General (Page 115)

തിരുവനന്തപുരം: കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ തടയുന്നതിനുള്ള ഇടപെടലിൽ കേരളത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുരസ്‌കാരം പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന് പുരസ്‌കാരം സമ്മാനിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കൽ പ്രക്രിയ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ സർക്കാർ ഉപദേശക സമിതി രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 1994ലെ ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആക്ട് പ്രകാരമായിരിക്കും സമിതി പ്രവർത്തിക്കുക. അപ്രോപ്രിയേറ്റ് അതോറിറ്റിയെ സഹായിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് ഉപദേശക സമിതിയുടെ ചുമതലകൾ. അവയവദാന പ്രക്രിയ കൂടുതൽ സുതാര്യമാക്കാനുള്ള നടപടികളും സമിതി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

രണ്ട് വർഷത്തെ കാലാവധിയുള്ള ഉപദേശക സമിതിയുടെ അധ്യക്ഷൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി/ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. മെമ്പർ സെക്രട്ടറി, മെഡിക്കൽ വിദഗ്ധർ, സാമൂഹ്യപ്രവർത്തകർ, നിയമവിദഗ്ധർ, സർക്കാറിതര സംഘടന / അവയവം സ്വീകരിച്ചവരുടെ പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് 9 അംഗ സമിതി.

കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് പ്രൊഫസറും എച്ച്.ഒ.ഡി.യും കാർഡിയോ വാസ്‌കുലർ തൊറാസിക് സർജനും സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാർ, കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ക്ലിനിക്കൽ പ്രൊഫസറും ചീഫ് ട്രാൻസ്പ്ലാന്റ് സർജനുമായ എസ്. സുധീന്ദ്രൻ എന്നിവരാണ് സമിതിയിലെ മെഡിക്കൽ വിദഗ്ധർ. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് മെമ്പർ സെക്രട്ടറി. സാമൂഹിക പ്രവർത്തകനായി പൊതുജനാരോഗ്യ വിദ്ഗധൻ ഡോ. വി രാമൻ കുട്ടി, സാമൂഹിക പ്രവർത്തകയായി ഡോ. ഖദീജ മുതാംസ്, നിയമ വിദഗ്ധനായി റിട്ടയേർഡ് ജില്ലാ ജഡ്ജ് എം. രാജേന്ദ്രൻ നായർ, മറ്റ് അംഗങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒഫ്താൽമോളജി വിഭാഗം മുൻ പ്രൊഫസറും എച്ച്.ഒ.ഡി.യുമായ ഡോ. വി. സഹസ്രനാമം, അവയവം സ്വീകരിച്ചവരുടെ പ്രതിനിധിയായി ലിവർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ സെക്രട്ടറി എം.കെ. മനോജ് കുമാർ തുടങ്ങിയവരെയാണ് സമിതി അംഗങ്ങളായി നിയമിച്ചിട്ടുള്ളത്.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് അപ്രോപ്രിയേറ്റ് അതോറിറ്റിയായി പ്രവർത്തിക്കുന്നത്. ഓഫീസ് ഓഫ് ദ അപ്രോപ്രിയേറ്റ് അതോറിറ്റി കെ-സോട്ടോ ആണ്. അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികളുടെ ലൈസൻസ് സംബന്ധിച്ച പ്രവർത്തനങ്ങൾ, അവയവം മാറ്റിവയ്ക്കൽ ചട്ടങ്ങളുടെ ലംഘനം സംബന്ധിച്ച പരാതികൾ അന്വേഷിക്കുക, നടപടിയെടുക്കുക എന്നീ ചുമതലകളാണ് അപ്രോപ്രിയേറ്റ് അതോറിറ്റിയ്ക്കുള്ളത്.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾകൂടി പ്രയോജനപ്പെടുത്താൻ സംസ്ഥാനത്ത് കയറ്റുമതി നയത്തിന് സർക്കാർ രൂപം നൽകും. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. തുറമുഖ അധിഷ്ഠിത വ്യവസായങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കും. വ്യവസായത്തിനാവശ്യമായ ഭൂമിലഭ്യത ഉറപ്പുവരുത്താൻ ലാൻഡ് പൂളിങ് സംവിധാനം നടപ്പാക്കും. സ്വകാര്യഭൂമി ഏറ്റെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് തിരികെ നൽകുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം ഒന്നാമതെത്തിയത്, ഒരുമിച്ചുനീങ്ങിയാൽ അസാധ്യമായതൊന്നുമില്ല എന്നതിന്റെ തെളിവാണ്. 2020ലെ 28-ാം സ്ഥാനത്തു നിന്നാണ് കേരളം ഒന്നാം റാങ്കിലേക്ക് മുന്നേറിയത്. 2022ൽ ആദ്യ പത്ത് റാങ്കിൽ ഉൾപ്പെടുകയായിരുന്നു ലക്ഷ്യം. എന്നാൽ ഒന്നാം റാങ്കിലേക്ക് എത്താനായി. എല്ലാ വകുപ്പുകളും ചേർന്ന് നന്നായി മുന്നോട്ടുപോയതിന്റെ ഫലമാണിത്. ഈ നേട്ടം പ്രയോജനപ്പെടുത്തി പരമാവധി നിക്ഷേപം ആകർഷിക്കാനും തൊഴിലവസരം സൃഷ്ടിക്കാനും ശ്രമിക്കും. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പുറത്തും റോഡ്ഷോ അടക്കം സംഘടിപ്പിക്കും. ഫെബ്രുവരിയിൽ നിക്ഷേപ സംഗമവും ഒരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട്: എഡിജിപി എംആർ അജിത് കുമാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പി വി അൻവർ. അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. അജിത്ത് കുമാർ അവധിയിൽ പോകുന്നത് തെളിവുകൾ അട്ടിമറിക്കാനാണ്. എഡിജിപിയെ മാറ്റുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് നല്ലതിനായി പ്രാർത്ഥിക്കാമെന്ന് അദ്ദേഹം മറുപടി നൽകി.

