്ങളെയും സേവനങ്ങളെയും നിലനിർത്തുകയാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിമാനത്താവള സ്വകാര്യവൽക്കരണം വലിയതോതിലാണ് രാജ്യത്ത് നടക്കുന്നത്. സ്വകാര്യ ഓപ്പറേറ്റർമാർക്ക് കൈമാറിയ പല വിമാനത്താവളങ്ങളും സാധാരണ യാത്രക്കാർക്ക് കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുന്നു. എന്നാൽ, സംസ്ഥാന സർക്കാർ മുഖ്യനിക്ഷേപം നടത്തിയിട്ടുള്ള സിയാലിന്റെ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒന്നും കാണാനാകില്ല. രാജ്യത്തെ ഏറ്റവും കുറഞ്ഞ യൂസർ ഡെവലപ്മെന്റ് ഫീസ്, പാർക്കിങ് ലാൻഡിങ് ഫീസ് എന്നിവയെല്ലാം സിയാലിന്റെ പ്രത്യേകതയാണ്. എയ്റോ ലോഞ്ച് യാഥാർഥ്യമാക്കിയതിലൂടെ വിമാനത്താവളം വികസനയാത്രയിൽ പുതിയ കാൽവയ്പ് നടത്തിയിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കൃത്യനിർവഹണത്തിൽ നിന്നും മുഖം തിരിഞ്ഞ് നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ഒരുതരത്തിലും സേനയിൽ തുടരാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരക്കാരെ സേനയിൽ നിന്നും പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു. പോലീസിലെ ചില പുഴുക്കുത്തുകൾ കാരണം സേനയ്ക്കാകെ അത് അപമാനമായി മാറുകയാണ്. ഇത്തരക്കാരെ പോലീസ് സേനയ്ക്കാവശ്യമില്ലെന്ന് അദ്ദേഹം അറിയിച്ചു.

ഏതൊരു സാഹചര്യത്തിലും അച്ചടക്കത്തിന്റെ ചട്ടക്കൂടിൽ നിന്നും പ്രവർത്തിക്കുന്നവരാണ് പോലീസ്. മുൻപൊക്കെ കേരളത്തിൽ ഇടയ്ക്കിടെ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇന്ന് എവിടെയും അതുണ്ടാവുന്നില്ല. അതിൽ പോലീസിന് സുപ്രധാന പങ്കുണ്ട്. സമൂഹത്തിൽ നടക്കുന്ന പല അക്രമങ്ങളും തടയാനും നിയന്ത്രിക്കാനും പോലീസിന് സാധിക്കുന്നുണ്ട്. തെളിയിക്കപെടാനാകാത്ത എത്രയോ കുറ്റകൃത്യങ്ങൾ തെളിയിക്കാനായി. ലഹരി, മയക്കുമരുന്ന് റാക്കറ്റുകൾ ഇല്ലാതാക്കാനുള്ള മാതൃകാപരമായ ഇടപെടലുകൾ കേരള പോലീസ് നടത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുറ്റവാളികൾ ഏത് ഉന്നതനായാലും മുഖം നോക്കാതെ നടപടിയെടുക്കാനുള്ള ആർജവം ഇന്ന് പോലീസിനുണ്ട്. അതിനാൽ ജനങ്ങൾക്ക് പോലീസിലുള്ള വിശ്വാസം വർധിച്ചു. അതേസമയം ഇത്തരം പ്രവർത്തനങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കും. അത്തരക്കാരെ പോലീസിന് ആവശ്യമില്ല എന്ന നിലപാടാണ് സർക്കാരിനുള്ളത്. കഴിഞ്ഞ എട്ട് വർഷത്തിൽ 108 പേരെയാണ് ഇത്തരത്തിൽ പുറത്താക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ആലപ്പുഴ: ചേർത്തലയിൽ നവജാതശിശുവിനെ വിറ്റുവെന്ന അമ്മയുടെ മൊഴി കള്ളമെന്ന് കണ്ടെത്തി. കുഞ്ഞിനെ തന്റെ വീട്ടിൽ കൊന്ന് കുഴിച്ചിട്ടെന്നാണ് യുവതിയുടെ ആൺ സുഹൃത്ത് മൊഴി നൽകിയിരിക്കുന്നത്. കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് വിറ്റുവെന്നായിരുന്നു യുവതി ആദ്യം നൽകിയ മൊഴി. ഇത് കള്ളമാണെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.

എന്നാൽ ഇങ്ങനെയൊരു ദമ്പതികൾ തൃപ്പൂണിത്തുറയിൽ ഇല്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. യുവതിയെയും ആൺസുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിനൊടുവിലാണ് പുതിയ വെളിപ്പെടുത്തൽ.

അതേസമയം, യുവതി ഗർഭിണിയായിരുന്നുവെന്ന കാര്യം ഭർതൃവീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നും കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതാവ് ആൺസുഹൃത്താണെന്നും അടക്കമുള്ള വിവരങ്ങൾ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതായാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധനക്ക് അനുമതി. മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്ര ജലക്കമ്മീഷൻ അംഗീകാരം നൽകി.

മുല്ലപ്പെരിയാർ അണക്കെട്ട് ഇപ്പോൾ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്നാടിന്റെ വാദം കമ്മീഷൻ തള്ളി. 12 മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. 2011 ന് ശേഷം ആദ്യമായാണ് കേരളത്തിന്റെ ഈ ആവശ്യം അംഗീകരിക്കുന്നത്.