എന്തായാലും അജിത് കുമാർ മാറും. മാമി തിരോധാനത്തിൽ ഒളിഞ്ഞും തെളിഞ്ഞും അജിത് കുമാർ ഇടപെട്ടിട്ടുണ്ട്. ഇതിന് തെളിവുകളുണ്ട്. ഈ തെളിവുകൾ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറും. മാമി കൊല്ലപ്പെട്ടു എന്നാണ് സംശയിക്കുന്നത്. മാമിയെ തനിക്ക് നേരത്തെ അറിയില്ലെന്നും അൻവർ അറിയിച്ചു.

ഇപ്പോൾ രൂപീകരിച്ച ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസം ഉണ്ട്. സിബിഐ വരണമെന്ന ആവശ്യത്തിൽ നിന്നും തൽക്കാലം പിന്മാറാൻ കുടുംബത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പിവി അൻവർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഓണ വിപണിയിൽ അളവ് തൂക്ക ക്രമക്കേടുകൾ പൂർണമായും ഒഴിവാക്കുന്നതിന് പരിശോധന നടത്തുമെന്ന് തിരുവനന്തപുരം ജില്ല ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു. പെട്രോൾ പമ്പുകളിൽ വിതരണം ചെയ്യുന്ന ഇന്ധനത്തിന്റെ അളവിൽ സംശയമുണ്ടെങ്കിൽ അവിടെ സൂക്ഷിച്ചിരിക്കുന്ന മുദ്ര ചെയ്ത 5 ലിറ്ററിന്റെ പാത്രം ഉപയോഗിച്ച് പരിശോധിക്കുമെന്നും പാചകവാതക വിതരണ വാഹനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ത്രാസ് ഉപയോഗിച്ച് സിലിണ്ടറിന്റെ തൂക്കം ബോധ്യപ്പെടാവുന്നതാണെന്നും ലീഗൽ മെട്രോളജി വകുപ്പ് അറിയിച്ചു.

സെപ്റ്റംബർ അഞ്ചിന് ആരംഭിച്ച പരിശോധന 14 വരെ തുടരും. അളവിലും തൂക്കത്തിലും ഉള്ള വെട്ടിപ്പ്, യഥാസമയം പുനഃ പരിശോധന നടത്തി കൃത്യത ഉറപ്പുവരുത്താത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വ്യാപാരം, നിർബന്ധിതമായ പ്രഖ്യാപനങ്ങൾ ഇല്ലാതെയുള്ള പാക്കറ്റ് ഉൽപ്പന്നങ്ങളുടെ വിൽപ്പന എന്നിവ കണ്ടെത്തുന്നതിന് ജില്ലയിൽ പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ, സൂപ്പർമാർക്കറ്റുകൾ, ഇലക്ട്രിക് ഇലക്ട്രോണിക് ഉൽപന്ന വ്യാപാര സ്ഥാപനങ്ങൾ, ടെക്സ്റ്റൈലുകൾ, പഴം-പച്ചക്കറി മാർക്കറ്റുകൾ തുടങ്ങി എല്ലാ വ്യാപാരസ്ഥാപനങ്ങളിലും വ്യാപകമായ പരിശോധന നടത്തും. ഡെപ്യൂട്ടി കൺട്രോളർമാരായ സന്തോഷ് എം എസ്, പ്രദീപ് പി എസ് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സ്‌ക്വാഡുകളായാണ് ജില്ലയിൽ പരിശോധന. ലീഗൽ മെട്രോളജി വകുപ്പിനെ താഴെപ്പറയുന്ന നമ്പറുകളിൽ പരാതികൾ അറിയിക്കാം.

ഡെപ്യൂട്ടി കൺട്രോളർ: 8381698011, 8381698020, ഫ്‌ലയിങ് സ്‌ക്വാഡ് ഇൻസ്പെക്ടർ: 9188525701, അസിസ്റ്റൻറ് കൺട്രോളർ: 8381698012, ഇൻസ്പെക്ടർ തിരുവനന്തപുരം: 8381698013, ആറ്റിങ്ങൽ: 8381698015, നെടുമങ്ങാട്: 8381698016, നെയ്യാറ്റിൻകര: 8381698017, 8381698018, കാട്ടാക്കട: 9400064081, വർക്കല : 9400064080.

പത്തനംതിട്ട: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർഎസ്എസ്-സിപിഎം ഡീലുണ്ടെന്നും കേന്ദ്ര ഏജൻസികളിൽ നിന്നും രക്ഷപ്പെടാൻ മുഖ്യമന്ത്രി ദൂതന്മാരെ അയക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എഡിജിപി അജിത് കുമാറിന്റെ ആർഎസ്എസ് മേധാവിയുമായുളള കൂടിക്കാഴ്ചയെ കുറിച്ചായിരുന്നു സതീശന്റെ പരാമർശം.

ആർഎസ്എസ് – സിപിഎം ഡീൽ എന്ന് കേട്ടാൽ ഉടനെ പറയാൻ പാടില്ല. തെളിവുകൾ ശേഖരിച്ച ശേഷമാണ് താൻ അതിനെ കുറിച്ച് പറയുന്നത്. ഇടനിലക്കാർ, പോയ വാഹനം എന്നിവ ഉറപ്പിച്ചു. ഇതെല്ലാം 100% ഉറപ്പാക്കിയ ശേഷമാണ് എഡിജിപി-ആർഎസ്എസ് കൂടികാഴ്ചയെ കുറിച്ചും പറഞ്ഞത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്നും രക്ഷപെടാൻ വേണ്ടി മുഖ്യമന്ത്രി ദൂതന്മാരെ അയക്കുകയാണ്. എഡിജിപി എംആർ അജിത് കുമാർ മുഖ്യമന്ത്രിക്ക് വേണ്ടി ദൂതുമായി പോയി ഇതുതന്നെയാണ് കൊടകര കുഴൽപണ കേസിലും നടന്നതെന്നും സതീശൻ ആരോപിച്ചു.

പൂരം കലക്കി പിണറായി വിജയനെന്ന് ആവർത്തിച്ചു വിളിക്കുകയാണ്. അന്ന് പൂര സ്ഥലത്ത് തൃശൂർ കമ്മീഷണർ അഴിഞ്ഞാടുമ്പോൾ എഡിജിപി തൃശൂരിൽ ഉണ്ട്. ഒരു ഫോൺ കോൾ ചെയ്തു എന്താ പ്രശ്‌നം എന്ന് പോലും ചോദിച്ചില്ല. വിശ്വാസം , ആചരം എന്നിവ പഠിപ്പിക്കുന്ന ബിജെപി ഹിന്ദുക്കളെ കബളിപ്പിച്ചുവെന്നും സതീശൻ കൂട്ടിച്ചേർത്തു.

ഇടുക്കി: നടൻ ബാബുരാജിനെതിരായ യുവതിയുടെ പീഡന പരാതിയിൽ അടിമാലി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തൊടുപുഴ ഡിവൈഎസ്പിക്കായിരിക്കും ചുമതല. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ജൂനിയർ ആർട്ടിസ്റ്റ് മൊഴി നൽകിയിരിക്കുന്നത്. പരാതിക്കാരിയെ റിസോർട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. യുവതിയുടെ വിശദമായ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബാബുരാജ് പീഡിപ്പിച്ചെന്ന് ജൂനിയർ ആർടിസ്റ്റാണ് പരാതി നൽകിയത്. തുടർന്ന് ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പൊലീസ് കേസെടുത്തിരുന്നു. ബാബുരാജിന്റെ ഇരുട്ടുകാനത്തുളള റിസോർട്ടിൽ വച്ചും ആലുവയിലെ വീട്ടിൽ വച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംസ്ഥാന പൊലീസ് മേധാവിക്ക് യുവതി ഇ-മെയിൽ വഴി നൽകിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. യുവതിയിൽ നിന്ന് ഫോൺ വഴി വിവരങ്ങളെടുത്ത ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടി ബാബുരാജിന്റെ റിസോർട്ടിലെ മുൻ ജീവനക്കാരിയായിരുന്നു.

അതിനിടെ നടൻ ബാബുരാജിനെതിരെ ഉയർന്ന ലൈംഗിക പീഡനം ആരോപണം മറച്ച് വെച്ചെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം എസ് പി ശശിധരനെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പരാതിയെത്തി. പരാതിക്കാരിയുടെ വെളിപ്പെടുത്തലിൽ വിവരം നേരത്തെ അറിഞ്ഞിട്ടും ശശിധരൻ കുറ്റം മറച്ച് വെച്ചെന്നാണ് കൊച്ചിയിലെ അഭിഭാഷകനായ അഡ്വ. ബൈജു നോയലിൻറെ പരാതി. 2019 ൽ നടന്ന കുറ്റകൃത്യം വർഷങ്ങൾക്ക് ശേഷം 2023ൽ കൊച്ചി ഡിസിപി ആയിരുന്ന ശശിധരനോട് പറഞ്ഞിരുന്നതായാണ് യുവതി വ്യക്തമാക്കുന്നത്. പരാതിയെ പറ്റി തനിക്കറിയാമായിരുന്നുവെന്ന് ഇപ്പോൾ മലപ്പുറം എസ്പി ആയ ശശിധരനും സമ്മതിച്ചിരുന്നു. കുറ്റം അറിഞ്ഞിട്ടും നടപടി എടുക്കുന്നതിൽ വീഴ്ച സംഭവിച്ചതിൽ ക്രിമിനൽ നടപടി എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. എന്നാൽ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് യുവതി നേരത്തെ പരാതി നൽകാൻ തയ്യാറായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതാണ് കാര്യങ്ങൾ തുറന്ന് പറയാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് യുവതി പറഞ്ഞത്.

തിരുവനന്തപുരം: എല്ലാ ജില്ലകളിലും സ്‌ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾക്ക് പുറമേ 12 ജില്ലകളിൽ ആരോഗ്യ വകുപ്പിന് കീഴിൽ നിലവിൽ സ്‌ട്രോക്ക് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. മലപ്പുറം, വയനാട് ജില്ലകളിൽ ഈ വർഷം തന്നെ സ്‌ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്‌ട്രോക്ക് ബാധിച്ചവർക്ക് ഗുണനിലവാരമുള്ള തുടർജീവിതം ഉറപ്പാക്കുന്നതിനായി ശാസ്ത്രീയവും സമയബന്ധിതവുമായ ചികിത്സ നൽകുന്നതിനുള്ള മികച്ച ആരോഗ്യ സംവിധാനങ്ങളാണ് ഏർപ്പെടുത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന മിഷൻ സ്‌ട്രോക്ക് പരിശീലന പരിപാടി പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സമയബന്ധിതമായ ചികിത്സയിലൂടെ പക്ഷാഘാതം ബാധിച്ചവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിക്കും. അല്ലെങ്കിൽ ശരീരം തളർന്നു പോകുകയോ മരണം വരെ സംഭവിക്കുകയോ ചെയ്യും. അതിനാൽ ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ എല്ലാവർക്കും അവബോധം വളരെ പ്രധാനമാണ്. ഒരു പ്രദേശത്തെ എല്ലാ ആരോഗ്യ പ്രവർത്തകർക്കും സ്‌ട്രോക്കിനെപ്പറ്റിയുള്ള പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ആദ്യമായി മിഷൻ സ്‌ട്രോക്ക് ആരംഭിച്ചത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യൻ അക്കാഡമി ഓഫ് ന്യൂറോളജിയും, കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്റും, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിട്യൂട്ടിന്റെ കോമ്പ്രിഹെൻസീവ് സ്‌ട്രോക്ക് കെയർ യൂണിറ്റും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിൽ ആരംഭിക്കുന്ന ഈ പദ്ധതി കേരളത്തിൽ പത്തനംതിട്ട ജില്ലയിലാണ് തുടക്കം കുറിക്കുന്നത്. കോഴിക്കോട് ജില്ലയാണ് അടുത്തതായി തെരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഡോക്ടർമാർ ഉൾപ്പെടെയുള്ള 350 ഓളം ജീവനക്കാർക്ക് പരിശീലനം നൽകി.

ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ ആക്കാദമി ഓഫ് ന്യൂറോളജി ജോയിന്റ് ട്രഷറർ വി.ജി. പ്രദീപ് കുമാർ വിഷയാവതരണം നടത്തി. ഇന്ത്യൻ ആക്കാദമി ഓഫ് ന്യൂറോളജി ട്രഷറർ ഡോ. അചൽ ശ്രീവാസ്തവ, കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്റ് സെക്രട്ടറി ഡോ. സുരേഷ് കുമാർ, ന്യൂറോളജി വിഭാഗം പ്രൊഫ. ഡോ. പി.എൻ. സൈജ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിത കുമാരി, എൻ.സി.ഡി. സംസ്ഥാന നോഡൽ ഓഫീസർ ഡോ. ബിപിൻ കെ. ഗോപാൽ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്. ശ്രീകുമാർ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഐപ്പ് ജോസഫ്, ന്യൂറോളജിസ്റ്റ് ഡോ. സ്റ്റാൻലി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം: കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ 22 ഏക്കറോളം ഭൂമിയിൽ ടൗൺഷിപ്പ് വികസിപ്പിച്ച് വില്ല, അപാർട്ട്‌മെന്റ് യൂണിറ്റുകൾ വില്ക്കുന്ന ‘റിയലൈൻ പ്രോപർട്ടീസ്’ എന്ന പ്രൊമോട്ടർക്ക് അതോറിറ്റി ഒരു കോടി രൂപ പിഴ വിധിച്ചു. കോഴിക്കോട് പന്തീരാങ്കാവ് പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ ലൈഫ് ലൈൻ ഗ്രീൻ സിറ്റി എന്ന പേരിൽ വില്ല, അപാർട്ട്‌മെന്റ് പദ്ധതികൾ സമൂഹമാധ്യമങ്ങളിലും പ്രൊമോട്ടറുടെ വെബ്‌സൈറ്റിലും വില്പനയ്ക്കായി പരസ്യപ്പെടുത്തി വരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈയിൽ പ്രൊമോട്ടർക്ക് കെ-റെറ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

ആഗസ്റ്റ് 16ന് നടന്ന വാദങ്ങൾക്കു ശേഷമാണ് പിഴ വിധിച്ചത്. ഉത്തരവു കൈപ്പറ്റി മുപ്പതു ദിവസത്തിനകം പദ്ധതി റെറയിൽ രജിസ്റ്റർ ചെയ്യാനും അതോറിറ്റി വിധിച്ചു. റെറ നിയമം ലംഘിച്ച് വികസന പ്രവൃത്തികൾ നടക്കുന്ന സാഹചര്യത്തിൽ പെരുമണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ടൗൺഷിപ്പിൽ നടക്കുന്ന എല്ലാ നിർമാണ പ്രവർത്തനങ്ങളും തടഞ്ഞ് സ്റ്റോപ്പ് മെമ്മോ നൽകാനും കോഴിക്കോട് ജില്ല രജിസ്ട്രാറോട് പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന കരാർ, ആധാര രജിസ്‌ട്രേഷനുകൾ നിർത്തി വയ്ക്കാനും അതോറിറ്റി നിർദ്ദേശിച്ചു.

കാസർകോട്: ഹോസ്റ്റൽ വിദ്യാർഥികൾക്ക് എച്ച്3എൻ2 വും എച്ച്1എൻ1 രോഗവും സ്ഥിരീകരിച്ചു. പടന്നക്കാട് കാർഷിക കോളേജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചത്. വിദ്യാർത്ഥികളുടെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണെന്ന് അധികൃതർ വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ടുകൾ.